സാലറി ചലഞ്ചിൽ മുങ്ങിപ്പോയ കോടീശ്വരന്മാരുടെ കണ്ണുനീർ

സാലറി ചലഞ്ചിൽ മുങ്ങിപ്പോയ കോടീശ്വരന്മാരുടെ കണ്ണുനീർ 1

ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടേയുള്ളു. കേരളത്തിലെ ഇടതു സർക്കാരിൻ്റെ അവസ്ഥ അതാണ് എന്ന് പറഞ്ഞാൽ തെറ്റില്ല. സ്പ്രിൻക്ലർ ഇടപാടിന് പിന്നാലെ സാലറി കട്ടിലും ഹൈക്കോടതി കൈ വച്ചത് സർക്കാരിനെ വല്ലാത്തൊരു പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്. ആവശ്യങ്ങൾ അനവധി, പക്ഷെ ഫണ്ടില്ല എന്ന സാഹചര്യം മറികടക്കാൻ എന്ത് ചെയ്യണം എന്ന ഗഹനമായ ആലോചനയിലാണ് ധനവകുപ്പ്. 

കോവിഡ് കാലത്ത് എല്ലാവരും വീട്ടിലിരിപ്പായതോടെയാണ് സർക്കാരിൻ്റെ വരുമാനം നിലച്ചത്. നികുതി പിരിവില്ല, വാഹന പരിശോധനയില്ല. പിന്നെ ആകപ്പാടെ പ്രതീക്ഷയുണ്ടായിരുന്നത് ബവ്കോയാണ്. അതും അടച്ചതോടെ പഴയ പ്രളയ കാലത്ത് ചില വിദ്ധ്വാൻമാർ കൊടുത്തുവിട്ട  വണ്ടിച്ചെക്കുകൾ മാത്രമാണ് ഖജനാവിൽ ബാക്കിയായത്. പാവം ശാസ്ത്രജ്ഞൻ. അന്ന് മുതൽ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ വടക്കോട്ട്‌ നോക്കിയിരിക്കാൻ തുടങ്ങിയതാണ് അദ്ദേഹം. മോദിജി ഇപ്പോൾ വരും, നോട്ടു മഴ പെയ്യിക്കും എന്നൊക്കെയായിരുന്നു കണക്കുകൂട്ടൽ. പക്ഷെ ഒന്നും ഇതുവരെ ഫലം കണ്ടില്ല. 

ഒരു വശത്ത് പണപ്പെട്ടിയിൽ ഒന്നുമില്ല, എല്ലാം നിൻ്റെ പിടിപ്പുകേടാണ് എന്ന് പറഞ്ഞുള്ള ഗൃഹനാഥൻ്റെ ശാസന. മറുവശത്ത് കോവിഡിനെ തുരത്താൻ അത് വേണം, ഇത് വേണം എന്ന് പറഞ്ഞുള്ള ടീച്ചറമ്മയുടെ പരിവേദനം പറച്ചിൽ. ഇതെല്ലാം കേട്ട് സഹികെട്ടപ്പോഴാണ് കേന്ദ്രത്തെ ഒന്നു ചൊറിയാമെന്ന് സാമ്പത്തിക വിദഗ്ധൻ വിചാരിച്ചത്. പക്ഷെ എന്ത് ചെയ്യാം? ബിഗ്‌ബോസ് മാതൃകയിൽ നാട്ടാരെ വിളിച്ച് ഇടയ്ക്കിടെ ഓരോരോ ടാസ്ക് കൊടുക്കുന്ന തിരക്കിലായ മോദിജി ഒന്നും അറിഞ്ഞ ഭാവം കാണിച്ചില്ല. പാത്രം കൊട്ടിയ ശബ്ദം പോരാത്തത് കൊണ്ടായിരിക്കും എന്ന് വിചാരിച്ച് കാര്യങ്ങൾ കൊട്ടി അവതരിപ്പിക്കാനായി ഒരു കാലി പ്ളേറ്റുമായി അദ്ദേഹം തലസ്ഥാനത്തേക്ക് വിമാനം കയറാൻ തുടങ്ങിയെങ്കിലും ലോക്ഡൗണായത് കൊണ്ട് അത് വേണ്ടെന്നു വച്ചു. 

