ലേഡീസ് ആന്‍റ് ജെന്‍റില്‍മെന്‍

ലേഡീസ് ആന്‍റ് ജെന്‍റില്‍മെന്‍ 1

രജനികാന്ത് മുതല്‍ രണ്‍ബീര്‍ കപൂര്‍ വരെ വിരലിലെണ്ണാവുന്ന താര രാജാക്കന്മാരാണ് ഇന്ത്യന്‍ സിനിമയിലുള്ളത്. കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന അതിന്‍റെ പല മടങ്ങ് ആരാധക വൃന്ദമുള്ള ഈ നടന്‍മാര്‍ക്ക് സിനിമയുടെ ജയപരാജയങ്ങളില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. രജനികാന്ത് സിനിമയില്‍ ഉണ്ടെങ്കില്‍ ചിത്രീകരണത്തിന് മുമ്പ് തന്നെ നിര്‍മ്മാതാക്കളും വിതരണക്കാരും ലാഭം കൊയ്യുന്ന അവസ്ഥ പണ്ടുമുതലെ തമിഴകത്തുണ്ട്. അദ്ദേഹത്തിന്‍റെ രാവണിലെ അതിഥി വേഷം വഴിയും ചെന്നൈ എക്സ്പ്രസിലെ അദൃശ്യ സാന്നിധ്യം വഴിയും കോടികളാണ് നിര്‍മ്മാതാവായ കിംഗ് ഖാന്‍റെ പോക്കറ്റിലായത്.

തമിഴകത്ത് മാത്രമല്ല തെലുങ്കിലും ഹിന്ദിയിലും എന്തിന് ഇങ്ങ് മലയാളത്തില്‍ പോലും നായകനാണ് സിനിമയുടെ എല്ലാം. കഥയും തിരക്കഥയും സംവിധായകനെയും നായികയെയും വരെ നിശ്ചയിക്കുന്നത് സിനിമയുടെ അവസാന വാക്കായ സൂപ്പര്‍ നായകനാണ്.

തമിഴകത്ത് രജനിക്കും കമലിനും ശേഷം വിജയും അജിത്തും സൂര്യയും വിക്രമും കാര്‍ത്തിയും താര സിംഹാസനത്തില്‍ വിരാജിക്കുമ്പോള്‍ തെലുങ്കില്‍ പവന്‍ കല്യാണും മഹേഷ് ബാബുവും നാഗാര്‍ജുനയും രാം ചരണും അല്ലു അര്‍ജുനുമൊക്കെയാണ് സിനിമയുടെ നെടുംതൂണാകുന്നത്. ഹിന്ദിയില്‍ അമീര്‍ഖാനും ഷാരൂഖും സല്‍മാനും പറയുന്നതിനപ്പുറം അവരുടെ സിനിമകളില്‍ ഒന്നും നടക്കില്ല.

നായകന്‍റെ താരപ്രഭ കൂട്ടുന്ന സിനിമകള്‍ ബോക്സ് ഓഫീസില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ അയാള്‍ക്ക് ചുറ്റും മരം ചുറ്റി നടക്കാനുള്ള നിയോഗം മാത്രമാണ് പലപ്പോഴും നായികമാര്‍ക്കുള്ളത്. തൃഷ, അസിന്‍, തമന്ന, കാജല്‍ അഗര്‍വാള്‍, ഇലിയാന, ജ്യോതിക, സിമ്രാന്‍, നയന്‍ താര, ശ്രിയ ശരണ്‍, സാമന്ത, ഭാവന, മീര ജാസ്മിന്‍, അമല പോള്‍, അനുഷ്ക എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത നായികമാരാണ് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ തെന്നിന്ത്യന്‍ ഗ്ലാമര്‍ സിനിമകളില്‍ വന്നു പോയത്.

ആരാധകരെ കോള്‍മയിര്‍ കൊള്ളിക്കുന്നതിന് വേണ്ടി മേനിപ്രദര്‍ശനം നടത്തുന്നതിനല്ലാതെ പല സിനിമകളിലും ഇവര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സംവിധായകന്‍റെ ഭാവനകള്‍ക്കനുസരിച്ച് ചിലര്‍ സ്വിമ്മിംഗ് പൂളില്‍ കുളിച്ചു, മറ്റു ചിലര്‍ പാവാടയുടെ ഇറക്കം കുറച്ചു. മഴ നനഞ്ഞവരും ലിപ് ലോക്ക് ചെയ്തവരും കുറവല്ല.

ധീരനായ നായകന് പുറകില്‍ പ്രണയാഭ്യര്‍ഥനയുമായി നടക്കുന്ന ഒന്നിലധികം നായികമാര്‍ പലപ്പോഴും ബിഗ് ബജറ്റ് മസാല സിനിമകളിലെ സ്ഥിരം കാഴ്ചയായി മാറി. കഥ നന്നായില്ലെങ്കിലും നായികാ നായകന്മാരുടെ ഗ്ലാമര്‍ രംഗങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ ചിലപ്പോഴെങ്കിലും തിയറ്ററുകളില്‍ ഇടിച്ചു കയറി.

