നമ്പൂതിരി പിടിച്ച പുലിവാല്‍ – കഥ

malayalam funny stories

ഓലക്കുട ചൂടി, കുംഭ തടവി, അനുയായിയെയും കൊണ്ട് സഞ്ചാരത്തിനിറങ്ങുന്ന പതിവ് നമ്പൂതിരി കഥാപാത്രമല്ല നമ്മുടെ നായകന്‍ കൃഷ്ണന്‍ നമ്പൂതിരി . എന്നാല്‍ ചില സാമ്യങ്ങളുണ്ട്. അറുപതിനടുത്ത് പ്രായം. നല്ല ആരോഗ്യം. പണം പലിശയ്ക്ക് കൊടുക്കുന്നതാണ് അയാളുടെ പ്രധാന തൊഴില്‍. പിന്നെ സ്വല്‍പ്പം സാമുദായിക പ്രവര്‍ത്തനവും. നമ്പൂതിരിമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് കൂടിയാണ് അദ്ദേഹം. പക്ഷേ എന്തൊക്കെ ഉണ്ടായിട്ടെന്താ, ആള്‍ അറുപിശുക്കനാണ്. ഭാര്യ. ഒറ്റ മകന്‍.

ഒറ്റ മകനായിട്ടും എന്തിനാ ഈ പിശുക്കത്തരം എന്ന്‍ ആരെങ്കിലും ചോദിച്ചാല്‍ നമ്പൂതിരി പറയും, ‘ അതേയ്, എന്നെ പോലെയല്ല എന്‍റെ മകന്‍. കുരുട്ടും കുന്നിഷ്ടുമൊന്നും അവന് വശമില്ല. അതുകൊണ്ട് അവനെ പറ്റിക്കാന്‍ എളുപ്പമാണ്. ഞാന്‍ ഇപ്പോഴേ സമ്പാദിച്ചു വെച്ചില്ലെങ്കില്‍ നാളെ അവന്‍ കഷ്ടപ്പെടും. ‘

സംഗതി സത്യവുമായിരുന്നു. നമ്പൂതിരിയുടെ മകന്‍ ഉണ്ണിക്ക് വക്രബുദ്ധിയൊന്നുമില്ലെന്ന് മാത്രമല്ല സ്വല്‍പ്പം മണ്ടന്‍ തന്നെയായിരുന്നു. അതുകൊണ്ട് പലരും അവനെ പറ്റിക്കാറുമുണ്ട്. പഠിക്കാന്‍ മിടുക്കനായതുകൊണ്ട് ഉണ്ണി ഇത് പത്താം ക്ലാസില്‍ രണ്ടാം തരമാണ് . പള്ളിയുടെ അടുത്ത് കച്ചവടം നടത്തുന്ന ഹസൈനാറുടെ മകന്‍ ഷുക്കൂറാണ് അവന്‍റെ ഏറ്റവും വലിയ കൂട്ട്. അഹിന്ദുക്കളുമായുള്ള കൂട്ട് അച്ഛന് ഇഷ്ടമല്ലെന്ന് ആദ്യം അമ്മ സത്യഭാമയും പിന്നീട് അച്ഛന്‍ നേരിട്ടും പറഞ്ഞെങ്കിലും അത് മനസിലാക്കാനുള്ള വകതിരിവ് പോലും അവനില്ല എന്നു തിരിച്ചറിഞ്ഞതുകൊണ്ട് അവര്‍ ആ ശ്രമം ഉപേക്ഷിച്ചു.

പാരമ്പര്യമായി കിട്ടിയ പുരാവസ്തു പോലെയുള്ള തറവാട് വീട്ടിലാണ് നമ്പൂതിരിയുടെയും കുടുംബത്തിന്‍റെയും താമസം. ഭാര്യയുടെ നിര്‍ബന്ധം സഹിക്കാനാവാതെ പിന്നീട് അതിന്‍റെ മുന്‍വശത്ത് രണ്ടു മുറി കൂടി കൂട്ടിച്ചേര്‍ത്തു എന്നു മാത്രം. ഒരു കാര്‍ വാങ്ങിക്കണം എന്ന്‍ പലരും ഉപദേശിക്കുന്നുണ്ടെങ്കിലും നമ്പൂതിരി ഇതുവരെ അത് ചെവിക്കൊണ്ടിട്ടില്ല. കാല്‍ നടയായാണ് അയാളുടെ നാട്ടിലെ സഞ്ചാരം. പട്ടണത്തില്‍ പോകുമ്പോള്‍ മാത്രം ബസ്സിനെ ആശ്രയിക്കും.

മറ്റ് നമ്പൂതിരി കഥാപാത്രങ്ങളെ പോലെ കൃഷ്ണന്‍ നമ്പൂതിരിക്കും ഒരു ശിങ്കിടിയുണ്ട്. രാമന്‍. തമ്പ്രാന്‍റെ പിന്നാലെ ഒരു നിഴല്‍ പോലെ എന്നും അയാളുമുണ്ടാകും. പലിശ പിരിവും നമ്പൂതിരിയുടെ ഏക്കറുകണക്കിനുള്ള നിലത്തിന്‍റെ മേല്‍നോട്ടവും അയാള്‍ക്കാണ്. കൊള്ള പലിശയാണെങ്കിലും അത് ഈടാക്കാന്‍ തമ്പ്രാനും അടിയാനും ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. അങ്ങനെയാണ് നാട്ടിലെ പലരുടേയും വീടും പുരയിടവും മുതല്‍ ബാങ്ക് ലോക്കറിലെ സ്വര്‍ണവും തട്ടിമ്പുറത്തെ ഓട്ടു പാത്രങ്ങള്‍ വരെ നമ്പൂതിരിയുടെ കയ്യിലായത്. പക്ഷേ ഏത് പലിശക്കാര്‍ക്കും അനിവാര്യമായ ഒരു തിരിച്ചടി നമ്മുടെ നായകന്‍റെ ജീവിതത്തിലുമുണ്ടായി. അതാണ് ഈ കഥയുടെ ക്ലൈമാക്സ്.

