ബാറ്റ്സ്മാന്‍മാരുടെ ലോകകപ്പ്

ബാറ്റ്സ്മാന്‍മാരുടെ ലോകകപ്പ് 1

Image Credit: Sheinfotips

കഴിഞ്ഞ വാലന്‍റൈന്‍സ് ദിനത്തിലാണ് ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം കുറിച്ചത്. ആദ്യ പാദ മല്‍സരങ്ങള്‍ ഈ ആഴ്ച അവസാനിക്കാനിരിക്കേ ഒരു കാര്യം നമുക്ക് നിസ്സംശയം പറയാം. ഈ ലോകകപ്പ് ബാറ്റ്സ്മാന്‍മാരുടേതാണ്. അനവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ കട പുഴകി വീണ ടൂര്‍ണമെന്‍റില്‍ വിരലിലെണ്ണാവുന്ന മല്‍സരങ്ങളില്‍ മാത്രമാണ് ബൌളര്‍മാര്‍ വിജയക്കൊടി നാട്ടിയത്. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍, ആദ്യ ഇരട്ട ശതകം, തുടര്‍ച്ചയായ സെഞ്ചുറികള്‍ എന്നിങ്ങനെ പല റെക്കോര്‍ഡുകളും ഇനി 2015 ലോകകപ്പിന്‍റെ സംഭാവനയാണ്.

ഉത്ഘാടന ദിവസം നടന്ന ആസ്ത്രേലിയഇംഗ്ലണ്ട് മല്‍സരം തന്നെ വരാനിരിക്കുന്ന പോരാട്ടങ്ങളുടെ ഗതി സൂചിപ്പിച്ചിരുന്നു. ആരോണ്‍ ഫിഞ്ചിന്‍റെ സെഞ്ചുറി(135)യുടെ ബലത്തില്‍ 342 എന്ന വമ്പന്‍ സ്കോറാണ് ഓസീസ് അന്ന്‍ പടുത്തുയര്‍ത്തിയത്. ഗ്ലെന്‍ മാക്സ് വെലും ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലിയും അദ്ദേഹത്തിന് ശക്തമായ പിന്തുണ നല്‍കുക കൂടി ചെയ്തപ്പോള്‍ ടോസ് നേടി ആദ്യം ഫീല്‍ഡ് ചെയ്യാനുള്ള ഇംഗ്ലണ്ടിന്‍റെ തീരുമാനം പിഴച്ചെന്ന് വ്യക്തമായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് പട 231നു പുറത്തായപ്പോള്‍ ആതിഥേയര്‍ 111 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി. അടുത്ത ദിവസം നടന്ന വെസ്റ്റ് ഇന്‍റീസ്അയര്‍ലന്‍റ് മല്‍സരത്തിലും സ്കോര്‍ 300 കടന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 304 റണ്‍സ് നേടിയെങ്കിലും അയര്‍ലന്‍റ് 45.5 ഓവറില്‍ ലക്ഷ്യം മറികടന്നു.

സിംബാബ് വേക്കെതിരെ നടന്ന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി രണ്ടു പേരാണ് സെഞ്ചുറി നേടിയത്. ഡേവിഡ് മില്ലര്‍ 92 പന്തില്‍ 138 റണ്‍സ് നേടിയപ്പോള്‍ ഡുമിനി 100 പന്തില്‍ 115 നേടി. ഇരുവരും പുറത്താകാതെ നിന്നു. 4 വിക്കറ്റിന് 339 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് മറുപടിയായി 277 റണ്‍സ് എടുക്കാനേ സിംബാബ് വേയ്ക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യയുടെ കന്നി മല്‍സരവും വിജയ വഴിയിലാണ് അവസാനിച്ചത്. വിരാട്ട് കോഹ്ലിയുടെ സെഞ്ചുറി മികവില്‍ 300 റണ്‍സ് എടുത്ത ഇന്‍ഡ്യയ്ക്കെതിരെ 224 റണ്‍സിന് തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്‍ ലോകകപ്പില്‍ പരമ്പരാഗത വൈരികള്‍ക്കെതിരെയുള്ള തോല്‍വിയുടെ ചരിത്രം ആവര്‍ത്തിച്ചു.

ബാറ്റ്സ്മാന്‍മാരുടെ ലോകകപ്പ് 2

 Image Credit: Cricbuzz

വെസ്റ്റ് ഇന്‍റീസ്സിംബാബ് വേ, ആസ്ത്രേലിയശ്രീലങ്ക, ആസ്ത്രേലിയഅഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്കഅയര്‍ലന്‍റ്, ദക്ഷിണാഫ്രിക്കവെസ്റ്റ് ഇന്‍റീസ്, ശ്രീലങ്കബംഗ്ലാദേശ് എന്നീ മല്‍സരങ്ങളിലും വമ്പന്‍ സ്കോറുകളാണ് പിറന്നത്. സിംബാബ് വെയ്ക്കെതിരെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയിലിന്‍റെ പിന്‍ബലത്തില്‍ 50 ഓവറില്‍ 372 റണ്‍സാണ് വിന്‍റീസ് അടിച്ചു കൂട്ടിയത്. 147 പന്തില്‍ 16 സിക്സുകള്‍ അടക്കം 215 റണ്‍സ് എടുത്ത ഗെയില്‍ ലോകകപ്പിലെ ആദ്യ ഇരട്ട ശതകവും തന്‍റെ പേരില്‍ കുറിച്ചു. മാര്‍ലന്‍ സാമുവല്‍സ് 133 റണ്‍സുമായി ഗെയിലിന് ശക്തമായ പിന്തുണയും നല്‍കിയപ്പോള്‍ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ് സ്കോറും (372) അവര്‍ക്കു സ്വന്തമായി. വന്‍ വിജയത്തിന്‍റെ ആലസ്യത്തില്‍ നിന്ന വിന്‍റീസിന് പക്ഷേ തിരിച്ചടി വൈകാതെ തന്നെ കിട്ടി. അടുത്ത മല്‍സരത്തില്‍ 408 എന്ന ഭീമമായ സ്കോറാണ് ദക്ഷിണാഫ്രിക്ക അവര്‍ക്കെതിരെ പടുത്തുയര്‍ത്തിയത്. 66 പന്തില്‍ 162 റണ്‍സെടുത്ത ഡിവില്ലിയേഴ്സിന് ക്രിസ് ഗെയില്‍ ശക്തമായ മറുപടി നല്‍കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും 3 റണ്‍സില്‍ ആ പോരാട്ടം അവസാനിച്ചു. ഫലമോ ? 257 റണ്‍സ് ജയം ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം.

പിന്നീട് നടന്ന അയര്‍ലന്‍റ് മല്‍സരത്തിലും ദക്ഷിണാഫ്രിക്ക തനിസ്വരൂപം കാട്ടി. ഹാഷിം ആംലയുടെയും പ്ലെസ്സീസിന്‍റെയും സെഞ്ചുറി മികവില്‍ 411 റണ്‍സെടുത്ത അവര്‍ എതിരാളികളെ 210 റണ്‍സിന് പുറത്താക്കുകയും ചെയ്തു. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറും വിജയ മാര്‍ജിനും ഇനി 2015 ന്‍റെ സംഭാവനയാണ്. അഫ്ഗാനിസ്ഥാനെതിരെ 417 റണ്‍സെടുത്ത ആസ്ത്രേലിയ 2007 ലോകകപ്പില്‍ ഇന്ത്യ ബര്‍മുഡക്കെതിരെ നേടിയ 413 റണ്‍സിന്‍റെ റെക്കോര്‍ഡാണ് തകര്‍ത്തത്. 275 റണ്‍സിനു ജയിച്ച ഓസീസ് ബര്‍മുഡക്കെതിരെ ഇന്ത്യ നേടിയ 257 റണ്‍സിന്‍റെ വിജയ മാര്‍ജിനും പഴങ്കഥയാക്കി.

2015 ലോകകപ്പില്‍ ഇതുവരെ അഞ്ചു തവണയാണ് ടീം ടോട്ടല്‍ 350 കടന്നത്. മൂന്നു വട്ടം വിജയ മാര്‍ജിന്‍ 200 കടക്കുകയും ചെയ്തു. എന്നാല്‍ ടെസ്റ്റ് പദവിയില്ലാത്ത രാജ്യങ്ങള്‍ പ്രകടനത്തില്‍ പൊതുവേ നിരാശപ്പെടുത്തി. പ്രമുഖ ടീമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. കുഞ്ഞന്‍മാര്‍ക്കെതിരെയുള്ള മല്‍സരങ്ങളെ ബാറ്റിങ് പരിശീലനത്തിനുള്ള വേദിയായാണ് എതിരാളികള്‍ പലപ്പോഴും കണ്ടത്.

വേഗമേറിയ 150 റണ്‍സ്, വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, വേഗമേറിയ അര്‍ദ്ധ സെഞ്ചുറി, ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍, ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ ബൌണ്ടറികള്‍, തുടര്‍ച്ചയായ സെഞ്ചുറികള്‍ എന്നിങ്ങനെയുള്ള വ്യക്തിഗത റെക്കോര്‍ഡുകള്‍ പലതും കടപുഴകി വീണപ്പോള്‍ ബൌളിങ് റെക്കോര്‍ഡുകള്‍ ഏതാണ്ടെല്ലാം തന്നെ അതേപടി നിലനില്‍ക്കുന്ന കാഴ്ചയും 2015 ലോകകപ്പില്‍ കണ്ടു. 24 സെഞ്ചുറികളാണ് ഈ ക്രിക്കറ്റ് മാമാങ്കത്തില്‍ നാം ഇതുവരെ കണ്ടത്. 5 ഇന്നിങ്സുകളില്‍ നിന്ന്‍ 372 റണ്‍സെടുത്ത ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് റണ്‍ വേട്ടക്കാരില്‍ ഒന്നാമത്. 318 റണ്‍സുമായി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സ് തൊട്ടു പിന്നാലെയുണ്ട്. അര്‍ദ്ധ സെഞ്ചുറികളുടെ എണ്ണത്തില്‍ പാക്കിസ്ഥാന്‍റെ മിസ്ബ ഉള്‍ ഹഖാണ് ഒന്നാമത്– 4. ബൌളര്‍മാരില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഉള്ളത് കിവീസ് താരങ്ങളാണ്ട്രെന്‍റ് ബോള്‍ട്ട് (13), ടിം സൌത്തീ (13), ഡാനിയല്‍ വെട്ടോറി (12).

[My article published on British Pathram]

 

Leave a Comment

Your email address will not be published. Required fields are marked *