ദൈവത്തിന്‍റെ മക്കള്‍

social_services

നിറം പിടിപ്പിച്ച വാര്‍ത്തകളും വിവാദങ്ങളുമാണ് ഇന്ന്‍ നമ്മുടെ മാധ്യമങ്ങളുടെ ഇഷ്ട വിഭവങ്ങള്‍. റേറ്റിങ് കൂട്ടാനായി പ്രശസ്തരുടെ അടുക്കളമുറികള്‍ കയറിയിറങ്ങുന്നതും വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നതുമായ എത്രയോ സംഭവങ്ങള്‍ നമ്മള്‍ ദിനംപ്രതി കാണുന്നു. സൂപ്പര്‍താരത്തിന്‍റെ മരം നടലും മഞ്ജു വാര്യരുടെ തിരിച്ചുവരവുമൊക്കെ ഒന്നാം പേജില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ നിരത്തുന്ന മാധ്യമസിങ്കങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നന്‍മയുടെ വെളിച്ചം തെളിക്കുന്നവരെ ചെറു കോളങ്ങളിലോ വാരാന്ത്യങ്ങളിലോ മാത്രമായി ഒതുക്കുന്നു എന്നതാണു ദു:ഖകരം.

സ്വന്തം ജീവിത പ്രയാസങ്ങള്‍ മറന്ന്‍, ആരോരുമില്ലാത്തവര്‍ക്കായി തങ്ങളുടെ വിലപ്പെട്ട സമയവും സമ്പാദ്യവും മാറ്റി വയ്ക്കുന്ന വിരലില്‍ എണ്ണാവുന്ന മനുഷ്യ ജീവനുകളേ ഇന്ന്‍ മലയാള നാട്ടിലുള്ളൂ. എന്തും വെട്ടിപ്പിടിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ മറ്റുള്ളവര്‍ക്കൊക്കെ അതിന് എവിടെ സമയം ? പണം, പ്രശസ്തി, സുഖ സൌകര്യങ്ങള്‍ എന്നിവ ഒരു വ്യക്തി ജീവിതത്തിന്‍റെ ജയാപജയങ്ങളുടെ അളവുകോലാകുമ്പോള്‍ ഇതൊക്കെ സ്വാഭാവികമാണ് താനും. എന്നാല്‍ അത്തരം പ്രതിബന്ധങ്ങളില്‍ വിശ്വസിക്കാത്ത രണ്ടു വ്യക്തികളെ പരിചയപ്പെടാം. സത്യത്തില്‍ ഇവരല്ലേ യഥാര്‍ത്ഥ ജീവിതത്തിലെ നമ്മുടെ സൂപ്പര്‍താരങ്ങള്‍ ?

തെരുവില്‍ നിന്നൊരു മാതൃകാ വെളിച്ചം

Murukan s theruvoram

രജനികാന്തിന്‍റെ സിനിമകള്‍ കാണാത്തവര്‍ നമ്മളില്‍ വളരെ ചുരുക്കമാണ്. പാവപ്പെട്ടവനില്‍ നിന്ന്‍ പണക്കാരനിലേക്കുള്ള നായകന്‍റെ വളര്‍ച്ച താരത്തിന്‍റെ കരിയര്‍ഗ്രാഫ് കുത്തനെ ഉയര്‍ത്തുകയും ആരാധകഹൃദയങ്ങളില്‍ അദ്ദേഹത്തിന് ചിരപ്രതിഷ്ഠ നേടിക്കൊടുക്കുകയും ചെയ്തു. മുരുകന്‍ എസ് തെരുവോരത്തിന്‍റെ ജീവിതത്തിനും രജനിയുടെ സിനിമകള്‍ക്കും തമ്മില്‍ അതിശയകരമായ സാമ്യമുണ്ട്. സിനിമയിലെ നായകന്‍ പണം കൊണ്ട് ധനികനായെങ്കില്‍ മുരുകന്‍ നല്ല മനസുകളുടെ സ്നേഹാദരങ്ങള്‍ പിടിച്ചു പറ്റി സമ്പന്നനായെന്ന വ്യത്യാസം മാത്രം.

