കലിയുഗ ഭക്തന്‍ (കഥ)

കലിയുഗ ഭക്തന്‍ (കഥ) 1

ബാത്ത്റൂമിലെ ഷവറിന് താഴെ കുറച്ചു നേരം നിന്നപ്പോള്‍ ജയശങ്കറിന്‍റെ മനസും ശരീരവും ഒരുപോലെ തണുത്തു.

വെളുപ്പിനെ തുടങ്ങിയ ഓട്ടമാണ്. പമ്പയില്‍ നിന്ന് നിലയ്ക്കലേക്കും തിരിച്ചും എത്ര പ്രാവശ്യം പോയി വന്നെന്ന് നിശ്ചയമില്ല. പമ്പയിലെ സുരക്ഷാ ചുമതല വഹിക്കുന്ന പോലീസ് ഓഫീസറാണ് ജയശങ്കര്‍. കഴിഞ്ഞ ദിവസം തൃശൂരിലെ കുടുംബ വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് ശബരിമലയിലെ ചുമതല അടിയന്തിരമായി ഏറ്റെടുക്കണമെന്ന ഉത്തരവ് തലസ്ഥാനത്ത് നിന്ന് വാക്കാല്‍ കിട്ടിയത്. ഫോണ്‍ വന്നപ്പാടെ അയാള്‍ പത്തനംതിട്ടയിലേക്ക് തിരിക്കുകയായിരുന്നു.

ജോലിയുടെ കാര്യത്തില്‍ കണിശത വച്ചു പുലര്‍ത്തുന്ന ഡിപ്പാര്‍ട്ട്മെന്‍റിലെ ഏറ്റവും നല്ല ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജയശങ്കര്‍. ഒരു സ്വാധീനത്തിനും വഴങ്ങില്ല. അതുകൊണ്ടു തന്നെ അയാള്‍ക്ക് അകത്തും പുറത്തും ശത്രുക്കള്‍ ഏറെയാണ്.

ഭാര്യയും രണ്ടു മക്കളും അടങ്ങിയതാണ് കുടുംബം. ഭാര്യ രമാദേവി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്. മൂത്ത മകള്‍ ഐശ്വര്യ കൊല്ലത്ത് എഞ്ചിനിയറിങ്ങിനു പഠിക്കുന്നു. ഇളയ മകന്‍ അഖില്‍ ഡിഗ്രി വിദ്യാര്‍ഥിയാണ്.

സ്ത്രീപ്രവേശന വിഷയത്തില്‍ ശബരിമലയില്‍ എന്തും സംഭവിക്കാമെന്ന് കളക്ടറേറ്റില്‍ നിന്ന് തിരിക്കുമ്പോഴേ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഐജി രാജേന്ദ്രപ്രസാദ് പറഞ്ഞിരുന്നു. ജയശങ്കറിനും ആ കാര്യം നേരത്തെ അറിയാമായിരുന്നുവെങ്കിലും സ്ഥിതി നേരില്‍ ബോധ്യപ്പെട്ടത് റാന്നി കഴിഞ്ഞപ്പോഴാണ്. അങ്ങിങ്ങായി നാമജപയാത്രകളും പ്രകടനങ്ങളും വാഹന പരിശോധനകളുമൊക്കെയായി പ്രതിഷേധക്കാര്‍ രംഗം കയ്യടക്കിയപ്പോള്‍ പോലീസ് സംവിധാനം പലപ്പോഴും നോക്കുകുത്തിയാകുന്നത് കണ്ടു.

എങ്കില്‍ പിന്നെ വാഹനം തടഞ്ഞുള്ള നാട്ടിലെ സകലവിധ പരിശോധനയും പിടിക്കാന്‍ ഇവരെ തന്നെ ഏല്‍പ്പിച്ചാല്‍ മതിയായിരുന്നല്ലോ അശോകാ, : ലോക്കല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സി ഐ അശോകന്‍ ഇടയ്ക്ക് വച്ച് കാറില്‍ കയറിയപ്പോള്‍ ജയശങ്കര്‍ പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു.

അത് വേണ്ടി വരും സര്‍, : അയാള്‍ ചിരിച്ചുകൊണ്ട് പുറകിലത്തെ സീറ്റിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ഒന്നും ചെയ്യാന്‍ പറ്റില്ല സര്‍. ആള്‍ക്കാര്‍ കുറച്ചു വയലന്‍റ് ആണ്. ഇടയ്ക്കിടെ ചില നേതാക്കള്‍ ഫോണിലൂടെയും നേരിട്ടും വീര്യം കേറ്റി പോകുന്നുണ്ട്. നമ്മള്‍ സംയമനം പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. അല്ലെങ്കില്‍, സാറിന് അറിയാമല്ലോ നമ്മുടെ പേരേ വരൂ. ഇപ്പോള്‍ തന്നെ പോലീസ് കയ്യേറ്റം എന്ന് പറഞ്ഞ് ചില ചാനലുകള്‍ സ്ക്രോള്‍ കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.

