
നാഥുലയിലെ ഇന്തോ-സിക്കിം അതിര്‍ത്തിയില്‍ നിന്ന് നൂറു കിലോമീറ്റര്‍ മാറി, വടക്ക് പടിഞ്ഞാറായി ടിബറ്റില്‍ നില കൊള്ളുന്ന ഗമ്പ എന്ന മലയോര പട്ടണത്തിലെ മിലിട്ടറി ക്യാമ്പില്‍ മുന്നറിയിപ്പൊന്നും ഇല്ലാതെയാണ് ജനറല്‍ ഷുവാംഗ് എത്തിയത്.
സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളൂ. മഞ്ഞു മൂടിക്കിടന്ന ക്യാമ്പിനു മുന്നിലെ വിശാലമായ ഗ്രൗണ്ടില്‍ പതിവ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേഡറ്റുകളെ കാണാം. അങ്ങകലെ എല്ലാത്തിനും കാവലാളെന്ന പോലെ മകാരു പര്‍വ്വതം ഒരു പൊട്ടുപോലെ ഉയര്‍ന്നു നില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ കൊടുമുടിയാണ് അത്. 8,463 മീറ്ററാണ് മകാരുവിന്‍റെ സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം.
തണുപ്പകറ്റാനായി ബട്ടര്‍ ടീയും കുടിച്ച് തന്‍റെ ഓഫിസ് മുറിയുടെ ജനാലയിലൂടെ പരിസരം വീക്ഷിച്ചു കൊണ്ടു നിന്ന മേജര്‍ ലീയ്ക്ക് സാഹചര്യങ്ങളെ വകവയ്ക്കാതെ കഠിനമായ വ്യായാമ മുറകളില്‍ ഏര്‍പ്പെട്ടുക്കൊണ്ടിരിക്കുന്ന പട്ടാളക്കാരെ കുറിച്ചോര്‍ത്തപ്പോള്‍ അഭിമാനം തോന്നി.
ബ്രേവ് മെന്‍………… : അഭിമാനത്തോടെ അയാള്‍ സ്വയം പറഞ്ഞു. പെട്ടെന്നാണ് ജനറല്‍ ഷുവാംഗ് വരുന്നു എന്ന അറിയിപ്പ് അയാള്‍ക്ക് കിട്ടിയത്. തൊട്ടുപിന്നാലെ അദ്ദേഹത്തിന്‍റെ വാഹനം ഗേറ്റ് കടന്നു വരുന്നതും കണ്ടു. ചൈനിസ് സര്‍ക്കാരിന്‍റെ മിലിട്ടറി ഉപദേശകനാണ് ജനറല്‍ ഷുവാംഗ്. അദ്ദേഹം രണ്ടു ദിവസമായി ലാസയില്‍ ഉണ്ടെന്ന് ലീ അറിഞ്ഞിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഷുവാംഗ് ഗമ്പയിലും എത്താന്‍ സാധ്യതയുണ്ടെന്ന ലീയുടെ കണക്കുകൂട്ടല്‍ ഏതായാലും തെറ്റിയില്ല.
കാറില്‍ നിന്നിറങ്ങിയ ജനറലിനെ ആനയിച്ച് ലീ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.
അതിര്‍ത്തിയില്‍ എന്തൊക്കെയുണ്ട് പുതിയ സംഭവ വികാസങ്ങള്‍, മി. ലീ ? : മുറിയിലേക്ക് നടക്കുന്നതിനിടയില്‍ ഷുവാംഗ് ഗൌരവം വിടാതെ ചോദിച്ചു. ഏറെ നേരമായുള്ള യാത്ര അദ്ദേഹത്തെ തെല്ലും ബാധിച്ചില്ലെന്നു ആ ശബ്ദ ഗാംഭിര്യവും ശരീര ഭാഷയും തെളിയിച്ചു.
