അവളോട് പറയാന്‍ പാടില്ലാത്ത 12 കാര്യങ്ങള്‍

things-you-should-not-tell-to-her

ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തണമെന്ന് നമ്മള്‍ പൊതുവേ പറയാറുണ്ട്. അത് ശരിയാണ് താനും. എന്നാല്‍ അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞു കുഴിയില്‍ ചാടിയ എത്രയോ ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. രാഷ്ട്രീയത്തിലും സിനിമയിലുമൊക്കെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യാമെങ്കിലും കുടുംബ ജീവിതത്തില്‍ അങ്ങനെയല്ല.

ഒരിക്കല്‍ കേട്ട വാക്കുകള്‍ സ്ത്രീകളുടെ മനസില്‍ നിന്ന്‍ അത്ര പെട്ടെന്ന് പോകില്ല. പ്രശംസക്കും അപവാദങ്ങള്‍ക്കും അത് ഒരുപോലെ ബാധകമാണ്. അവളോട് പറയാന്‍ പാടില്ലാത്ത അത്തരം വാക്കുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

1. അവള്‍ എത്ര സുന്ദരിയാണ് !

തന്‍റെ ഭര്‍ത്താവ് മറ്റ് സ്ത്രീകളെ പുകഴ്ത്തുന്നതോ അവരെ നോക്കുന്നതോ ഒരു ഭാര്യയും ഇഷ്ടപ്പെടില്ല. എന്നാല്‍ മറ്റുള്ളവരെ വിലകുറച്ച് കാണുന്നതും അവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതും ആസ്വദിക്കുകയും ചെയ്യും. സംശയമുണ്ടോ ? എങ്കില്‍ ഐശ്വര്യ റായ്ക്ക് അത്ര സൌന്ദര്യമൊന്നും ഇല്ലെന്നും അവരുടെ കണ്ണുകള്‍ വളരെ വലുതാണെന്നുമൊക്കെ പ്രിയതമയോട് പറഞ്ഞു നോക്കൂ. കൂട്ടത്തില്‍ അവളുടെ സൌന്ദര്യത്തെ പുകഴ്ത്തുക കൂടി ചെയ്യുമ്പോള്‍ ആ മുഖം തെളിയുന്നത് കാണാം. പക്ഷേ പുകഴ്ത്തുന്നത് അമിതമായാല്‍ വിപരീത ഫലമാകും ഉണ്ടാകുക.

2. നീ പാചകം എന്‍റെ അമ്മയില്‍ നിന്ന്‍ പഠിക്കണം

എന്‍റെ അമ്മയുടെ കൈപ്പുണ്യം ഒന്നു വേറെ തന്നെയാണ്. കല്യാണത്തിന് ശേഷം എന്‍റെ തടി കുറഞ്ഞുവെന്ന് എല്ലാവരും പറയുന്നത് വെറുതെയല്ല. നീ സാമ്പാര്‍ വച്ചാല്‍ അവിയല്‍ പോലെയുണ്ട്, മീന്‍ കറി വച്ചാലോ എനിക്കു പഴയ ഹോസ്റ്റല്‍ ഫുഡ് ഓര്‍മ വരും.

തന്‍റെ പാചകത്തെ വിമര്‍ശിക്കുന്നത് അവള്‍ ഒരു പരിധി വരെ സഹിക്കുമെങ്കിലും അമ്മയുമായി താരതമ്യം ചെയ്യുമ്പോള്‍ ആ മുഖം മാറുന്നത് കാണാം. എത്ര സ്നേഹ സമ്പന്നയായാലും അമ്മായിയമ്മ അമ്മായിയമ്മ തന്നെയാണ്. ശത്രുവാണ് തന്നെക്കാള്‍ മെച്ചമെന്ന് ഒരാള്‍ പറഞ്ഞാല്‍ ആരാണ് സഹിക്കുക ?

3. കഴിഞ്ഞ രാത്രി നീ കുളമാക്കി. ഇന്നെങ്കിലും…….

രതിയില്‍ തെറ്റുകുറ്റങ്ങള്‍ പറ്റുക സാധാരണമാണ്. അതിന്‍റെ പാപഭാരം പങ്കാളിയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം പ്രായോഗികപരമായ സമീപനം സ്വീകരിക്കുകയാണ് വേണ്ടത്. പരസ്പരമുള്ള പ്രോത്സാഹനവും കൂട്ടു ചേരലുമാണ് ലൈംഗികതയെ വിജയത്തില്‍ എത്തിക്കുന്നത്.

