ഇന്നസെന്‍റ് അത്ര ‘ഇന്നസെന്‍റ’ല്ല

ഇന്നസെന്‍റ് അത്ര 'ഇന്നസെന്‍റ'ല്ല 1

 

തന്‍റെ സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് വെള്ളിത്തിരയില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ത്ത നടനാണ് ഇന്നസെന്‍റ്. കോമഡിയും സെന്‍റിമെന്‍റ്സും ഇഴച്ചേര്‍ന്ന വൈവിധ്യമാര്‍ന്ന അനവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം കേവലം ഒരു സിനിമാക്കാരനല്ല. പൊതു-രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചുള്ള തന്‍റെ അഭിപ്രായങ്ങള്‍ ഇന്നസെന്‍റ് പലപ്പോഴും ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ആന്‍റണി മന്ത്രിസഭയുടെ കാലത്ത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷം നീക്കം നടത്തിയപ്പോള്‍ അദ്ദേഹം അതിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു.

കാന്‍സര്‍ എന്ന മഹാരോഗത്തെ അതിജീവിച്ച ഇന്നസെന്‍റ് ഇന്ന്‍ കോടാനുകോടി മലയാളികള്‍ക്ക് ആത്മവിശ്വാസത്തിന്‍റെയും മനോധൈര്യത്തിന്‍റെയും പ്രതീകമാണ്. രോഗം ബാധിച്ച് അവശനിലയിലായപ്പോഴും നര്‍മ്മം കൈവിടാതിരുന്ന അദ്ദേഹം ആശ്വസിപ്പിക്കാന്‍ വന്നവരെയും സഹതപിച്ചവരെയും ഒരുപോലെ ചിരിപ്പിച്ചു. കപട വിശ്വാസങ്ങളുമായി വന്നവരെ കണക്കിനു കളിയാക്കാനും അദ്ദേഹം മറന്നില്ല.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വിഎസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേഷ് ചെന്നിത്തല, വയലാര്‍ രവി, മാര്‍ ക്രിസോസ്റ്റം തിരുമേനി എന്നിങ്ങനെ വന്‍ നിരയാണ് നടനെ ആശ്വസിപ്പിക്കാനായി ‘പാര്‍പ്പിട’ത്തിലെത്തിയത്.

ഒരു കാലത്ത് ദൂരെ നിന്ന്‍ പോലും കാണാന്‍ കഴിയാതിരുന്ന നേതാക്കള്‍ തന്നേ കാണാനായി വീട്ടില്‍ വന്നതിനെക്കുറിച്ച് ഇന്നസെന്‍റ് സരസമായി എഴുതിയിട്ടുണ്ട്. എല്ലാത്തിനും കാരണക്കാരനായ കാന്‍സറിന് അദ്ദേഹം നന്ദി പറയുന്നു.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വരുന്നതിന് മുമ്പ് വീട് നിറയെ പോലീസായിരുന്നു. കല്ലിലും പുല്ലിലും മുറികളിലും ചെടിച്ചട്ടിയിലുമെല്ലാം കനത്ത പരിശോധന. ബോംബ് സ്ക്വാഡും സ്ഥലത്തെത്തി.

തകൃതിയായുള്ള പരിശോധന കണ്ട് ഇന്നസെന്‍റ് ഒരാളോട് ചോദിച്ചു :

നിങ്ങളെന്താ ഈ തെരയണേ ?

ബോംബോ മറ്റോ ഉണ്ടോ എന്ന്‍………. നിയമമാണ് : അയാള്‍ പറഞ്ഞു.

ഇബടെയുണ്ടായിരുന്നു ധാരാളം. നിങ്ങള്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ മാറ്റിയതാണ്……………….. : ഇന്നസെന്‍റ് പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് അവര്‍ തിരച്ചില്‍ നിര്‍ത്തി.

രമേശ് ചെന്നിത്തല വന്നപ്പോള്‍ പറഞ്ഞു :

എല്ലാം പെട്ടെന്ന് ഭേദമാകട്ടെ……………….

അത്ര വേഗം വേണോ ? കുറച്ചുകൂടി അങ്ങോട്ട് പൊയ്ക്കൊട്ടെ ………..: ഇന്നസെന്‍റ് പറഞ്ഞപ്പോള്‍ ഒന്നും മനസിലാകാത്ത പോലെ രമേശ് മിഴിച്ചു നോക്കി.

അല്ല, കൊറച്ച് കൂടി ആള്‍ക്കാര്‍ വരാനുണ്ട്. ആ പയ്യനേം കൂടി ഒന്നിങ്ങട്ട് കൊണ്ടോരണം…………….. : ഇന്നസെന്‍റ് തുടര്‍ന്നു.

ഏത് പയ്യനെ ? : രമേശ് ചോദിച്ചു.

ആ രാഹുല്‍ ഗാന്ധിയെ. സോണിയ ഗാന്ധിയുടെ കാര്യം പിന്നെ ആലോചിക്കാം……………… :ഇന്നസെന്‍റിന്‍റെ മറുപടി കേട്ട് രമേശ് പൊട്ടിച്ചിരിച്ചു.

ഒരു ചെറിയ അസുഖം വരുമ്പോള്‍ പോലും തളര്‍ന്നു പോകുന്ന നമുക്ക് ഇന്നസെന്‍റ് ഒരു മാതൃകയാണ്. എന്തിനെയും ലാഘവത്തോടെ കാണാനുള്ള കഴിവും അല്‍പം മനോധൈര്യവും ഉണ്ടെങ്കില്‍ ഏത് വലിയ പ്രതിസന്ധിയെയും അതിജീവിക്കാമെന്ന് അദ്ദേഹം നമുക്ക് കാണിച്ചുതരുന്നു.

Leave a Comment

Your email address will not be published. Required fields are marked *