അമേരിക്കയില്‍ നിന്നുവന്ന ജോര്‍ജ്കുട്ടി ഒരു പുതിയ ഐഫോണ്‍ നമ്പൂതിരിക്ക് സമ്മാനിച്ചത് ആയിടക്കാണ്. സത്യത്തില്‍ അത് സമ്മാനിച്ചതല്ല, ജോര്‍ജ്കുട്ടിയുടെ അമ്മായിയപ്പന്‍ കറിയ വാങ്ങിയ രണ്ടര ലക്ഷത്തിന്‍റെ മുതലും പലിശയും കിട്ടാതായപ്പോള്‍ മരുമകന്‍റെ വില കൂടിയ മൊബൈല്‍ നമ്പൂതിരി ഈടായി വാങ്ങിയതാണ്. ഫോണിന്‍റെ വില ഒന്നര ലക്ഷമാണെന്ന് പറഞ്ഞതും പൊങ്ങച്ചം കാണിച്ചതും അബദ്ധമായെന്ന് ജോര്‍ജ് കുട്ടിക്കും പിന്നീട് തോന്നി.

കയ്യില്‍ കിട്ടിയ സാധനം നിസാരക്കാരനല്ലെന്ന് നമ്പൂതിരിക്ക് താമസിയാതെ തന്നെ മനസിലായി. നല്ല ഗാംഭീര്യം. ഒരുപാട് സംഗതികള്‍ അതിനകത്തുണ്ടെന്നും ഈ അമേരിക്കക്കാരന്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മൊബൈലാണെന്നും പിന്നീട് രാമന്‍ പറഞ്ഞ് അയാളറിഞ്ഞു. കോളേജില്‍ പഠിക്കുന്ന മാളിയേക്കലെ ചെക്കന്‍ അയാളോട് പറഞ്ഞതാണത്രേ. വീട്ടിലെ പഴയ ലാന്‍ഡ് ഫോണും തന്‍റെ നോക്കിയയുടെ പഴയ ഹാന്‍ഡ്സെറ്റുമല്ലാതെ വേറെയും ഫോണ്‍ ലോകത്തുണ്ട് എന്നത് നമ്പൂതിരിയ്ക്ക് പുതിയ അറിവായിരുന്നു. അതുകൊണ്ട് തന്നെ അയാള്‍ അതിനെ തന്‍റെ പഴയ തടിപ്പെട്ടിയില്‍ അടച്ചുവെച്ച് നിധി പോലെ സൂക്ഷിച്ചു. ഭാര്യയും മകനും അക്കാര്യം അറിയാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇടക്ക് കാണണമെന്ന്‍ തോന്നുമ്പോള്‍ ആരും കാണാതെ പെട്ടി തുറന്ന്‍ ഫോണെടുത്ത് കുറെ നേരം നോക്കി നില്‍ക്കും. പക്ഷേ കേടുവന്നാലോ എന്നു ഭയന്ന്‍ അയാള്‍ അത് ഉപയോഗിക്കാന്‍ മെനക്കെട്ടില്ല. അമേരിക്കയില്‍ നിന്ന്‍ വിമാനമിറങ്ങിവന്ന പുതിയ ചങ്ങാതിയെ അയാള്‍ അത്ര കണ്ട് സ്നേഹിച്ചു.

ഫോണ്‍ തിരിച്ചു കൊടുക്കേണ്ടി വന്നാലോ എന്നു വിചാരിച്ച് നമ്പൂതിരി ഇപ്പോള്‍ കറിയയുടെ വീടിന്‍റെ പരിസരത്ത് പോലും പോകാറില്ല. പകരം പണത്തിനായി രാമനെ അങ്ങോട്ടയക്കലാണ് പതിവ്.

നീ പിരിച്ചാല്‍ മതി, രാമാ. ആരെങ്കിലും ചോദിച്ചാല്‍ എനിക്ക് സുഖമില്ലെന്നോ അല്ലെങ്കില്‍ ടൌണില്‍ പോയെന്നോ പറഞ്ഞാല്‍ മതിഅയാള്‍ പറയും. കറിയയുടെ പണം പിരിക്കുമ്പോള്‍ മാത്രമെന്താ പുതിയ പരിഷ്കാരം എന്ന്‍ രാമന്‍ ചോദിക്കാന്‍ ആഞ്ഞെങ്കിലും പിന്നീട് മൌനിയായി. കള്ളന് കഞ്ഞി വെച്ചവനാണല്ലോ രാമന്‍. അതുകൊണ്ട് അവന് കാര്യങ്ങളുടെ കിടപ്പ് പെട്ടെന്ന് തന്നെ പിടികിട്ടി.