4. മോള്‍ക്ക് ഒന്നാം റാങ്ക് കിട്ടിയതു വെറുതെയല്ല. അവള്‍ എന്‍റെ കുട്ടിയാണ്

കുട്ടികളുടെ വിജയത്തിന്‍റെ ക്രെഡിറ്റ് എടുക്കുന്നത് പലപ്പോഴും അച്ഛന്‍മാരുടെ ശീലമാണ്. അവന്‍ അല്ലെങ്കില്‍ അവള്‍ മിടുക്കരാണെന്നും തന്‍റെ ബുദ്ധിയാണ് അവര്‍ക്ക് കിട്ടിയതെന്നും അവകാശപ്പെടുന്ന പിതാവ് പക്ഷേ ഒരു തോല്‍വിയുടെ സമയം വരുമ്പോള്‍ മലക്കം മറിയുന്നത് കാണാം. എല്ലാത്തിനും കാരണം അവളുടെ ശ്രദ്ധക്കുറവാണെന്നും ടിവി സീരിയലുകള്‍ മാറ്റിവച്ച് അവള്‍ മക്കളുടെ കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും അയാള്‍ അപ്പോള്‍ പറയും.

5. നിനക്ക് ബോയ് ഫ്രണ്ട്സ് ആരെങ്കിലും ഉണ്ടായിരുന്നോ ?

പണ്ട് മുതലേ ഭാര്യമാര്‍ ആദ്യ രാത്രിയില്‍ നേരിടേണ്ടി വരുന്ന ചോദ്യമാണിത്. കാലം മാറിപ്പോയി. ഇന്ന്‍ ആണ്‍ സുഹൃത്തുക്കള്‍ ഇല്ലാത്ത സ്ത്രീകള്‍ ആരുമുണ്ടാവില്ല. ആദ്യ രാത്രിയില്‍ തന്നെ ഭര്‍ത്താവ് സം ശയാലുവാണെന്ന തോന്നല്‍ ഉളവാക്കാനേ ഈ ചോദ്യം ഉപകരിക്കൂ.

6. നിനക്ക് ഈ വേഷം ഒട്ടും ചേരുന്നില്ല. സാരിയാണ് നല്ലത്

നിനക്ക് പഴയത് പോലെ ചുരിദാര്‍ ഇപ്പോള്‍ ഒട്ടും ചേരുന്നില്ല. ഈ പ്രായത്തില്‍ സാരിയാണ് നല്ലത്.

പ്രായമായി, തടി കൂടിയിട്ടുണ്ട് തുടങ്ങിയ വാക്കുകളാണ് സ്ത്രീകള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ വെറുക്കുന്നത്. തനിക്ക് ഒരിക്കലും പ്രായമാകില്ലെന്നും എന്നും താന്‍ സ്ലിം ബ്യൂട്ടിയായിരിക്കുമെന്നും അവള്‍ വിശ്വസിക്കുന്നു. മറിച്ച് പറയുന്നത് അവള്‍ക്ക് അലോസരമുണ്ടാക്കും.

7. വേണ്ട

തന്‍റെ ഏതെങ്കിലും ആവശ്യത്തിന് നേരെ ഭര്‍ത്താവ് മുഖം തിരിക്കുന്നത് ഒരു ഭാര്യയും സഹിക്കില്ല. പ്രത്യേകിച്ച് ഷോപ്പിങ്ങിന്‍റെയോ സ്വന്തം വീട്ടുകാരുടെയോ കാര്യത്തില്‍. അതുകൊണ്ട് നയത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയോ ആവശ്യം അംഗീകരിക്കുകയോ വേണം.

8. അത് ഒരു മണ്ടന്‍ ആശയമാണ്

പല പ്രതിസന്ധി ഘട്ടങ്ങളിലും നിങ്ങള്‍ക്ക് ജീവിത പങ്കാളിയില്‍ നിന്ന്‍ ഉപദേശങ്ങള്‍ സ്വീകരിക്കേണ്ടതായി വരും. കിട്ടുന്നത് മണ്ടന്‍ ആശയമാണെങ്കില്‍ കൂടി പുറമേക്ക് അത് പ്രകടിപ്പിക്കാതെ കാര്യങ്ങള്‍ നീക്കുന്നതാണ് ബുദ്ധി. “അതൊരിക്കലും ശരിയാകില്ല. പെണ്‍ബുദ്ധി പിന്‍ബുദ്ധിയെന്ന് പറയുന്നത് വെറുതെയല്ലഎന്നൊക്കെ പറയുന്നത് ഭാര്യയെ പ്രകോപിപ്പിക്കും.

9. എന്‍റെ സ്ത്രീ സുഹൃത്തുക്കള്‍ പോലും ഇങ്ങനെയൊന്നും ചെയ്യാറില്ല

ഈ ജോലി ഇങ്ങനെയാണോ ചെയ്യുന്നത് ? എന്‍റെ അമ്മയും അനിയത്തിയും എന്തിന് ഓഫീസിലെ ആ സ്റ്റെനോ പോലും ഇതിലും നന്നായി ഷെല്‍ഫ് അടുക്കി വയ്ക്കുമല്ലോ ? പക്ഷേ നീ യാതൊരു ലോജിക്കുമില്ലാതെ പുസ്തകങ്ങളെല്ലാം അവിടെയും ഇവിടെയുമായി കൂട്ടി വച്ചിരിക്കുന്നു…………

സ്വന്തം ജോലിയെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുന്നത് ഒരു ഭാര്യയും ഇഷ്ടപ്പെടില്ല. ഏത് സാവിത്രിയെയും ഭദ്രകാളിയാക്കാന്‍ മേല്‍പ്പറഞ്ഞ വാചകം മാത്രം മതി.

10. എനിക്ക് കഴിഞ്ഞ മേയ് 15 മുതല്‍ അബദ്ധങ്ങളെ പറ്റാറുള്ളൂ. അന്നാണല്ലോ ഞാന്‍ നിന്നെ കാണാന്‍ വന്നത്

ചില ഭര്‍ത്താക്കന്‍മാര്‍ തനിക്ക് പറ്റിയ അബദ്ധങ്ങളെക്കുറിച്ച് സരസമായും അല്ലാതെയും പറയാറുണ്ട്. നിന്നെ കെട്ടിയത് എനിക്കു പറ്റിയ ഏറ്റവും വലിയ മണ്ടത്തരമാണ്, ഒരിക്കലും യോജിക്കാന്‍ പാടില്ലാത്തവര്‍ യോജിച്ചു എന്നതാണു നമ്മുടെ വിവാഹത്തിന്‍റെ ബാക്കിപത്രം എന്നൊക്കെ പറയുന്നവര്‍ ഒട്ടും കുറവല്ല. അപ്പോള്‍ അവള്‍ തനിക്ക് പണ്ട് വന്ന വിവാഹാലോചനകളുടെ മഹത്വം വിളമ്പുന്നത് കാണാം.

ഒരിക്കല്‍ ഒരു ഡോക്ടര്‍ വിവാഹാലോചനയുമായി വന്നതും തന്‍റെ താല്‍പര്യക്കുറവ് മൂലം അത് നടക്കാതെ പോയതുമെല്ലാം അവള്‍ സമര്‍ത്ഥമായി അവതരിപ്പിക്കും. കോളേജില്‍ പഠിക്കുന്ന കാലത്ത് കിട്ടിയ പ്രണയ ലേഖനങ്ങളുടെ കണക്കും കേള്‍ക്കാം. പക്ഷേ പല കാര്യങ്ങളും കണ്ടു പഴകിയ ഏതെങ്കിലും സിനിമയില്‍ നിന്നായിരിക്കും അവതരിപ്പിക്കുക എന്നു മാത്രം.

11. നീ ഇന്ന്‍ എന്തു ചെയ്യുകയായിരുന്നു ?

വീട്ടിലെ ജോലി മുഴുവന്‍ തീര്‍ത്തു വൈകുന്നേരം സ്വസ്ഥമായി ഒന്നിരിക്കുമ്പോഴാണ് അവള്‍ ഓഫീസില്‍ നിന്ന്‍ വരുന്ന ഭര്‍ത്താവിനെ കാണുന്നത്. കണ്ടപാടെ എന്തെങ്കിലും കാര്യത്തില്‍ കുറ്റം കണ്ടെത്തുന്ന ഭര്‍ത്താക്കന്‍മാര്‍ ഒട്ടും കുറവല്ല.

നീ ഇന്ന്‍ ദിവസം മുഴുവന്‍ എന്തു ചെയ്യുകയായിരുന്നു ? ഞാന്‍ പറഞ്ഞ കാര്യം ചെയ്തോ ?” എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അവളെ വേദനിപ്പിക്കും.

12. നീ കന്യകയാണോ ?

തന്‍റെ ഭാര്യ പരിശുദ്ധയായിരിക്കണമെന്നാണ് എല്ലാ ഭര്‍ത്താക്കന്മാരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് ആദ്യ ബന്ധപ്പെടലിന് മുമ്പായി അവളോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കാത്ത പുരുഷന്മാര്‍ വളരെ കുറവായിരിക്കും. എന്നാല്‍ തിരിച്ച് ഒരു സ്ത്രീയും തന്‍റെ ഭര്‍ത്താവിന്‍റെ പരിശുദ്ധിയെക്കുറിച്ച് ചോദിക്കുന്നില്ല എന്നതാണു സത്യം.തന്നെ പരിപൂര്‍ണ്ണമായി വിശ്വസിക്കുന്ന ആളാകണം ജീവിതപങ്കാളി എന്നാണ് ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുക. എന്നാല്‍ തുടക്കത്തിലെ തന്‍റെ അഭിമാനബോധം ചോദ്യം ചെയ്യപ്പെടുന്നത് അവള്‍ക്ക് വിഷമമുണ്ടാക്കും.


[My article published in British Pathram and KVartha]

Leave a Comment

Your email address will not be published. Required fields are marked *