മോഹന്‍ലാല്‍
മോഹന്‍ ലാലിനെ അവള്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്‍റെ സിനിമകള്‍ ഒന്നു പോലും വിടാതെ അവള്‍ കണ്ടു. സിനിമയിലെ അദ്ദേഹത്തിന്‍റെ വിജയത്തില്‍ അവള്‍ സന്തോഷിച്ചു, വേദനയില്‍ കണ്ണീരൊഴുക്കി.
വലുതായപ്പോള്‍ ലാലിനെ പോലൊരാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന്‍ ശപഥം ചെയ്തു.
ജയറാം വന്നു. അവള്‍ മൈന്‍റ് ചെയ്തില്ല.
ദിലീപിനെ നിഷ്കരുണം തള്ളിക്കളഞ്ഞു.
പൃഥ്വി രാജിനെ നോക്കിയത് പോലുമില്ല.
ജയസൂര്യയെ ആട്ടിയോടിച്ചു.
അവസാനം അവള്‍ കാത്തിരുന്നത് പോലെ മോഹന്‍ ലാലെത്തി. വീട്ടുകാര്‍ താല്‍പര്യം കാണിച്ചില്ലെങ്കിലും അവള്‍ അയാളെ മാത്രമേ കെട്ടൂ എന്ന്‍ ശപഥം ചെയ്തു. അതോടെ വിവാഹം നടന്നു.
സ്വപ്നം സാക്ഷാത്ക്കരിച്ചതിന്‍റെ നിര്‍വൃതിയില്‍ ആദ്യ രാത്രിയില്‍ മുറിയിലെത്തിയ അവള്‍ അവിടെ അയാളുടെ അപരിചിതമായ വൃദ്ധ മുഖം കണ്ട് നടുങ്ങി.
ഞാന്‍ പ്രണയം സിനിമയിലെ മോഹന്‍ ലാലാണ് : വിഗ്ഗ് അഴിച്ചു വയ്ക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.
അവള്‍ ബോധം കെട്ടു വീണു.
The End
ഐജി
തന്‍റെ മുന്നില്‍ നില്‍ക്കുന്ന ഭരണകകക്ഷിയിലെ ഛോട്ടാ നേതാവിനെ ഐജി ക്രുദ്ധനായി നോക്കി.
നിങ്ങള്‍ പറയുന്നതു പോലെ പ്രവര്‍ത്തിക്കാനല്ല ഞാന്‍ ഇവിടെ ഇരിക്കുന്നത്. കൂടുതല്‍ കളിച്ചാല്‍ ജയിലിലെ മൂന്നാം മുറ എന്താണെന്ന് നീയൊക്കെ അറിയും. :
ഐജി തന്‍റെ കൊമ്പന്‍ മീശ ഒതുക്കിക്കൊണ്ട് പറഞ്ഞു.
എങ്കില്‍ നോക്കിക്കൊ. ഇരുപതിനാല് മണിക്കൂറിനുള്ളില്‍ നിങ്ങളെ ഞാന്‍ അട്ടപ്പാടിയിലേക്ക് തട്ടും. അപ്പോ അറിയാം ഞാനാരാണെന്ന്……….. : ചോര തിളക്കുന്ന മുപ്പതുകളിലെത്തിയ ഖദര്‍ധാരി വെല്ലുവിളിച്ചു.
പിന്നെയൊന്നും ആലോചിച്ചില്ല, മീശ കസേരയില്‍ നിന്ന്‍ ചാടിയെഴുന്നേറ്റു. യുവതുര്‍ക്കിയെ തല്ലാനായി കൈ ഉയര്‍ത്തിയപ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. തിരിഞ്ഞ് റിസീവറെടുത്തു.
മറുവശത്ത് നിന്ന്‍ ഒരു പരുപരുത്ത ശബ്ദം അയാളുടെ കാതുകളിലെത്തി.
ഹലോ, ഐജി രാമനല്ലേ ? ഇത് പോലീസ് ആസ്ഥാനത്ത് നിന്നാണ്. പാര്‍ട്ടിക്കാരെ തല്ലിയതുമായി ബന്ധപ്പെട്ട് നിങ്ങളെ അടിയന്തിരമായി സസ്പെന്‍റ് ചെയ്തിരിക്കുന്നു. ഉത്തരവ് പിന്നാലേ വരുന്നതാണ്.
ബീടെല്ലിന്‍റെ പഴകി നിറം മങ്ങിയ റിസീവര്‍ മീശയുടെ കയ്യിലിരുന്ന് വിറച്ചു. പെട്ടെന്നാണ് ഖദറിന്‍റെ സാന്നിധ്യം അദ്ദേഹം ഓര്‍ത്തത്.
ഐജി തനിക്കു നേരെ വരുന്നത് കണ്ടു ഭയന്ന ഛോട്ടാ രണ്ടു ചുവട് പിന്നോട്ടു മാറി. അയാളുടെ മുന്നിലെത്തിയ കൊമ്പന്‍ മീശക്കാരന്‍ രാമന്‍ കുനിഞ്ഞു കൈക്കൂപ്പിക്കൊണ്ട് വിനയാന്വിതനായി അപേക്ഷിച്ചു :
ഉപദ്രവിക്കരുത്. പെന്‍ഷന്‍ പറ്റാന്‍ ഇനി രണ്ടു മാസം കൂടിയേ ഉള്ളൂ. ഇനി ഒരു ശല്യവുമുണ്ടാക്കാതെ ഞാന്‍ കഴിഞ്ഞോളാം……………….
അതാണ് കസേരയുടെ പവര്‍ !
The End
നേതാവ്
നാട്ടിലെ ഒരു പഴയ റിട്ടയേര്‍ഡ് കള്ളന്‍റെ മകനായ അയാളെ നാട്ടുകാരില്‍ പലരും അവജ്ഞയോടെയാണ് കണ്ടിരുന്നത്. മദ്ധ്യ ഉന്നത വര്‍ഗ്ഗ ശ്രേണിയിലുള്ളവര്‍ അയാളുമായി സംസാരിക്കാനോ കൂട്ടുകൂടാനോ തയ്യാറായില്ല.
ആരെയും പറ്റിക്കാതെ ജീവിച്ചെങ്കിലും, നാട്ടിന്‍പുറത്ത് നടക്കുന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് പ്രമാണികളും പോലീസും അയാളെ കൈ വെക്കുന്നതും കയ്യാമം വെക്കുന്നതും പതിവാക്കി.
മോഷ്ടിച്ചില്ലെന്ന് അയാള്‍ കരഞ്ഞു പറഞ്ഞിട്ടും ആരും ഗൌനിച്ചില്ല. അവര്‍ അയാളെ കല്ലെറിഞ്ഞു, ആട്ടിയോടിച്ചു.
സഹികെട്ട അയാള്‍ അവസാനം മോഷ്ടിക്കാന്‍ തന്നെ തീരുമാനിച്ചു. നൂറും ആയിരങ്ങളും പിന്നെ പതിനായിരങ്ങളും കൈ മറിഞ്ഞ് എല്ലാം തികഞ്ഞ കള്ളനായതോടെ നാട്ടുകാര്‍ അയാളെ വിളിച്ചു :
നേതാവ് !
The End