മുരുദേശ്വര്‍ എന്നത് മംഗലാപുരത്ത് നിന്ന് 160 കി. മി വടക്കായി അറബിക്കടലിന്‍റെ തീരത്തുള്ള ഒരു ക്ഷേത്ര നഗരമാണ്. വടക്കന്‍ കാനറ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നഗരം എന്നു പറഞ്ഞാല്‍ ശിവ ക്ഷേത്രവും ചുറ്റുമുള്ള ഏതാനും ഹോട്ടലുകളും മാത്രമാണു ഇവിടെയുള്ളത്.
ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം 123 അടി പൊക്കമുള്ള പരമശിവന്‍റെ പ്രതിമയാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ ശിവ പ്രതിമയാണ്.അടുത്ത കാലത്തായി പണി കഴിപ്പിച്ച രാജ ഗോപുരത്തിന് 249 അടി പൊക്കമുണ്ട്.ഇത് ഉത്ഘാടനം ചെയ്തത് 2008 മേയിലാണ്. ശിവന്‍റെ പ്രതിമയും ഗോപുരവും വളരെ ദൂരെ നിന്നു തന്നെ കാണാന്‍ സാധിയ്ക്കും.
ഞാന്‍ യാത്ര തുടങ്ങിയത് മംഗലാപുരത്ത് നിന്നാണ്. കൂടെ അച്ഛനും അമ്മയും ചേച്ചിയും ഒക്കെ ഉണ്ട്. രാവിലെ 6.20നുള്ള മഡ്ഗാവ് മെയിലിലാണ് ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നത്. 10 മണിക്ക് മുരുദേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും. വെളുപ്പിനെയായത് കൊണ്ട് സ്റ്റേഷനില്‍ നിന്ന് ഫുഡ് പാഴ്സല്‍ വാങ്ങിച്ചു കൊണ്ടാണ് പുറപ്പെട്ടത്. പോകുന്ന വഴിക്കാണ് കുന്ദാപുര സ്റ്റേഷന്‍. ഇവിടെ അല്ലെങ്കില്‍ ബൈണ്ടൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോകാം. അവിടെ എത്തിയപ്പോള്‍ കുറെ പേര്‍ ഇറങ്ങി. മുരുദേശ്വര്‍ പോകാനായി നിറയെ യാത്രികര്‍ ട്രെയിനില്‍ ഉണ്ട്. പത്തു മണി കഴിഞ്ഞപ്പോഴേക്കും മുരുദേശ്വര്‍ സ്റ്റേഷനില്‍ എത്തി. അത്യാവശ്യം സൌകര്യങ്ങള്‍ മാത്രമുള്ള ചെറിയ സ്റ്റേഷന്‍ ആണത്. അവിടെ നിന്നു ക്ഷേത്രത്തില്‍ പോകാനായി ബസ് സര്‍വീസ് ഒന്നുമില്ല. അത് കൊണ്ട് ഓട്ടോ വിളിച്ച് അങ്ങോട്ടേക്ക് തിരിച്ചു. മൂന്നോ നാലോ കിലോമീറ്റര്‍ ദൂരം. 20 രൂപയാണ് ചാര്‍ജ്. ഒരു മുക്കുവ ഗ്രാമത്തില്‍ എത്തിയ പ്രതീതിയാണ് ക്ഷേത്രത്തിന് മുന്നില്‍ എത്തിയപ്പോള്‍ തോന്നിയത്.ഒരു വശം കടല്‍…………… മനോഹരമായ കാഴ്ച……….. ക്ഷേത്രത്തില്‍ നല്ല തിരക്കുണ്ടായിരുന്നു…………..
രാജ ഗോപുരത്തിന് 22 നിലകളുണ്ട്. ലിഫ്റ്റ് സൌകര്യവും ലഭ്യമാണ്. ടിക്കറ്റ് എടുത്താല്‍ അതില്‍ കയറി നമുക്ക് ഏറ്റവും മുകളിലത്തെ നിലയില്‍ പോകാം. അവിടെ നിന്നുള്ള കടലിന്‍റെയും ക്ഷേത്ര നഗരത്തിന്‍റെയും ആകാശ കാഴ്ചകള്‍ മനോഹരമാണ്. അന്നദാനത്തിലും പങ്കെടുത്തതിന് ശേഷം ഞങ്ങള്‍ പുറത്തേക്കിറങ്ങി.
തീര്‍ഥാടന കേന്ദ്രം എന്നതിലുപരി ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് മുരുദേശ്വര്‍. എന്നിരുന്നാലും പരിസരത്ത് നല്ല ഹോട്ടലോ മറ്റ് ബസ് സൌകര്യങ്ങളോ ഇല്ലാത്തത് ഒരു ന്യൂനതയായി തോന്നി. അപ്പോഴേക്കും ഞങ്ങളുടെ മടക്ക യാത്രയ്ക്കുള്ള ട്രെയിനിന്‍റെ സമയമായി……………… അത് കൊണ്ട് ഞങ്ങള്‍ ആ നഗരത്തോട് യാത്ര പറഞ്ഞിറങ്ങി. പക്ഷേ അപ്പോഴും മഹാദേവന്‍റെ കണ്ണുകളും രൂപവും ഞങ്ങളെ അനുഗമിച്ചുകൊണ്ടേയിരുന്നു………………