നമ്പൂതിരിക്ക് വന്ന മാറ്റം സത്യഭാമയും ശ്രദ്ധിക്കാതിരുന്നില്ല. ഇടക്ക് വന്ന്‍ ഏറെ നേരം മുറി അകത്തുനിന്ന് അടച്ചിട്ടിരിക്കും. വിളിച്ചാല്‍ ദേഷ്യവും പരിഭ്രമവുമാണ്. എല്ലാത്തിനും പിന്നില്‍ എന്തോ രഹസ്യമുണ്ടെന്ന് തോന്നിയെങ്കിലും അദ്ദേഹത്തോട് ചോദിക്കാന്‍ അവര്‍ ധൈര്യപ്പെട്ടില്ല. അമേരിക്കക്കാരന്‍ ജോര്‍ജ്കുട്ടി ഒന്നു രണ്ടുവട്ടം കാണാന്‍ വന്നെങ്കിലും അകത്ത് ഒളിച്ചിരുന്ന് പുറത്തുപോയെന്ന് പറയാന്‍ ചട്ടം കെട്ടുകയാണ് നമ്പൂതിരി ചെയ്തത്. അതൊന്നും പതിവില്ലാത്തതാണല്ലോ എന്ന്‍ സത്യഭാമ ഓര്‍ത്തു.

ഒരു വൈകുന്നേരം. കുടുംബ ക്ഷേത്രത്തിലെ പതിവ് ദര്‍ശനവും കഴിഞ്ഞ് പുറത്തിറങ്ങിയ കൃഷ്ണന്‍ നമ്പൂതിരി എതിരെ പാടവരമ്പത്തു കൂടി നടന്നു വരുന്ന ആളെ കണ്ട് ഒന്നു ഞെട്ടി. ജോര്‍ജ്കുട്ടി. ഇറങ്ങിയതിനെക്കാള്‍ വേഗത്തില്‍ തിരിഞ്ഞ് അയാള്‍ മതിലിനകത്തെത്തി.

എന്താ മുതലാളി, എന്തു പറ്റി ? : അയാളുടെ പരിഭ്രമം കണ്ട് പുറത്തേക്കിറങ്ങാന്‍ തുടങ്ങുകയായിരുന്ന രാമന്‍ ചോദിച്ചു.

അവിടെ, ആ ശപ്പന്‍…………. : കളപ്പുരയോട് ചേര്‍ന്നു നിന്നുകൊണ്ട് പുറത്തേക്കിറങ്ങുന്നതിനിടയില്‍ നമ്പൂതിരി പറഞ്ഞു. ഒന്ന്‍ എത്തി നോക്കിയപ്പോള്‍ രാമന്‍ ആളെ കണ്ടു.

മുതലാളിയെ അയാള്‍ കണ്ടോ ? ഇങ്ങോട്ടെങ്ങാന്‍ വന്നാലോ ? : രാമന്‍ ശബ്ദം താഴ്ത്തി ചോദിച്ചു.

വിഡ്ഡിത്തം പറയാതെടോ. ഇത് അമ്പല മുറ്റമല്ലേ ? ഇവിടെങ്ങനെയാ ഒരു ക്രിസ്ത്യാനി കേറുക ? : നമ്പൂതിരി പറഞ്ഞപ്പോഴാണ് രാമന്‍റെ ട്യൂബ്ലൈറ്റ് കത്തിയത്. അബദ്ധം പറ്റിയ ഭാവത്തില്‍ അയാളൊന്ന്‍ ചിരിച്ചു.

പക്ഷേ അയാള്‍ കുറെ ദിവസമായി മുതലാളിയെ തിരക്കി നടക്കുന്നു. ആ ഫോണില്‍ വിലപ്പെട്ട എന്തൊക്കെയോ കാര്യങ്ങള്‍ ഉണ്ടെന്നാ ഇന്നലെ കണ്ടപ്പോള്‍ എന്നോട് പറഞ്ഞത്. ഇനിയെങ്കിലും അത് തിരിച്ച് കൊടുത്തുകൂടെ ? : ഭവ്യതയോടെ മുഖം കുനിച്ചുകൊണ്ട് രാമന്‍ ചോദിച്ചു.

കൊടുക്കാന്‍ എനിക്ക് അശേഷം താല്പര്യമില്ല. എന്നാലും കൊടുക്കാം. പക്ഷേ മുതലും പലിശയും ചേര്‍ത്ത് രൂപ മൂന്നര ലക്ഷമാ ഇവന്‍റെ അമ്മായിയപ്പന്‍ എന്നു പറയുന്ന ആ തെണ്ടി ഇതുവരെ എന്‍റെ കയ്യില്‍ നിന്നു പറ്റിയത്. വീട്ടില്‍ നിന്നിറക്കി വിടാമെന്ന് വെച്ചാല്‍ അയാള്‍ ഒരു അസുഖക്കാരനാ. എന്തെങ്കിലും പറ്റിയാല്‍ നാട്ടുകാര് മുഴുവന്‍ എന്‍റെ നെഞ്ചത്തോട്ടാവും വരുക. പക്ഷേ ഇവന്‍റെ കയ്യില്‍ പൂത്ത അമേരിക്കന്‍ ഡോളറുണ്ടെന്നാ കേട്ടത്. കുറെ നടന്ന്‍ കാല് തേയുമ്പോള്‍ ഇവന്‍ തന്നെ വന്ന്‍ കടം വീട്ടിക്കോളും. അതുവരെ നമ്മള്‍ ഇങ്ങനെ ഒളിച്ചു കളിച്ചേ പറ്റൂ. കാലം കുറെയായില്ലെ ഞാന്‍ ഈ നാട്ടുകാരെ മുഴുവന്‍ വട്ടം കറക്കാന്‍ തുടങ്ങിയിട്ട് ? ഇതെന്‍റെ പത്തൊമ്പതാമത്തെ അടവായി കൂട്ടിക്കോ. എന്തേ ? : നമ്പൂതിരി മുഖം ചെരിച്ച് രാമനെ നോക്കിക്കൊണ്ട് ചോദിച്ചു. മുതലാളിയുടെ ബുദ്ധി സാമര്‍ഥ്യം സമ്മതിച്ച മട്ടില്‍ രാമന്‍ തലയാട്ടി. ക്ഷേത്രത്തില്‍ പ്രദക്ഷിണം വെയ്ക്കുന്നവരും പുറത്തേക്കിറങ്ങുന്നവരുമായ ആളുകള്‍ അവരെ കടന്നു പോയി.

