എണ്ണായിരത്തില്‍ പരം ഇന്ത്യക്കാര്‍ ചൊവ്വയില്‍ താമസമുറപ്പിക്കാന്‍ പദ്ധതിയിടുന്നതായി പിടിഎ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത പത്തു വര്‍ഷത്തിനകം ചൊവ്വയില്‍ മനുഷ്യവാസമുറപ്പിക്കാനായി ആവിഷ്ക്കരിച്ച മാര്‍സ് വണ്‍ പ്രൊജക്ടില്‍ ആഗസ്റ്റ് 27 വരെ 8107 ഇന്ത്യക്കാരാണ് അപേക്ഷിച്ചത്. ആഗസ്റ്റ് 31 ആണ് അവസാന തീയതി.
2023ഓടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയിലേക്ക് ഇതുവരെ 1,65,000ത്തില്‍ പരം ആളുകളാണ് അപേക്ഷിച്ചത്. അതില്‍ 37,852 അപേക്ഷകളുമായി അമേരിക്കയാണ് ഒന്നാമത്. ചൈന (13,124), ബ്രസില്‍ (8,686), റഷ്യ (7,138), ബ്രിട്ടന്‍ (6,999),മെക്സിക്കൊ (6,771) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്ക്. ഇന്ത്യ അപേക്ഷകരുടെ എണ്ണത്തില്‍ നാലാമതാണ്.
ചൊവ്വയില്‍ മനുഷ്യവാസത്തിനുള്ള എല്ലാവിധ സാഹചര്യങ്ങളുമുണ്ടെന്ന് മാര്‍സ് വണ്‍ പറയുന്നു. ലോകമെമ്പാടുമുള്ള പ്രമുഖ വ്യാവസായിക നിര്‍മ്മാതാക്കളില്‍ നിന്ന്‍ താമസമുറപ്പിക്കാന്‍ വേണ്ട ആവശ്യവസ്തുക്കള്‍ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് തങ്ങളുടെ സ്ഥാപനമെന്ന് മാര്‍സ് വണ്‍ വക്താവ് ആഷിമ ഡോഗ്ര പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി കാര്‍ഗോ ഉല്‍പന്നങ്ങളാകും ചൊവ്വയില്‍ ആദ്യം എത്തിക്കുക. വാര്‍ത്താവിനിമയത്തിനും താമസത്തിനുമുള്ള സൌകര്യം അത്തരം ഉദ്യമങ്ങള്‍ വഴി അവിടെ സൃഷ്ടിക്കും. അതിനുശേഷമേ മനുഷ്യരെ ഗ്രഹത്തില്‍ എത്തിക്കുന്ന ദൌത്യം തുടങ്ങൂ.
2013 ഏപ്രിലിലാണ് പദ്ധതിയില്‍ ചേരാനുള്ള അപേക്ഷ മാര്‍സ് വണ്‍ ക്ഷണിച്ചത്. അന്ന്‍ വെറും രണ്ടാഴ്ചക്കുള്ളില്‍ 78,000ത്തില്‍ പരം അപേക്ഷകളാണ് കിട്ടിയതെന്ന് ഡോഗ്ര അവകാശപ്പെട്ടു. 140ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതിനകം ചൊവ്വയില്‍ താമസമുറപ്പിക്കാന്‍ ഇതിനകം അപേക്ഷിച്ചു കഴിഞ്ഞു.
18 വയസില്‍ കൂടുതലുള്ള ആര്‍ക്കും apply.mars-one.com എന്ന സൈറ്റ് വഴി അപേക്ഷിക്കാം. ചൊവ്വയില്‍ പോകാനുള്ള സൌകര്യമാണ് മാര്‍സ് വണ്‍ ഒരുക്കുക. മടക്കയാത്ര ഉണ്ടാവില്ല.
ഇന്‍റര്‍പ്ലാനെറ്ററി എന്ന ഡച്ച് മാധ്യമ സ്ഥാപനം സ്ഥാപിച്ച ഒരു നോണ്‍ പ്രോഫിറ്റ് ഫൌണ്ടേഷനാണ് മാര്‍സ് വണ്‍. പ്രാരംഭ നിക്ഷേപങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം 2012ലാണ് പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങിയത്.