തമിഴ്നാട്ടില്‍ വേരുകളുള്ള മുരുകന്‍ ജനിച്ചതും പിച്ചവച്ചതും കൊച്ചിയിലെ തെരുവുകളിലാണ്. തിരുനെല്‍വേലി സ്വദേശിയായ ഷണ്‍മുഖന്‍റെയും ചെങ്കോട്ട സ്വദേശി വള്ളിയമ്മയുടെയും മകനായ മുരുകന്‍ വിശപ്പിന്‍റെ ചൂട് ശരിക്ക് അറിഞ്ഞാണ് വളര്‍ന്നത്. ദാരിദ്യം മൂലം നാലാം ക്ലാസില്‍ വച്ച് പഠിപ്പ് നിര്‍ത്തേണ്ടി വന്ന ആ തമിഴ് ബാലന് പട്ടിണി അകറ്റാന്‍ പലപ്പോഴും എറണാകുളം നഗരത്തിലെ കുപ്പത്തൊട്ടികളെ ആശ്രയിക്കേണ്ടി വന്നു. ഹോട്ടലുകാര്‍ പുറം തള്ളിയിരുന്ന എച്ചിലുകള്‍ക്ക് വേണ്ടി മറ്റ് തെരുവു കുട്ടികളോട് കടിപിടി കൂടുമ്പോള്‍ അവന്‍ അറിഞ്ഞിരുന്നില്ല ഒരുനാള്‍ താന്‍ ഒരുപാട് അശരണരുടെ അന്നദാതാവാകുമെന്ന്.

ഭക്ഷണത്തിന് വേണ്ടിയുള്ള പതിവ് മല്‍സരത്തിനിടെ ഒരിക്കല്‍ ബ്രദര്‍ മാവൂരൂസിനെ കണ്ടതാണ് മുരുകന്‍റെ ജീവിതത്തെ മാറ്റിമറിച്ചത്. പാവപ്പെട്ട കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും താമസവുമെല്ലാം ഒരുക്കുന്ന സ്നേഹ ഭവന്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ബ്രദര്‍ അക്കാലത്ത് നടത്തുന്നുണ്ട്. മുരുകന്‍റെ അവസ്ഥ കണ്ട് മനസ്സലിഞ്ഞ അദ്ദേഹം അവന്‍റെ മാതാപിതാക്കളെ സമീപിക്കുകയും അവരുടെ സമ്മതത്തോടെ അവനെ കൂടെ കൂട്ടുകയും ചെയ്തു. സ്നേഹ ഭവനില്‍ നിന്ന്‍ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനൊപ്പം മരപ്പണി പോലുള്ള കൈ തൊഴിലുകളും പഠിച്ച മുരുകന്‍ ചെയ്യാത്ത തൊഴിലുകളൊന്നുമില്ല. പെയിന്‍റിങ് ജോലി, കല്‍പ്പണി, തോട്ടിപ്പണി, പത്രം വില്‍പ്പന, ഹോട്ടല്‍ ക്ലീനിങ്, ഓട്ടോ ഓടിക്കല്‍ എന്നിവ അതില്‍ ചിലത് മാത്രം.

ഇതിനിടയില്‍ ആരോരുമില്ലാത്തവരെ സഹായിക്കാനായി തെരുവോരം എന്ന സംഘടന ഉണ്ടാക്കാനും അദ്ദേഹം മറന്നില്ല.

തെരുവില്‍ അലഞ്ഞു തിരിയുന്നവരെയും മനോനില തെറ്റിയവരെയും പുനരധിവസിപ്പിക്കാനായി അഭയകേന്ദ്രം തുടങ്ങിയ അദ്ദേഹത്തിന് മികച്ച സേവനങ്ങളുടെ ഫലമായി അനവധി ദേശീയഅന്തര്‍ദേശീയ പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍റിനും ഓട്ടോ ഓടിച്ചു കിട്ടുന്ന തുകയ്ക്കും പുറമേ ഉദാരമതികളുടെ സംഭാവന കൊണ്ടു കൂടിയാണ് മുരുകന്‍ സ്ഥാപനത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്. എംബിഎ ബിരുദധാരിയായ ഇന്ദുവാണ് ഭാര്യ. തെരുവോരത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ എത്തിക്കുന്നതിനും ബന്ധപ്പെടുക 09846051098/04842427071.

