ലോക ചരിത്രത്തിലെ ദുരൂഹമായ വിമാന അപകടങ്ങള്‍

മലേഷ്യയില്‍ നിന്നും ചൈനയിലേക്കുള്ള യാത്രക്കിടെ ആറു ദിവസം മുമ്പ് കാണാതായ ബോയിങ് MH370 എന്ന വിമാനത്തെ കുറിച്ചുള്ള ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. വ്യാജ പാസ്പോര്‍ട്ടില്‍ ചിലര്‍ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു എന്ന വാര്‍ത്തയാണ് തുടക്കത്തില്‍ എല്ലാവരെയും ആശങ്കപ്പെടുത്തിയത്. അവര്‍ ഒരുപക്ഷേ തീവ്രവാദികള്‍ ആയിരിക്കാമെന്നും ആകാശത്തു വച്ച് അവര്‍ ബോംബ് സ്ഫോടനം നടത്തിയിരിക്കാമെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ സംശയിച്ചത്. വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ചൈന ഇടയ്ക്കു പറഞ്ഞെങ്കിലും അത് സത്യമെല്ലെന്ന് പിന്നീട് തെളിഞ്ഞു. വിമാനം കാണാതായ ശേഷവും മണിക്കൂറുകളോളം ചില യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന വാര്‍ത്തയാണ് വിവിധ ലോക രാജ്യങ്ങളെയും അന്വേഷകരെയും ഇപ്പോള്‍ കുഴക്കുന്നത്. വിമാന റാഞ്ചലില്‍ തുടങ്ങി ആന്‍ഡമാന്‍ കാടുകളില്‍ വിമാനം തകര്‍ന്നു വീണിരിക്കാനുള്ള സാധ്യതകള്‍ വരെ തിരച്ചില്‍ സംഘം പരിഗണിക്കുന്നുണ്ട്.

ദുരൂഹതകള്‍ അവശേഷിപ്പിച്ചുകൊണ്ട് അനവധി വിമാനങ്ങളും കപ്പലുകളും ഇതിന് മുമ്പും കാണാതായിട്ടുണ്ട്. ചില വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയെങ്കില്‍ മറ്റു ചിലവയെക്കുറിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഒരു വിവരവുമില്ല.

സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ച ഇക്കാലത്തും ലോകമെങ്ങുമുള്ള വൈമാനികരുടെ പേടി സ്വപ്നമാണ് മിയാമിക്കും ബെര്‍മുഡയ്ക്കും ഇടയിലുള്ള കുപ്രസിദ്ധമായ ബെര്‍മുഡ ട്രയാങ്കിള്‍ എന്ന അറ്റ്ലാന്‍റിക് കടലിലെ ഒരു പ്രത്യേക ഭാഗം. അതിനു മുകളില്‍ കൂടി പറന്ന ഒരു വിമാനത്തെയും പരിസരത്ത് കൂടി പോയ ഒരു കപ്പലിനെയും പിന്നീട് ആരും കണ്ടിട്ടില്ല. 1492ല്‍ ക്രിസ്റ്റഫര്‍ കൊളംബസാണ് പ്രദേശത്ത് വച്ച് നേരിട്ട വിചിത്രമായ അനുഭവങ്ങളെക്കുറിച്ച് ആദ്യമായി പുറം ലോകത്തെ അറിയിച്ചത്.

1918ല്‍ 300 പേരുമായി പോയ അമേരിക്കന്‍ ചരക്ക് കപ്പല്‍ ബെര്‍മുഡ ട്രയാങ്കിളിന് സമീപത്ത് വച്ച് യാതൊരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായപ്പോള്‍ ലോകം നടുങ്ങി. തൊട്ടുപിന്നാലെ വിവിധ സംഭവങ്ങളിലായി അനവധി വിമാനങ്ങളും കടല്‍ യാത്രികരും പ്രദേശത്ത് വച്ച് എല്ലാ സാങ്കേതിക വിദ്യകളെയും വെല്ലുവിളിച്ചുകൊണ്ട് അപ്രത്യക്ഷമായപ്പോള്‍ ബെര്‍മുഡ അപ്രഖ്യാപിത വ്യോമ-കടല്‍ ഗതാഗത നിരോധിത മേഖലയായി. ഊതിപ്പെരുപ്പിച്ച സംഭവങ്ങളും ചില കെട്ടുകഥകളും അതിനു പിന്നിലുണ്ടെന്ന് ചില ശാസ്ത്രകാരന്‍മാര്‍ പറയുന്നു. എന്നാല്‍ മലേഷ്യന്‍ വിമാനത്തിന്‍റെ കാര്യത്തിലെന്ന പോലെ ആഴ്ചകളോ വര്‍ഷങ്ങളോ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചില ദുരൂഹമായ വിമാന അപകടങ്ങളും ചരിത്രത്തിലുണ്ട്.

