പ്രിയപ്പെട്ട മംഗള്‍യാന്,
നീ അവിടെ വിജയകരമായി എത്തിച്ചേര്‍ന്നു എന്നറിഞ്ഞതില്‍ സന്തോഷം. എങ്ങനെയുണ്ടായിരുന്നു യാത്ര? വഴിയില്‍ ഹര്‍ത്താലോ പണിമുടക്കോ പോലുള്ള എന്തെങ്കിലും തടസ്സങ്ങളുണ്ടായോ? ഭൂമിയുടെ ഭ്രമണത്തിന്‍റെ ഫലമായി ഏതാനും മിനിറ്റുകള്‍ നിനക്ക് കേരളത്തിന്‍റെ മുകളില്‍ കൂടി സഞ്ചരിക്കേണ്ടിവരും എന്ന്‍ ശാസ്ത്രജ്ഞന്‍മാര്‍ അന്ന്‍ പറഞ്ഞപ്പോള്‍ തന്നെ ആരെങ്കിലും നിന്നെ കല്ലെറിഞ്ഞു വീഴ്ത്തുമോ എന്ന പേടി ഞങ്ങളില്‍ ചിലര്‍ക്കുണ്ടായിരുന്നു.വര്‍ഷം മുഴുവന്‍ ഹര്‍ത്താലുള്ള നാടാണല്ലോ നമ്മുടേത്. ഏതായാലും അരുതാത്തത് ഒന്നും സംഭവിച്ചില്ല. ഭാഗ്യം !
നീ മനോഹരമായി ഫോട്ടോ എടുക്കുമെന്ന് ഇന്നത്തെ പത്രം കണ്ടപ്പോള്‍ മനസിലായി. നല്ല കളര്‍ പടം. നന്നായി പതിഞ്ഞിരിക്കുന്നു.
ചൊവ്വയിലെ കല്യാണം മുടക്കികള്‍ ആരെങ്കിലും ഇതിനിടയില്‍ നിന്‍റെ ശ്രദ്ധയില്‍ പെട്ടോ? അവരുടെ ശല്യം കാരണം എത്ര പെണ്‍കുട്ടികളാണെന്നോ കെട്ടുപ്രായം കഴിഞ്ഞിട്ടും ഇവിടെ പുര നിറഞ്ഞു നില്‍ക്കുന്നത്? ദുഷ്ടന്മാരായ അവരെ പിടിക്കാനും കൂടിയാണ് മലയാളികള്‍ കൂടി ഉള്‍പ്പെട്ട നമ്മുടെ ശാസ്ത്രജ്ഞര്‍ കാശ് മുടക്കി നിന്നെ അങ്ങോട്ട് പറഞ്ഞു വിട്ടതെന്ന് ഇടയ്ക്ക് ആരോ പറഞ്ഞറിഞ്ഞു. ശരിയാണോ? നിന്നോട് അവര്‍ അങ്ങനെയെന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?
നീ അവിടെ എത്തിയതിന്‍റെ പേരില്‍ വലിയ ആഘോഷങ്ങളാണ് ഇവിടെ നടക്കുന്നത്. ജനിക്കുന്ന കുട്ടികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമൊക്കെ നിന്‍റെ പേരിടുന്നതാണ് നാട്ടില്‍ ഇപ്പോഴത്തെ ട്രെന്‍ഡ്. ഈ ബഹളങ്ങളെല്ലാം കണ്ടപ്പോള്‍ ഞാന്‍ ഒരുവേള നമ്മുടെ വര്‍ക്ക്ഷോപ്പുകാരന്‍ കുട്ടപ്പനെ ഓര്‍ത്തു പോയി. അയാളെ അറിയില്ലേ ? പാനായിക്കടവ് എന്ന എന്‍റെ കൊച്ചുഗ്രാമത്തിലെ ആദ്യ അഭ്യസ്ഥ വിദ്യന്‍. പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. പണ്ട് ചൊവ്വയിലെ ഒരു ഏല്‍പി സ്കൂളില്‍ ജോലി കിട്ടി അയാള്‍ പോയപ്പോള്‍ എന്തു ഗംഭീര യാത്രയയപ്പാണെന്നോ ഞങ്ങള്‍ അയാള്‍ക്ക് നല്‍കിയത് ? എഴുപതുകളുടെ അവസാനമാണ്. അന്ന് ഞാന്‍ ജനിച്ചിട്ടില്ല. എല്ലാം പിന്നീട് അച്ഛന്‍ പറഞ്ഞുതന്ന അറിവാണ്.
ആ പോക്ക് പോയ കുട്ടപ്പന്‍ പിന്നെയൊരിക്കലും മടങ്ങി വന്നില്ല. വീട്ടുകാരെയും നാട്ടുകാരെയും മറന്ന്‍ അന്യജാതിക്കാരിയായ ഏതോ പെണ്ണിനെയും കെട്ടി ചൊവ്വയില്‍ സ്ഥിരതാമസമാക്കി എന്നാണ് കേട്ടത്. നീയും അങ്ങനെ ചെയ്യുമോ ?
നിനക്ക് കൂട്ടുകൂടാന്‍ അവിടെ ഇന്ത്യക്കാരൊന്നും ഇല്ല എന്നറിയാം. നേരത്തെയെത്തിയ അമേരിക്കക്കാരിയും റഷ്യക്കാരിയും യൂറോപ്യന്‍ മദാമ്മയുമൊക്കെ നിന്നെ വളയ്ക്കാന്‍ പരമാവധി നോക്കും. പക്ഷേ നീ വഴങ്ങരുത്. ആശ വറ്റിത്തുടങ്ങിയ നൂറു കോടി ഇന്ത്യക്കാരുടെ ഏക പ്രതീക്ഷയാണ് ഇന്ന്‍ നീ.
നിനക്ക് നല്ല ബുദ്ധി തോന്നിക്കാന്‍ അടുത്തുള്ള നവഗ്രഹ ക്ഷേത്രത്തില്‍ ഞാന്‍ ഇന്നുതന്നെ ഒരു പൂജ കഴിപ്പിക്കുന്നുണ്ട്.
പേര് : മംഗള്‍യാന്‍
നക്ഷത്രം: ഉത്രം
ജനനം: 24.09.2014
എന്ന്,
നിറഞ്ഞ സ്നേഹത്തോടെ,