തെരുവിലേക്ക് സ്നേഹ വെളിച്ചവുമായി ഒരു മാലാഖ

aswathy jwala

തെരുവില്‍ സ്നേഹം വിളമ്പുന്ന അശ്വതി എന്ന നിയമ വിദ്യാര്‍ഥിനിയെ അറിയാത്തവര്‍ ഇന്ന്‍ കേരളത്തില്‍ വളരെ ചുരുക്കമാണ്. തലസ്ഥാനത്തെ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കാനായി മുന്നിട്ടിറങ്ങിയ അവര്‍ ഒരു സമൂഹത്തിനു മുഴുവന്‍ പ്രചോദനമായത് വളരെ പെട്ടെന്നാണ്. ഉദാരമതികളുടെ സഹായം കൂടി ചേര്‍ന്നപ്പോള്‍ ജ്വാല ഫൌണ്ടേഷന്‍ എന്ന സംരംഭം നല്ല മനസുകളുടെ ഹൃദയത്തില്‍ പെട്ടെന്ന് ഇടം പിടിച്ചു.

മെഡിക്കല്‍ റെപ്പുകളായ തന്‍റെയും സഹോദരി രേവതിയുടെയും മാത്രം വരുമാനം മുന്നില്‍ കണ്ടാണ് അശ്വതി സാമൂഹ്യ സേവന രംഗത്തെയ്ക്കിറങ്ങിയത്. തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയില്‍ അവള്‍ക്ക് പലപ്പോഴും അധികാരികളുടെ കുറ്റകരമായ നിസ്സംഗതയും കുത്തുവാക്കുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പാവപ്പെട്ട രോഗികള്‍ കിടക്കുന്ന ഒമ്പതാം വാര്‍ഡില്‍ ഇഡ്ഡലിയും സാമ്പാറും ചായയും കൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ നിങ്ങള്‍ ഇതില്‍ വിഷം കലര്‍ത്തിയിട്ടില്ലെന്ന് എന്താണ് ഉറപ്പ്എന്ന ചോദ്യവുമായാണ് അധികൃതര്‍ നേരിട്ടത്. ഇത്ര നല്ല ഭക്ഷണം കിട്ടിയാല്‍ അവര്‍ ഇവിടം വിട്ടു പോകില്ലെന്ന ന്യായവും ഇതിനിടയില്‍ ഡിഎംഒ നിരത്തി. അശ്വതിയുടെ പരാതിയെ തുടര്‍ന്നു വിഷയത്തില്‍ ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്.

പ്രതിസന്ധികളെയും പരിഹാസങ്ങളെയും അതിജീവിച്ച് സ്നേഹ വെളിച്ചവുമായി അശ്വതി മുന്നോട്ട് പോകുകയാണ്. സഹോദരിക്കൊപ്പം അമ്മ വിജയകുമാരിയും അവളുടെ നല്ല ശ്രമങ്ങള്‍ക്ക് കൂട്ടായുണ്ട്. അച്ഛന്‍ ഹരിലാല്‍ നേരത്തെ മരിച്ചു. ഭക്ഷണം എത്തിക്കുന്നതിന് പുറമെ തെരുവില്‍ കഴിയുന്നവര്‍ക്ക് താമസസ്ഥലം കണ്ടെത്തി നല്‍കുന്നതിലും ആശുപത്രികളില്‍ ചികില്‍സ നല്‍കുന്നതിലും വേണ്ട നിയമ സഹായങ്ങള്‍ നല്‍കുന്നതിലും ജ്വാല ഫൌണ്ടേഷന്‍ ശ്രദ്ധിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 09496001098

[My article published in KVartha on 08.01.2015]

Leave a Comment

Your email address will not be published. Required fields are marked *