സത്യസന്ധതയുടെ പ്രതിരൂപമായിരുന്നു അദ്ദേഹം.
പരമോന്നത കോടതി വരെ നീണ്ട നിയമയുദ്ധത്തിലൂടെ സര്‍ക്കാരിനെ മുട്ടു കുത്തിച്ചതോടെ ആത്മവിശ്വാസത്തിന്‍റെയും പോരാട്ടത്തിന്‍റെയും പുതിയ ആള്‍രൂപമായും ഒരു കൂട്ടര്‍ അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടി.
സംസ്കൃതത്തില്‍ ആ പേരിന് പട്ടാളമെന്നാണത്രേ അര്‍ഥം.
പേര് അന്വര്‍ത്ഥമാക്കും വിധം ഒറ്റയാള്‍ പട്ടാളമായി പോരാടിയ തലവന് സേനയ്ക്കകത്തും പുറത്തും ശത്രുക്കള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും നീതിക്ക് വേണ്ടി പോരാടേണ്ട മാധ്യമങ്ങള്‍ അദ്ദേഹത്തിന് കാവലാളായി നിന്നു.
അതിനിടയിലാണ് എല്ലാവരും കാത്തിരുന്ന ആ സുദിനം വന്നെത്തിയത്. ജൂണ്‍ 30.
ശത്രുക്കള്‍ തലവന്‍ ഒഴിയാന്‍ കാത്തിരിക്കുകയായിരുന്നു. പെന്‍ഷന്‍ തടയുമെന്നും പട്ടാളത്തിന്‍റെ കഞ്ഞികുടി മുട്ടിക്കുമെന്നുമൊക്കെ വീമ്പു പറഞ്ഞിരുന്നവരാണല്ലോ അവര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ പാളയത്തില്‍ ഒരു പുതിയ അങ്ക ചേകവരെയും പ്രതിക്ഷിച്ചു.
എല്ലാം തകിടം മറിഞ്ഞത് എത്ര പെട്ടെന്നാണ്. കസേര വിട്ടിറങ്ങിയ തലവന്‍ അരമന രഹസ്യം അങ്ങാടിപ്പാട്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യമൊക്കെ ചിലര്‍ കയ്യടിച്ചു.
പോലിസ് പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്ത നടനെതിരെ ഒരു തെളിവുമില്ലെന്നും എല്ലാം സന്ധ്യാ നേരത്തെ വികൃതികളാണെന്നും തിരുമൊഴി വന്നപ്പോള്‍ അവരുടെ തന്നെ നെറ്റി ചുളിഞ്ഞു.
സെന്‍ വചനങ്ങള്‍ക്ക് ആലുവ പോലിസ് ക്ലബ്ബില്‍ വച്ചാണ് സന്ധ്യ മറുപടി കൊടുത്തത്. അതോടെ ചാനല്‍ ക്യാമറകള്‍ ആലുവയിലും പരിസരത്തും കുടികിടപ്പ് തുടങ്ങി. അവിടെ കിടന്നിട്ട് കാര്യമില്ലെന്നും പട്ടയം വേണമെങ്കില്‍ മൂന്നാര്‍ ചുരം കയറാനും മണിയാശാന്‍ പറഞ്ഞെങ്കിലും വഴങ്ങാത്ത ചാനല്‍ തൊഴിലാളികള്‍ തരാതരം പോലെ കാക്കനാടിനും ആലുവയ്ക്കുമിടയില്‍ ഷട്ടില്‍ സര്‍വീസും തുടങ്ങി.
എന്നിട്ടും മതിവരാതെ മുന്‍ തലവന്‍ ജാതിയിലും മതത്തിലും ജനസംഖ്യാ വര്‍ധനവിലും കയറിപ്പിടിച്ച് അവസാനം നടിക്ക് പത്തു ലക്ഷം വിലയുമിട്ടു.
കഷ്ടം.
അതോടെ ഒരു വിഗ്രഹം തകര്‍ന്നുടഞ്ഞു.
ഛ്ലിം……………….
The End