അത് അങ്ങനെയാണല്ലോ. പാര്‍ട്ടിക്കാര്‍ക്കും പത്രക്കാര്‍ക്കുമൊക്കെ അടിക്കാനുള്ള ഒരു ചെണ്ടയാണല്ലോ ഈ പോലീസ് എന്ന് പറയുന്നത്. പോരാത്തത് നമ്മുടെ കൂടെ നില്‍ക്കുന്നവര്‍ തന്നെ ചെയ്യുന്നുണ്ട് : എറണാകുളത്തെ ലോക്കപ്പ് മര്‍ദ്ദനത്തിന്‍റെ പത്ര വാര്‍ത്തയിലേക്ക് കണ്ണോടിച്ചു കൊണ്ട് ഐജി ജയശങ്കര്‍ പറഞ്ഞു.

കുളിച്ച് വേഷം മാറിവന്നപ്പോഴേക്കും ഫോണ്‍ ബെല്‍ അടിക്കുന്നത് കേട്ടു. ജയശങ്കര്‍ ക്ലോക്കിലേക്ക് നോക്കി. രാത്രി പത്തേ കാല്‍. തിരുവനന്തപുരത്തെ നമ്പറാണ്.

ഹലോ,

ഇന്നും നടന്നില്ല അല്ലേ? : മറുവശത്ത് നിന്ന് ഉന്നതന്‍റെ ശബ്ദം.

സര്‍, ഇല്ല. പ്രതിഷേധക്കാര്‍ വളരെ സ്ട്രോങ് ആയിരുന്നു. നമ്മള്‍ പരമാവധി നോക്കി. പക്ഷേ അവരുടെ ഭാഗത്ത് കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോയി : ജയശങ്കര്‍ പറഞ്ഞു.

ഞാന്‍ ഡിജിപിയെ വിളിച്ചിരുന്നു. യാതൊരു കമ്മ്യൂണിക്കേഷനും പോകാത്ത വിധം മൊബൈലും ചാനലുകളുമെല്ലാം ബ്ളോക്ക് ചെയ്യാമെന്നാ അദ്ദേഹം പറഞ്ഞത്. പത്രക്കാരെല്ലാം ഇന്ന് രാത്രിയോടെ മലയിറങ്ങും. അവര്‍ക്ക് എന്താ വേണ്ടതെന്ന് വച്ചാല്‍ ചെയ്ത് കൊടുത്തേക്ക്. നാളെ കോഴിക്കോട് നിന്നും ആലപ്പുഴയില്‍ നിന്നും ഓരോരുത്തര്‍ വരും. അവരെ എങ്ങനെയും കേറ്റണം. ഹൈദരാബാദില്‍ നിന്ന് ആ പഴയ ചാനല്‍ റിപ്പോര്‍ട്ടര്‍ വീണ്ടും ഡിജിപി ഓഫീസിലേക്ക് വിളിച്ചിരുന്നു. അവര്‍ക്കും വരാന്‍ താല്‍പര്യമുണ്ടെന്നാ പറഞ്ഞത്. പക്ഷേ എന്നത്തെയ്ക്കാണെന്ന് അറിയില്ല. അതും താന്‍ എന്താണെന്ന് വച്ചാല്‍ ചെയ്തോണം : നേതാവ് പറഞ്ഞു.

പക്ഷേ സര്‍ അത് കൂടുതല്‍ പ്രശ്നമുണ്ടാക്കും. ഇവിടത്തെ സ്ഥിതി തന്നെ ഇങ്ങനെയാണെങ്കില്‍ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിച്ചാല്‍……………

താന്‍ ഇപ്പോള്‍ അവിടത്തെ കാര്യം മാത്രം നോക്കിയാല്‍ മതി. മനസിലായല്ലോ? അതിനാ തന്നേ അവിടെ വച്ചിരിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്‍റില്‍ പുലിക്കുട്ടികള്‍ ഇനിയും ഒരുപാടുണ്ടടോ. അവരെയൊക്കെ സിഎമ്മിനോട് സംസാരിച്ച് നമുക്ക് അതാതിടങ്ങളില്‍ വയ്ക്കാം. ആദ്യം ഇപ്പോഴത്തെ കാര്യം നടക്കട്ടെ. ഇത് ഞങ്ങളുടെ ഒരു അഭിമാന പ്രശ്നമാണ് : അത്രയും പറഞ്ഞ് ഉന്നതന്‍ ഫോണ്‍ കട്ട് ചെയ്തു.

ഭക്ഷണം നേരത്തെ റൂമില്‍ കൊണ്ടു വച്ചിരുന്നു. ചപ്പാത്തിയും കുറുമയും. അത് കഴിച്ചു തീരാറായപ്പോഴാണ് എസ് ഐ ഇക്ബാല്‍ അകത്തേക്ക് വന്നത്. അയാളുടെ മുഖം കണ്ടപ്പോള്‍ കാര്യമായെന്തൊ ഉണ്ടെന്ന് ജയശങ്കറിന് തോന്നി.

സര്‍, ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ട്. നമ്മുടെ കാര്യങ്ങള്‍ കൂട്ടത്തില്‍ നിന്ന് തന്നെ ആരെങ്കിലും ചോര്‍ത്തുന്നുണ്ടോ എന്ന് സംശയം : ഇക്ബാല്‍ പറഞ്ഞു.

എന്താ അങ്ങനെ തോന്നാന്‍? : ടേബിളില്‍ ഉണ്ടായിരുന്ന ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ഐജി ചോദിച്ചു.

കുറച്ച് വശപ്പിശകായ ചില ആള്‍ക്കാരെ ഞാന്‍ കുറച്ചു മുമ്പ് കണ്ടു. ചാലക്കയത്തിനടുത്തു വച്ച്. കാട് കേറിയെന്തൊ വന്നതാണ്. അന്വേഷിച്ചപ്പോള്‍ ഒരു മഹേന്ദ്രനാണ് അവരുടെ നേതാവെന്നാണ് അറിഞ്ഞത്. മഹേന്ദ്രന്‍ വെട്ടുച്ചിറ. സാറിന് അറിയാമായിരിക്കും. പണ്ടൊരു കേസില്‍ സാറയാളെ പൊക്കിയിട്ടുണ്ട്, തമ്പാന്നൂര്‍ വച്ച്  : ജയശങ്കര്‍ കൈ കഴുകുന്നതിനിടയില്‍ ഇക്ബാല്‍ പറഞ്ഞു. മനസിലായ മട്ടില്‍ അദ്ദേഹം മൂളുക മാത്രം ചെയ്തു.

നാളെ വരുന്ന സ്ത്രീകളുടെ വിവരമൊക്കെ അവര്‍ കൃത്യമായി അറിഞ്ഞിട്ടുണ്ട്. അതെങ്ങനെയാണെന്നാ മനസിലാകാത്തത്. സ്ഥലത്തെത്തുന്നതിന് മുമ്പേ തടയാനാണ് അവരുടെ പ്ലാന്‍ : ഇക്ബാല്‍ പറഞ്ഞു.

താന്‍ അവരെ എവിടെ വച്ചാ കണ്ടത്? : അടുത്ത് തൂക്കിയിട്ടിരുന്ന ടര്‍ക്കി ടവ്വലില്‍ കൈ തുടച്ചതിന് ശേഷം ജയശങ്കര്‍ അയാള്‍ക്ക് നേരെ തിരിഞ്ഞു.

ടോള്‍ ഗേറ്റിലേക്ക് പോകുമ്പോള്‍ വലിയ വളവിന്‍റെയടുത്തു വച്ച്. ആരോ അവരെ ഇറക്കിയതാണെന്നാ തോന്നുന്നത് : ഇക്ബാല്‍ സംശയഭാവത്തില്‍ പറഞ്ഞു.

താന്‍ വാ, നമുക്ക് അവിടം വരെ ഒന്നു പോയി നോക്കാം : ജയശങ്കര്‍ പുറത്തേയ്ക്ക് നടന്നു.

സര്‍, പിന്നെ ഒരു കാര്യം കൂടിയുണ്ട് : ഇക്ബാല്‍ പറയാന്‍ മടിച്ചു.

എന്താ?

ഇന്ന് വൈകുന്നേരം ഒരു സംഘം കുറെ ടൂള്‍സുമായി കാട് വഴി വന്നിട്ടുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ വന്നിരുന്നു. ഇവര്‍ തന്നെയാണോ അതെന്ന് അറിയില്ല : അയാള്‍ പറഞ്ഞു.

വൈകുന്നേരമോ ? എന്നിട്ട് ഇപ്പോഴാണോ പറയുന്നത് ? : ഐജിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ആ ഭാവമാറ്റം കണ്ടപ്പോള്‍ ഇക്ബാല്‍ ഭയന്നു പോയി.

സര്‍, അത് ഫെയ്ക്കാണെന്നാ വിചാരിച്ചത്. ആന്ധ്രയില്‍ നിന്നുള്ള ഒരു അയ്യപ്പ ഭക്തനാ വിവരം തന്നത്. ഒരു വയസ്സന്‍. അയാള്‍ കുടിച്ച് ബോധമില്ലാതെ പറയുകയാണെന്നാ ഞങ്ങള്‍ വിചാരിച്ചത് : എസ് ഐ പറഞ്ഞു.

കുടിച്ചിട്ടോ ?

അതേ സര്‍. അയാള്‍ മദ്യപിച്ചിരുന്നു. കൂട്ടം തെറ്റി കാട്ടില്‍ അകപ്പെട്ടതാണെന്നാ പറഞ്ഞത്. അവിടെ കണ്ട ചിലരാ മദ്യം തന്നതെന്നാ പറഞ്ഞത്. ആകപ്പാടെ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക്…………

വേഗം വാ, നമുക്ക് എത്രയും പെട്ടെന്ന് അവിടെയെത്തണം…………. : ധൃതിയില്‍ നടക്കുന്നതിനിടയില്‍ ജയശങ്കര്‍ പറഞ്ഞു. അയാളുടെ ഒപ്പമെത്താന്‍ ഇക്ബാല്‍ ശരിക്ക് പാടുപെട്ടു. ഇരുവരും കേറിയപ്പോഴേക്കും ഡ്രൈവര്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു.

മഹേന്ദ്രനെ കണ്ടിട്ട് ഒരു ഏഴെട്ട് വര്‍ഷമെങ്കിലും ആയിട്ടുണ്ടാകുമെന്ന് ജയശങ്കറിന് തോന്നി. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ വലംകയ്യാണ് അയാള്‍. എണ്ണിയാലൊടുങ്ങാത്ത ജാതീയ സംഘടനകളുള്ള ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ അത്തരമൊരു ഇത്തിള്‍ക്കണ്ണിയുടെ നേതാവ് കൂടിയായ അയാളുടെ പേരില്‍ വിവിധ പോലീസ് കേസുകളും നിലവിലുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ എന്നിങ്ങനെ ക്രിമിനല്‍ കേസുകളാണ് എല്ലാം. രാഷ്ട്രീയ പിന്‍ബലവും ഗുണ്ടായിസവും ഉപയോഗിച്ച് അവയില്‍ നിന്നെല്ലാം തലയൂരുന്നതാണ് അയാളുടെ പതിവ്.

കണക്കില്‍പ്പെടാത്ത കോടികളുടെ കള്ളപ്പണവുമായാണ് അന്ന് ജയശങ്കര്‍ അയാളെ പിടിച്ചത്. പക്ഷേ കേസിലെ യഥാര്‍ത്ഥ പ്രതി ഒരു പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു. പോലീസിന്‍റെ വരവ് മണത്തറിഞ്ഞ അയാള്‍ കേസ് മഹേന്ദ്രന്‍റെ തലയില്‍ കെട്ടിവച്ച് സമര്‍ത്ഥമായി മുങ്ങുകയായിരുന്നു. അത് മനസിലാക്കിയ ജയശങ്കര്‍ നേതാവിനെ കുടുക്കാനുള്ള കരുക്കള്‍ നീക്കിയതോടെ കാര്യങ്ങള്‍ മാറി. ജയശങ്കറിന് പ്രമോഷനോടെ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റം. അതോടെ അകാലചരമമടഞ്ഞ പോലീസ് കേസുകളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി എഴുതി ചേര്‍ക്കപ്പെട്ടു.

പിന്നീടും പലപ്പോഴും മഹേന്ദ്രനെ കാണേണ്ടി വന്നിട്ടുണ്ട്. അപ്പോഴേക്കും അയാള്‍ ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലേക്ക് വളര്‍ന്നിരുന്നു. പൊതുപ്രവര്‍ത്തനത്തിലെ ധാര്‍മികതയും സത്യസന്ധതയും ചേര്‍ത്ത് പിടിക്കുന്ന പഴമക്കാരുടെയും യുവതുര്‍ക്കികളുടെയും ഭാഷയില്‍ പറഞ്ഞാല്‍, ‘ദ ഡര്‍ട്ടി പൊളിറ്റിക്സ്’.

വളവ് തിരിഞ്ഞ് കുറച്ചു മാറി ഒരു ഒരൊറ്റപ്പെട്ട ടീ ഷോപ്പ് കണ്ടപ്പോള്‍ ജീപ്പ് നിര്‍ത്താന്‍ ജയശങ്കര്‍ ആംഗ്യം കാണിച്ചു. കച്ചവടം ഒതുക്കിയെങ്കിലും അകത്ത് ലൈറ്റ് കത്തുന്നുണ്ട്.

താന്‍ ഇവിടെ തന്നെ ഇരുന്നാല്‍ മതി : ജീപ്പില്‍ നിന്നിറങ്ങുന്നതിന് മുമ്പായി ജയശങ്കര്‍ ഇക്ബാലിനോട് പറഞ്ഞു. തുടര്‍ന്ന് അയാള്‍ കട ലക്ഷ്യമാക്കി നടന്നു. അകത്ത് ആളനക്കമുണ്ട്. എന്തൊക്കെയോ അടുക്കി വയ്ക്കുകയാണ്. ഷീറ്റ് കൊണ്ടു മറച്ച വരാന്തയില്‍ ഒഴിഞ്ഞു കിടന്ന കസേരകളിലൊന്നില്‍ അയാള്‍ സ്ഥാനം പിടിച്ചു. പോലീസ് വന്നത് അകത്തുള്ളവര്‍ അറിഞ്ഞെന്ന് തോന്നി. ശബ്ദം നിലച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍ പുറകിലൊരു കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ ജയശങ്കര്‍ മുഖം ഇടത്തോട്ട് ചരിച്ചു.

സാറിന് എന്നെയല്ലേ കാണേണ്ടത് ? : വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ ശബ്ദം കേള്‍ക്കുന്നത്. മഹേന്ദ്രന്‍. പക്ഷേ ഏത് ആള്‍ക്കൂട്ടത്തിലും ആ ശബ്ദം തിരിച്ചറിയാന്‍ സാധിയ്ക്കും. പൊതുവേ ഏത് മനുഷ്യന്‍റെയും ശബ്ദത്തിന് ഒരു യൂണിക് ഐഡന്‍റിറ്റിയുണ്ടല്ലോ. മഹേന്ദ്രന്‍റെത് കുറച്ചു പരുക്കന്‍ ശബ്ദമാണ്. വര്‍ത്തമാനത്തില്‍ ഇടയ്ക്ക്  തമിഴും തെലുഗുവും കടന്നു വരും.

ജയശങ്കര്‍ ഒന്നും പറഞ്ഞില്ല. ഏതാനും സെക്കന്‍റുകള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ ഐജിയുടെ എതിര്‍വശത്തുള്ള ഇരിപ്പിടത്തില്‍ മുഖാമുഖമെന്നോണം ഇരുന്നു. ലൈറ്റ് കെടുത്തിയിരിക്കുന്നത് കൊണ്ട് അവിടെ ഇരുട്ടാണ്. സ്ട്രീറ്റ് ലൈറ്റില്‍ നിന്ന് വീഴുന്ന അരണ്ട വെളിച്ചത്തില്‍ കണ്ടപ്പോള്‍ മഹേന്ദ്രന്‍ മുമ്പ് കണ്ടതിനെക്കാള്‍ ഏറെ കറുത്തു പോയെന്ന് ജയശങ്കറിന് തോന്നി. തലമുടി ഏറെക്കുറെ നരച്ചു. ജനലില്‍ നിന്ന് പുറത്തേയ്ക്ക് എത്തി നോക്കിയ ഒരു രൂപം വരാന്തയിലെ ലൈറ്റ് ഇടാന്‍ തുനിഞ്ഞപ്പോള്‍ മഹേന്ദ്രന്‍ കൈ ഉയര്‍ത്തി വേണ്ടെന്ന് ആംഗ്യം കാണിച്ചു.

താങ്കള്‍ ഇവിടെയുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് കാണാന്‍ പറ്റുമെന്ന് വിചാരിച്ചില്ല : മഹേന്ദ്രന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

വന്നിട്ട് അയ്യപ്പനെ ഞാന്‍ ഇതുവരെ കണ്ടില്ല. അതിലും വലിയ പ്രതിഷ്ഠകള്‍ ഇപ്പോള്‍ ഇവിടെയാണല്ലോ ഉള്ളത് : കസേരയില്‍ ചാഞ്ഞിരുന്ന് ജയശങ്കര്‍ പറഞ്ഞപ്പോള്‍ ആ വാക്കുകളുടെ അര്‍ത്ഥം നന്നേ ബോധിച്ച മട്ടില്‍ മഹേന്ദ്രന്‍ ഒന്നുകൂടി ചിരിച്ചു.

അത് അങ്ങനെയാണല്ലോ. എല്ലാം അടിച്ചേല്‍പ്പിക്കാമെന്ന് ഒരു വിഭാഗം വിചാരിച്ചാല്‍ പുതിയ പുതിയ പ്രതിഷ്ഠകള്‍ ഉയര്‍ന്നു വരും. പണ്ട് അരുവിപ്പുറത്ത് ഉണ്ടായത് പോലെ…………. : അയാള്‍ പറഞ്ഞു.

അത് നല്ലൊരു ഉപമയാണ് മഹേന്ദ്രാ. സ്വാര്‍ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി നിന്നെ പോലുള്ള രാഷ്ട്രീയക്കാര്‍ ചെയ്യുന്ന തോന്ന്യാസങ്ങളെ ചരിത്രത്തെ കൂട്ടു പിടിച്ച് മറയ്ക്കാനുള്ള ശ്രമം. അത് എക്കാലത്തും നിങ്ങള്‍ ചെയ്യുന്നതാണ് : ജയശങ്കര്‍ പറഞ്ഞു.

ഞാന്‍ നിഷേധിക്കുന്നില്ല. എന്‍റെയും നിങ്ങളുടെയും കൂടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടേതായ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണ് കാര്യങ്ങള്‍ നീക്കുന്നത്. അവര്‍ക്ക് മുന്നില്‍ ശാസ്താവ് പോലും നിസ്സഹായനാകും. വിശ്വാസികള്‍ക്ക് അതൊന്നും തിരിച്ചറിയാനും പറ്റില്ല. : മഹേന്ദ്രന്‍ സമ്മതിച്ചു.

അതൊക്കെ അവിടെയിരിക്കട്ടെ, ഇപ്പോള്‍ നീയെന്തിനാ ഇവിടെ വന്നത്? ആരൊക്കെയാ നിന്‍റെ കൂടെ വന്നിട്ടുള്ളത്? : ജയശങ്കര്‍ ചോദിച്ചു.

അത് പറയാം. പക്ഷേ അതിന് മുമ്പ് എനിക്കറിയണം. ഞാന്‍ ഇവിടെയുണ്ടെന്ന് നിങ്ങളെങ്ങനെയാ അറിഞ്ഞത്? : മഹേന്ദ്രന്‍ താടിക്ക് കയ്യും കൊടുത്ത് സംശയഭാവത്തില്‍ ചോദിച്ചു.

ജയശങ്കര്‍ ചിരിച്ചു.

ഞാന്‍ ചുമ്മാ ഇങ്ങോട്ട് വന്നതാണെന്ന് വിചാരിച്ചോ നീ? ഇവിടത്തെ ഭൂമിശാസ്ത്രവും ആള്‍ക്കാരുടെ ജാതകവുമൊക്കെ പഠിച്ചിട്ട് തന്നെയാ ഞാന്‍ മല കയറിയത്. ഈ ഭാഗത്ത് നിങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നത് ആരൊക്കെയാണെന്നും അവര്‍ ഏതറ്റം വരെ പോകുമെന്നുമൊക്കെ എനിക്ക് നന്നായറിയാം. അക്കൂട്ടത്തില്‍ ഈ കട നടത്തുന്ന വാസുദേവ പണിക്കര്‍ക്ക് നിന്‍റെ പാര്‍ട്ടിയുമായുള്ള ബന്ധം എത്രത്തോളം ആഴമുള്ളതാണെന്നും ഞാന്‍ മനസിലാക്കി. ബാക്കിയെല്ലാം കോണ്‍ഫിഡന്‍ഷ്യലാണ്. അതാ ഞാന്‍ നേരിട്ട് ഇവിടെ തന്നെ വന്നത് : ജയശങ്കര്‍ എഴുന്നേറ്റു. പോക്കറ്റില്‍ നിന്ന് ഒരു സിഗരറ്റെടുത്ത് ചുണ്ടില്‍ വച്ച് കത്തിച്ചു.

ബ്രില്ല്യന്‍റ്. ഞാന്‍ വീണ്ടും താങ്കളെ വില കുറച്ചു കണ്ടു. പാടില്ലായിരുന്നു. വരുന്നത് താങ്കളാണെന്ന് അറിഞ്ഞപ്പോഴെങ്കിലും ജാഗ്രത പാലിക്കണമായിരുന്നു : മഹേന്ദ്രന്‍ സ്വന്തം അശ്രദ്ധയെ പഴിച്ചുകൊണ്ട് പറഞ്ഞു.

മഹേന്ദ്രാ, കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണ് നീ വന്നതെന്ന് എനിക്കറിയാം. പക്ഷേ വേണ്ട. ഞാനുള്ളപ്പോള്‍ അത് നടക്കില്ല : ഐജി മുന്നറിയിപ്പെന്നോണം പറഞ്ഞു.

പ്രശ്നങ്ങള്‍? ഇവിടെ പ്രശ്നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കുന്നത് നിങ്ങള്‍ പോലീസും സര്‍ക്കാരുമല്ലേ? യുവതികളെ കേറ്റണമെന്ന് എന്താ നിങ്ങള്‍ക്കിത്ര നിര്‍ബന്ധം? : മഹേന്ദ്രന്‍ രോഷത്തോടെ ആക്രോശിച്ചു.

ആര് നിര്‍ബന്ധിച്ചു? കോടതിയുത്തരവ് പാലിക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞു, ഞങ്ങളത് പാലിക്കുന്നു. അത്രയേ ഉള്ളൂ. പക്ഷേ ഇവിടെ ഇതിന് മുമ്പും യുവതികള്‍ വന്നിട്ടില്ലേ? നിന്‍റെയൊക്കെ നേതാക്കളുടെ അറിവോടെ തന്നെ. അന്ന് സംഭവിക്കാത്ത അശുദ്ധി സാധാരണക്കാരായ സ്ത്രീകള്‍ കയറുമ്പോള്‍ മാത്രം സംഭവിക്കുന്നതെന്തു കൊണ്ടാണ് ? അപ്പോള്‍ അശുദ്ധിയല്ല നിന്‍റെ പ്രശ്നം. മുതലെടുപ്പാണ്. ഏത് വിധത്തിലും ഈ വിഷയത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള കുടില തന്ത്രം. അല്ലെന്ന് ആത്മാര്‍ഥമായി നിനക്ക് പറയാന്‍ സാധിക്കുമോ? : ജയശങ്കറിന്‍റെ ചോദ്യത്തിന് മുന്നില്‍ അയാള്‍ ഒരു നിമിഷം പകച്ചു നിന്നു.

ചോരയില്‍ കുളിച്ചു കിടക്കുന്ന ഒരു യുവതിയുടെ രൂപമാണ് മഹേന്ദ്രന്‍റെ മുന്നില്‍ പെട്ടെന്ന് തെളിഞ്ഞത്. മൃദുല. തന്‍റെ ഭാര്യ. ആന്ധ്രയിലെ വാറംഗലില്‍ ജോലി ചെയ്യുമ്പോള്‍ മനസില്‍ കുടിയേറിയ അനാഥ പെണ്‍കുട്ടി. പിന്നീട് മഹേന്ദ്രന്‍ അവളെ വിവാഹം കഴിച്ച് നാട്ടിലേക്ക് കൊണ്ടു വന്നു. പക്ഷേ ഒരു നാള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ വീടു കയറി ആക്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി മുന്നില്‍ വന്നുപെട്ട അവര്‍ ശത്രുക്കളുടെ കൊലക്കത്തിക്കിരയാകുകയും ചെയ്തു. അന്ന് മകള്‍ ശ്രീമയിക്ക് ഒന്നര വയസ്സാണ് പ്രായം. ഭാര്യയുടെ മരണത്തിന് പ്രതികാരം ചെയ്യാന്‍ പോയ മഹേന്ദ്രന്‍ കൊലക്കേസില്‍ പ്രതിയായി ഇരുമ്പഴിക്കുള്ളിലായതോടെ ശ്രീമയി തീര്‍ത്തും അനാഥയായി. പക്ഷേ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജയശങ്കര്‍ അവളെ ഏറ്റെടുത്തു. സ്വന്തം മകളായി തന്നെ വളര്‍ത്തി.

ജയില്‍ ശിക്ഷ കഴിഞ്ഞ് മഹേന്ദ്രന്‍ പുറത്തു വന്നപ്പോഴേക്കും ശ്രീമയി ഒരുപാട് വളര്‍ന്നിരുന്നു. ജയശങ്കറും രമാദേവിയും അവള്‍ക്ക് അച്ഛനും അമ്മയുമായി. അവര്‍ മകളുടെ യഥാര്‍ത്ഥ പിതാവിനെ തിരിച്ചറിഞ്ഞെങ്കിലും  പേരും രൂപവുമെല്ലാം മാറിയ അവള്‍ക്ക് താന്‍ തീര്‍ത്തും അപരിചിതനാണെന്ന് മനസിലായപ്പോള്‍ മഹേന്ദ്രന്‍ കളം വിട്ടു. പക്ഷേ ജീവിതമെന്ന തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ശ്രീമയിയെ സനാഥയാക്കിയ ജയശങ്കറെ അയാള്‍ മറന്നില്ല. ഒരു ഗുണ്ടയുടെ മകളായി കഴിയേണ്ട അവള്‍ ഇന്ന് സമൂഹത്തില്‍ നല്ല നീലയും വിലയുമുള്ള ഒരു പോലീസ് ഓഫീസറുടെ മകളാണ്. ആ സ്നേഹവും കടപ്പാടും അയാളെ ജയശങ്കര്‍ക്ക് മുന്നില്‍ പലപ്പോഴും ദുര്‍ബലനാക്കിയിട്ടുണ്ട്.

ശബരിമല ഇന്ന് പാവനമായ ഒരു തീര്‍ഥാടന കേന്ദ്രമല്ല. മറിച്ച് ഒരു രാഷ്ട്രീയ മുതലെടുപ്പ് വിഷയമാണ് : ജയശങ്കര്‍ പറഞ്ഞു,:

ഒരു വിഭാഗം കേരള അതിര്‍ത്തിയിലെത്തുന്നത് വരെ സുപ്രീം കോടതി വിധി ശരിയാണെന്നും അകത്ത് കടന്നാല്‍ അതേ വിധി തിരുത്തണമെന്നും പറയുന്നു. മറ്റൊരു കൂട്ടര്‍ ഏത് വിധത്തിലും ആ വിധി നടപ്പാക്കണമെന്ന് വാശി പിടിക്കുന്നു. നിങ്ങളുടെ അജണ്ട മനസിലാക്കാതെ തല വച്ചു കൊടുക്കുന്ന സാധാരണക്കാരാണ് ഇവിടെ വലയുന്നത്.  നീ വിചാരിക്കുന്നത് പോലെയൊന്നും നാളെ ഇവിടെ സംഭവിക്കില്ല. ഒരു പാര്‍ട്ടിക്ക് വേണ്ടിയും ആരും മരിക്കാനും പോകുന്നില്ല. ചോര വീഴ്ത്തിയിട്ടാണെങ്കിലും സന്നിധാനം അശുദ്ധപ്പെടുത്താമെന്ന് കണക്ക് കൂട്ടുന്ന നിന്നെ പോലുള്ളവരാണ് വിശ്വാസികളുടെ ഏറ്റവും വലിയ ശത്രുക്കള്‍. നിന്‍റെ പ്ലാനിങ്ങിനും സംഭരിച്ചു വച്ചിരിക്കുന്ന ആയുധങ്ങള്‍ക്കും ദാ ഇവിടെ വരെയേ ആയുസ്സുള്ളൂ. ദി ഗെയിം ഈസ് ഓവര്‍.

എന്ന് വച്ചാല്‍ നാളെ നിങ്ങള്‍ വിധി നടപ്പാക്കുമെന്ന്. ചെറുപ്പക്കാരികള്‍ മല കയറുമെന്ന്, അല്ലേ? : മഹേന്ദ്രന്‍ പെട്ടെന്ന് ശബ്ദം വീണ്ടെടുത്തത് പോലെ ചോദിച്ചു.

