കുറേ നേരമായി പരിസരത്ത് ചുറ്റിത്തിരിയുന്ന ആ അപരിചിതനെ ചായക്കടക്കാരന് കുമാരേട്ടനാണ് ആദ്യം കണ്ടത്. കയ്യിലൊരു കറുത്ത സ്യൂട്ട്കേയ്സുമുണ്ട്.
ചോദിച്ചപ്പോള്‍ കോപ്രാംതുരുത്ത് നിവാസികള്‍ക്ക് അത്ര പരിചയമില്ലാത്ത ഏതോ ഭാഷയാണ് അയാള്‍ മൊഴിഞ്ഞത്. കയ്യിലെ പെട്ടി അവിചാരിതമായി തുറന്നപ്പോള്‍ കണ്ടത് അടുക്കി വച്ചിരിക്കുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകളാണ്. അതോടെ വന്നിരിക്കുന്നത് കള്ളപ്പണക്കാരന് തന്നെയാണെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു.
കറന്‍സി നിരോധനം കാരണം ചാക്കില്‍ നോട്ടുകെട്ടുകളുമായി കള്ളപ്പണക്കാര്‍ നാട് മുഴുവന്‍ കറങ്ങി നടക്കുകയാണെന്ന് മെമ്പര്‍ പുരുഷു അല്പം മുമ്പ് കൂടി പറഞ്ഞിട്ട് പോയതെയുള്ളു.. ആവശ്യക്കാര്‍ക്ക് വായ്പയെന്ന പേരില്‍ അവര്‍ പണം വാരിക്കോരിക്കൊടുക്കുമത്രേ. ബാക്കി വരുന്നവ ഏതെങ്കിലും പൊന്തക്കാട്ടിലോ ഗുഹയിലോ ഒളിപ്പിക്കുകയും ചെയ്യും.
വിവരം കേട്ടപ്പാടെ പുരുഷു ഓടിക്കിതച്ചെത്തി. തന്റെ വാര്‍ഡ് പരിധിയില്‍ ആദ്യമായി കിട്ടിയ രാജ്യദ്രോഹിയെ കൈകാര്യം ചെയ്യാന്‍ ചോര തിളച്ചെങ്കിലും അയാളുടെ കയ്യില്‍ തടഞ്ഞത് ആഗതന്റെ പോക്കറ്റിലുണ്ടായിരുന്ന ബസ് ടിക്കറ്റാണ്.
ബാംഗ്ലൂരില്‍ നിന്നുള്ള വോള്‍വോ ബസ് ടിക്കറ്റ്. അതു കണ്ടപ്പോള്‍ പുരുഷുവിന്റെ ദേഷ്യം കൂടി.
ഇവന് മല്ല്യയുടെ ആളാ, സംശയമില്ല. പൂഴ്ത്തിവയ്ക്കാനായി അയാള്‍ കൊടുത്തുവിട്ട കള്ളപ്പണമാണ് ഈ സ്യൂട്ട്കേയ്സിലുള്ളത്. : അയാള്‍ പ്രഖ്യാപിച്ചു. എന്നിട്ടും വിശ്വാസം വരാതെ തരിച്ചു നില്ക്കുന്ന നാട്ടുകാരോടായി പുരുഷു വീണ്ടും ചോദിച്ചു.
എന്താ വിശ്വാസം വരുന്നില്ലേ ? സര്‍ക്കാരിന്റെ പുതിയ കറന്‍സി നയം കാരണം കള്ളപ്പണക്കാര്‍ നാട് മുഴുവന്‍ നെട്ടോട്ടമോടുകയാണെന്നു ഞാന്‍ അന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്തൊക്കെയാ പറഞ്ഞത് ? എനിക്ക് തലയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് കളിയാക്കുക വരെ ചെയ്തു ഇവിടെ ചിലര്‍. എന്നിട്ടെന്തായി ? എല്ലാം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ ?
അരേ ഭായി…………. : അപരിചിതന് എന്തോ പറയാന്‍ തുനിഞ്ഞപ്പോള്‍ പുരുഷു അയാളെ കണ്ണുരുട്ടി പേടിപ്പിച്ചു.
മിണ്ടരുത് കള്ളപ്പണക്കാരാ. നിന്നെ പോലുള്ള സാമദ്രോഹികള്‍ കാരണമാണ് നമ്മുടെ രാജ്യം ഇന്ന് ഈ നിലയിലായത്. നോക്കിക്കോ, സകലതിനെയും ഞങ്ങള്‍ അഴിയെണ്ണിക്കും.
അത്രയും പറഞ്ഞ് അയാള്‍ ഫോണെടുത്ത് നൂറിലേക്ക് വിളിച്ചു.
ഹലോ, എസ് ഐ പീതാംബരനല്ലേ ? ഞാന്‍ മെമ്പര്‍ പുരുഷുവാണ്. നിങ്ങള്‍ എത്രയും പെട്ടെന്ന് ഒരു വണ്ടി നിറയെ പോലീസുമായി നമ്മുടെ കുമാരേട്ടന്റെ ചായക്കടയില്‍ വരണം. ങേ, മോഷണമൊന്നുമല്ല. ഒരു കള്ളപ്പണക്കാരനെ തൊണ്ടി സഹിതം പിടിച്ചിട്ടുണ്ട്. വേഗം വന്നാല്‍ കൊണ്ടു പോകാം.
അല്ല, പുരുഷു. നീ പറഞ്ഞത് പോലെ കള്ളപ്പണം ഒളിപ്പിക്കാനായി ഇയാള്‍ ബാംഗ്ലൂരില്‍ നിന്ന് ഇവിടെ വരെ വന്നത് എന്തിനാ ? അതിന് പറ്റിയ എത്രയോ സ്ഥലങ്ങള്‍ വേറെയുണ്ട്. : ഫോണ്‍ വച്ച് കഴിഞ്ഞപ്പോള്‍ അതുവരെ മിണ്ടാതിരുന്ന കുമാരേട്ടന് സംശയം ചോദിച്ചു. അത് ശരി വയ്ക്കുന്ന മട്ടില്‍ തയ്യല്ക്കാരന് ചന്ദ്രനും വാസുമേസ്ത്രിയും തലയാട്ടി.
അതാണ് പറഞ്ഞത്, നിങ്ങള്‍ക്ക് വിവരമില്ല എന്ന്. സാരമില്ല, എന്നെ വീണ്ടും വീണ്ടും തിരഞ്ഞെടുത്ത് നിങ്ങളത് പലകുറി തെളിയിച്ചതാണല്ലോ. അതുകൊണ്ട് ഞാനതങ്ങ് ക്ഷമിച്ചു : പുരുഷു അലമാര തുറന്ന് ഒരു ഉണ്ടന് പൊരി എടുത്തുകൊണ്ട് പറഞ്ഞു.
നമ്മുടെ ഈ നാടിന്റെ പ്രത്യേകതയെന്താ ? മൂന്നു വശവും കായലാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു അവികസിത ഗ്രാമം. അടുത്ത പട്ടണത്തിലെത്തണമെങ്കില് കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും യാത്ര ചെയ്യണം. ചുരുക്കത്തില്‍, ഒളിച്ചു താമസിക്കാന്‍ പറ്റിയ അന്തരിക്ഷം. പോരാത്തതിന് പഞ്ചായത്ത് റോഡിന്റെ പണിക്കായി വന്ന കുറേ ബംഗാളികളും ഇവിടെയുണ്ട്. ഇന്ന് ഇത്തരം സകല ഇടപാടുകളും നടത്തുന്നത് അവന്മാര് വഴിയാണല്ലോ. കഷ്ടകാലത്തിന് പോലിസ് വന്നാല്‍ തന്നെ ബോട്ടിലോ വള്ളത്തിലോ കയറി ഇവനൊക്കെ രക്ഷപ്പെടുകയും ചെയ്യാം.: ഒരു വിജ്ഞാനിയെ പോലെ മെമ്പര്‍ പറഞ്ഞപ്പോള്‍ അതില്‍ കാര്യമുണ്ടെന്ന് കൂടി നിന്നവര്‍ക്കും തോന്നി. ഇത്ര അറിവുള്ളയാളെ നാളിതുവരെ അവഗണിക്കുകയും കളിയാക്കുകയുമൊക്കെ ചെയ്തതില്‍ ചിലര്‍ക്കെങ്കിലും വിഷമം തോന്നി എന്നത് ഈ അവസരത്തില്‍ പ്രത്യേകം പറയണം.
Read മംഗള്യാന് ഒരു കത്ത്
അല്ല, പുരുഷുവേട്ടാ, ലവന്മാരുടെ സഹകരണ ബാങ്കിന്റെ ഉത്ഘാടനം നാളെയല്ലേ ? ഇയാള്‍ ഇനി അങ്ങോട്ടെങ്ങാനും വന്നതാകുമോ ? : വാലുകളില്‍ ഒരുത്തന്റെ ചോദ്യം കേട്ടപ്പോള്‍ മെമ്പറുടെ മുഖം നിലാവെട്ടം കണ്ട കുറുക്കനെ പോലെ തെളിഞ്ഞു.
ങേ അത് ശരിയാണല്ലോ. ഞാനതോര്‍ത്തില്ല. നാളെയല്ലേ അവരുടെ ബാങ്കിന്റെ പുതിയ ബ്രാഞ്ച് ഉത്ഘാടനം ചെയ്യുന്നത്. അങ്ങോട്ടേക്ക് ഇവിടെ നിന്ന് കഷ്ടിച്ച് ഒരു ഫര്‍ലോംഗ് ദൂരമേയുള്ളൂ. അപ്പോള്‍ ഇവന് കള്ളപ്പണം വെളുപ്പിക്കാന്‍ വന്നവനാണ്.
പുരുഷു കൈ തരിപ്പ് തീര്‍ക്കാനായി ഹിന്ദിക്കാരനു നേരെ തിരിഞ്ഞെങ്കിലും പുറത്ത് പോലിസ് ജീപ്പ് വന്നു നില്ക്കുന്ന ശബ്ധം കേട്ട് അടങ്ങി. ജീപ്പില്‍ നിന്ന് ചാടിയിറങ്ങിയ എസ് ഐയും സംഘവും കടയിലേക്ക് മാര്‍ച്ച് പാസ്റ്റ് ചെയ്തു.
പ്രതി എവിടെയെന്ന എസ് ഐയുടെ കണ്ണിലെ ചോദ്യം തിരിച്ചറിഞ്ഞ ആരോ അപരിചിതനെ കാണിച്ചു കൊടുത്തു. അനന്തരം പീതാംബരന് കൂടെയുണ്ടായിരുന്ന കോണ്സ്ടബിളിനു നേരെ തിരിയുകയും അയാള്‍ നീട്ടിയ ഫയലിലെ ഫോട്ടോകളിലൂടെ കണ്ണോടിക്കുകയും ചെയ്തു.
തൂ സമന്തര്‍ ഹൈ ? : എസ്ഐയുടെ ചോദ്യത്തിന് പ്രതി അതെയെന്ന് തലയാട്ടി. അയാളെ തിരിച്ചറിഞ്ഞ സന്തോഷത്തില്‍ കാക്കിക്കുള്ളിലെ നരസിംഹം എന്ന് സ്വയം വിശേഷിപ്പിക്കുന്ന പീതാംബരന് നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞു.
ഇയാള്‍ കള്ളപ്പണക്കാരനാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് ?
മറുപടി പറയുന്നതിന് പകരം എല്ലാവരും മെമ്പറെ നോക്കി.
ഞാനാ സാറേ, എന്താ ? : ഭവ്യതയോടെ പുരുഷു മുണ്ടിന്റെ മടക്കിക്കുത്തഴിച്ചു.
താന്‍ വീണ്ടും കാള പെറ്റു എന്നു കേട്ടപ്പോള്‍ കയറെടുത്തു അല്ലേ ?: പീതാംബരന് തന്റെ കൊമ്പന് മീശ തടവിക്കൊണ്ട് ചിരിച്ചു.
ഇയാള്‍ കള്ളപ്പണക്കാരനൊന്നുമല്ല, നല്ല ഒന്നാന്തരം കള്ളനാ. മഹാരാഷ്ട്രക്കാരന് സമന്തര്‍. കഴിഞ്ഞയാഴ്ച നമ്മുടെ ചന്തമുക്കിലെ കെ എസ് ഇ ബി ഓഫിസ് കുത്തി തുറന്ന് മൂന്നു ലക്ഷം മോഷ്ടിച്ചത് ഇവനാ. കിട്ടിയത് മുഴുവന്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍. അതുമായി നാട്ടിലേക്ക് വണ്ടി കയറാനിരുന്നപ്പോഴാ നോട്ടെല്ലാം അസാധുവായെന്നറിഞ്ഞത് . അതോടെ പാവത്തിന്റെ പിരി തെറ്റി. ഇപ്പോള്‍ തെക്കേതാ വടക്കേതാ എന്നു പോലും നിശ്ചയമില്ല. മോഷണം നടന്ന സ്ഥലത്തെ സിസി ക്യാമറയില്‍ കണ്ടത് മുതല്‍ ഞങ്ങള്‍ ഇവനെ തപ്പി നടക്കുകയായിരുന്നു. ഇപ്പോഴാ കിട്ടിയത്. ഇക്കാര്യത്തില്‍ പോലിസിനെ സഹായിച്ച എല്ലാവര്ക്കും നന്ദി. എന്നാല്‍ വരട്ടെ, : എല്ലാവരെയും നോക്കി, കള്ളനെയും കൊണ്ട് അയാള്‍ പുറത്തേക്ക് നടന്നു.
അപ്പോള്‍ കള്ളനെ പിടിച്ചത് മെമ്പര്‍ പുരുഷുവാണെന്ന് പത്രത്തില്‍ കൊടുത്തോട്ടെ , സര്: പിന്നില്‍ നിന്നുള്ള പുരുഷുവിന്റെ ചോദ്യം കേട്ടപ്പോള്‍ എസ് ഐ തിരിഞ്ഞ് അയാളെ ഒന്നിരുത്തി നോക്കി. തുടര്‍ന്ന് എതിര്‍ത്തൊന്നും പറയാതെ മറ്റുള്ളവര്‍ക്കൊപ്പം ജീപ്പില്‍ കയറിപ്പോകുകയും ചെയ്തു. മൌനം സമ്മതമായെടുത്ത പുരുഷുവും വാലുകളും അതോടെ ആഘോഷം തുടങ്ങി.
അങ്ങനെ കള്ളപ്പണക്കാരനെ തേടിയെത്തിയ പുരുഷു കള്ളനെ പിടിച്ചവനായി. കള്ളപ്പണക്കാരെ തേടിയുള്ള അയാളുടെ യാത്ര ഇനിയും തുടരും.
The End
Read ചില നോട്ട് കഥകള്‍
Image Credit :