ലേഡീസ് ആന്‍റ് ജെന്‍റില്‍മെന്‍ 2

മലയാളത്തിലെ ഗ്രാമീണത്വം തുളുമ്പുന്ന വേഷങ്ങളിലൂടെ സിനിമയില്‍ ഹരീശ്രീ കുറിച്ച നയന്‍താര വാളയാര്‍ ചുരം കടന്നപ്പോള്‍ പ്രേക്ഷകരെ ഞെട്ടിച്ചു. അയ്യ എന്ന ചിത്രത്തിലെ കുട്ടിപാവാട ഗാനത്തിലൂടെ തമിഴകത്ത് തുടക്കമിട്ട അവര്‍ പിന്നീട് വല്ലവന്‍, ബില്ല, ശിവകാശി, ലക്ഷ്മി, വില്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ മേനീപ്രദര്‍ശനത്തിന്‍റെ പര്യായമായി മാറി. നയന്‍സിന്‍റെ മറുഭാഷാ ചിത്രങ്ങള്‍ കണ്ട മലയാളികള്‍ മനസിനക്കരെ, രാപകല്‍ എന്നീ ചിത്രങ്ങളിലെ നായിക തന്നെയാണോ അത് എന്നോര്‍ത്തു മൂക്കത്ത് വിരല്‍ വച്ചു.

ഭാവനയും മോശമാക്കിയില്ല. നമ്മള്‍, ക്രോണിക് ബാച്ചലര്‍ എന്നീ ചിത്രങ്ങളില്‍ ജീവിതഗന്ധിയായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അവര്‍ കന്നഡയിലെയും തെലുങ്കിലെയും വേഷങ്ങളിലൂടെ ഗ്ലാമര്‍ ലോകം തനിക്ക് അന്യമല്ലെന്ന് തെളിയിച്ചു. ഒരര്‍ഥത്തില്‍ കാവ്യ മാധവനൊഴിച്ച് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളില്‍ മലയാളത്തില്‍ മികവ് തെളിയിച്ച മുന്‍നിര നായികമാരെല്ലാം പലപ്പോഴായി മസാല സിനിമകളുടെ ഭാഗമായിട്ടുണ്ടെന്ന് പറയാം.

ജന്മനാ പാലക്കാടുകാരിയാണെങ്കിലും തമിഴ് സിനിമകളിലൂടെയാണ് തൃഷ ശ്രദ്ധിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലുമായി ഒട്ടുമിക്ക നായക നടന്‍മാരോടൊപ്പവും അഭിനയിച്ച അവര്‍ ഇടക്ക് ഹിന്ദിയിലും ഭാഗ്യം പരീക്ഷിച്ചു. രണ്ടു ഡസനിലേറെ സിനിമകളില്‍ അഭിനയിച്ചെങ്കിലും അഭിയും നാനും, ഗില്ലി എന്നിങ്ങനെയുള്ള അപൂര്‍വ്വം ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കി മിക്കവയിലും അവര്‍ നായകന്‍റെ നിഴലില്‍ ഒതുങ്ങി.

ഹിന്ദിയില്‍ തുടക്കമിട്ട തമന്ന ഭാട്ടിയ എന്ന പഞ്ചാബി സുന്ദരിക്ക് ഭാഗ്യം കൊണ്ട് വന്നത് തമിഴകമാണ്.പയ്യ, സുറ, പഠിക്കാത്തവന്‍, തില്ലാലങ്കിടി, അയന്‍, വീരം,രച്ച എന്നിങ്ങനെ അഭിനയിച്ച സിനിമകള്‍ ഏറെയും ഹിറ്റാണെങ്കിലും ശരീര പ്രദര്‍ശനത്തിനപ്പുറം അവര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അനുഷ്ക, അമല പോള്‍ എന്നിവരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.

ആധുനിക സിനിമയില്‍ സ്ത്രീ എന്നത് കണ്‍നിറയെ കാണാനുള്ള, ആസ്വദിക്കാനുള്ള ഒരു കച്ചവടച്ചരക്ക് മാത്രമാണ്. നായകന് പിന്നാലേ പ്രണയാതുരയായി പാട്ടും പാടി നടക്കുന്നതില്‍ കവിഞ്ഞ് അവരില്‍ നിന്ന്‍ യാതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുമില്ല. അതുകൊണ്ടാണ് പയ്യയും നായകും നാന്‍ അവനല്ലയും പോലുള്ള നായകന്‍റെ വീരസ്യങ്ങള്‍ പാടുന്ന ചിത്രങ്ങള്‍ കൂടെക്കൂടെയുണ്ടാകുന്നത്. അതിനിടയില്‍ മൂന്നാം പിറൈ, സിന്ധു ഭൈരവി, പരുത്തിവീരന്‍ എന്നിങ്ങനെയുള്ള സിനിമകളെക്കുറിച്ചുള്ള ചിന്തകള്‍ പോലും അപ്രസക്തമാകുന്നു.


The End

[My article published in British Pathram on 14.05.2014]

Leave a Comment

Your email address will not be published. Required fields are marked *