സര്‍, നമ്മള്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാണ്. ഇപ്പോള്‍ തന്നെ നമ്മുടെ ഏഴായിരം സൈനികര്‍ എന്തിനും തയ്യാറായി ക്വോബോയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഏകദേശം രണ്ടു മണിക്കൂര്‍ കൊണ്ട് അവര്‍ക്ക് ദോക് ലായില്‍ എത്താന്‍ സാധിക്കും. വേണ്ടി വന്നാല്‍ ഇവിടെ നിന്ന് പതിനായിരം പേരെയും അയക്കാം. റോഡെല്ലാം സ്മൂത്തായത് കൊണ്ട് കൂടുതല്‍ പേരെ ഇറക്കാന്‍ നമുക്ക് ഒരു ബുദ്ധിമുട്ടുമില്ല. : ലീ ഭവ്യതയോടെ പറഞ്ഞു. ജനറല്‍ അകത്ത് കയറി മാവോയുടെ വലിയ ചുവര്‍ചിത്രത്തിന് താഴെയുള്ള സീറ്റില്‍ ഇരുന്നു. അയാള്‍ കൈ ചൂണ്ടി ആംഗ്യം കാണിച്ചപ്പോള്‍ ലീ എതിര്‍വശത്തെ കസേരയില്‍ ഇരുന്നു.
സൈനിക ബലം നമുക്കൊരു വിഷയമല്ല. എത്ര ആയിരം പേരെ വേണമെങ്കിലും ഇറക്കാം. നമ്മുടെ ഏഴു പടക്കപ്പലുകള്‍ ഇതിനകം ഇന്ത്യന്‍ ഓഷ്യനിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. അപ്പുറത്തെ സ്ഥിതിഗതികള്‍ എന്തൊക്കെയാണ് ? : ഷുവാംഗ് ചോദിച്ചു.
അവരും സൈനിക നീക്കം നടത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. മൂവായിരം ഇന്ത്യന്‍ സൈനികര്‍ ഇപ്പോള്‍ തന്നെ സിക്കിം ബോര്‍ഡറില്‍ ഉണ്ട്. കുറച്ചു പേര്‍ വന്നു കൊണ്ടിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ആകെ അയ്യായിരം പേര്‍ കാണും. പിന്നെ ഫൈറ്റര്‍ വിമാനങ്ങള്‍, ടാങ്കുകള്‍, മിസൈലുകള്‍. ഇന്ത്യയും ഒരുങ്ങി തന്നെയാണ്. അവരുടെ സേനാ വിന്യാസത്തിന്‍റെ എല്ലാ വിവരങ്ങളും സാറിന്‍റെ മുന്നിലുള്ള ഫയലിലുണ്ട്. : ലീ പറഞ്ഞു തീരും മുമ്പേ ജനറല്‍ അടുത്തുണ്ടായിരുന്ന ചുവന്ന പുറം ചട്ടയുള്ള ഫയല്‍ തുറന്ന് അതിലേക്ക് കണ്ണോടിച്ചു.
ഏതാനും നിമിഷം പേജുകള്‍ മറിച്ചു നോക്കിയതിന് ശേഷം അദ്ദേഹം പറഞ്ഞു :
ഇതൊന്നും എന്നെ വ്യാകുലപ്പെടുത്തുന്നില്ല, മേജര്‍. നമ്മള്‍ അവരെക്കാള്‍ ബഹുദൂരം മുന്നിലാണ്, എല്ലാ അര്‍ത്ഥത്തിലും……….പക്ഷേ ആ ആണവ ശക്തി. അതാണ് നമ്മുടെ പ്രശ്നം. അത്രയും പറഞ്ഞ് ജനറല്‍ ഷുവാംഗ് പോക്കറ്റില്‍ നിന്ന് ഒരു കവര്‍ തുറന്ന് ദിനേശ് ബീഡിയെടുത്ത് കത്തിച്ചു.
ഒന്നും തോന്നരുത്, മേജര്‍. ഇവിടെ പുകവലി അനുവദനീയമല്ലെന്നറിയാം. പക്ഷേ ഇത്….. ഇതെന്‍റെ ഒരു വീക്ക്നെസ്സാണ്. : ഒരു ചെറു ചിരിയോടെ അദ്ദേഹം ലീയെ നോക്കി.
അത് സാരമില്ല സര്‍. എല്ലാം എനിക്കറിയാം. : ലീയും ചിരിച്ചു.
ആ ആണവ ശക്തി. പിന്നെ അടുത്ത കാലത്തായി അവര്‍ പരീക്ഷിച്ച ചില മിസൈലുകള്‍. അതൊക്കെയാണ് ബീജിംഗിനെ ആകുലപ്പെടുത്തുന്നത്. അവരതെങ്ങാനും ഉപയോഗിച്ചാല്‍ ചിന്തിക്കാന്‍ കഴിയാത്തത്ര നഷ്ടമാകും നമുക്കുണ്ടാകുക. പോരാത്തതിന് വാഷിംഗ്ടന്‍ ഇതിനെ എങ്ങനെ കാണും എന്നും പറയാന്‍ പറ്റില്ല. ട്രമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചു വരുത്തി ബിരിയാണി കൊടുത്തത് നിങ്ങളും കണ്ടതല്ലേ ? എന്നാല്‍ നമ്മുടെ പ്രസിഡന്‍റിനെ വിളിച്ചു കൊണ്ടു പോയി അടുത്തുള്ള ചൈനിസ് റസ്റ്റോറന്‍റില്‍ നിന്ന് ഒരു പാഴ്സലെങ്കിലും വാങ്ങിക്കൊടുക്കാന്‍ അയാള്‍ക്ക് തോന്നിയോ ? ഇല്ല. അതാ ഞാന്‍ പറഞ്ഞത് ട്രംപിനെ നമ്പാന്‍ കൊള്ളില്ല എന്ന്. പ്രസിഡന്‍റ് ഇന്നലെ കൂടി എന്നെ വിളിച്ച് ആ കാര്യം പറഞ്ഞു കരഞ്ഞു. എല്ലാം പോട്ടെ, ആ മോദി അദ്ദേഹത്തെ വയസനെന്നു വിളിച്ചതാ സഹിക്കാന്‍ പറ്റാത്തത്. നമ്മള്‍ എത്ര കാലമായി മറച്ചു വച്ചതാ നേതാക്കളുടെ ജന്മദിനം. എന്നിട്ട് ആ ശകുനി ഒന്നുമറിയാത്തത് പോലെ വന്ന് ‘ ഹാപ്പി ബര്‍ത്ത് ഡേ ടു യൂ’ എന്ന്. അതും പരസ്യമായി സോഷ്യല്‍ മീഡിയയിലൂടെ. നല്ല സമയത്താ നമുക്കാ ആ ട്വിറ്ററും ഫേസ്ബുക്കുമൊക്കെ നിരോധിക്കാന്‍ തോന്നിയത്. അല്ലായിരുന്നെങ്കില്‍ അയാള്‍ ലോകം മുഴുവന്‍ പാടി നടന്നേനെ. : ജനറല്‍ കോപം കൊണ്ടു വിറച്ചു.
അങ്ങനെയാണെങ്കില്‍ നമുക്കാദ്യം മോദിക്കിട്ട് ഒരു പണി കൊടുത്താലോ സര്‍ ? ഗൂഗിള്‍ മാപ്പില്‍ തപ്പിയാല്‍ അയാളുടെ വീട് കിട്ടുമല്ലോ. ആദ്യം നമുക്കവിടെ കൊണ്ടു പോയി ബോംബിടാം. : ലീ ഒരു ഉപായം മുന്നോട്ടു വച്ചു.
അതെങ്ങനാ ? അയാള്‍ക്ക് വീട്ടിലിരിക്കാന്‍ നേരമുണ്ടോ ? ലോകം മുഴുവന്‍ ചുറ്റി നടക്കുകയല്ലേ ? അയാളെ കൊല്ലാനാണെങ്കില്‍ നമുക്ക് ലോകം മുഴുവന്‍ ബോംബിട്ട് തകര്‍ക്കേണ്ടി വരും. അങ്ങേരെ തപ്പി നമ്മുടെ ചാരന്മാര്‍ പലവട്ടം ചെന്നതാ ആ വീട്ടില്. പക്ഷേ അവിടെ കാടും മാറാലയും പിടിച്ചു കിടക്കുകയാണത്രേ. താമസക്കാരന്‍ പെട്ടിയും തൂക്കി പോയിട്ട് മാസങ്ങളായെന്നാ അടുത്തുള്ളവര് പറഞ്ഞത്. ഇതൊക്കെ കേള്‍ക്കുമ്പോഴാ, മുമ്പ് അവിടെ ഒരു സിക്കുകാരനുണ്ടായിരുന്നു. വീടിന് പുറത്തിറങ്ങുക കൂടി ചെയ്യില്ലായിരുന്നു പാവം. പിന്നെ ഇടയ്ക്ക് പാര്‍ലമെന്‍റില്‍ പോകും, പാര്‍ട്ടി മീറ്റിങ്ങിനു പോകും, എന്നിട്ട് കമാ എന്നൊരക്ഷരം പറയാതെ വീട്ടില്‍ വന്നു കയറുകയും ചെയ്യും. ഇതിപ്പോ……… : ദേഷ്യം അടക്കാനാവാതെ ഷുവാംഗ് പകുതി തീര്‍ന്ന ബീഡി ഡസ്ക്കില്‍ കുത്തിക്കെടുത്തി. അയാളെ എങ്ങനെ തണുപ്പിക്കണമെന്നറിയാതെ മേജര്‍ കുഴങ്ങി. ജനറല്‍ പൊതുവേ ശാന്ത സ്വഭാവിയാണെങ്കിലും ദേഷ്യം വന്നാല്‍ എന്തും ചെയ്തു കളയും. അങ്ങനെ മുമ്പൊരിക്കല്‍ ഒരു കീഴ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്ന ചരിത്രം വരെയുണ്ട് അദ്ദേഹത്തിന്.
ഇതിനിടയില്‍ ഒരു ശിപായി വന്ന് ഓരോ ചായ ഇരുവരുടെയും മുന്നില്‍ വച്ചു. ഷുവാംഗ് പതുക്കെ അതെടുത്ത് കുടിക്കാന്‍ തുടങ്ങി. കുറച്ചു സമയമെടുത്തു, അദ്ദേഹം സമനില വീണ്ടെടുക്കാന്‍.
അത് പോട്ടെ, ആരാണ് അവരുടെ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ? ആ സുഖവിന്ദര്‍ സിംഗായിരിക്കും അല്ലേ ? കഴിഞ്ഞ കൊല്ലം പരമ വീര ചക്രം കിട്ടിയ……… ? : തെല്ല് ലാഘവത്തോടെ ചായ ഊതിക്കുടിക്കുന്നതിനിടയില്‍ ജനറല്‍ ഷുവാംഗ് ചോദിച്ചു.
അല്ല, സര്‍…….കേണല്‍ മഹാദേവന്‍ എന്ന ആളാണ്. : ലീ ഒന്നാലോചിച്ചതിനു ശേഷം പറഞ്ഞു.
ജനറല്‍ ഒന്നു ഞെട്ടി. സംശയ ദൃഷ്ടിയോടെ അയാള്‍ മേജറെ നോക്കി.
ഏത് ? ആ തടിച്ചു വീര്‍ത്ത, ഉരുളക്കിഴങ്ങ് പോലെ നടക്കുന്ന ആ മനുഷ്യനോ ? : അയാള്‍ ചോദിച്ചു.
അതേ, സര്‍. സര്‍ അയാളെ നേരത്തെ അറിയുമോ ? : ലീ ചോദിച്ചു തീരും മുമ്പേ ഷുവാംഗ് കപ്പ് താഴെ വച്ച് കസേരയില്‍ നിന്ന് ചാടിയെണിറ്റു.
ഓ മൈ ഗോഡ്. അയാള്‍ എല്ലാം തകര്‍ത്തു തരിപ്പണമാക്കും. : ഭയന്ന് വിറച്ച ജനറല്‍ അലറി.
