പൃഥ്വി രാജ് പോലീസ് യൂണിഫോമില്‍ ചരിത്രം സൃഷ്ടിക്കുകയാണ്. മലയാളത്തില്‍ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ശേഷം ഇത്രയധികം ചിത്രങ്ങളില്‍ പോലീസ് യൂണിഫോമിട്ട ഒരു നായകന് വേറെയുണ്ടാവില്ല. വിനയന്റെ സത്യം എന്ന സിനിമയിലാണ് പൃഥ്വിരാജ് ആദ്യമായി പോലീസ് വേഷം അണിഞ്ഞത്. സിനിമാ സമരകാലത്ത് വന്ന ആ ചിത്രം സൂപ്പര്‍താര സിനിമകളുടെ ഇനീഷ്യല്‍ കളക്ഷന്‍ നേടിയെങ്കിലും വന്‍ വിജയമായില്ല. തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ പൃഥ്വി പോലീസ് വേഷത്തില്‍ തിളങ്ങി. കാക്കി, ഒരുവന്, ബാച്ചിലര്‍ പാര്‍ട്ടി, വര്‍ഗ്ഗം, ദി ത്രില്ലര്‍,മനുഷ്യമൃഗം എന്നിവയിലെല്ലാം ചെറുതും വലുതുമായ പോലീസ് വേഷത്തിലാണ് പൃഥ്വി അഭിനയിച്ചത്.
തമിഴില്‍ ശ്രീകാന്തിനൊപ്പം പോലീസ് പോലീസ് എന്ന സിനിമയില്‍ പ്രതിനായക പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടില്ല. മണിരത്നം വമ്പന്‍ താരങ്ങളെ വെച്ച് 100 കോടി രൂപ ചെലവില്‍ രാവണ്‍ എടുത്തപ്പോള്‍ തമിഴില്‍ പോലീസ് വേഷം ചെയ്യാന്‍ വിളിച്ചതും മലയാളിയായ പൃഥ്വിരാജിനെയാണ്. സിനിമ പരാജയപ്പെട്ടെങ്കിലും ഐശ്വര്യ റായുടെ ഭര്‍ത്താവായി അഭിനയിച്ച പൃഥ്വിരാജിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഒരര്‍ഥത്തില്‍ രാവണിലെ പ്രകടനമാണ് ഇപ്പോള്‍ ഔറംഗസേബിലേക്കുള്ള പൃഥ്വിയുടെ വേഷത്തിന് വഴി തുറന്നതെന്ന് പറയാം. യഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ രണ്ടു നായകന്മാരില് ഒരാളായ പോലീസ് ഓഫീസറുടെ വേഷമാണ് പൃഥ്വി രാജിന്. സിനിമയെ കുറിച്ച് നല്ല റിപ്പോര്‍ട്ടാണ് വന്നു കൊണ്ടിരിക്കുന്നത്.
ഒരു പക്ഷേ മൂന്നു ഭാഷകളില്‍ പോലീസ് വേഷം ചെയ്ത നടന്മാര് അധികം പേരുണ്ടാവില്ല. കമല്‍ഹാസനും മമ്മൂട്ടിയും മോഹന്‍ലാലും അങ്ങനെ മുമ്പ് ചെയ്തിട്ടുണ്ട്.മമ്മൂട്ടി മലയാളം-തെലുങ്ക്-ഹിന്ദി ഭാഷകളിലും മോഹന്‍ലാല്‍ മലയാളം-തമിഴ്-ഹിന്ദി ഭാഷകളിലും പോലീസ് വേഷങ്ങള്‍ ചെയ്തു. പൃഥ്വിരാജിന്റെ യൂണിഫോമിലെ മികവും തന്മയത്വവും തന്നെയാണ് ഈ നേട്ടത്തിന് കാരണം. ഇപ്പോള്‍ തിയറ്ററുകളില്‍ കയ്യടി വാങ്ങുന്ന മുംബൈ പോലീസിന്റെ വിജയത്തിന്റെ ക്രെഡിറ്റ് സംവിധായകനായ റോഷന് ആന്റ്രൂസ് കൊടുക്കുന്നത് നായകന് തന്നെയാണ്. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ആന്റണി മോസസായി ഇരട്ട വ്യക്തിത്വങ്ങളില്‍ അവതരിച്ച താര പുത്രന്റെ പ്രകടനം അത്രമാത്രം മികച്ചതാണെന്ന് നിരൂപകര്‍ വരെ പറഞ്ഞു കഴിഞ്ഞു. ചിത്രം ഇപ്പോള്‍ മറ്റ് ഭാഷകളിലും റീമേക്ക് ചെയ്യുകയാണ്. പൃഥ്വി രാജ് തന്നെയാണ് മറു ഭാഷകളിലും നായക വേഷം ചെയ്യുക എന്നാണ് സൂചനകള്‍. ഇനി വരുന്ന മെമ്മറീസ് എന്ന ചിത്രത്തിലും പൃഥ്വി രാജിന് ഒരു പോലീസ് ഇന്റലിജന്‍സ് ഓഫീസറുടെ വേഷമാണ്. മദ്യപാനിയായ ഒരു പോലീസ് ഓഫീസര്‍ ഉദ്വേഗ ജനകമായ ഒരു അന്വേഷണം ഏറ്റെടുക്കുന്ന കഥയാണ് ഈ ജിത്തു ജോസഫ് ചിത്രം പറയുന്നത്.
കാലം മാറിയിരിക്കുന്നു. പണ്ട് താര സംഘടനയുടെ നിര്‍ദേശം ലംഘിച്ച് കരാറില്‍ ഒപ്പിട്ടതിന്റെ പേരില്‍ അപ്രഖ്യാപിത വിലക്ക് ഏറ്റു വാങ്ങി മൂന്നു മാസക്കാലം വീട്ടില്‍ വെറുതെയിരുന്ന ആളല്ല ഇന്ന് പൃഥ്വി. ഈ നടന് വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ മാത്രം വളര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ഒരിക്കല്‍ തള്ളി പറഞ്ഞവരെല്ലാം ഇന്ന് ഈ നടന്റെ ഡേറ്റിന് വേണ്ടി മാസങ്ങളോളം കാത്തു നില്‍ക്കുന്നത്. മലയാളം ഇല്ലെങ്കില്‍ തമിഴ്, അതുമില്ലെങ്കില്‍ ഹിന്ദി എന്ന മട്ടില്‍ പോകാന്‍ അദേഹത്തിന് കഴിയുന്നതിന് കാരണവും വേറൊന്നല്ല. അത് ഇന്ത്യയില്‍ കമല്‍ ഹാസനൊഴിച്ച് വേറൊരാള്‍ക്കും കിട്ടാത്ത ഭാഗ്യം കൂടിയാണ്.