അഴകിയ രാവണന്‍ എന്ന സിനിമയുടെ തിരക്കഥാ ചര്‍ച്ച നടക്കുന്ന സമയം. എഴുത്ത് ഒരുവിധം പൂര്‍ത്തിയായപ്പോള്‍ സംവിധായകന്‍ കമലും ശ്രീനിവാസനും കൂടി മമ്മൂട്ടിയെ കാണാനായി അബാദ് പ്ലാസയിലെ മുറിയിലെത്തി.
കമല്‍ കഥ പറഞ്ഞെങ്കിലും മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതല്ലാതെ മമ്മൂട്ടി മറിച്ചൊന്നും പറയുന്നില്ല. സംവിധായകന് ടെന്‍ഷനായി.
ഒടുവില്‍ മമ്മൂട്ടി ശ്രീനിവാസനെ മാത്രം വിളിച്ച് കുറച്ചകലെ മാറ്റി നിര്‍ത്തി. അദ്ദേഹം ശ്രീനിയോട് കൈ ചൂണ്ടി സംസാരിക്കുന്നതും കയര്‍ക്കുന്നതും കണ്ടെങ്കിലും എന്താണ് വിഷയമെന്ന് മാത്രം കമലിന് മനസിലായില്ല. മമ്മൂട്ടി പക്ഷേ നല്ല ദേഷ്യത്തിലാണ്. ശ്രീനി കയ്യും കെട്ടി വെറുതെ നില്‍ക്കുന്നതേയുള്ളൂ.
കുറച്ചു കഴിഞ്ഞ് കമലിന്‍റെ അടുത്തെത്തിയ ശ്രീനിവാസന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു :
ഇത് ശരിയാകില്ല, നമുക്ക് മോഹന്‍ ലാലിനെ നോക്കാം…………………
കാര്യമറിയാതെ കമല്‍ അമ്പരന്നു. അപ്പോഴേക്കും അടുത്തെത്തിയ മമ്മൂട്ടിയോട് കമല്‍ ചോദിച്ചു : എന്താ മമ്മൂക്കാ പ്രശ്നം ? എന്തെങ്കിലും കുഴപ്പമുണ്ടോ ?
മറുപടി പറയാതെ മമ്മൂട്ടി ശ്രീനിയെ നോക്കി ആക്രോശിച്ചു :
മനുഷ്യനെ നാണം കെടുത്താനായി ഇങ്ങനെ ഓരോന്നും കൊണ്ട് ഇറങ്ങിക്കൊള്ളും. ഇത് നീ എന്നെ കളിയാക്കാനായി ഉദ്ദേശിച്ച് എഴുതിയ കഥയല്ലേ ? ഒരു കപ്പട കൂളിങ് ഗ്ലാസും ഓവര്‍ക്കോട്ടും. എന്നിട്ട് ശങ്കര്‍ദാസ് എന്നൊരു പേരും……………………. പേര് മാറ്റിയാല്‍ എനിക്കു മനസിലാകില്ലെന്നാ വിചാരം…………
കാര്യമറിഞ്ഞപ്പോള്‍ കമല്‍ പൊട്ടിച്ചിരിച്ചു.
ഏതായാലും പിന്നീട് കാര്യങ്ങള്‍ സുഗമമായി നടന്നു. താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയുമെല്ലാം നിശ്ചയിച്ചു. ചേര്‍ത്തലയ്ക്കടുത്തുള്ള ലൊക്കേഷനും സിനിമയ്ക്കായി കണ്ടു വച്ചു.
പറഞ്ഞ സമയത്തിനുള്ളില്‍ ഷൂട്ടിങ്ങിന് മുന്നേ തന്നെ ശ്രീനിവാസന്‍ തിരക്കഥയും പൂര്‍ത്തിയാക്കി.
തിരക്കഥ മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ നിര്‍മ്മാതാവ് മുരളി ഫിലിംസ് മാധവന്‍ നായര്‍ക്ക് ഒരു സംശയം. ഈ കഥയില്‍ മമ്മൂട്ടിയെക്കാള്‍ കൂടുതല്‍ യോജിക്കുന്നത് മോഹന്‍ ലാലല്ലേ ? ലാല്‍ ചെയ്യേണ്ട വേഷം മമ്മൂട്ടി ചെയ്താല്‍ ആളുകള്‍ സ്വീകരിക്കുമോ ?
തന്‍റെ ചോദ്യം അദ്ദേഹം കമലുമായി പങ്കുവച്ചു. അദ്ദേഹത്തിന്‍റെ ആശങ്കയില്‍ കാര്യമുണ്ടെന്ന് കമലിനും തോന്നി. സംശയ നിവൃത്തിക്കായി ഇരുവരും ശ്രീനിവാസനെ ആശ്രയിച്ചു.
കേട്ടപ്പാടെ ശ്രീനി ചിരിച്ചു.
താങ്കള്‍ പറഞ്ഞത് ശരിയാണ്. ഈ വേഷം ലാലിന് കൊടുത്താല്‍ തകര്‍ത്തഭിനയിച്ച് അദ്ദേഹം കയ്യില്‍ തരും. അതില്‍ ഒരു സംശയവും വേണ്ട.
എന്നാല്‍ മമ്മൂട്ടിയെ സംബന്ധിച്ച് അഭിനയമൊന്നും വേണ്ട. അദ്ദേഹത്തെ പൊക്കി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയാല്‍ ആ നിമിഷം ശങ്കര്‍ ദാസാകും. അതാണ് രണ്ടുപേരും തമ്മിലുള്ള വ്യത്യാസം. : ശ്രീനിവാസന്‍ പറഞ്ഞു.
നേരത്തെ മമ്മൂട്ടി പറഞ്ഞതും ഇപ്പോള്‍ ശ്രീനി പറയുന്നതും കൂട്ടി വായിച്ചപ്പോള്‍ കമല്‍ അറിയാതെ പൊട്ടിച്ചിരിച്ചു. സ്ഥാനത്തും അസ്ഥാനത്തും പൊങ്ങച്ചം പറയുകയും ഏത് സമയത്തും ഫാന്‍സി ഡ്രസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ശങ്കര്‍ദാസ് എന്ന ധനാഢ്യനായി മമ്മൂട്ടി അങ്ങനെ വെള്ളിത്തിരയിലെത്തി.
The End