പോലിസ് മേധാവിയായി അങ്ങനെ സസുഖം വാഴുമ്പോഴാണ് ഒരു രാത്രി ആരുമില്ലാത്ത തക്കം നോക്കി വന്ന മുഖ്യന്‍ ഓഫിസും പൂട്ടി താക്കോലുമെടുത്ത് സ്ഥലം വിട്ടത്.
അതോടെ മഴ വന്നാല്‍ പോലും കേറി നില്‍ക്കാന്‍ സെന്‍ കുമാറിന് സ്ഥലമില്ലാതെയായി.
പാവം. പിന്നീട് അങ്ങേര് കേള്‍ക്കാത്ത ആരോപണങ്ങളില്ല.
ഒടുവില്‍ പരമോന്നത കോടതി വരെ കയറിയിറങ്ങേണ്ടി വന്നു ആ നഷ്ടപ്പെട്ട കസേര ഒന്നു തിരിച്ചു പിടിക്കാന്‍.
ഉത്തരവുമായി വന്നപ്പോള്‍ ബഹുമാനപ്പെട്ട മാഡം പറഞ്ഞു ഇനിയും കാത്തിരിക്കണമെന്ന്. ആ കാത്തിരിപ്പ് ജൂണ്‍ 30 വരെ നീളും എന്ന് തോന്നിയപ്പോഴാണ് സെന്‍ കുമാര്‍ വീണ്ടും ഇന്ദ്രപ്രസ്ഥത്തിലേക്ക് വീണ്ടും വണ്ടി കയറാന്‍ തുടങ്ങിയത്. അത് പൊല്ലാപ്പാകും എന്ന് കണ്ടപ്പോള്‍ സര്‍ക്കാര്‍ കയ്യോടെ നിയമന ഉത്തരവ് അടിച്ച് കയ്യില്‍ കൊടുത്തു.
ഓഫിസിലെത്തി കസേരയില്‍ സ്വസ്ഥമായി ഒന്നിരിക്കാന്‍ തുടങ്ങുമ്പോഴാണ് മുറിയില്‍ തലങ്ങും വിലങ്ങും ക്യാമറ വച്ചത് പുതിയ തലവന്‍റെ ശ്രദ്ധയില്‍ പെട്ടത്. അതിന്‍റെ കണക്ഷന്‍ ടി സെക്ഷനിലെക്കും തുടര്‍ന്ന് എഡിജിപിയുടെ ഓഫിസിലേക്കും വരെ നീളുമെന്ന് കണ്ടപ്പോള്‍ അദ്ദേഹം കൈ കാലിട്ടടിച്ചു, പ്രതിഷേധിച്ചു, വാളെടുക്കുകയും ചെയ്തു. പക്ഷേ പാലം കുലുങ്ങിയാലും കുലുങ്ങാത്ത മുഖ്യന്‍ വഴങ്ങിയില്ല. തലവന്‍റെ എല്ലാ നടപടികളും മുളയിലേ നുള്ളിക്കളയുകയും ചെയ്തു.
ഫയലുകള്‍ ചോര്‍ത്തുന്നു എന്ന് പറഞ്ഞ് ഒന്നാമനും രണ്ടാമനും പരസ്പരം ചെളി വാരി എറിയാന്‍ തുടങ്ങിയതോടെ പോലിസ് ആസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ ഒരങ്ക തട്ടായി മാറി. ജനം മൂക്കത്ത് വിരല്‍ വച്ചു. രാഷ്ട്രീയക്കാര്‍ നാണിച്ച് തല താഴ്ത്തി.
ജൂണ്‍ 30ന് ശേഷം കാണാമെന്നാണ് രണ്ടാമന്‍റെ വെല്ലുവിളി. ‘തല’യുടെ കഞ്ഞികുടി മുട്ടിക്കുമെന്നും കേള്‍ക്കുന്നു.
അദ്ദേഹത്തിന്‍റെ പേരിലെ ഇനിഷ്യലാണ് എല്ലാത്തിനും കാരണമെന്ന് ചിലര്‍.
അതല്ല അതിനൊപ്പമുള്ള കേസാണ് കുഴപ്പമുണ്ടാക്കിയതെന്ന് മറ്റു ചിലര്‍.
പഴയ യൂണിവേഴ്സിറ്റി കോളേജ് സംഭവം മുതലേ പ്രശ്നങ്ങളുണ്ടെന്ന് കരുതുന്നവരും കുറവല്ല.
ശേഷം സ്ക്രീനില്‍. അഥവാ ജൂണ്‍ 30 ന് ശേഷം.
സ്ഥലം: സുപ്രീം കോടതി, മണ്ഡി ഹൌസ്, ന്യൂഡല്‍ഹി- 1.
ദൃശ്യ പത്ര മാധ്യമങ്ങള്‍ വഴി എല്ലാവര്‍ക്കും ക്ഷണക്കത്ത് അയക്കുന്നതാണ്. എല്ലാവരും കുടുംബസമേതം വരിക.
The End
Image credit: