വിവാഹത്തെക്കുറിച്ചുള്ള 20 നര്‍മ്മ ചിന്തകള്‍ 

വിവാഹത്തെക്കുറിച്ചുള്ള 20 നര്‍മ്മ ചിന്തകള്‍  1

 

കൂടിനു വെളിയില്‍ നില്‍ക്കുന്നവര്‍ക്ക് അകത്തു കയറാന്‍ മോഹം, അകപ്പെട്ടു പോയവര്‍ക്ക് വെളിയില്‍ ഇറങ്ങാന്‍ മോഹം എന്നാണ് വിവാഹത്തെ കുറിച്ച് ചില ഭാവനാശാലികള്‍ പറയുന്നത്. ബന്ധനം കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ എന്ന കവിവാക്യവും സന്ദര്‍ഭാനുസരണം അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വിവാഹത്തോടെ ജീവിതത്തിലെ സ്വാതന്ത്ര്യം നഷ്ടപ്പെടും എന്നാണ് വിരോധപക്ഷം സാക്ഷ്യപ്പെടുത്തുന്നത്.

വിവാഹത്തെ ഹാസ്യവത്ക്കരിക്കാനുള്ള ശ്രമം ആദ്യകാലം മുതലേ സാഹിത്യ ലോകത്ത് നിന്ന്‍ ഉണ്ടായിട്ടുണ്ട്. തല്‍ഫലമായി രസകരങ്ങളായ ചില ആപ്തവാക്യങ്ങളും പ്രചരിച്ചു. വിവാഹത്തെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ദുരന്തമെന്നാണ് എഴുത്തുകാരും ചിന്തകരുമായ അവരില്‍ പലരും വിശേഷിപ്പിച്ചത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അത്തരം ചില മൊഴികള്‍ പരിശോധിക്കാം. അതിന്‍റെ കര്‍ത്താക്കളില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ , അഗതാ ക്രിസ്റ്റി തുടങ്ങിയ വിഖ്യാതര്‍ മുതല്‍ സാധാരണക്കാര്‍ വരെയുണ്ട്.

1) എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും സ്ത്രീകള്‍ അവരുടെ അതേ പ്രായത്തിലുള്ള പുരുഷനെയാണ് വിവാഹം കഴിക്കേണ്ടത്. കാരണം ഭാര്യയുടെ സൌന്ദര്യം കുറയുന്നതിനൊപ്പം അയാളുടെ കാഴ്ചശക്തിയും കുറയും.

2) എല്ലാ ദുരന്തങ്ങളും മരണത്തോടെ അവസാനിക്കും, അതുപോലെ എല്ലാ സന്തോഷങ്ങളും വിവാഹത്തോടെയും..

3) സ്ത്രീകള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഭര്‍ത്താവ് ഒരു പുരാവസ്തുഗവേഷകനാണ്. . പ്രായം ചെല്ലും തോറും അയാള്‍ക്ക് അവരോടുള്ള സ്നേഹവും കൂടും.

4) വിവാഹ ജീവിതം എന്നു പറയുന്നത്, രണ്ടു വ്യത്യസ്ഥതരം സംഗീതത്തിനനുസരിച്ച് രണ്ടു വ്യക്തികള്‍ ഡ്യുവറ്റ് നൃത്തം ചെയ്യുന്നത് പോലെയാണ്.

5) ഭാര്യ ഷോപ്പിങ്ങിന്‍റെ പേരില്‍ ചെലവഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ പണം സമ്പാദിക്കുന്നയാളാണ് മികച്ച ഭര്‍ത്താവ്. അങ്ങനെയുള്ളയാളെ കണ്ടെത്തുന്നവളാണ് മികച്ച ഭാര്യ.

6) ഒരാള്‍ നിങ്ങളുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി എങ്കില്‍ അതില്‍ ദു:ഖിക്കുകയോ പ്രതികാരത്തിന് ഒരുമ്പെടുകയോ ചെയ്യരുത്. അതിനുള്ള ശിക്ഷ അയാള്‍ താനേ അനുഭവിച്ചുകൊള്ളും. .

7) പുറത്തുപോകുമ്പോള്‍ ഭാര്യയുടെ കൈ ഭര്‍ത്താവ് ചേര്‍ത്തു പിടിക്കുന്നത് സ്നേഹം കൊണ്ടൊന്നുമല്ല. ഒന്നു കൈവിട്ടാല്‍ അവള്‍ ഷോപ്പിങ്ങിന് പൊയ്ക്കളയും.

8) രണ്ടു ഭാര്യമാരുടെ കാര്യത്തിലും എന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റി. ആദ്യ ഭാര്യ എന്നെ വിട്ടു വേറൊരുത്തന്‍റെ കൂടെ പോയി. രണ്ടാമത്തേവള്‍ ഇനിയും പോയതുമില്ല.

9) വിവാഹം വരെ പുരുഷന്മാരുടെ ജീവിതം അപൂര്‍ണ്ണമാണ്. വിവാഹത്തോടെ എല്ലാം പൂര്‍ത്തിയായി !

10) വിവാഹത്തിന് മുമ്പ് നിങ്ങളുടെ കണ്ണും കാതും ശരിക്ക് തുറന്നു പിടിക്കുക. കാരണം അതിനു ശേഷം പലതും കണ്ടില്ല കേട്ടില്ല എന്നു നടിക്കാന്‍ കണ്ണും ചെവിയും പകുതി അടക്കേണ്ടി വരും.

11) കമ്പനിയില്‍ മാത്രമല്ല വീട്ടിലും ഞാനാണ് ബോസ്. പക്ഷേ തീരുമാനമെടുക്കുന്നത് ഭാര്യയാണെന്ന് മാത്രം.

12) വിവാഹിതരേക്കാള്‍ അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് സ്ത്രീകളെക്കുറിച്ച് കൂടുതല്‍ അറിയാവുന്നത്. വിവാഹത്തോടെ അവരുടെ അറിവുകള്‍ അസ്തമിക്കുകയും ചെയ്യും.

13) സ്ത്രീകള്‍ പുരുഷന്മാരെ കല്യാണം കഴിക്കുന്നത് വിവാഹത്തോടെ അവര്‍ മാറും എന്ന പ്രതീക്ഷയിലാണ്. എന്നാല്‍ പുരുഷന്മാര്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നത് അവര്‍ മാറില്ല എന്ന പ്രതീക്ഷയിലും.

14) എല്ലാവരും ചോദിക്കാറുണ്ട് എന്താണ് ഞങ്ങളുടെ സന്തുഷ്ട ദാമ്പത്യത്തിന്‍റെ രഹസ്യമെന്ന്. ഉത്തരം ലളിതമാണ്. ഞങ്ങള്‍ ആഴ്ചയില്‍ രണ്ടു ദിവസം അടുത്തുള്ള റെസ്റ്റോറന്‍റില്‍ പോകാറുണ്ട്. അവിടെ മെഴുകുതിരി വെളിച്ചത്തില്‍ അത്താഴം, ലളിത സംഗീതം, ഐസ്ക്രീം, അവസാനം ഒരു ഡാന്‍സ്. അവള്‍ പോകുന്നത് ചൊവ്വാഴ്ചകളിലാണ്. ഞാന്‍ വെള്ളിയാഴ്ചകളിലും..

15) വിവാഹ വാര്‍ഷികം എന്നത് സ്നേഹത്തിന്‍റെയും പരസ്പര വിശ്വാസത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും സഹനത്തിന്‍റെയും വേദനയുടെയും ആഘോഷമാണ്. ഈ പറഞ്ഞത് ഓരോ വര്‍ഷത്തെയും ക്രമമനുസരിച്ച് വായിക്കുക.

16) വിവാഹം എന്നത് മരണത്തിന് മുമ്പുള്ള ഒരു കാത്തിരിപ്പാണ്. ചെയ്ത പാപങ്ങളുടെയൊക്കെ ഫലം ഇവിടെ വച്ചാണ് നമ്മള്‍ അനുഭവിക്കേണ്ടത്.

17) വ്യത്യസ്ഥ ജീവിതതലങ്ങളുടെ സങ്കലനമാണ് ദാമ്പത്യം. സാഹചര്യങ്ങള്‍ക്കനുസരിച്ച് അത് നിങ്ങളെ പട്ടാളക്കാരനായോ കള്ളനായോ വൈദികനായോ തീര്‍ഥാടകനായോ മാറ്റും.

18) നിങ്ങള്‍ കേള്‍വിശക്തി സ്വല്പം കുറഞ്ഞവനാണെങ്കില്‍ വൈവാഹിക ജീവിതത്തില്‍ വിജയിക്കും. അപ്രിയമായത് പലതും കേള്‍ക്കുമ്പോഴാണ് ദാമ്പത്യങ്ങള്‍ തകരുന്നത്. അക്കാര്യത്തില്‍ നിങ്ങള്‍ ഭാഗ്യവാനാണ്.

19) ദാമ്പത്യ ജീവിതത്തിനു മൂന്നു ഘട്ടങ്ങളുണ്ട്. – ഇരുപതുകളില്‍ ഉല്ലാസത്തിനായി നിങ്ങള്‍ ടിവി കാണുന്നു. നാല്‍പതുകളില്‍ ജോലി തിരക്കിനിടയില്‍ വല്ലപ്പോഴും ടിവി കാണും. അറുപതുകളില്‍ എല്ലാം മറക്കാനായി ടിവി കാണും.

20) സ്വയം ചെയ്തുകൂട്ടിയ തെറ്റുകളുടെ പേരില്‍ ഭര്‍ത്താവിനോടു വഴക്കിടുകയും പിന്നീട് അദ്ദേഹത്തിന് മാപ്പ് കൊടുക്കുകയും ചെയ്യുന്ന ശീലക്കാരിയാണോ നിങ്ങള്‍ ? എങ്കില്‍ സംശയമില്ല, നിങ്ങള്‍ ഉത്തമ ഭാര്യ തന്നെ.

The End

[ My article published on KVartha on 03.09.2014]

 

Leave a Comment

Your email address will not be published. Required fields are marked *