[My article originally published in British Pathram on 28.05.2014.But later noticed that some websites illegally copy-pasted this article and published as their own post. I would like to remind them that this is a copyrighted content and same is vested with me.]
ആര്‍ക്കും ആരെയും ഏത് സമയത്തും പ്രണയിക്കാം, വിവാഹം കഴിക്കാം. ഒരാളുടെ പ്രായം ഒരിക്കലും അതിനു തടസമല്ല. 27 കാരിയായ സുഹയെ വിവാഹം കഴിക്കുമ്പോള്‍ 61 ആയിരുന്നു യാസര്‍ അറാഫത്തിന്റെ പ്രായം. നന്നേ ചെറുപ്പക്കാരികളായ സ്ത്രീകളെ ജീവിത പങ്കാളികളാക്കിയ വൃദ്ധന്മാരെ ചരിത്രത്തിലും സമകാലിക ജീവിതത്തിലും നമ്മള് ഒരുപാട് തവണ കണ്ടിട്ടുണ്ട്. ആണുങ്ങള്‍ക്ക് എന്തുമാകാം എന്നതായിരുന്നു അപ്പോഴൊക്കെ നമ്മുടെ ധാരണ.
തന്നേക്കാള്‍ പത്തോ ഇരുപതോ വയസ് കുറഞ്ഞാലും കുഴപ്പമില്ല, പക്ഷേ ഒരു ദിവസം പോലും മുതിര്ന്നവളാകരുത് തന്റെ ജീവിത സഖി എന്ന കാര്യത്തില്‍ ഒട്ടുമിക്ക ഭര്ത്താക്കന്മാരും നിര്‍ബന്ധം പിടിച്ചു. കാലം കടന്നു പോയപ്പോള്‍ ആ പതിവിനും മാറ്റം വന്നു. പ്രായത്തിലല്ല മനപ്പൊരുത്തത്തിലാണ് കാര്യം എന്നാണ് പല ഭാര്യ–ഭര്ത്താക്കന്മാരും ഇന്ന് പറയുന്നത്. തന്നേക്കാള്‍ പ്രായമുള്ള സ്ത്രീകളെ വിവാഹം കഴിച്ച അത്തരം ചില ഭര്ത്താക്കന്മാരെ പരിചയപ്പെടാം.
1) സച്ചിന് ടെണ്ടുല്‍ക്കര്‍
ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം തന്നെയാണ് പട്ടികയില്‍ ഒന്നാമത്. സച്ചിന് തന്നേക്കാള്‍ ആറ് വയസ് പ്രായക്കൂടുതലുള്ള അഞ്ജലിയെ 1995 മെയ് 24നാണ് വിവാഹം കഴിച്ചത്. അന്ന് അദ്ദേഹത്തിന് 22ഉം അഞ്ജലിക്ക് 28ഉം ആയിരുന്നു പ്രായം. പ്രായവ്യത്യാസം പരസ്പരം കൂടുതല്‍ മനസിലാക്കുന്നതിന് സഹായിച്ചു എന്നാണ് സച്ചിന് ഒരിക്കല്‍ പറഞ്ഞത്. കഴിഞ്ഞ 18 വര്‍ഷമായി സന്തുഷ്ടകരമായ ജീവിതം നയിക്കുന്ന ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട്– സാറ, അര്ജുന്
2) ഷിറിഷ് കുന്ദര്‍
മേ ഹൂം നാ യുടെ സെറ്റില്‍ വച്ചാണ് ഷിറിഷ് കുന്ദര്‍ ഫാറാ ഖാനെ പരിചയപ്പെടുന്നത്. ആ സൌഹൃദം അധികം താമസിയാതെ പ്രണയമായി മാറി. 2004ല്‍ കുന്ദര്‍ എട്ടു വയസ് പ്രായക്കൂടുതലുള്ള ഫാറയെ വിവാഹം കഴിച്ചു. ദാമ്പതികള്‍ക്ക് ഇപ്പോള്‍ മൂന്ന് കുട്ടികളുണ്ട്– ഒരാണും രണ്ട് പെണ്ണും.
3) ഡേവിഡ് ബെക്കാം
ലോകത്തിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളാണ് ഡേവിഡ് ബെക്കാം– വിക്ടോറിയ ജോഡികള്‍. ബെക്കാം കോടികള്‍ വിലമതിപ്പുള്ള ഫുട്ബോളര്. വിക്ടോറിയ പ്രശസ്തയായ ഗായികയും മോഡലും ഫാഷന്‍ ഡിസൈനറുമാണ്. അവര്‍ക്ക് ഭര്‍ത്താവിനെക്കാള്‍ ഒരു വയസ് പ്രായക്കൂടുതലുണ്ട്. 1999ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് നാലു കുട്ടികളുണ്ട്– 3 ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും.
4) അര്ജുന് രാംപാല്‍
ബോളിവുഡിലെ പ്രശസ്ത നടനും നിര്‍മ്മാതാവുമാണ് അര്ജുന് രാംപാല്‍. 1998ലാണ് അദ്ദേഹം മുന്‍ മിസ്സ് ഇന്ത്യയും മോഡലുമായ മെഹറിനെ വിവാഹം കഴിച്ചത്. ഭാര്യയെക്കാള്‍ രണ്ടു വയസിന്റെ ഇളപ്പമാണ് രാംപാലിനുള്ളത്. ദമ്പതികള്‍ക്ക് രണ്ടു പെണ്‍കുട്ടികളുണ്ട്.
5) ധനുഷ്
തമിഴിലെ മുന്‍നിര നടനും ഗായകനും ഗാനരചയിതാവുമാണ് ധനുഷ്. ഭാര്യ ഐശ്വര്യ തമിഴ് സൂപ്പര്‍താരം രജനികാന്തിന്റെ മകളും സിനിമ സംവിധായികയുമാണ്. ധനുഷിന് ഐശ്വര്യയെക്കാള്‍ ഒരു വയസിന്റെ ഇളപ്പമുണ്ട്.
6) രാജ് കുന്ദ്ര
രാജസ്ഥാന് റോയല്‍സിന്റെ ഉടമകളില്‍ ഒരാളും ബിസിനസുകാരനുമായ രാജ് കുന്ദ്ര ഐപിഎല്‍ വേദികളില്‍ വച്ചാണ് നടി ശില്പ ഷെട്ടിയെ കണ്ടു മുട്ടുന്നത്. ആ പരിചയം വിവാഹത്തിലെത്താന്‍ അധികം താമസിച്ചില്ല. കുന്ദ്രയെക്കാള്‍ മൂന്ന് മാസം മൂത്തതാണ് ശില്പ. ഇരുവര്‍ക്കും ഒരു മകളുണ്ട്.
7) ഫര്ഹാന് അക്തര്‍
ബോളിവുഡിലെ പ്രശസ്ത സംവിധായകനും നടനുമാണ് ഫര്ഹാന് അക്തര്‍. ആറു വയസ് കൂടുതലുള്ള അദുന ഭബാനിയെ 200ല്‍ അദ്ദേഹം വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഇപ്പോള്‍ രണ്ടു പെണ്‍കുട്ടികളുണ്ട്.
8) പ്രിന്‍സ് വില്ല്യം
ബ്രിട്ടനിലെ കിരീടാവകാശിയായ വില്ല്യം 2011 ഏപ്രില്‍ 29നാണ് വിവാഹിതനായത്. ആറുമാസം പ്രായക്കൂടുതലുള്ള കാതറിന് മിഡില്‍ടന്‍ ആണ് ഭാര്യ.
9) ഡെന്‍സല്‍ വാഷിങ്ങ്ടണ്‍
ഹോളിവുഡിലെ പ്രശസ്ത നടനും ഓസ്ക്കാര്‍ ജേതാവുമാണ് ഡെന്‍സല്‍ വാഷിങ്ങ്ടണ്‍. 4 വയസ് പ്രായക്കൂടുതലുള്ള പൌലേറ്റയെ 1983ലാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഇരുവര്‍ക്കും നാലു കുട്ടികളുണ്ട്.
10) സുനില്‍ ദത്ത്
സുനില്‍ ദത്തിന് ഭാര്യ നര്ഗ്ഗീസിനെക്കാള് ഒരു വയസ് കുറവാണ്. 1957ല്‍ മദര്‍ ഇന്ത്യ എന്ന സിനിമയുടെ സെറ്റില്‍ വച്ച് നര്‍ഗീസിനെ ദത്ത് ഒരു അപകടത്തില്‍ നിന്ന് രക്ഷിച്ചതോടെയാണ് ഇരുവരും തമ്മില്‍ പ്രണയം മൊട്ടിട്ടത്. പിന്നീട് കാന്‍സര്‍ ബാധിതയായി മരണത്തോട് മല്ലിടുമ്പോള്‍ നര്‍ഗീസ് അദ്ദേഹത്തോട് പറഞ്ഞു, ‘ മരണത്തിന് പോലും താങ്കളില്‍ നിന്ന് എന്നെ വേര്‍പിരിക്കാനാവില്ല. കാരണം അത്രത്തോളം ഞാന്‍ താങ്കളെ സ്നേഹിക്കുന്നു‘
11) അഭിഷേക് ബച്ചന്
അഭിഷേകും ഐശ്വര്യയും ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള ദമ്പതികളാണ്. 2007ലാണ് ഇരുവരും വിവാഹിതരായത്. ലോക സുന്ദരിക്ക് അഭിഷേകിനെക്കാള്‍ രണ്ടു വയസ് പ്രായക്കൂടുതലുണ്ട്. ഒന്നര വയസുള്ള ആരാധ്യയാണ് ഏക മകള്‍.
പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം കഴിച്ച പ്രശസ്തരുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. 15 വയസ് കൂടുതലുള്ള ഷെറില്‍ ക്രോയേ വിവാഹം കഴിച്ച ലോക പ്രശസ്ത സൈക്ക്ലിസ്റ്റ് ലാന്‍സ് ആംസ്ട്രോങ്, 12 വയസ് കൂടുതലുള്ള അമൃതയെ ജീവിത സഖിയാക്കിയ സൈഫ് അലി ഖാന് എന്നിങ്ങനെ ആ പേരുകള്‍ നീളുന്നു. പക്ഷേ അവരെല്ലാം ഒരു സമയം കഴിഞ്ഞപ്പോള്‍ വേര്‍പിരിഞ്ഞു, പുതിയ ചില്ലകള്‍ തേടിപ്പോയി.
ദാമ്പത്യ തകര്‍ച്ചകളും കുടുംബകോടതികളും പെരുകുന്ന ഇക്കാലത്ത് സ്തീ–പുരുഷ ബന്ധത്തിലെ ഐക്യത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് മേല്പറഞ്ഞ വ്യക്തികള്‍. പരസ്പര വിശ്വാസവും സ്നേഹവും ഉണ്ടെങ്കില്‍ ഏത് അഭിപ്രായ വ്യത്യാസത്തെയും അതിജീവിക്കാം. അതിനു ജീവിത പങ്കാളിയുടെ മനസ് കാണാനുള്ള അകക്കണ്ണ് കൂടിയുണ്ടാകണമെന്ന് മാത്രം.
The End