ബാറ്ററി ബാക്കപ്പാണ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ ഏറ്റവും വലിയ തലവേദന. എത്ര വില കൂടിയ ഫോണാണെങ്കിലും മിക്ക ഫോണുകളുടെയും ചാര്‍ജ് ഒരു ദിവസത്തിലധികം നില്‍ക്കാറില്ല. പതിവായി ഇന്‍റര്‍നെറ്റോ വൈഫൈയോ ഉപയോഗിക്കുന്ന അല്ലെങ്കില്‍ ഹൈ ഡെഫനിഷന്‍ വിഡ്ജറ്റ്സ് ഉപയോഗിക്കുന്നവരുടെ കാര്യം അപ്പോള്‍ പറയാനുമില്ല. നേരം ഉച്ചയാകുമ്പോഴേക്കും അത്തരം മൊബൈലുകളുടെ ചാര്‍ജ് കാലിയായിട്ടുണ്ടാവും. അത്തരം സാഹചര്യങ്ങളിലാണ് സ്ഥിരമായി യാത്രയിലുള്ള പലരും പോര്‍ട്ടബിള്‍ ചാര്‍ജറുകളെ ആശ്രയിക്കുന്നത്. ഒരു വിധം നല്ല പോര്‍ട്ടബിള്‍ ചാര്‍ജറിന് വിപണിയില്‍ ആയിരത്തിന് മുകളില്‍ വിലയുണ്ട്.
ആന്‍ഡ്രോയിഡ് റൂട്ടിങ് വഴി ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാം. നമ്മള്‍ ഉപയോഗിക്കാത്ത അനവധി സിസ്റ്റം ആപ്പ്ളിക്കേഷനുകള്‍ ഓരോ മൊബൈലിലുമുണ്ടാകും. ആവശ്യമില്ലെങ്കിലും അവ ഒഴിവാക്കാനും സാധിക്കില്ല എന്നതാണ് ഇത്തരം നവയുഗ ഫോണുകളുടെ ഏറ്റവും വലിയ പോരായ്മ. എന്നാല്‍ റൂട്ട് ചെയ്താല്‍ ആവശ്യമില്ലാത്തവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനും അല്ലെങ്കില്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റാനും സാധിയ്ക്കും.
റൂട്ടിങ്ങിന്‍റെ ഗുണദോഷങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം:
ഗുണങ്ങള്‍
- ആവശ്യമില്ലാത്ത സിസ്റ്റം ആപ്പ്ളിക്കേഷനുകള്‍ ഒഴിവാക്കാം. മൊബൈല്‍ വാങ്ങുമ്പോള്‍ തന്നെ അതില്‍ പ്രീലോഡ് ചെയ്തു വച്ചിരിക്കുന്ന പ്രോഗ്രാമുകളാണ് സിസ്റ്റം ആപ്പ്ളിക്കേഷനുകള്‍ എന്നറിയപ്പെടുന്നത്. ഉപയോഗിക്കുന്നില്ലെങ്കിലും അവ മെമ്മറി ഏറെ ഉപയോഗിക്കുകയും ചാര്‍ജിങ് കുറക്കുകയും ചെയ്യും. മൊബൈല്‍ ഇന്‍റര്‍നെറ്റിലേക്ക് കണക്റ്റ് ചെയ്യുമ്പോള്‍ അവ നമ്മളറിയാതെ ഡൌണ്‍ലോഡ് ചെയ്യുന്ന ഡാറ്റക്കു വരുന്ന നിരക്ക് ഇതിന് പുറമേയാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, മാപ്സ്, ഹൈക്ക്, ഫ്യൂഷന്‍, നിംബസ്, ജിമെയില്‍ എന്നിവയാണ് പ്രധാനപ്പെട്ട ഇത്തരം ആപ്പ്ളിക്കേഷനുകള്‍.
- ഏതൊക്കെ പ്രോഗ്രാമുകള്‍ നെറ്റ് ആക്സസ് ചെയ്യണമെന്ന് നിയന്ത്രിക്കാന്‍ സാധാരണ മൊബൈലില്‍ സംവിധാനമില്ല. അതിനായി ഫലപ്രദമായ ആന്‍ഡ്രോയിഡ് ഫയര്‍വാളുകള്‍ അനിവാര്യമാണ്. ഫോണ്‍ റൂട്ട് ചെയ്താല്‍ മാത്രമേ അത് സാധിക്കൂ.
- നമ്മുടെ സമ്മതമില്ലാതെ ബാക്ക്ഗ്രൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമുകള്‍ ഫോണില്‍ ധാരാളമുണ്ട്. വൈഫൈ, വിവിധ വിഡ്ജറ്റുകള്‍, ഗാലറി എന്നിവ അതില്‍ പെടും. അത്തരം പ്രോഗ്രാമുകളെ നിയന്ത്രിക്കാന്‍ ഗ്രീനിഫൈ, ആപ്പ് ക്വാറന്‍റൈന്‍ പോലുള്ള ആപ്പ്ളിക്കേഷനുകള്‍ ലഭ്യമാണെങ്കിലും റൂട്ട് ചെയ്ത ഫോണില്‍ മാത്രമേ അവ ഉപയോഗിക്കാന്‍ സാധിക്കൂ. ഇവ കൂടുതല്‍ സമയം ചാര്‍ജിങ് നിലനിര്‍ത്താനും ബാറ്ററി ലൈഫ് കൂട്ടാനും സഹായിക്കും. Set CPU പോലുള്ള പ്രോഗ്രാമുകള്‍ ഉപയോഗിച്ചാല്‍ ഫോണിന്‍റെ വേഗം കൂട്ടാനും സാധിയ്ക്കും.
- മൊബൈലിലെ വിവരങ്ങളുടെ കൂടുതല്‍ മെച്ചപ്പെട്ട ബാക്കപ്പ് എടുക്കാന്‍ റൂട്ട് ചെയ്ത ഉപഭോക്താവിന് സാധിയ്ക്കും. ടൈറ്റാനിയം ബാക്കപ്പില്‍ ഓരോ ആപ്പ്ളിക്കേഷന്‍റെയും ബാക്കപ്പ് എടുക്കാനും അവ മെമ്മറി കാര്‍ഡിലേക്കൊ ഡ്രോപ്ബോക്സ്, ഗൂഗിള്‍ ഡ്രൈവ് തുടങ്ങിയ ക്ലൌഡ് സ്റ്റോറേജ് അക്കൌണ്ടുകളിലെക്കൊ സേവ് ചെയ്യാനും സാധിയ്ക്കും. ഷെഡുല്‍ഡ് ബാക്കപ്പ് (Scheduled Backup), ആപ്പ്ളിക്കേഷന്‍ ഫ്രീസ് (Freeze ), റീസ്റ്റോര്‍ (Restore) എന്നിങ്ങനെ അനവധി അനുബന്ധ സൌകര്യങ്ങളും ഇതിനുണ്ട്. ക്ലോക്ക് വര്‍ക്ക് മോഡ് റിക്കവറി വഴിയും ബാക്കപ്പ് എടുക്കാനും ഫോണിലെ മുഴുവന്‍ വിവരങ്ങളും തിരിച്ചെടുക്കാനും സാധിയ്ക്കും.
- റൂട്ട് ചെയ്താല്‍ പലതരത്തിലുള്ള തീംസ് ഉപയോഗിക്കാനും ഫോണിന്‍റെ ഘടന തന്നെ മാറ്റാനും സാധിയ്ക്കും. നോട്ടിഫിക്കേഷന്‍ ബാര്‍, സ്റ്റാറ്റസ് ബാര്‍,കീ ബോര്‍ഡ് ലേഔട്ട് തുടങ്ങി എന്തിന്‍റെയും നിറം മാറ്റാം, ചിത്രങള്‍ ചേര്‍ക്കാം, പഴയ ഫോണ്ടുകള്‍ മാറ്റി പുതിയവ ഇന്‍സ്റ്റാള്‍ ചെയ്യാം. ചുരുക്കത്തില്‍ റൂട്ടിങ് വഴി ഉപഭോക്താവിന് മുന്നില്‍ തുറന്നു കിട്ടുന്ന സാധ്യതകള്‍ അനവധിയാണ്.
- പലപ്പോഴും സാംസങ്, നോക്കിയ പോലുള്ള ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമുകള്‍ മറ്റ് ഫോണുകളില്‍ പ്രവര്‍ത്തിക്കണമെന്നില്ല. എന്നാല്‍ റൂട്ടിങ് വഴി അനുയോജ്യമല്ലാത്ത അഥവാ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യാത്ത പ്രോഗ്രാമുകള്‍ വരെ ഇന്‍സ്റ്റാള്‍ ചെയ്യാം. ആന്‍ഡ്രോയിഡിന്‍റെ വിവിധ വേര്‍ഷനുകള്‍ ഒരേ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിയ്ക്കും.
- എന്തും എതും പ്രോഗ്രാം ചെയ്തു വയ്ക്കാവുന്ന ടാസ്ക്കര്‍ (Tasker) പോലുള്ള പ്രോഗ്രാമുകളെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. ഒരു പ്രത്യേക സമയത്ത് ഫോണിലെ ചില സൌകര്യങ്ങള്‍ ഓണ്‍ ചെയ്തു വയ്ക്കാനും അല്ലാത്തപ്പോള്‍ ഓഫ് ചെയ്യാനും ഇതുവഴി സാധിയ്ക്കും. Tasker പ്രവര്‍ത്തിക്കാന്‍ ഫോണ്‍ റൂട്ട് ചെയ്യണമെന്നില്ല. എന്നാല്‍ റൂട്ട് ചെയ്താല്‍ കൂടുതല്‍ സൌകര്യങ്ങള്‍ ലഭിക്കും.
- സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യുന്ന ആപ്പ്ളിക്കേഷനുകളുടെ ആട്ടവും വലിയ കുഴപ്പം അതോടൊപ്പം ഫോണില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന പരസ്യങ്ങളാണ്. അവ ഫോണ്‍ മെമ്മറി ഗണ്യമായി കുറക്കും. റൂട്ട് ചെയ്തു കഴിഞ്ഞാല്‍ AdFree, AdBlock Plus, Ad Away, Lucky Patcher എന്നിങ്ങനെയുള്ള പ്രോഗ്രാമുകള്‍ വഴി നമുക്കവയെ ബ്ലോക്ക് ചെയ്യാന്‍ സാധിയ്ക്കും.
- മികച്ച ആന്‍റിതെഫ്റ്റ് സംവിധാനങ്ങള്‍ ലഭ്യമാകും. റൂട്ടിങ് അനിവാര്യമായ Cerbres പോലുള്ള പ്രോഗ്രാമുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഒരു മോഷ്ടാവിനും കണ്ടെത്താനാവില്ല. അവ സിസ്റ്റം ലെവലില്‍ പ്രവര്‍ത്തിക്കുകയും മോഷ്ടാവിനെ കുറിച്ചുള്ള വിവരങള്‍ യഥാസമയം നിങ്ങളെ അറിയിക്കുകയും ചെയ്യും.
ദോഷങ്ങള്‍
- കമ്പനി വാറന്‍റി നഷ്ടപ്പെടും. സര്‍വീസ് സെന്‍ററില്‍ കൊടുക്കുന്നതിന് മുമ്പായി ഫോണ്‍ താല്‍ക്കാലികമായി അണ്‍റൂട്ട് ചെയ്യാമെങ്കിലും അത് റൂട്ട് ചെയ്യപ്പെട്ടതാണോ എന്നു പരിശോധിക്കാനുള്ള സംവിധാനം ചില കമ്പനി സര്‍വീസ് സെന്‍ററുകളിലുണ്ട്. അത്തരം ഫോണുകള്‍ക്ക് വാറന്‍റി ലഭിക്കില്ല.
- സാങ്കേതിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് എത്ര അവഗാഹമുണ്ടെങ്കിലും റൂട്ട് ചെയ്യുമ്പോള്‍ പിഴവ് പറ്റാം. അങ്ങനെയുള്ള സമയങ്ങളില്‍ ഫോണ്‍ തകരാറിലാവുകയും ഒരുപക്ഷേ ഉപയോഗ ശൂന്യമാകുകയും ചെയ്യും.
- റൂട്ട് ആക്സസ് ലഭിച്ച ആപ്പ്ളിക്കേഷനുകള്‍ വഴി മാല്‍വെയറുകള്‍ ഫോണിലെത്താനുള്ള സാധ്യത ഏറെയാണ്.
- റാം, പ്രോസസ്സര്‍ എന്നിവയുടെ വേഗത ഓരോ നിര്‍മ്മാതാക്കളും നിശ്ചയിക്കുന്നത് തങ്ങളുടെ ഉല്‍പന്നത്തിന്‍റെ നിലവാരവും ഘടനയും നോക്കിയാണ്. അതിന്‍റെ കണക്കുകള്‍ മാറ്റിയാല്‍ ഫോണ്‍ തകരാറിലായേക്കാം.
ആന്‍ഡ്രോയിഡ് റൂട്ട് ചെയ്യുന്ന വിധം തിങ്കളാഴ്ച