എന്താ സാര്‍, എന്താ പ്രശ്നം ? അത്ര കുഴപ്പക്കാരനാണോ ഈ പറഞ്ഞ മഹാദേവന്‍ ? : കസേരയില്‍ പിടിച്ചുകൊണ്ട് എഴുന്നെല്‍ക്കുന്നതിനിടയില്‍ ലീ പകപ്പോടെ ചോദിച്ചു.
നിങ്ങള്‍ എന്താ ലീ ഈ പറയുന്നത് ? പാക്കിസ്ഥാനിലും കാണ്ടഹാറിലും എന്തിന് അങ്ങ് ജോര്‍ജ്ജിയയില്‍ വരെ ചെന്ന് ഒറ്റയ്ക്ക് ശത്രുക്കളെ തരിപ്പണമാക്കിയ അയാളെ നിങ്ങള്‍ക്കറിയില്ലെന്നോ ? കഷ്ടം. അയാള്‍ വേണമെങ്കില്‍ ഒറ്റയ്ക്ക് ചൈന വരെ കീഴടക്കും. : ഭയം കാരണം തൊണ്ട വറ്റുന്നത് പോലെ തോന്നിയപ്പോള്‍ ഷുവാംഗ് അടുത്ത് അടച്ചു വച്ചിരുന്ന ഗ്ലാസിലെ വെള്ളമെടുത്ത് കുടിച്ചു. ആ കൊടും തണുപ്പിലും അയാള്‍ വിയര്‍ത്തു കുളിക്കുന്നത് കണ്ടപ്പോള്‍ മേജര്‍ക്ക് ദേഹമാസകലം തളരുന്നത് പോലെ തോന്നി.
അയാള്‍ നമ്മുടെ യോദ്ധാകളെ ക്കാള്‍ വീരനാണെന്നാണോ സാര്‍ പറഞ്ഞു വരുന്നത് ? : അവസാന പ്രതിക്ഷയെന്ന പോലെ ജനറലിന്‍റെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് ലീ ദയനീയമായി ചോദിച്ചു.
മറ്റെന്തും സഹിക്കാം ലീ, പക്ഷേ ആ വാചകമടിയാ സഹിക്കാന്‍ പറ്റാത്തത്. ഭാഷ അറിയാത്ത നമുക്ക് പോലും തല തല്ലി ചാകാന്‍ തോന്നും അത് കേട്ടാല്‍………….. : ജനറല്‍ ഷുവാംഗ് പറഞ്ഞു.
ഇതൊക്കെ സാറിനെങ്ങനെ അറിയാം ?
ശത്രുക്കളെ കുറിച്ചറിയണമെങ്കില്‍ ചാരന്മാരെ മാത്രം ആശ്രയിച്ചാല്‍ പോരാ, അവരെ കുറിച്ചുള്ള ഡോക്യുമെന്‍ററികളും സിനിമകളുമൊക്കെ കാണണമെന്ന് ഞാന്‍ പറഞ്ഞു തന്നിട്ടില്ലേ ലീ ? അങ്ങനെയാ ഞാന്‍ രവിയേട്ടന്‍റെ പടങ്ങള്‍ കണ്ടത്. എന്തൊക്കെയാ ഈ മഹാദേവന്‍ കാട്ടിക്കൂട്ടുന്നത് ? അതൊക്കെ കണ്ട് നമ്മുടെ ലാബിലിരുന്ന റോബോട്ട് വരെ കണ്ണു തള്ളിയിരുന്നത് മൂന്നു ദിവസമാ. ഹോ. റിയലി ഹൊറിബിള്‍. അയാളാണ് യുദ്ധ മുഖത്തെങ്കില്‍ നമ്മള്‍ ഇപ്പോള്‍ തന്നെ ആയുധം വച്ച് കീഴടങ്ങുന്നതാ നല്ലത്. അല്ലെങ്കില്‍ അതിന്‍റെ പേരില്‍ അടുത്ത പടമിറക്കി രവിയേട്ടന്‍ ലോകം മുഴുവന്‍ നമ്മെ നാറ്റിക്കും. : ഷുവാംഗ് നിരാശയോടെ മുന്നിലുണ്ടായിരുന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് വലിച്ചു കീറി ചുരുട്ടിക്കൂട്ടി ചവറ്റു കുട്ടയില്‍ എറിഞ്ഞു.
