ഒരു കാലത്ത് സിനിമ ചിത്രീകരണത്തിനിടയില്‍ അപകടങ്ങള്‍ പതിവ് സംഭവമായിരുന്നു. ഇന്നത്തെ പോലെ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ അന്ന്‍ ഉണ്ടായിരുന്നില്ല. കൂലി എന്ന ഹിന്ദി ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ അമിതാഭ് ബച്ചന് ദാരുണമായി പരുക്കേറ്റ ഏതാണ്ട് അതേ സമയത്താണ് ജയനും അപകടമുണ്ടായത്. വിദഗ്ധ ചികിത്സയുടെ ഫലമായി ബച്ചന്‍ ജീവിതത്തിലേക്ക് മടങ്ങി വന്നെങ്കിലും ജയന് ആ ഭാഗ്യമുണ്ടായില്ല. ചടുലമായ അഭിനയ പാടവം കൊണ്ടും ആകാരഭംഗി കൊണ്ടും ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷക മനസുകളെ കീഴടക്കിയ ആ അനുഗ്രഹീത നടനെ അങ്ങനെ മലയാളത്തിന് നഷ്ടമായി.
അപകടത്തില്‍ മരണപ്പെട്ട സിനിമാ പ്രവര്‍ത്തകര്‍ മലയാളത്തില്‍ നിന്ന്‍ പിന്നെയുമുണ്ടായെങ്കിലും ഷൂട്ടിങ്ങിനിടയില്‍ കൊല്ലപ്പെട്ടത് ജയന്‍ മാത്രമാണ്. നമ്മുടെ സിനിമയിലെ പ്രമുഖരായ മൂന്നുപേര്‍ കൂടി അപകട മരണത്തിനിരയായിട്ടുണ്ട്. .
1. ജയന്‍
മലയാള സിനിമയ്ക്ക് സംഭവിച്ച ഏറ്റവുംവലിയ നഷ്ടങ്ങളിലൊന്നാണ് ജയന്‍റെ വിയോഗം. 1980 ല്‍ കോളിളക്കം എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുമ്പോഴാണ് അദ്ദേഹം മരണപ്പെട്ടത്. സിനിമയില്‍ വില്ലന്‍ വേഷം ചെയ്ത ബാലന്‍ കെ നായരുടെ ഹെലികോപ്റ്ററിലേക്ക് ബൈക്കില്‍ നിന്ന്‍ തൂങ്ങിക്കയറുമ്പോള്‍ ഹെലികോപ്റ്റര്‍ നിലത്ത് വന്നിടിക്കുകയും ജയന്‍ അതിനിടയില്‍ പെടുകയുമായിരുന്നു. മാരകമായി പരുക്കേറ്റ ജയന്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി. യാഷ് ചോപ്ര 1965ല്‍ ഹിന്ദിയില്‍ ഒരുക്കിയ വക്ത് എന്ന സിനിമയുടെ റീമേക്കായിരുന്നു കോളിളക്കം.
ഒരര്‍ഥത്തില്‍ ഇന്നത്തെ പെര്‍ഫെക്ഷനിസ്റ്റ് താരങ്ങളുടെ തലത്തൊട്ടപ്പനായിരുന്നു ജയന്‍ എന്നു പറയാം. ഒരിക്കല്‍ എടുത്തിട്ട് ശരിയാകാതെ വന്ന സിനിമയുടെ ക്ലൈമാക്സ് രംഗം അദ്ദേഹത്തിന്‍റെ നിര്‍ബന്ധം മൂലമാണ് വീണ്ടും എടുക്കാന്‍ സംവിധായകന്‍ തയ്യാറായത്. തന്മൂലം പ്രേക്ഷകര്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാനായി നല്ലൊരു ക്ലൈമാക്സ് രംഗം കിട്ടിയെങ്കിലും അതിലെ നായകനെ നഷ്ടമായി. സിനിമയുടെ പരിപൂര്‍ണ്ണതയ്ക്ക് കൊടുക്കേണ്ടി വന്ന വില !
ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ പട്ടാളത്തില്‍ നിന്ന്‍ വിരമിച്ചതിനു ശേഷം 1970കളിലാണ് സിനിമയില്‍ സജീവമാകുന്നത്. ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ മുന്‍നിരയിലേക്ക് വന്ന അദ്ദേഹം പുതിയ വെളിച്ചം, ആവേശം, ചന്ദ്രഹാസം, ശരപഞ്ചരം എന്നിങ്ങനെയുള്ള സിനിമകളിലെ ത്രസിപ്പിക്കുന്ന സാഹസിക രംഗങ്ങള്‍ ഒരു ഡ്യൂപ്പിന്‍റെയും സഹായമില്ലാതെയാണ് ചെയ്തതെന്നറിയുമ്പോള്‍ ഇന്നത്തെ യുവതലമുറ പോലും അത്ഭുതപ്പെടും. 1979ല്‍ റിലീസ് ചെയ്ത പുതിയ വെളിച്ചം എന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്ത് ഓടുന്ന ഗുഡ്സ് ട്രെയിനില്‍ ചാടിക്കയറിയ അദ്ദേഹം അതേ വര്‍ഷം പുറത്തു വന്ന ആവേശം എന്ന ചിത്രത്തില്‍ ഹോഗേനക്കല്‍ തടാകത്തില്‍ യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ നീന്താനും ധൈര്യം കാണിച്ചു. വെല്ലുവിളികള്‍ നേരിടാനുള്ള ഒരു സൈനികന്‍റെ മനസാകാം ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍ ജയന് പ്രേരണ നല്‍കിയത്. 1980 നവംബര്‍ 16നു ചെന്നൈക്കടുത്തുള്ള ഷോലാവരത്ത് വച്ചാണ് അദ്ദേഹത്തെ മലയാളത്തിന് നഷ്ടമായത്.
2. മോനിഷ ഉണ്ണി
ആദ്യ സിനിമ കൊണ്ടുതന്നെ പ്രശസ്തിയുടെയും അംഗീകാരത്തിന്‍റെയും കൊടുമുടിയിലേക്ക് ഉയര്‍ന്ന അനുഗ്രഹീത പ്രതിഭ. 1986ലെ നഖക്ഷതങ്ങള്‍ എന്ന ആദ്യ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുമ്പോള്‍ മോനിഷയ്ക്ക് പതിനഞ്ച് വയസാണ് പ്രായം. പക്ഷേ അഭിനയ ജീവിതത്തില്‍ ഒരു പതിറ്റാണ്ട് തികക്കാന്‍ അവര്‍ക്കായില്ല.
1992ല്‍ ചെപ്പടിവിദ്യ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയ്ക്ക് ആലപ്പുഴക്കടുത്തുള്ള ചേര്‍ത്തല എക്സറെ ബൈപ്പാസില്‍ വച്ച് മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. അമ്മ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മോനിഷ അധികം വൈകാതെ തൊട്ടടുത്തുള്ള കെവിഎം ഹോസ്പിറ്റലില്‍ വച്ച് മരണത്തിന് കീഴടങ്ങി.
3. സൌന്ദര്യ
മലയാളിയല്ലെങ്കിലും കേവലം രണ്ടു സിനിമകള്‍ കൊണ്ട് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി. പൃഥ്വിരാജിനെ നായകനാക്കി കമല്‍ എടുക്കാനിരുന്ന മുന്തിരിത്തോപ്പുകളുടെ അതിഥി എന്ന സിനിമയുടെ ഷൂട്ടിങ്ങ് മാറ്റിവച്ചാണ് 2004ല്‍ സൌന്ദര്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. അവരെ അന്നത്തെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ നിന്ന്‍ മല്‍സരിപ്പിക്കാനും ബിജെപിക്ക് പദ്ധതിയുണ്ടായിരുന്നു. പക്ഷേ ഏപ്രില്‍ 17നു പ്രചാരണത്തിന് പോകുന്ന വഴി ബാംഗ്ലൂരില്‍ വച്ച് ഹെലികോപ്റ്റര്‍ തകര്‍ന്ന് അവര്‍ മരിച്ചു.
മണിച്ചിത്രത്താഴിന്‍റെ കന്നഡ റീമേക്കായ ആപ്തമിത്രയാണ് സൌന്ദര്യയുടെ അവസാന ചിത്രം. അതിലെ അഭിനയത്തിന് കര്‍ണ്ണാടക സര്‍ക്കാരിന്‍റെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചെങ്കിലും അത് ഏറ്റുവാങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മകളുടെ നിര്യാണം മൂലം അമ്മയാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്.
4. തരുണി സച്ദേവ്
രസ്ന പരസ്യങ്ങളിലൂടെ ശ്രദ്ധേയയായ തരുണി വെള്ളിനക്ഷത്രം, സത്യം എന്നീ സിനിമകളിലൂടെയാണ് മലയാളികള്‍ക്ക് പൊന്നോമനയായത്. 2009ല്‍ പുറത്തിറങ്ങിയ പാ എന്ന സിനിമയില്‍ സാക്ഷാല്‍ അമിതാഭിന്‍റെ ഗേള്‍ ഫ്രണ്ടാകാനുള്ള ഭാഗ്യവും തരുണിക്കുണ്ടായി.
തന്‍റെ പതിനാലാം ജന്മദിനത്തില്‍ 2012 മെയ് 14നു നേപ്പാളില്‍ വച്ച് വിമാനം തകര്‍ന്നു അവള്‍ മരിച്ചു. അമ്മയോടൊപ്പം തീര്‍ഥാടനത്തിന് പോയതായിരുന്നു തരുണി. അമ്മ ഗീതയും തല്‍ക്ഷണം മരിച്ചു. മുംബൈയില്‍ നിന്ന്‍ യാത്ര തിരിക്കുന്നതിന് മുമ്പായി തരുണി അടുത്ത കൂട്ടുകാരികളെ കെട്ടിപ്പിടിക്കുകയും അവരോട് ഇങ്ങനെ പറയുകയും ചെയ്തു :” ഞാന്‍ ഇത് അവസാനമായാണ് നിങ്ങളെ കാണുന്നത്”. തീര്‍ന്നില്ല, വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് അവള്‍ ഏറ്റവുമടുത്ത കൂട്ടുകാരിക്ക് ഒരു എസ്എംഎസ് അയച്ചു: “ ഈ വിമാനം തകര്‍ന്നാല്‍ എന്തു ചെയ്യും ?” . തരുണിയുടെ വാക്കുകള്‍ അറം പറ്റി.
The End
[ My article originally published in British Pathram on 18.06.2014]