അല്ലെങ്കിലും ശാസ്ത്രജ്ഞനാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. മോദിജിയുടെ അവസ്ഥ അറിയാത്തത് കൊണ്ടാണ് അദ്ദേഹം ഇടയ്ക്കിടെ പത്രക്കാരെ വിളിച്ച് കുറ്റം പറയുന്നത്. എന്തൊക്കെ ജോലികളാണ് പ്രധാനമന്ത്രിക്ക്  ഡൽഹിയിൽ ചെയ്യാനുള്ളത്? മോദിജി പഴയ മോദിജിയല്ലെന്ന് അന്തംകമ്മികൾ മാത്രമേ അറിയാതെയുള്ളു. അദ്ദേഹം ലോക നേതാവാണ്. ഡൊണാൾഡ് ട്രംപ് പോലും ഉപദേശങ്ങൾക്കായി  ആദ്യം വിളിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയെയാണ് എന്നത് പരസ്യമായ രഹസ്യമാണ്. അമേരിക്കക്കാർക്ക് ഒരു പാരസെറ്റമോൾ കൊടുക്കണം എങ്കിൽ പോലും മോദിജി കനിയണം. അത് പക്ഷെ പോട്ടെ എന്ന് വയ്ക്കാം. കോവിഡ് ബാധിതർക്ക് അണുനാശിനി കൊടുക്കണം എന്ന ട്രമ്പിൻ്റെ വാക്ക് ഇന്ത്യൻ ഓഹരി വിപണിയിലാണ് ഏറ്റവും കൂടുതൽ പ്രതികരണം ഉണ്ടാക്കിയത്. എന്താണ് പെട്ടെന്ന് പത്ത് ടൺ ഫിനോയിൽ കയറ്റി അയക്കണം എന്ന ആവശ്യവുമായി സതീർഥ്യൻ ഉടനെ വിളിക്കും എന്ന പ്രതീക്ഷയിലാണ് മോദിജി. 

ദോഷം പറയരുതല്ലോ, ഈ തിരക്കുകൾക്കിടയിലും പാവങ്ങളുടെ കണ്ണീരൊപ്പാൻ കേന്ദ്രം പരമാവധി ശ്രമിക്കുന്നുണ്ട്. കരച്ചിലും പിഴിച്ചിലുമായി നടന്ന എത്രയോ പട്ടിണിപ്പാവങ്ങളുടെ കടമാണ് സർക്കാർ ഇതിനിടയിൽ എഴുതി തള്ളിയത്. അത് പക്ഷെ ആത്മഹത്യാവക്കിലുള്ള ഏതെങ്കിലും കർഷകരുടെയോ ചെറുകിട കച്ചവടക്കാരുടെയോ കടമയാണെന്ന് തെറ്റിദ്ധരിക്കരുത്. വജ്ര വ്യാപാരി മെഹുൽ ചോക്‌സി, വിജയ് മല്യയുടെ കിംഗ് ഫിഷർ എയർലൈൻസ്, ബാബ രാംദേവിൻ്റെ പതഞ്‌ജലി എന്നിങ്ങനെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള പാവപ്പെട്ട വ്യവസായികളുടെ 68,607 കോടി രൂപയുടെ കിട്ടാക്കടമാണ് ആർബിഐയുടെ അനുമതിയോടെ ബാങ്കുകൾ എഴുതിത്തള്ളിയത്. 

കേരളത്തിൽ സർക്കാരിൻ്റെ  ഒരു മാസത്തെ ചിലവിന് 10,000 കോടി രൂപ വേണമെന്ന് അടുത്തിടെ തോമസ് ഐസക് പറഞ്ഞിരുന്നു. അങ്ങനെ നോക്കുമ്പോൾ ആറു മാസത്തെ ചിലവിനു തുല്യമായ പണമാണ് ഉദാര മനസ്ക്കരായ ബാങ്കുകൾ വേണ്ടെന്നു വച്ചത്. അതേ ഉദാര മനസ്ക്കത മോദിജി തങ്ങളോടും കാണിക്കും എന്ന പ്രതീക്ഷയിലാണ് കേരളം. 

അടിക്കുറിപ്പ്: വേദനിക്കുന്ന കോടീശ്വരന്മാർ മോദിജിയ്ക്ക് പണ്ടേ ഒരു വീക്ക്നെസാണ്. അക്കാര്യത്തിൽ അദ്ദേഹവും കേരളത്തിലെ സിപിഎം നേതാക്കളും ഒരേ തൂവല്പക്ഷികളാണെന്ന് ശത്രുക്കൾ പറയുമെങ്കിലും അതൊന്നും കാര്യമാക്കാനില്ല. മുതലാളിത്തത്തോട് സന്ധിയില്ലാ സമരം ചെയ്യുമ്പോൾ ബൂർഷ്വകളും വലതുപക്ഷ മാധ്യമങ്ങളും നുണ പ്രചാരണം നടത്തുന്നത് പതിവാണല്ലോ.


Cover image credit: The Hindu