അപ്പോള്‍ ഇനി ഒരു രക്ഷയുമില്ലെന്നാണോ സാര്‍ പറഞ്ഞു വരുന്നത് ? : സൈനിക ശക്തി, പടക്കപ്പലുകള്‍, സാങ്കേതിക വിദ്യ, റെഡ് ആര്‍മി. അവസാനം……………. ഓരോന്ന് ഓര്‍ത്തപ്പോള്‍ മനസ് തകര്‍ന്ന് ലീ കസേരയിലേക്ക് വീണു. നിഷേധാര്‍ഥത്തില്‍ തലയാട്ടിക്കൊണ്ട് അങ്ങോട്ട് മിങ്ങോട്ടും നടന്ന ഷുവാംഗ് പെട്ടെന്നെന്തോ ഓര്‍ത്തത് പോലെ നിന്നു.
ഒരു വഴിയുണ്ട്. ഒരേ ഒരു വഴി………….
എന്താ സാര്‍ ? : പ്രതിക്ഷയുടെ ഒരു നുറുങ്ങുവെട്ടം കണ്ടത് പോലെ മേജര്‍ അയാളെ നോക്കി.
താങ്കള്‍ ഉടനെ തന്നെ ഇന്ത്യയിലുള്ള നമ്മുടെ ആളുകളുമായി ബന്ധപ്പെടണം. എങ്ങനെയും അവിടെ നിന്ന് കുറെ നാടന്‍ പശുക്കളെ ഇങ്ങോട്ട് കയറ്റി അയക്കാന്‍ പറയണം. : തികഞ്ഞ തന്ത്രജ്ഞനെ പോലെ ജനറല്‍ ഷുവാംഗ് നിര്‍ദേശിച്ചു.
മനസിലായി സാര്‍ : ലീയുടെ മുഖം തെളിഞ്ഞു. ചിരിയോടെ അയാള്‍ ബാക്കി മുഴുമിപ്പിച്ചു. : ഇന്ത്യന്‍ ബീഫിനു നല്ല രുചിയാണ്. അതുകൊടുത്ത് നമ്മുടെ സൈനികരെ തൃപ്തിപ്പെടുത്തണം, അല്ലേ ? അതോടെ യുദ്ധം………….
വിഡ്ഢിത്തം പറയാതിരിക്കൂ മി. ലീ : ജനറല്‍ ഇടയ്ക്ക് കയറി അയാളെ ശകാരിച്ചു. :
ഞാന്‍ അറിഞ്ഞിടത്തോളം മഹാദേവന്‍ സംഘ പരിവാര്‍ അനുഭാവിയാണ്. രവിയേട്ടന്‍റെ കൂടെയാണല്ലോ വാസം. അങ്ങനെയുള്ള ഒരാള്‍ ഒരിക്കലും പശുക്കളെ ആക്രമിക്കില്ല. അതിനു പക്ഷേ അവരുടെ നാടന്‍ പശുക്കള്‍ തന്നെ വേണം. അവയെ മുന്നില്‍ നിര്‍ത്തി നമുക്ക് കാര്യം നേടാം. നീ വേഗം ബീജിംഗിലേക്ക് മെസേജ് അയക്ക്. സിക്കിം മാത്രമല്ല വേണ്ടി വന്നാല്‍ ഡല്‍ഹി വരെ നമ്മള്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞേക്ക്.
ലീയുടെ സന്തോഷത്തെ സാക്ഷി നിര്‍ത്തി ഷുവാംഗ് രണ്ടു കയ്യും വിടര്‍ത്തി ആകാശത്തിലേക്ക് നോക്കി വിജയശ്രീ ലാളിതനെ പോലെ അട്ടഹസിച്ചു. അതിന്‍റെ പ്രകമ്പനം സൈനിക ക്യാമ്പും കടന്ന് അങ്ങകലെ മകാരു പര്‍വ്വതം വരെ അലയടിച്ചു.
The End
Image Credit