അതുവരെ അവന്‍റെ സാധനം ഞാന്‍ നിധി പോലെ സൂക്ഷിയ്ക്കും. അത് മുറിയിലെ പഴയ തടിപ്പെട്ടിയില്‍ ഒളിച്ചു വെച്ചിരിക്കുകയാണെന്ന കാര്യം ഞാന്‍ എന്‍റെ ഭാര്യയോട് പോലും പറഞ്ഞിട്ടില്ല. അവളോ ആ ചെക്കനോ അറിഞ്ഞാല്‍ പിന്നെ അത് അറിയാന്‍ നാട്ടിലാരും ബാക്കിയുണ്ടാവില്ല. : നമ്പൂതിരി ശബ്ദം താഴ്ത്തിക്കൊണ്ട് രാമനോട് പറഞ്ഞു. അത് ശരിവച്ചു കൊണ്ട് രാമന്‍ തലയാട്ടി.

പക്ഷെ നമ്പൂതിരി സഹായിയോട് പറയാത്ത ഒരു വലിയ രഹസ്യമുണ്ട്. അയാളുടെ സമ്പാദ്യത്തില്‍ നല്ലൊരു പങ്കും ശ്രീകോവിലിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതാണ് അത്. വീട്ടില്‍ രണ്ടു മൂന്നു വട്ടം മോഷണ ശ്രമമുണ്ടായപ്പോഴാണ് അയാള്‍ക്ക് അങ്ങനെയൊരു ബുദ്ധി തോന്നിയത്. ഉഗ്രശക്തിയുള്ള ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. അസമയത്ത് പരിസരത്ത് കൂടി നടക്കാന്‍ പോലും ആളുകള്‍ ഭയപ്പെടും. നേരം തെറ്റിയ സമയത്ത് പാടം കടന്നെത്തിയ ചിലര്‍ മതില്‍ക്കെട്ടിനകത്ത് ചുവന്ന പട്ടുസാരി ധരിച്ച ദേവിയെ കണ്ട് പേടിച്ച കഥയും നാട്ടില്‍ പാട്ടാണ്. പിന്നെ നമ്പൂതിരി വേറൊന്നും ആലോചിച്ചില്ല. അത്യാവശ്യം വേണ്ട പണമൊഴിച്ച് ബാക്കിയെല്ലാം അയാള്‍ കാരണവര്‍മാരായി ഉപയോഗിച്ചു വരുന്ന ചെറിയ ഇരുമ്പു പെട്ടിയിലേക്ക് മാറ്റി. നല്ല ഉറപ്പുള്ള പൂട്ടാണ്. എത്ര വലിയ കള്ളന്മാര്‍‍ വിചാരിച്ചാലും അത്ര പെട്ടെന്നൊന്നും അത് പൊളിക്കാന്‍ പറ്റില്ല. പോരാത്തതിന് ദേവിയും കാവലുണ്ടല്ലോ.

പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ ക്ഷേത്രത്തില്‍ നടക്കുന്ന ചന്ദനക്കുട മഹോത്സവത്തിന് ദേവിക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളാണെന്ന് പറഞ്ഞാണ് അയാള്‍ പെട്ടി പൂജാരിക്ക് കൈമാറിയത്. സാധുവാണ്‌. നമ്പൂതിരി എന്ത് പറഞ്ഞാലും അയാള്‍ അതേ പടി വിശ്വസിക്കും. അദ്ദേഹം പറഞ്ഞ പ്രകാരം അയാള്‍ അത് ശ്രീകോവിലില്‍ ദേവി വിഗ്രഹത്തിന് പിന്നിലായുള്ള പ്രത്യേക അറയില്‍ വയ്ക്കുകയും ചെയ്തു. ആഭരണങ്ങളുടെ സ്ഥാനം തറവാട്ടില്‍ നിന്ന് ദേവി സന്നിധിയിലേക്ക് മാറ്റണമെന്ന് പ്രശ്നവിധിയുണ്ടെന്ന് നമ്പൂതിരി പറഞ്ഞത് അയാള്‍ വെള്ളം തൊടാതെ വിഴുങ്ങി. എങ്കിലും ഇടയ്ക്കിടെ പൂജാരിയെക്കൊണ്ട് പെട്ടി അമ്പലക്കമ്മിറ്റി ഓഫിസിലേക്ക് എടുപ്പിച്ച് എല്ലാം ഭദ്രമെന്ന് ഉറപ്പു വരുത്താന്‍ നമ്പൂതിരി മറക്കാറില്ല.

പുറത്തേക്കിറങ്ങുന്നതിന് മുമ്പായി ശ്രീകോവിലിന് നേരെ തിരിഞ്ഞ് നമ്പൂതിരി ഏത്തമിടുന്നത് പോലെ മുഖം കുനിച്ചു.

ദേവീ, എന്‍റെ പണത്തെ നീ തന്നെ കാത്തോളണേ. വരുന്ന തൃക്കാര്‍ത്തിക ദിവസം ഒരു ചുറ്റുവിളക്ക്, അല്ല നൂറ്റൊന്ന് രൂപയുടെ നെയ് വിളക്ക് കത്തിച്ചോളാമേ………………. : അയാള്‍ ഭക്തിപൂര്‍വം പറഞ്ഞിട്ടു തിരിഞ്ഞു.

മുതലാളീ, തൃക്കാര്‍ത്തിക കഴിഞ്ഞ മാസം കഴിഞ്ഞതല്ലെയുള്ളൂ. ഇനി ഒരുവര്‍ഷം കഴിയണം. അത് മറന്നോ ? : മുതലാളിക്ക് പറ്റിയ അബദ്ധമോര്‍ത്ത് രാമന്‍ ചിരിച്ചു. കൃഷ്ണന്‍ നമ്പൂതിരി ഒന്നു നിന്നു.

എനിക്കറിയാം. ഇനി നീയായിട്ട് ഭഗവതിയെ ഓര്‍മിപ്പിക്കുകയൊന്നും വേണ്ട. അടുത്ത വര്‍ഷമാകുമ്പോഴേക്കും ഞാന്‍ ഈ പറഞ്ഞതൊക്കെ ദേവി മറക്കും. കേട്ടാ ? നൂറു കൂട്ടം കാര്യങ്ങള്‍ ഭഗവതിക്ക് ഈ നാട്ടില്‍ ചെയ്യാനുണ്ട്. അതിനിടയിലാണ് ഒരു നെയ് വിളക്ക്…………….. : പുറത്തു കിടന്ന ചെരുപ്പിട്ട് നമ്പൂതിരി വീട് ലക്ഷ്യമാക്കി നടന്നു. പുറകെ രാമനും.

അപ്പോള്‍ കളപ്പുരക്ക് പുറത്ത് മതിലിന്‍റെ മറവില്‍ ഒരു പണി തയാറാകുന്ന കാര്യം നമ്മുടെ നായകന്‍ അറിഞ്ഞില്ല. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ അച്ഛനും രാമനും അമ്പല മുറ്റത്ത് നിന്നു പരുങ്ങുന്നതും രഹസ്യമായി സംസാരിക്കുന്നതും കണ്ടപ്പോഴാണ് ഉണ്ണി പുറത്ത് ആല്‍മരത്തിന് താഴെ ഒളിച്ചത്. അച്ഛന്‍ മുറി അടച്ച് ഏറെ നേരം ഇരിക്കുന്നതിന്‍റെ രഹസ്യം പിടികിട്ടിയെങ്കിലും അമ്മയും താനുമറിയാതെ എന്തു നിധിയാണ് അവിടെ ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് മാത്രം അവന് മനസിലായില്ല. പക്ഷേ അന്നുതന്നെ ആ തടിപ്പെട്ടിയുടെ പൂട്ട് തുറക്കണമെന്നും ആ നിധി കണ്ടെത്തണമെന്നും അവനുറപ്പിച്ചു.

അടുത്ത ദിവസം കുടയും പിടിച്ച് പാടത്തു കൂടി നടന്നു പോകുമ്പോഴാണ് കൃഷ്ണന്‍ നമ്പൂതിരി ഒരു പിന്‍വിളി കേട്ടത്. നോക്കിയപ്പോള്‍ രാമന്‍ പരിഭ്രാന്തനായി ഓടിവരുന്നതാണ് കണ്ടത്.

എന്താടാ ? : നമ്പൂതിരി ചോദിച്ചു.

സര്‍ക്കിള്‍ ഏമാന്‍ വിളിക്കുന്നു : കയറ്റം കയറിയുള്ള റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ജീപ്പിനടുത്ത് നില്‍ക്കുന്ന ആളെ ചൂണ്ടി രാമന്‍ പറഞ്ഞു.

എന്തിന് ?

അറിയില്ല, മുതലാളിയെയും കൂട്ടി ചെല്ലാന്‍ പറഞ്ഞു……….. : രാമന്‍ കിതച്ചുകൊണ്ട് പേടിയോടെ പറഞ്ഞു. നമ്പൂതിരി കുട മടക്കി തിരികെ നടന്ന്‍ കയറ്റം കയറി ജീപ്പിനടുത്തേക്ക് നടന്നു. സര്‍ക്കിള്‍ മഫ്തിയിലാണല്ലോ എന്നയാള്‍ മനസ്സില്‍ പറഞ്ഞു.

എന്താ സാറേ ? : നമ്പൂതിരി ആകാംക്ഷയോടെ ചോദിച്ചു.

പറയാം. ഇയാളാണോ കൃഷ്ണന്‍ നമ്പൂതിരി ?: തന്‍റെ കൊമ്പന്‍ മീശ തടവിക്കൊണ്ട് സര്‍ക്കിള്‍ വിശ്വേശ്വരന്‍ ചോദിച്ചു. അയാള്‍ക്ക് ഒറ്റ നോട്ടത്തില്‍ ഒരു തമിഴന്‍റെ മുഖഭാവമാണ്. അമ്പതിന് മേല്‍ പ്രായം.

അതേ : വളരെ ഭവ്യതയോടെ നമ്പൂതിരി പറഞ്ഞു.

ഉം. ഇയാള്‍ ജോര്‍ജ്കുട്ടി എന്നു പറയുന്ന ആളുടെ കയ്യില്‍ നിന്ന്‍ എന്തെങ്കിലും സാധനം മേടിച്ചു വച്ചിട്ടുണ്ടോ ? : അയാളെ രൂക്ഷമായി നോക്കിക്കൊണ്ട് സര്‍ക്കിള്‍ ചോദിച്ചു.

ഉവ്വ്. ഒരു ഫോണ്‍. അയാളുടെ അമ്മാവന്‍ വാങ്ങിച്ച പണം തിരികെ തരാത്തതുകൊണ്ട്……………… : നമ്പൂതിരി ഭയത്തോടെ പറഞ്ഞു തുടങ്ങിയെങ്കിലും മുഴുമിക്കുന്നതിന് മുമ്പ് വിശ്വേശ്വരന്‍ കയ്യുയര്‍ത്തി തടഞ്ഞു.

അത് എത്രയും പെട്ടെന്ന് സ്റ്റേഷനിലെത്തിക്കണം. ഞാനിപ്പോള്‍ അത്യാവശ്യമായി വേറൊരു സ്ഥലം വരെ പോകുകയാണ്. ഉച്ച കഴിഞ്ഞ് ഇയാള്‍ സ്റ്റേഷനില്‍ ഉണ്ടാവണം. മനസിലായല്ലോ ? : അതും പറഞ്ഞ് അയാള്‍ ജീപ്പില്‍ കയറാന്‍ ഭാവിച്ചു.

ശരി. പക്ഷേ ആ പണം………….. : നമ്പൂതിരി ഒരു ചെറിയ വിറയലോടെ പറഞ്ഞു. വിശ്വേശ്വരന്‍ അല്‍പം ദേഷ്യത്തോടെ അയാളെ നോക്കി.

അല്ല, കൊല്ലം ഒന്നായി. ഇതുവരെ മുതലുമില്ല പലിശയുമില്ല. ഏമാന്‍ തന്നെ ഇടപെട്ട് അതൊന്ന്‍ വാങ്ങി തന്നിരുന്നെങ്കില്‍………………. : നമ്പൂതിരി ബഹുമാനവും ഭയവും കൈവിടാതെ തുടര്‍ന്നു.

തന്‍റെ മുതലും പലിശയും വാങ്ങിച്ചു തരുന്നതല്ല ഞങ്ങളുടെ ജോലി. ആ ജോര്‍ജ് കുട്ടി എന്നുപറയുന്നവന്‍ ഇന്നലെ മുതല്‍ പോലീസ് കസ്റ്റഡിയിലാ. അമേരിക്കയില്‍ എന്തൊക്കെയോ തട്ടിപ്പും വെട്ടിപ്പും നടത്തിയിട്ടാ അവന്‍ ഇങ്ങോട്ട് വന്നത്. പോരാത്തതിന് ഒരു കൊലപാതകവും. അതിന്‍റെയെല്ലാ വിവരങ്ങളും തന്‍റെ കയ്യിലുള്ള ആ കുന്ത്രാണ്ടത്തിലുണ്ട്. അത് എത്രയും പെട്ടെന്ന് എത്തിച്ചില്ലെങ്കില്‍ കേരള പോലിസും ഈ സി.ഐ വിശ്വേശ്വരനും ആരാണെന്ന്‍ നീയറിയും. കേട്ടോടാ, : സര്‍ക്കിള്‍ വിശ്വേശ്വരന്‍ ജീപ്പില്‍ ചാടിക്കയറി. നമ്പൂതിരി പേടിച്ച് പുറകോട്ടു മാറി. തന്‍റെ മീശ പിരിച്ചുകൊണ്ട് ഒരു വേട്ട മൃഗത്തെ പോലെ സര്‍ക്കിള്‍ അയാളെ നോക്കിയതും ജീപ്പ് മുന്നോട്ടെടുത്തതും ഒരുമിച്ചായിരുന്നു. വേലിയില്‍ കിടന്ന പാമ്പിനെയാണ് താന്‍ തോളത്തെടുത്തിട്ടതെന്ന് നമ്പൂതിരിക്ക്‍ തോന്നി. ഭയവും നിരാശയും വിട്ടുമാറാത്ത കണ്ണുകളോടെ അയാള്‍ രാമന് നേരെ തിരിഞ്ഞു.

ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നു. പട്ടണത്തിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ജോലിക്കാരുമായിരുന്നു യാത്രക്കാരില്‍ ഏറെയും.

എവിടെ നീ പറഞ്ഞ സാധനം ? : തിരക്ക് കുറഞ്ഞ ഒരു വശത്ത് ഒതുങ്ങിനിന്നുകൊണ്ട് ഷുക്കൂര്‍ ചോദിച്ചു.

ബാഗിലുണ്ട്………. : വിജയീ ഭാവത്തില്‍ കയ്യിലുള്ള ബാഗിലേക്ക് നോക്കിക്കൊണ്ട് ഉണ്ണി പറഞ്ഞു.

തുറക്ക്. കാണട്ടെ : ഷുക്കൂര്‍ പറഞ്ഞപ്പോള്‍ മറുപടിയായി ഉണ്ണി ബാഗ് അവന് നേരെ നീട്ടി. ഉടനെ ഷുക്കൂര്‍ അതിന്‍റെ സിബ്ബ് തുറന്ന്‍ അത് പുറത്തെടുത്തു. ഐ ഫോണ്‍. കുറച്ചുനേരം അത് തിരിച്ചും മറിച്ചും നോക്കിയതിന് ശേഷം അവന്‍ ഉണ്ണിയെ നോക്കി മതിപ്പോടെ തലയാട്ടി.

കലക്കന്‍ സെറ്റ്. ഇതിന് എത്രയായിട്ടുണ്ടാവും ? : അവന്‍ ചോദിച്ചു.

അറിയില്ല. ഇത് വെച്ച് ആ ദമയന്തി ടീച്ചറുടെ ജാഡയൊന്ന് കുറക്കണം. അതിനാ അച്ഛനറിയാതെ ഇതെടുത്തോണ്ട് വന്നത്. സാംസങ്ങിന്‍റെ ഒരു തല്ലിപ്പൊളി സെറ്റും വെച്ച് എന്താ അവരുടെ ഷൈനിങ് ? : ഉണ്ണി ചിരിച്ചുകൊണ്ട് പറഞ്ഞു.

അവര്‍ക്കല്ലെങ്കിലും ഒരെല്ല് കൂടുതലാ. ചുമ്മാതല്ല അവരുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നിങ്ങോട്ട് വരാത്തത്. ഇതുവെച്ച് ഇന്ന്‍ എല്ലാവരുടെയും മുന്നില്‍ നമുക്കൊന്ന് ഷൈന്‍ ചെയ്യണം. : ഷുക്കൂര്‍ ഓരോ ബട്ടണിലും പ്രസ്സ് ചെയ്തുകൊണ്ട് പറഞ്ഞു. ബസ്സ് ഒന്നു കുലുങ്ങിയത് പോലെ നിന്നപ്പോള്‍ അവര്‍ പുറത്തേക്ക് നോക്കി. റെയില്‍വെ ഗെയ്റ്റാണ്. ഇന്‍റര്‍സിറ്റി വരുന്ന സമയമായെന്ന് ഷുക്കൂറിന് തോന്നി. ഉണ്ണി തുറന്നുകൊടുത്ത ബാഗില്‍ അവന്‍ ഫോണ്‍ ഭദ്രമായി വച്ചു. ഏതാനും മിനിറ്റുകള്‍. ട്രെയിന്‍ കടന്നുപോയതും മുന്നോട്ടെടുക്കാന്‍ വാഹനങ്ങള്‍ തിടുക്കം കൂട്ടി. ഇതിനിടയില്‍ ബസ്സിലെ തിരക്ക് കുറഞ്ഞതുപോലെ ഉണ്ണിക്ക് തോന്നി. ബസ്സ് പാളം കടന്നതും പെട്ടെന്നൊരു ഉള്‍വിളി വന്നത് പോലെ അവന്‍ ബാഗിലേക്ക് നോക്കി. അതിന്‍റെ സിബ്ബ് തുറന്നുകിടന്നിരുന്നു.

അയ്യോ ! എന്‍റെ ഫോണ്‍……………… :

ഒരു നിലവിളി ശബ്ദം അല്‍പ നിമിഷത്തിനകം ആ അന്തരീക്ഷത്തില്‍ മുഴങ്ങി. അച്ഛന്‍ അടിച്ച് പുറം പൊളിക്കുന്ന രംഗം മനസ്സില്‍ തെളിഞ്ഞപ്പോള്‍ ഉണ്ണി ബോധം നഷ്ടപ്പെട്ട് നില തെറ്റി താഴേക്ക് വീണു.

കൈകള്‍ പിന്നിലേക്ക് പിണച്ചുവെച്ച് പൂമുഖത്ത് കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്ന കൃഷ്ണന്‍ നമ്പൂതിരിയുടെ കണ്ണുകളില്‍ സര്‍ക്കിള്‍ വിശ്വേശ്വരന്‍റെ ഭീകരരൂപമാണ് നിറഞ്ഞു നിന്നത്. അയാളുടെ ഭാവപ്പകര്‍ച്ച കണ്ട് ഭയത്തോടെ വാതിലിന് മറവില്‍ നിന്നതല്ലാതെ സത്യഭാമ പുറത്തേക്ക് വന്നില്ല.

മുതലാളി ഒന്നുകൂടി വെച്ചയിടത്ത് നോക്ക്. അതവിടെ തന്നെ കാണും. അല്ലാതെവിടെ പോകാനാ ? : ഏറെ നേരം അയാളുടെ നടത്തം നോക്കിനിന്നതിന് ശേഷം രാമന്‍ പരിഭ്രമത്തോടെ പറഞ്ഞു. അതുകേട്ടതും നമ്പൂതിരി നടത്തം നിര്‍ത്തി അയാളെ നോക്കി.

ഇനി അരിച്ചുപെറുക്കാന്‍ ഒരിഞ്ചു സ്ഥലം ബാക്കിയില്ല. ഇത് അതൊന്നുമല്ല. ആ ചെക്കന്‍ ഒപ്പിച്ച പണിയാ. ഇങ്ങ് വരട്ടെ. അവന്‍റെ കയ്യും കാലും ഞാനിന്ന്‍ തല്ലിയൊടിക്കും. : കൃഷ്ണന്‍ നമ്പൂതിരി ദേഷ്യത്തോടെ പറഞ്ഞു.

അതിന് ഉണ്ണി എന്തു ചെയ്തെന്നാ ? ഇങ്ങനെയൊരു സാധനം അവിടെയുണ്ടെന്ന് കൂടി അവന്‍ അറിഞ്ഞിട്ടുണ്ടാവില്ല : അകത്തുതന്നെ നിന്ന്‍ ശബ്ദം താഴ്ത്തിക്കൊണ്ട് സത്യഭാമ പറഞ്ഞു.