Top 10 Aviation Mysteries of All the Time

1. എയര്‍ ഫ്രാന്‍സ് വിമാന ദുരന്തം (2009)

 

റിയോഡി ജനീറോയില്‍ നിന്ന്‍ പാരീസിലേക്ക് പുറപ്പെട്ട എയര്‍ബസ് എ330 അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളില്‍ വച്ച് 2009 മെയ് 31നാണ് പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. അടുത്തുള്ള തുറമുഖത്ത് നിന്ന്‍ കപ്പലില്‍ യാത്ര ചെയ്താല്‍ നാലു ദിവസം വരെയെടുക്കുന്ന അത്ര കടല്‍ മധ്യത്തിലായിരുന്നു അപ്പോള്‍ വിമാനം. വിമാനത്തിലുള്ള 228 പേരും മരിച്ചതായി പിന്നീട് സ്ഥിതീകരിച്ചു. പക്ഷേ ഏകദേശം രണ്ടു വര്‍ഷമെടുത്തു, അവശിഷ്ടങ്ങളെല്ലാം വീണ്ടെടുക്കാന്‍.

2. ബോയിങ് വിമാന അപകടം (2003)

11 വര്‍ഷം മുമ്പ് 2003 മെയ് 25നാണ് അങ്കോളന്‍ തലസ്ഥാനമായ ലുവാണ്ടയ്ക്കടുത്ത് വച്ച് ബോയിങ് 727 വിമാനം കാണാതായത്. വിമാനത്തില്‍ ഒരാള്‍ മാത്രമായിരുന്നുവെന്നും അതല്ല കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്നും പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളുണ്ട്. ഏതായാലും ഇന്നുവരെ അതിനു എന്തു സംഭവിച്ചു എന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.

3. ഈജിപ്ഷ്യന്‍ വിമാന ദുരന്തം (1999)

ന്യൂയോര്‍ക്കില്‍ നിന്ന്‍ ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിലേക്ക് പുറപ്പെട്ട ഈജിപ്റ്റ് എയര്‍ ജെറ്റ് വിമാനം അമേരിക്കന്‍ തീരത്തിനടുത്ത് വച്ച് അറ്റ്ലാന്‍റിക് സമുദ്രത്തില്‍ പൊടുന്നനെ തകര്‍ന്നു വീഴുകയായിരുന്നു. 217 പേര്‍ സഞ്ചരിച്ച വിമാനം 36 സെക്കന്‍റ് കൊണ്ട് 14000 അടി ഉയരത്തില്‍ നിന്ന്‍ കൂപ്പ് കുത്തുകയായിരുന്നു. വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റോ അല്ലെങ്കില്‍ കോപൈലറ്റോ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഏതായാലും വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു.

4. ന്യൂയോര്‍ക്ക് വിമാന ദുരന്തം (1996)

 

ന്യൂയോര്‍ക്കില്‍ അപകടത്തില്‍ പെട്ട വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ . കടപ്പാട് -സി‌എന്‍‌എന്‍

ന്യൂയോര്‍ക്കില്‍ നിന്ന്‍ പുറപ്പെട്ട ഉടനെ ടി‌ഡബ്ല്യു‌എ 800 വിമാനം പൊട്ടിത്തെറിച്ച് കടലില്‍ പതിക്കുകയായിരുന്നു. 230 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തീഗോളം പോലെ എന്തോ ഒന്ന്‍ അടുത്ത് വന്നതിനു ശേഷമാണ് വിമാനം പൊട്ടിത്തെറിച്ചതെന്ന് ചില ദൃക്സാക്ഷികള്‍ പറഞ്ഞത് തീവ്രവാദി ആക്രമണത്തിന്‍റെ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടിയത്. വിമാനത്തിന്‍റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് പിന്നീട് സര്‍ക്കാര്‍ വെളിപ്പെടുത്തിയെങ്കിലും അത് വിശ്വസിക്കാത്ത നിരവധിപേര്‍ ഇന്നും രാജ്യത്തുണ്ട്. മുമ്പ് കേസ് അന്വേഷിച്ചിരുന്ന ചില ഉദ്യോഗസ്ഥരും സംഭവം വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. യുഎസ് സൈനിക കപ്പലില്‍ നിന്ന്‍ അബദ്ധത്തിലുണ്ടായ മിസൈല്‍ ആക്രമണത്തിലൂടെയോ അല്ലെങ്കില്‍ ബോംബ് സ്ഫോടനത്തിലൂടെയോ ആവാം വിമാനം തകര്‍ന്നതെന്നാണ് പലരും ഇന്നും കരുതുന്നത്.