അങ്ങനെ ഞാന്‍ പറഞ്ഞില്ലല്ലോ. നീയോ ഞാനോ വിശ്വാസിയാണെങ്കില്‍ ആ ദൈവത്തിന് മുകളില്‍ വളരാന്‍ നോക്കരുത്. ആരെ കാണണം ആരെ കാണണ്ട എന്ന് അദ്ദേഹത്തിന് നന്നായറിയാം. 41 ദിവസം വൃതമെടുത്ത് മല കയറണം എന്നാണ് ആചാര്യന്‍മാര്‍ പറഞ്ഞു വച്ചിരിക്കുന്നത്. ക്ലീന്‍ ഷേവും ചെയ്ത്, മീനും മാംസവും കഴിച്ച്, വെള്ളമടിച്ച്, ഇങ്ങോട്ട് വരുന്ന നമ്മളെക്കാള്‍ വലിയ ആചാര ലംഘനം ഇനിയാരും ചെയ്യാനില്ലടോ. അതുകൊണ്ട് വിശ്വാസികളുടെ ജോലി വിശ്വാസികളും പോലീസിന്‍റെ ജോലി പോലീസും ചെയ്യും. അതിനിടയില്‍ നീ ഉണ്ടാക്കാന്‍ വരണ്ട. മനസിലായല്ലോ ? : ഇരച്ചു വന്നു നിന്ന പോലീസ് വാഹനങ്ങളിലേക്ക് നോക്കിക്കൊണ്ട് ജയശങ്കര്‍ പറഞ്ഞു. അയാള്‍ നേരത്തെ നല്‍കിയ നിര്‍ദേശമനുസരിച്ച് ക്യാമ്പിലേക്ക് വിവരം കൈമാറിയ ഇക്ബാലും കൂടെയുണ്ട്.

അക്രമികള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കും മുമ്പേ പോലീസ് പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. മഹേന്ദ്രനും കൂട്ടാളികളും അറസ്റ്റിലായി. ജീപ്പിനടുത്തേയ്ക്ക് നടക്കുമ്പോഴാണ് ജയശങ്കറിന്‍റെ മൊബൈല്‍ ശബ്ദിച്ചത്. നമ്പര്‍ നോക്കി അയാള്‍ കാള്‍ അറ്റന്‍റ് ചെയ്തു.

അച്ഛന്‍ എവിടെയാണ് ? : മറുവശത്ത് മകള്‍ ഐശ്വര്യയാണ്.

മോളേ, ഞാന്‍ ഡ്യൂട്ടിയിലാണ് : ജയശങ്കറിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ കയ്യില്‍ വിലങ്ങുമായി ജീപ്പിലേക്ക് കയറാന്‍ തുടങ്ങിയ മഹേന്ദ്രന്‍ ഒന്നു നിന്നു. പോലീസുകാര്‍ ബലപ്രയോഗത്തിന് മുതിര്‍ന്നെങ്കിലും ജയശങ്കര്‍ കൈ കൊണ്ട് വിലക്കിയതോടെ നിന്നു.

അവിടെ ആകപ്പാടെ പ്രശ്നമാണെന്ന് ന്യൂസില്‍ കണ്ടത് കൊണ്ടാ ഞാന്‍ വിളിച്ചത്. ഏതൊക്കെയോ ചില കുറ്റവാളികള്‍ വന്നിട്ടുണ്ടത്രേ. അച്ഛന് കുഴപ്പമൊന്നുമില്ലല്ലോ ? : ഐശ്വര്യ വീണ്ടും ചോദിച്ചു.

ഇല്ല, മോളൂ. അച്ഛന്‍ സേഫാണ്. എല്ലാം സേഫാണ്. ഐ ലവ് യു, ഗുഡ് നൈറ്റ് : ജയശങ്കര്‍ മഹേന്ദ്രനെ അകത്തു കയറ്റി ഡോര്‍ ചേര്‍ത്തടച്ചു കൊണ്ട് പറഞ്ഞു. വാല്‍സല്യം നിറഞ്ഞ മുഖഭാവത്തോടെ അദ്ദേഹത്തെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു മഹേന്ദ്രന്‍. എതിര്‍പ്പൊന്നും കൂടാതെ അയാള്‍ ഐജിയെ അനുസരിച്ചു. അകത്ത് കടന്നപ്പോള്‍ മഹേന്ദ്രന്‍റെ കണ്ണുകള്‍ ചെറുതായി നനയുന്നത് ജയശങ്കര്‍ കണ്ടു.

ജീപ്പ് ജയശങ്കറെ മറികടന്ന് മുന്നോട്ടു പോയി. മഹേന്ദ്രന്‍ ഭൂതകാല സ്മരണകളിലാണെന്ന് ആ മുഖഭാവം വിളിച്ചു പറഞ്ഞു. നേരത്തെ വന്ന ജീപ്പ് പിന്നില്‍ വന്നു നിന്നപ്പോള്‍ ജയശങ്കര്‍ അതില്‍ കയറി. അത് മുന്നില്‍ പോയ വാഹനങ്ങളെ പിന്തുടര്‍ന്നു. അല്‍പം കഴിഞ്ഞപ്പോള്‍ റോഡ് രണ്ടായി പിരിഞ്ഞു. വലതു വശം കണ്ട ചെങ്കല്‍ പാതയിലേക്ക് മറ്റ് വാഹനങ്ങള്‍ തിരിഞ്ഞപ്പോള്‍ ഐജിയുടെ ജീപ്പ് മാത്രം ഇടതുവശത്തെ റോഡിലേക്ക് കയറി. ഗസ്റ്റ് ഹൌസിലേക്ക്………….

The End

Read കുടജാദ്രിയില്‍ അലിഞ്ഞ്, സര്‍വജ്ഞ പീഠം കയറി

Leave a Comment

Your email address will not be published. Required fields are marked *