ദേ, കൈ മടക്കി ഒന്നു തന്നാലുണ്ടല്ലോ. അവനല്ലെങ്കില്‍ പാണ്ടിലോറി തട്ടി ചത്ത നിന്‍റെ അച്ഛനായിരിക്കും അത് ചെയ്തത്. വെറുതെ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട : അകത്തേക്ക് നോക്കി കൈ ഉയര്‍ത്തിക്കൊണ്ട് കൃഷ്ണന്‍ നമ്പൂതിരി ആക്രോശിച്ചു.

മുതലാളി, ദേ……………….. : രാമന്‍റെ വിളികേട്ട് അയാള്‍ തിരിഞ്ഞു നോക്കി. ശ്രീധരന്‍ പോറ്റി, കുടുംബ ക്ഷേത്രത്തിലെ പൂജാരി പരിഭ്രാന്തനായി ഓടി വരുകയാണ്.

എന്താടോ, തന്‍റെ ആരെങ്കിലും ചത്താ ? : പുറത്തെ പടികളിലേക്കിറങ്ങിനിന്നുക്കൊണ്ട് നമ്പൂതിരി ചോദിച്ചു.

മുതലാളീ, അത്………………….. : പോറ്റിയ്ക്ക് പെട്ടെന്ന് പറയാന്‍ വാക്കുകള്‍ കിട്ടിയില്ല.

അത് ? പതിവ് പോലെ കൊച്ചിന് സുഖമില്ല, കാശ് വേണം എന്നാണ് പറയാന്‍ പോകുന്നതെങ്കില്‍ ശ്രീധരാ വേണ്ട. ഇതിനകം നീ കുറെ പറ്റിയിട്ടുണ്ട്. അതെല്ലാം തിരിച്ചു തന്നിട്ട് മതി കൊച്ചിന്‍റെ ദീനം മാറ്റുന്നത്……………… ഉം ചെല്ല് ചെല്ല് : നമ്പൂതിരി അകത്തേക്ക് തിരിഞ്ഞു.

അയ്യോ, അതല്ല മുതലാളി, നമ്മുടെ അമ്പലത്തില്‍‍ കള്ളന്‍ കയറി. വൈകുന്നേരം നട തുറക്കാന്‍ ചെന്നപ്പോഴാ ഞാന്‍ കണ്ടത്. ഭാഗ്യത്തിന് ദേവിയുടെ വിഗ്രഹം ഇളക്കാന്‍ പറ്റിയില്ല. : പോറ്റി കിതച്ചുകൊണ്ട് പറഞ്ഞു. ആദ്യം ഞെട്ടിയെങ്കിലും അയാളുടെ അവസാന വാക്ക് കേട്ടപ്പോള്‍ നമ്പൂതിരി ആശ്വാസത്തോടെ നെടുവീര്‍പ്പെട്ടു.

പക്ഷേ അവിടെയുണ്ടായിരുന്ന ഓട്ടു പാത്രങ്ങള്‍, നിലവിളക്ക്, ങാ പിന്നെ തിരുവാഭരണങ്ങള്‍ വെച്ച ആ പെട്ടി എന്നിവയൊന്നും കാണുന്നില്ല. അതെല്ലാം കള്ളന്മാര്‍ കൊണ്ടുപോയി. : ശ്രീധരന്‍ പോറ്റി തുടര്‍ന്നു പറഞ്ഞു. ഒരു മിന്നല്‍ പിണര്‍ നമ്പൂതിരിയുടെ ദേഹത്തിലൂടെ പാഞ്ഞു.

ങേ, തിരുവാഭരണങ്ങള്‍ വെച്ച പെട്ടി ? : കേട്ടത് വിശ്വസിക്കാനാവാതെ കൃഷ്ണന്‍ നമ്പൂതിരി ഞെട്ടിത്തരിച്ചു.

അതേ. അതും കാണുന്നില്ല. ഞാന്‍ ഏതായാലും പോലീസിനെ വിളിച്ചുപറഞ്ഞിട്ടുണ്ട്. സര്‍ക്കിള്‍ തന്നെ നേരിട്ട് വരാമെന്നാ പറഞ്ഞത്. ആള് ഒരു പുലിയാ…………. : പോറ്റി ആശ്വാസ സൂചകമായി പറഞ്ഞു.

രാമാ……………. : നമ്പൂതിരി തളര്‍ന്ന് താഴേക്കു വീണു. ഓടിവന്ന സത്യഭാമയും രാമനും ചേര്‍ന്ന് അയാളെ താങ്ങി അടുത്തുള്ള ചാരുകസേരയില്‍ ഇരുത്തി.

ദേവീ…………. എന്‍റെ പണം, നെയ് വിളക്ക്…………………………… : അയാള്‍ ഇടക്കിടെ പിറുപിറുത്തുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ദൂരെ കയറ്റമിറങ്ങി ഒരു പോലിസ് ജീപ്പ് വരുന്നതും അത് തന്‍റെ വീട്ടുമുറ്റത്ത് ബ്രേക്കിടുന്നതും അയാള്‍ കണ്ടു. അതിന്‍റെ മുന്‍ സീറ്റില്‍ നിന്ന്‍ തമിഴനെന്ന് തോന്നിപ്പിക്കുന്ന ഒരു കൊമ്പന്‍ മീശക്കാരന്‍ ചാടിയിറങ്ങുന്നത് കണ്ടപ്പോള്‍ നമ്പൂതിരി ബോധരഹിതനായി..

THE END

Leave a Comment

Your email address will not be published. Required fields are marked *