ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍

bahubali movie

ബാഹുബലി എന്ന നാമത്തിന് ഇന്ത്യന്‍ സിനിമ ആസ്വാദകര്‍ക്കിടയില്‍ ഇനി ഒരൊറ്റ പര്യായമേയുള്ളൂ. ബ്രഹ്മാണ്ഡം. രാജമൌലി ഒരുക്കിയ വിസ്മയ ചിത്രം കാണികളെ അത്രമാത്രം കീഴ്പ്പെടുത്തിക്കഴിഞ്ഞു. ലോകമെങ്ങുമുള്ള ആറായിരത്തിലേറെ സ്ക്രീനുകളില്‍ തുടരുന്ന പടയോട്ടം മൂന്നാഴ്ച പിന്നിടുമ്പോള്‍ ആയിരത്തി നാന്നൂറ് കോടി രൂപയാണ് സിനിമ ഇതിനകം വാരിക്കൂട്ടിയത്.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ജനം ആദ്യമൊക്കെ രണ്ടാം ഭാഗം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലേക്ക് ഒഴുകിയത്. പിന്നീട് ആ സംശയം അത്ഭുതത്തിന് വഴിമാറി. സിനിമ കണ്ടവരൊക്കെ ഇതുപോലൊരു ചിത്രം ഇന്നുവരെ കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. പതിവ് തെലുഗു സിനിമയുടെ ചട്ടക്കൂടുകള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന ബാഹുബലി സാങ്കേതിക മികവിലും ഗ്രാഫിക്സിലും തുടങ്ങി ഓരോ ഫ്രെയിമിലും പ്രേക്ഷകര്‍ക്ക് പുതിയ കാഴ്ചകളാണ് സമ്മാനിച്ചത്. തെന്നിന്ത്യക്കാരെ മദ്രാസികള്‍ എന്ന് പറഞ്ഞ് തരംതാഴ്ത്തുകയും അവഹേളിക്കുകയും ചെയ്തിരുന്ന കടുത്ത ബോളിവുഡ് ആരാധകര്‍ പോലും രാജമൌലിയെയും അദ്ദേഹത്തിന്‍റെ സൃഷ്ടിയെയും അസൂയയോടെയാണ് നോക്കിക്കണ്ടത്. രാജമൌലി ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകനാണെന്ന വിശേഷണം വരെയുണ്ടായി.

പതിനെട്ട് സിനിമകള്‍ മാത്രം ചെയ്ത, തെലുഗു സിനിമയ്ക്ക് പുറത്ത് അധികമാരും അറിയാതിരുന്ന നായകന്‍ പ്രഭാസിനാണ് ഞെട്ടിക്കുന്ന വളര്‍ച്ചയുണ്ടായത്. ബാഹുബലി എന്ന ആദ്യ ഭാഗം തന്നെ നടന്‍റെ തലവര മാറ്റി വരച്ചു. ബോളിവുഡിലെ ഖാന്‍ ത്രയങ്ങള്‍ക്കും രജനികാന്തിനും കഴിയാതെ പോയ ആയിരം കോടി നേട്ടം രണ്ടാം ഭാഗത്തിലൂടെ നിഷ്പ്രയാസം കൈക്കലാക്കിയ അദ്ദേഹം രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളുടെ പട്ടികയിലേക്ക് വളരുകയും ചെയ്തു. അതും ഒരൊറ്റ കഥാപാത്രത്തിലൂടെ. പക്ഷേ അതിനു പിന്നില്‍ ഭാഗ്യം മാത്രമല്ലെന്ന് വ്യക്തമാണ്. ഒരു കഥാപാത്രത്തിന് വേണ്ടി ഏതെങ്കിലും ഒരു നടന്‍ അഞ്ചു വര്‍ഷത്തോളം ചെലവഴിച്ച സംഭവം ഇന്ത്യന്‍ സിനിമയില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.

ബിഗ്‌ ബഡ്ജറ്റ് സിനിമകള്‍ എട്ടുനിലയില്‍ പൊട്ടുന്നതും ആ ഒറ്റ കാരണം കൊണ്ട് അതിലെ താരങ്ങളും സംവിധായകനുമൊക്കെ വിസ്മൃതിയിലാകുന്നതും നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ബാഹുബലിയുടെ അണിയറക്കാര്‍ എടുത്തത് വലിയൊരു ചൂതാട്ടമാണെന്ന് കാണാം. ഏതായാലും സിനിമ രാജ്യത്തിനകത്തും പുറത്തും വലിയ തരംഗമായി. ലോക സിനിമയിലെ ഏറ്റവും വലിയ ഹിറ്റായ അവതാര്‍ രണ്ടായിരം കോടി രൂപയില്‍ താഴെയാണ് ആകെ വരുമാനം നേടിയത്. ആ റെക്കോര്‍ഡ് ബാഹുബലി 2 മറികടക്കുമോ എന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

വിസ്മയക്കാഴ്ചകള്‍ക്കപ്പുറം ബാഹുബലി എന്താണ് ബാക്കിവയ്ക്കുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. സിനിമ രാജ്യത്തിന്‍റെ പ്രൌഡമായ ചരിത്രത്തേയോ യഥാര്‍ത്ഥ ജീവിതത്തെയോ പ്രതിനിധീകരിക്കുന്നില്ല എന്ന ആരോപണമാണ് ചില വിമര്‍ശകര്‍ ഉന്നയിക്കുന്നത്. മഹിഷ്മതി എന്ന സാങ്കല്‍പ്പിക ദേശത്തെയും അധികാരത്തിന് വേണ്ടി അവിടെ നടന്ന കിടമത്സരത്തെയും ചോരപ്പുഴകളേയുമൊക്കെയാണ് അഞ്ചു മണിക്കൂര്‍ സിനിമ വരച്ചു കാട്ടുന്നത്. സത്യത്തില്‍ അങ്ങനെയൊരു ദേശമുണ്ടെന്നും ബാഹുബലിയും ഭല്ലാലദേവനും ദേവസേനയും ശിവകാമി ദേവിയുമൊക്കെ അറിയപ്പെടാതെ പോയ നമ്മുടെ ചരിത്രത്തിന്‍റെ ഭാഗമാണെന്നുമൊക്കെ പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നതില്‍ രാജമൌലി വിജയിച്ചെന്നു പറയാതെ വയ്യ.

Read നീലാംബരിയായി, ശിവകാമിയായി

ജൈനന്മാരുടെ ആരാധനാമൂര്‍ത്തിയായ ഗോമതേശ്വര എന്ന യഥാര്‍ത്ഥ ബാഹുബലിയെ അപ്രസക്തനാക്കി കൊണ്ട് സിനിമാസ്റ്റിക്ക് ബാഹുബലിയാണ് ജന മനസുകളില്‍ ഇപ്പോള്‍ ആഴത്തില്‍ വേരൂന്നി നില്‍ക്കുന്നത്. കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാഹുബലി പ്രതിമകള്‍ കണ്ട് അത് അമരേന്ദ്ര ബാഹുബലിയാണോയെന്ന് പുതുതലമുറ ചോദിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല. കുട്ടികളിലും യുവജനങ്ങളിലും ബാഹുബലി ഒന്നും രണ്ടും ഉണ്ടാക്കിയ സ്വാധീനം അത്ര വലുതാണ്‌.

അമാനുഷികതയുടെ പുതിയ തലങ്ങള്‍ രചിച്ച് കാണികളെ ഭ്രമിപ്പിച്ച ബാഹുബലി അവരെ മറ്റൊരു ലോകത്തേക്കാണ് കൂട്ടിക്കൊണ്ടു പോയത്. ഒറ്റയ്ക്ക് യുദ്ധം ജയിക്കാനും മല കയറാനും തുടങ്ങി അസാധ്യമാണെന്ന് നാം കരുതുന്നതെന്തും ചെയ്യാന്‍ കെല്‍പ്പുള്ളവനാണ് നായകനെന്ന് അത് നമ്മെ പഠിപ്പിക്കുന്നു. ചരിത്ര സിനിമകള്‍ നാം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ബാഹുബലിക്ക് മുമ്പും ശേഷവും എന്ന നിലയ്ക്കായിരിക്കും പ്രേക്ഷകര്‍ വരും കാലത്തുള്ളവയെ വിലയിരുത്തുക. രണ്ടാമൂഴം, രാമായണം തുടങ്ങി പറഞ്ഞു കേള്‍ക്കുന്ന സിനിമകള്‍ക്കെല്ലാം അത് ബാധകമാണ്. പക്ഷേ ദൈവമാണെങ്കിലും രാമന്‍ അമാനുഷികനല്ല എന്നോര്‍ക്കുക. ഭീമനും അതുപോലെ തന്നെ. ഏതൊരു മനുഷ്യനും എന്ന പോലെ ജയ പരാജയങ്ങള്‍ അവരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അത് അത്തരം സിനിമകളില്‍ പ്രതിഫലിക്കുകയും ചെയ്യും. എന്തും നിഷ്പ്രയാസം ചെയ്യുന്ന ബാഹുബലിമാര്‍ക്ക് മുന്നില്‍ മറ്റുള്ളവരെല്ലാം പുല്‍ക്കൊടി പോലെയാകും. ബാഹുബലിക്ക് കഴിയുമെങ്കില്‍ രാമനും കൃഷ്ണനും എന്തുകൊണ്ട് കഴിയുന്നില്ലെന്ന ചോദ്യമാകും അപ്പോള്‍ ചിലര്‍ ഉന്നയിക്കുക. അവയ്ക്കൊന്നും ഉത്തരമില്ല.

രജനികാന്താണ് താരപ്രഭയുടെ പുതിയ വഴികളിലൂടെ ഇന്ത്യന്‍ സിനിമയെ കൈ പിടിച്ചു നടത്തിയത്. ശത്രുക്കളുടെ വലിയൊരു സംഘത്തെ ഒറ്റയ്ക്ക് നേരിടുകയും അവരുടെ ആക്രമണങ്ങളെ പുഷ്പം പോലെ അതിജീവിക്കുകയും ചെയ്ത അദ്ദേഹം തമിഴകത്തെ താര സിംഹാസനത്തില്‍ അതിവേഗമാണെത്തിയത്. സിനിമയില്‍ ആദ്യമെത്തിയെങ്കിലും വേറിട്ട വഴിയിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ട കമലാഹാസന്‍ അതോടെ താരപദവിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പിന്നിലായി. തമിഴകത്തും മറ്റ് ഭാഷകളിലും പിന്നീട് ഉദിച്ചുയര്‍ന്ന നായകന്മാരൊക്കെയും രജനിയെ മാതൃകയാക്കാനാണ് താല്പര്യപ്പെട്ടത്. അസംഭവ്യമായത് വെള്ളിത്തിരയില്‍ ചെയ്ത് യാഥാര്‍ഥ്യത്തെ മറ്റൊരു ലോകത്തേക്ക് പറിച്ചു നട്ട അവര്‍ ലോകമെമ്പാടും ഒരു വമ്പന്‍ ആരാധകവൃന്ദത്തെയും സൃഷ്ടിച്ചു. ഇപ്പോള്‍ അവര്‍ക്കെല്ലാം മേലെയാണ് ബാഹുബലിയുടെ സ്ഥാനം. സിനിമാ ഭാഷയില്‍ പറഞ്ഞാല്‍, അതുക്കും മേലെ.

കൃഷ്‌ എന്ന സിനിമയിലെ പറക്കുന്ന നായകന്‍ ഹൃതിക് റോഷന്‍റെ കരിയറില്‍ നല്‍കിയ മൈലേജ് ചെറുതല്ല. സമാനമായ രംഗങ്ങള്‍ നമുക്ക് ബാഹുബലി ഒന്നാം ഭാഗത്തിലും കാണാം. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താര സമവാക്യങ്ങള്‍ അടിമുടി മാറ്റിയെഴുതിയ ബാഹുബലിയുടെ പെരുമ ഹോളിവുഡില്‍ പോലും എത്തിയത് അഭിമാനകരമാണ്. അക്കാര്യത്തില്‍ സംവിധായകന്‍ രാജമൌലിയും, കലാ സംവിധായകന്‍ സാബു സിറിലും ഛായാഗ്രാഹകന്‍ സെന്തില്‍ കുമാറും അഭിനേതാക്കളും തുടങ്ങി സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സകലരും അഭിനന്ദനം അര്‍ഹിക്കുന്നു. അത് പകര്‍ന്നു നല്‍കിയ വിസ്മയക്കാഴ്ച്ചകളെ മറ്റൊരു ചിത്രത്തിലേക്ക് താദാത്മ്യം ചെയ്യാന്‍ ആരും തയ്യാറാകാതെയിരുന്നാല്‍ അത് തന്നെയാകും ബാഹുബലി എന്ന സിനിമയുടെ ഏറ്റവും വലിയ വിജയം.

The End

Leave a Comment

Your email address will not be published. Required fields are marked *