5. ബ്രിട്ടീഷ് വിമാന ദുരന്തം (1947)

ബ്യൂണോസ് അയേഴ്സില്‍ നിന്ന്‍ ചിലിയിലേക്കുള്ള ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് വിമാനം കാണാതായത് 1947 ആഗസ്ത് 2നാണ്. അവസാനമായി പൈലറ്റ് അടുത്തുള്ള വാര്‍ത്താവിനിമയ കേന്ദ്രത്തിലേക്ക് ഇങ്ങനെയൊരു സന്ദേശം അയച്ചു: “STENDEC.”അതിന്‍റെ അര്‍ഥമെന്താണെന്ന് ഇന്നും ആര്‍ക്കും അറിയില്ല. വിമാനമോ അതിന്‍റെ അവശിഷ്ടങ്ങളോ ഇതുവരെയും കണ്ടെത്തിയിട്ടുമില്ല.

6. അമേരിക്കന്‍ സൈനിക വിമാന ദുരന്തം (1945)

1945 ഡിസംബര്‍ 5 നു ഫ്ലോറിഡ തീരത്തിന് സമീപത്ത് വച്ചാണ് അഞ്ചു സൈനികര്‍ കയറിയ അമേരിക്കന്‍ വിമാനം കാണാതായത്. പരിശീലന പറക്കലിനിടെ പൈലറ്റുമായുള്ള റേഡിയോ ബന്ധം പൊടുന്നനെ തകരാറിലാവുകയായിരുന്നു. ആ വിമാനത്തെക്കുറിച്ച് ഒരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ല.

തിരച്ചിലിനായി ചില വിമാനങ്ങള്‍ പുറപ്പെട്ടെങ്കിലും അവയില്‍ രണ്ടെണ്ണം ആദ്യ വിമാനത്തെ കാണാതായ അതേ പ്രദേശത്ത് വച്ച് അപ്രത്യക്ഷമായി. തുടര്‍ച്ചയായി നടന്ന ദുരന്തങ്ങള്‍ക്ക് എല്ലാവരും സമീപത്തുള്ള ബര്‍മുഡ ട്രയാങ്കിളിനെയാണ് കുറ്റം പറഞ്ഞത്.

7. ബ്രിട്ടിഷ് ഫൈറ്റര്‍ ദുരന്തം (1942)

സഹാറ മരുഭൂമിയില്‍ കണ്ടെത്തിയ 1942ലെ വിമാന ഭാഗങ്ങള്‍

റോയല്‍ എയര്‍ഫോഴ്സിന്‍റെ ഫൈറ്റര്‍ വിമാനം 1942 ജൂണ്‍ 28നാണ് സഹാറ മരുഭൂമിയില്‍ തകര്‍ന്നു വീണത്. ഏറെ തിരഞ്ഞെങ്കിലും ചെറു വിമാനത്തിന്‍റെ യാതൊരു അവശിഷ്ടവും ലഭിച്ചില്ല. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന സംഭവം നടന്നത് 70 വര്‍ഷങ്ങള്‍ക്ക് ശേഷം 2012 ലാണ്. 2012ല്‍ ഒരു ഓയില്‍ കമ്പനി ജീവനക്കാരന്‍ പ്രസ്തുത വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തകര്‍ന്നു എന്നതൊഴിച്ചാല്‍ വിമാന ഭാഗങ്ങള്‍ക്ക് – ചിറകുകള്‍ക്കൊ കോക്ക്പിറ്റിനോ എന്തിന് ഇന്ധന ടാങ്കിനു പോലും ദ്രവീകരണം സംഭവിച്ചിരുന്നില്ല.

8. ഉറുഗ്വേ വിമാന ദുരന്തം (1972)

വിമാന ദുരന്തങ്ങളുടെ ചരിത്രത്തിലെ വ്യത്യസ്ഥമായ ഒരു കഥയാണ് ഉറുഗ്വേയുടെ എയര്‍ ഫോഴ്സ് ഫൈറ്റര്‍ 571 വിമാനത്തിന് പറയാനുള്ളത്. 45 യാത്രികരുമായി ചിലിയിലേക്ക് പുറപ്പെട്ട വിമാനം മോശം കാലാവസ്ഥയില്‍ ആന്ദ്സ് പര്‍വ്വത നിരകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തെക്കുറിച്ചോ അതില്‍ ഉണ്ടായിരുന്നവരെക്കുറിച്ചോ യാതൊരു വിവരവും പിന്നീട് ലഭ്യമായിരുന്നില്ല. എന്നാല്‍ 72 ദിവസങ്ങള്‍ക്ക് ശേഷം അതില്‍ ചിലര്‍ ജീവനോടെയുണ്ടെന്ന് അന്വേഷകര്‍ കണ്ടെത്തി. അത്രയും ദിവസം മരിച്ചവരുടെ ശരീര ഭാഗങ്ങള്‍ കഴിച്ചു വിശപ്പടക്കിക്കൊണ്ടിരുന്ന 16 പേരെയാണ് സംഘം രക്ഷപ്പെടുത്തിയത്. അവശേഷിച്ചവര്‍ പ്രദേശത്തെ മോശം കാലാവസ്ഥയില്‍ പെട്ട് അതിനകം മരിച്ചുപോയിരുന്നു.

9. അമേരിക്കന്‍ സൈനിക വിമാന ദുരന്തം (1962)

1962ല്‍ അമേരിക്കയില്‍ നിന്ന്‍ ഫിലിപ്പീന്‍സിലേക്ക് പുറപ്പെട്ടതാണ് 90 സൈനികര്‍ കയറിയ ഫൈറ്റര്‍ 739 വിമാനം. പക്ഷേ അത് ലക്ഷ്യസ്ഥാനത്തെത്തിയില്ല. പൈലറ്റ് അപായ സൂചനയൊന്നും നല്‍കിയതുമില്ല. 1300 ല്‍ പരം സൈനികരുമായി തിരച്ചില്‍ ദൌത്യത്തിനിറങ്ങിയ അമേരിക്കയ്ക്ക് നിരാശപ്പെടേണ്ടി വന്നു.

വിമാനം സഞ്ചരിച്ചതായി കരുതുന്ന സമയത്ത് ആകാശത്തു കൂടി കൊള്ളിമീന്‍ പോലെ എന്തോ ഒന്ന്‍ പാഞ്ഞതായി പ്രദേശത്തുണ്ടായിരുന്ന ഒരു ലൈബീരിയന്‍ കപ്പല്‍ അധികൃതര്‍ പറഞ്ഞെങ്കിലും “കണ്ടെത്താന്‍ കഴിയാത്ത ഏതോ കാരണത്താലുള്ള അപകടം” എന്നു രേഖപ്പെടുത്തി അമേരിക്ക അന്വേഷണം അവസാനിപ്പിച്ചു. 

10. അമേലിയ എയര്‍ഹാര്‍ട്ടിന് എന്തു പറ്റി ?

അമേലിയ ഹാര്‍ട്ട് അവസാന യാത്രയ്ക്ക് മുമ്പ്

ലോകം ചുറ്റുന്ന ആദ്യ വനിതാ പൈലറ്റ് ആകണം എന്നതായിരുന്നു അമേലിയ ഹാര്‍ട്ട് എന്ന അമേരിക്കക്കാരിയുടെ ആഗ്രഹം. 1937ല്‍ തന്‍റെ ഇരട്ട എഞ്ചിന്‍ വിമാനത്തില്‍ പുറപ്പെട്ട അവര്‍ പസഫിക് ദ്വീപ സമൂഹത്തില്‍ പെട്ട ഹൌലാന്‍ഡ് പ്രദേശത്ത് ഇറങ്ങുന്നത് വരെയുള്ള കാര്യങ്ങളാണ് പുറം ലോകത്തിന് അറിയാവുന്നത്. ലക്ഷ്യത്തിലെത്താന്‍ 7000 മൈല്‍ മാത്രമുള്ളപ്പോഴായിരുന്നു അത്. 4 ദശലക്ഷം ഡോളര്‍ മുടക്കി 2,50,000 ചതുരശ്ര മൈല്‍ പ്രദേശം അരിച്ചു പെറുക്കിയെങ്കിലും അമേരിക്കയ്ക്ക് അവരുടെ ഒരു വിവരവും ലഭിച്ചില്ല.

അമേലിയയെയും സഹായിയെയും ജപ്പാന്‍ സൈനികര്‍ പ്രദേശത്ത് വച്ച് പിടികൂടിയെന്നും ചാരക്കുറ്റം ചുമത്തി വധിച്ചുവെന്നും ചിലര്‍ പ്രചരിപ്പിച്ചു. 1940ല്‍ ദ്വീപില്‍ നിന്ന്‍ കണ്ടെത്തിയ അസ്ഥിക്കഷണങ്ങള്‍ അമേലിയയുടെയും കൂട്ടാളിയുടെയും ആണെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അതിനും സ്ഥിരീകരണമില്ല.

Read ഇന്ത്യയിലെ ദുരൂഹമായ പത്ത് സ്ഥലങ്ങള്‍ അഥവാ ഭാര്‍ഗ്ഗവിനിലയങ്ങള്‍

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *