ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകം വരെ ഏകദിന ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍മാരും ബൌളര്‍മാരും തമ്മില്‍ സമാസമം പോരാട്ടമാണ് നടന്നിരുന്നത്. ഡോണാള്‍ഡ് ബ്രാഡ്മാന്‍, വിവിയന്‍ റിച്ചാര്‍ഡ്സ്, അലന്‍ ബോര്‍ഡര്‍ ക്ലൈവ് ലോയ്ഡ് എന്നിവര്‍ മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെയുള്ളവര്‍ ബാറ്റുമായി തലയെടുപ്പോടെ നിന്നപ്പോള്‍ ജോള്‍ ഗാര്‍ണരും ഹാഡ്ലിയും പൊള്ളോക്കും ഷെയിന്‍ വോണും മുരളീധരനും ബൌളര്‍മാരുടെ കളം വാണു. ഇവരില്‍ പലരും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ആ മത്സരങ്ങള്‍ രണ്ടു ടീമുകള്‍ തമ്മിലുള്ള പോരാട്ടമായല്ല, മറിച്ച് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമായാണ് ക്രിക്കറ്റ് പണ്ഡിതര്‍ പോലും ചിത്രീകരിച്ചത്.
സച്ചിനും വോണും സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് നാളുകള്‍ ഏറെയായെങ്കിലും വാശിയോടെ ഇരുവരും ഏറ്റുമുട്ടിയ കളികള്‍ ഇന്നും ആസ്വാദകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
ഇരു വിഭാഗവും ബലാബലം നിന്നിരുന്ന അക്കാലത്ത് ഒരു ബാറ്റ്സ്മാന്‍ സെഞ്ചുറി അടിക്കുന്നത് തന്നെ വലിയ കാര്യമായിരുന്നു, 150 കടക്കുന്നത് അപൂര്‍വ്വതയും. എന്നാല്‍ രണ്ടായിരത്തിന് ശേഷം സ്ഥിതി മാറി.
കാണികളും പരസ്യ ദാതാക്കളും മുതല്‍ ഐസിസി വരെ റണ്ണൊഴുക്കിന് പ്രാധാന്യം കൊടുത്തപ്പോള്‍ ക്രിക്കറ്റ് പിച്ച് ബാറ്റ്സ്മാന്‍മാരുടെ പറുദീസയായി മാറി. ഏകദിന ക്രിക്കറ്റില്‍ ടീം സ്കോര്‍ മുന്നൂറും നാന്നൂറും കടക്കുന്നത് സാര്‍വത്രികവുമായി.
ബൌളര്‍മാരുടെ പ്രാധാന്യം കുറഞ്ഞപ്പോൾ കോളടിച്ചത് ബാറ്റ്സ്മാന്‍മാര്‍ക്കാണ്. വിവിയന്‍ റിച്ചാര്‍ഡ്സ് അടിച്ചു കൂട്ടിയ 189 റണ്‍സ് എത്ര കാലമാണ് ഏകദിന ക്രിക്കറ്റിന്റെ ഉത്തുംഗശൃംഗത്തില്‍ വിരാജിച്ചതെന്ന് നോക്കുക. 1984ല്‍ അദ്ദേഹം സൃഷ്ടിച്ച റെക്കോര്‍ഡ് മറികടക്കാന്‍ 1997 വരെ കാത്തിരിക്കേണ്ടി വന്നു.
1997 മേയ് മാസത്തില്‍ ചെന്നൈയില്‍ നടന്ന ഇന്ത്യക്കെതിരായ മത്സരത്തില്‍ 194 റണ്‍സ് കുറിച്ച പാക്കിസ്ഥാന്‍റെ സയ്യിദ് അന്‍വറാണ് ഏകദിനത്തിലെ പുതിയ ടോപ് സ്കോററായത്. ഒരു വ്യാഴവട്ടത്തിന് ശേഷം ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സിംബാബ്വേ യുടെ ചാള്‍സ് കവന്റ്രിയും 194 റണ്‍സ് അടിച്ചതോടെ അന്‍വറിനൊപ്പം മറ്റൊരു പേര്‍ കൂടി എഴുതി ചേര്‍ക്കപ്പെട്ടു. പക്ഷെ ആ നേട്ടത്തിന് അധികം ആയുസ്സുണ്ടായില്ല. ആറു മാസങ്ങള്‍ക്കപ്പുറം ഒരു ഇതിഹാസ താരം ആ റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു.
2010 ഫെബ്രുവരി ഇരുപത്തിനാലിന് ഗ്വാളിയറില്‍ വച്ചു നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം ഏതൊരു പതിവ് കളിയും പോലെയാണ് തുടങ്ങിയത്. പക്ഷെ ആ ദിനം ചരിത്രത്തിന്‍റെ ഭാഗമാകുന്നത് പിന്നീട് അത്ഭുതത്തോടെയാണ് കാണികള്‍ തിരിച്ചറിഞ്ഞത്. പുരുഷ ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട ശതകം പിറന്ന മത്സരം.
ഒരു വ്യാഴവട്ട കാലത്തിനു മുന്നേ വനിതാ ക്രിക്കറ്റില്‍ ഇരട്ട ശതകം പിറന്നിരുന്നു. 1997 ഡിസംബറിലാണ് ആസ്ത്രേലിയയുടെ ബെലിന്റ ക്ലാര്‍ക്ക് 229 റണ്‍സ് അടിച്ച് ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറിക്കാരിയായത്. വനിതാ ലോകകപ്പിലെ ഡെന്മാര്‍ക്കിനെതിരായ കളിക്ക് മുംബൈ ആണ് വേദിയായത്. 155 പന്തില്‍ നിന്ന് 22 ഫോറുകളുടെ അകമ്പടിയോടെയാണ് ക്ലാര്‍ക്ക് വമ്പന്‍ സ്കോര്‍ നേടിയത്. ആ മത്സരത്തില്‍ 147.74 ആയിരുന്നു അവരുടെ സ്ട്രൈക്ക് റേറ്റ്.
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്നിംഗ്സിലെ പകുതിയിലധികം പന്തുകള്‍ ഒറ്റക്ക് നേരിട്ട സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇരുന്നൂറു റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 25 ഫോറും മൂന്നു സിക്സും നേടിയ അദ്ദേഹം 147 പന്തുകളില്‍ നിന്ന് 136.05 സ്ട്രൈക്ക് റേറ്റോടെയാണ് നേട്ടം പൂര്‍ത്തിയാക്കിയത്. 401 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 248 റണ്‍സില്‍ ഒതുക്കുകയും ചെയ്തു. ഇന്ത്യക്ക് 153 റണ്‍സ് വിജയം.
രണ്ടു വര്‍ഷം തികയുന്നതിന് മുമ്പേ 2011 ഡിസംബറില്‍ ഇന്ത്യയുടെ തന്നെ വിരേന്ദര്‍ സേവാഗ് ആ നേട്ടം മറികടന്നു. തുടര്‍ന്നും പലകുറി ഇരട്ട ശതകങ്ങള്‍ നാം ഏകദിന ക്രിക്കറ്റില്‍ കണ്ടു.
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലാണ് വിരേന്ദര്‍ സേവാഗ് ഇരുന്നൂറു റണ്‍സ് മറികടക്കുന്ന ആദ്യ ബാറ്റ്സ്മാനായത്. 149 പന്തുകള്‍ നേരിട്ട അദ്ദേഹം 25 ഫോറും 7സിക്സും സഹിതം 219 റൺസ് അടിച്ചുകൂട്ടി. 146.97 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ഇന്ത്യയുടെ 418 റണ്‍സ് മറികടക്കാന്‍ കഴിയാതെ 265 റണ്‍സ് എടുക്കുമ്പോഴേക്കും എല്ലാ വിന്‍ഡിസ് ബാറ്റ്സ്മാന്‍മാരും പുറത്തായി. വീണ്ടും 153 റണ്‍സ് വിജയം ഇന്ത്യക്ക് സ്വന്തം.
വീണ്ടും മൂന്നാം വര്‍ഷത്തിന്‍റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഇന്ത്യയുടെ തന്നെ രോഹിത്ത് ശര്‍മ്മയും ഇരുന്നൂറു റണ്‍സ് ക്ലബ്ബില്‍ ഇടം പിടിച്ചു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് സെവാഗിന്റെ നേട്ടം മറികടക്കാനായില്ല. ആസ്ത്രേലിയക്കെതിരായ മത്സരത്തില്‍ 158 പന്തുകളില്‍ നിന്നാണ് രോഹിത് 209 റണ്‍സ് നേടിയത്. 12 ഫോറും 16 സിക്സും അടങ്ങിയതായിരുന്നു ഇന്നിംഗ്സ്.
ആദ്യ ശ്രമത്തില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തൊട്ടടുത്ത നവംബറില്‍ അദ്ദേഹം ചരിത്ര നേട്ടത്തോടെ ഏകദിന ക്രിക്കറ്റിലെ പുതിയ രാജാവായി. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ 264 റണ്‍സ് നേടിയ അദ്ദേഹം ആ ഒറ്റ ഇന്നിംഗ്സ് കൊണ്ട് അനവധി റെക്കോര്‍ഡുകളാണ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. ഏകദിന ക്രിക്കറ്റില്‍ 250 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാന്‍, ഒന്നിലധികം തവണ ഇരുന്നൂറു കടക്കുന്ന ആദ്യ ബാറ്റ്സ്മാന്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു.
173 പന്തില്‍ നിന്ന് 33 ഫോറും 9 സിക്സും ഉള്‍പ്പടെ 152.60 സ്ട്രൈക്ക് റേറ്റോടെ രോഹിത് ശര്‍മ്മ ലങ്കന്‍ പടയെ സ്റ്റേഡിയത്തിന്‍റെ നാലു വശത്തേക്കും പായിച്ചപ്പോള്‍ ഇന്ത്യ ഒരിക്കല്‍ കൂടി 400 എന്ന മാസ്മരിക സ്കോര്‍ പടുത്തുയര്‍ത്തി. ഇന്ത്യയുടെ 404 റണ്‍സിന് മറുപടി നല്‍കാനിറങ്ങിയ ലങ്കക്ക് 251 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. അതോടെ സച്ചിന്‍, സേവാഗ് മത്സരങ്ങളിലെന്ന പോലെ മൂന്നാമതും ഇന്ത്യ എതിരാളികളുടെ മേല്‍ 153 റണ്‍സിന്‍റെ വിജയം നേടി.
രോഹിത് ശര്‍മ്മയുടെ പുതിയ നേട്ടത്തോടെ മറ്റൊരു അപൂര്‍വ്വതക്കും കാലം സാക്ഷിയായി. അന്ന് വരെ കുറിച്ച നാലു ഇരട്ട ശതകങ്ങളും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ സംഭാവനയായിരുന്നു. മത്സരങ്ങള്‍ നടന്നതും ഇന്ത്യയില്‍. മറ്റ് ടീമുകളും ബാറ്റ്സ്മാന്‍മാരും അസൂയയോടെയാണ് ഇന്ത്യന്‍ കളിക്കാരുടെ തേരോട്ടത്തെ നോക്കിക്കണ്ടത്.
2015 ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ് ഗെയിലും മാര്‍ച്ചില്‍ ന്യൂസിലന്റിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലും 200 റണ്‍സ് ക്ലബ്ബില്‍ അംഗത്വമെടുത്തെങ്കിലും ഇരുവര്‍ക്കും രോഹിതിന്റെ സ്കോര്‍ മറികടക്കാന്‍ കഴിഞ്ഞില്ല. ഗെയില്‍ സിംബാബ്വേക്കെതിരെ 215 റണ്‍സ് എടുത്തപ്പോള്‍ ഗപ്റ്റില്‍ വിന്‍ഡിസിനെതിരെ 237 റണ്‍സുമായി പുറത്താകാതെ നിന്നു. സ്ട്രൈക്ക് റേറ്റ് മാത്രമെടുത്താല്‍ രോഹിതിന്റെയും സെവാഗിന്‍റെയും താഴെയാണ് ഇരുവരുടെയും സ്ഥാനം.
അതിനു ശേഷം, 2017 ഡിസംബര്‍ 13ന് രോഹിത് ശര്‍മ ഏകദിനത്തില്‍ മൂന്നാമതും ഇരുന്നൂറു കടന്നു. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് രോഹിത് അവിസ്മരണീയമായ നേട്ടം സ്വന്തമാക്കിയത്. 153 പന്തുകളില്‍ നിന്ന് 13 ഫോറുകളുടെയും 12 സിക്സുകളുടെയും അകമ്പടിയോടെ 208 റണ്‍സെടുത്ത അദ്ദേഹം പുറത്താകാതെ നിന്നു. 135.94 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.
ഇന്ത്യ കുറിച്ച 392 റണ്‍സിന് മറുപടിയായി 251 റണ്‍സ് അടിക്കാനേ ലങ്കക്ക് കഴിഞ്ഞുള്ളൂ. 141 റണ്‍സിന്‍റെ വിജയം. രോഹിത്-ഋതിക വിവാഹത്തിന്‍റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് രോഹിതിന്റെ മൂന്നാമത്തെ ഇരട്ട ശതകം പിറന്നതെന്ന പ്രത്യേകതയും ഇതോടൊപ്പം ചേര്‍ത്തു വായിക്കാം.
തുടർന്നുള്ള വർഷങ്ങളിൽ പാക്കിസ്ഥാന്റെ ഫഖർ സമൻ, ന്യൂസിലൻഡിന്റെ അമേലിയ കെർ, ഇന്ത്യയുടെ ഇഷാൻ കിഷൻ, ശുഭമാൻ ഗിൽ എന്നിവരും ഏകദിന ക്രിക്കറ്റിലെ ഇരുന്നൂറ് എന്ന കടമ്പ കടന്നിട്ടുണ്ട്.
ഏകദിനത്തിലെ ഡബിൾ സെഞ്ചുറിയൻ കോടിപതികൾ ഇവരാണ്,
പേര്‍ | രാജ്യം | എതിരാളി | സ്കോർ | വർഷം |
---|---|---|---|---|
ബെലിൻഡ ക്ലാർക്ക് | ആസ്ട്രേലിയ | ഡെന്മാർക്ക് | 229* | 1997 |
സച്ചിൻ ടെണ്ടുൽക്കർ | ഇന്ത്യ | ദക്ഷിണാഫ്രിക്ക | 200* | 2010 |
വീരേന്ദർ സെവാഗ് | ഇന്ത്യ | വെസ്റ്റ് ഇൻഡീസ് | 219 | 2011 |
രോഹിത് ശർമ്മ | ഇന്ത്യ | ആസ്ട്രേലിയ | 209 | 2013 |
രോഹിത് ശർമ്മ | ഇന്ത്യ | ശ്രീലങ്ക | 264 | 2014 |
ക്രിസ് ഗെയ്ൽ | വെസ്റ്റ് ഇൻഡീസ് | സിംബാബ്വെ | 215 | 2015 |
മാർട്ടിൻ ഗുപ്റ്റിൽ | ന്യൂസിലാൻഡ് | വെസ്റ്റ് ഇൻഡീസ് | 237* | 2015 |
രോഹിത് ശർമ്മ | ഇന്ത്യ | ശ്രീലങ്ക | 208* | 2017 |
അമേലിയ കെർ | ന്യൂസിലാൻഡ് | അയർലൻഡ് | 232* | 2018 |
ഫഖർ സമൻ | പാക്കിസ്ഥാൻ | സിംബാബ്വെ | 210* | 2018 |
ഇഷാൻ കിഷൻ | ഇന്ത്യ | ബംഗ്ളാദേശ് | 210 | 2022 |
ശുഭമാൻ ഗിൽ | ഇന്ത്യ | ന്യൂസിലാൻഡ് | 208 | 2023 |
Image Credit: