
നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങള്‍, ഭാവാഭിനയത്തിന്‍റെ അത്യുന്നതങ്ങളില്‍ വിരാജിക്കാനുള്ള കഴിവ്, നവരസങ്ങളെല്ലാം ഒന്നിനൊന്ന് ഹൃദിസ്ഥം. ഇതെല്ലാമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ജീവിത ഗന്ധിയായ നിരവധി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം ലോകമെങ്ങുമുള്ള ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
കിരീടത്തിലെ സേതുവായും കിലുക്കത്തിലെ ജോജിയായും ഭരതത്തിലെ ഗോപിനാഥനായും സദയത്തിലെ സത്യനാഥനായും വാനപ്രസ്ഥത്തിലെ കുഞ്ഞുകുട്ടനായും ആ നടന്‍ വിസ്മയങ്ങള്‍ തീര്‍ത്തപ്പോള്‍ നമ്മള്‍ അത്ഭുതത്തോടെയാണ് കണ്ടു നിന്നത്. ഇടക്ക് മലയാളത്തിന്‍റെ അതിര്‍ത്തികള്‍ ഭേദിച്ച് ഹിന്ദിയിലും തമിഴിലും കടന്ന അദ്ദേഹം അവിടെയും സ്വാഭാവിക അഭിനയത്തിന്‍റെ കൊടുമുടികള്‍ തീര്‍ത്തു. ശിവാജി ഗണേശനും രാജ്കുമാറും അമിതാഭ് ബച്ചനും കമല്‍ ഹാസനും രജനികാന്തും സൂര്യയുമൊക്കെ മോഹന്‍ലാല്‍ എന്ന നടന വിസ്മയത്തിന്‍റെ അഥവാ ലളിതാഭിനയത്തിന്‍റെ ആസ്വാദകരാണെന്ന് പറഞ്ഞത് വെറുതെയല്ല.
മോഹന്‍ലാല്‍ ചെയ്ത ഏറ്റവും നല്ല 25 കഥാപാത്രങ്ങളെ കണ്ടെത്താനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.
1. വാനപ്രസ്ഥം
മോഹന്‍ലാല്‍ എന്ന നടനെ സമര്‍ത്ഥമായി ഉപയോഗിച്ച ചിത്രം. കഥകളി നടന്‍ കുഞ്ഞുകുട്ടനായി അദ്ദേഹം ഭാവാഭിനയത്തിന്‍റെ പുതിയ തലങ്ങള്‍ കാഴ്ച വെച്ചപ്പോള്‍ ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്കാരം ഒരിക്കല്‍ കൂടി മലയാളത്തിലെത്തി.
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്. സുഹാസിനി, കുക്കു പരമേശ്വരന്‍ തുടങ്ങിയ മുഖ്യധാര താരങ്ങളും കലാമണ്ഡലത്തിലെ നിരവധി അഭിനയ പ്രതിഭകളും വേഷമിട്ട ചിത്രം ഒരു ഫ്രഞ്ച് കമ്പനിയും പ്രണവം ആര്‍ട്സും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
2. തൂവാനത്തുമ്പികള്‍
പദ്മരാജന്‍റെ ഉദകപ്പോള എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം. കാലമിത്ര കഴിഞ്ഞിട്ടും ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള പ്രണയവും നാട്ടിന്‍പുറത്തിന്‍റെ ദൃശ്യഭംഗിയും മനോഹരമായ ഗാനങ്ങളുമൊന്നും പ്രേക്ഷകരുടെ മനസില്‍ നിന്ന്‍ മാഞ്ഞിട്ടില്ല. ലാലിനെ കൂടാതെ പാര്‍വതി, സുമലത, അശോകന്‍, ബാബു നമ്പൂതിരി, ജഗതി എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.
3. കിരീടം
ലാലിന്‍റെ സേതുമാധവന്‍ ഇന്നും പ്രേക്ഷകരുടെ മനസിലെ ഉണങ്ങാത്ത മുറിവാണ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടറാകാന്‍ ആശിച്ച് അവസാനം തെരുവ്ഗുണ്ടയാകേണ്ടി വന്ന നായകന്‍റെ ഹൃദയ വേദന രൂപഭാവങ്ങളില്‍ ആവാഹിച്ച് ലാല്‍ അവിസ്മരണീയമാക്കി. തിലകന്‍, മുരളി, കവിയൂര്‍ പൊന്നമ്മ, കൊച്ചിന്‍ ഹനീഫ, ജഗതി, ശങ്കരാടി, പാര്‍വതി എന്നിവരുടെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. ലാലിന്‍റെ പ്രകടനം ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിക്കൊടുത്തു.
4. നാടുവാഴികള്‍
മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്ന്. എസ്.എന്‍ സ്വാമിയുടെ കെട്ടുറപ്പുള്ള തിരക്കഥയും ജോഷിയുടെ സംവിധാന മികവും കൂടി ചേര്‍ന്നപ്പോള്‍ സിനിമ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറി. മധു, തിലകന്‍, മുരളി, ദേവന്‍, കുതിരവട്ടം പപ്പു, സിത്താര, രൂപിണി എന്നിവര്‍ സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
5. താഴ്വാരം
എം.ടി യുടെ തിരക്കഥ, ഭരതന്‍റെ സംവിധാനം, നായകന്‍ മോഹന്‍ലാല്‍. വിസ്മയങ്ങള്‍ ഒന്നിക്കുന്ന സിനിമയെ കുറിച്ച് സ്വാഭാവികമായും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയായിരിക്കും. താഴ്വാരം ആ പ്രതീക്ഷകള്‍ തെറ്റിച്ചില്ല. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും കഥ പറഞ്ഞ ചിത്രം കാണികള്‍ക്ക് മനോഹരമായ ദൃശ്യാനുഭൂതിയും സമ്മാനിച്ചു.
6. കിലുക്കം
മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളില്‍ ഒന്ന്‍. ലാലിനൊപ്പം, തിലകന്‍, ജഗതി, ഇന്നസെന്‍റ്, രേവതി എന്നിവരും മല്‍സരിച്ചഭിനയിച്ചപ്പോള്‍ ഈ പ്രിയദര്‍ശന്‍ ചിത്രം എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായി മാറി. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.
7. നാടോടിക്കാറ്റ്
നാടോടിക്കാറ്റ് എത്രവട്ടം കണ്ടു എന്നു ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമുണ്ടാവില്ല. എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും പ്രാവശ്യം നമ്മള്‍ ഈ ചിത്രം കണ്ടുകഴിഞ്ഞു. ഇപ്പൊഴും കാണുന്നു.
ദാസന്‍റെയും വിജയന്‍റെയും മണ്ടത്തരങ്ങള്‍ വിവിധ ഭാഗങ്ങളായി പിന്നെയും വിജയക്കൊടികള്‍ പാറിച്ചു. തിലകനും ക്യാപ്റ്റന്‍ രാജുവിനും പതിവ് വില്ലന്‍ വേഷങ്ങളില്‍ നിന്നുള്ള മോചനം കൂടിയായിരുന്നു ഈ ചിത്രം. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച സിനിമ സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാടാണ്.
8. ഭരതം
ലോഹിതദാസിന്‍റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം. കല്ലൂര്‍ ഗോപിനാഥനായുള്ള ലാലിന്‍റെ പ്രകടനം അദ്ദേഹത്തിന് ഏറ്റവും നല്ല നടനുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. നെടുമുടി വേണു, ഉര്‍വശി, മുരളി, ലക്ഷ്മി, തിക്കുറിശ്ശി, സുചിത്ര എന്നിവരും മറ്റ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
9. തന്‍മാത്ര
ബ്ലെസ്സിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ചിത്രം. അല്‍ഷിമേഴ്സ് രോഗിയുടെ വേഷത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ പ്രേക്ഷകരും നിരൂപകരും ഒരുപോലെ അത്ഭുതപ്പെട്ടു. ഒരിക്കല്‍ കൂടി ദേശീയ ചലച്ചിത്ര അവാര്‍ഡിന് അടുത്തെത്തിയെങ്കിലും അവസാന നിമിഷം ലാലിന് അത് നഷ്ടപ്പെട്ടു.
10. സുഖമോ ദേവി
ശങ്കര്‍ നായകനായ ചിത്രത്തില്‍ ഉപനായക വേഷമാണ് ലാല്‍ ചെയ്തത്. പക്ഷേ സണ്ണി എന്ന കഥാപാത്രമായി എത്തിയ ലാല്‍ ഒരു കാലഘട്ടത്തിന്‍റെ മുഴുവന്‍ ചങ്കൂറ്റത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും പ്രതിരൂപമായി മാറി. വേണു നാഗവള്ളി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഉര്‍വശി, ഗീത, ഗണേഷ്, നെടുമുടി വേണു എന്നിവരും മികച്ച വേഷങ്ങള്‍ ചെയ്തു.
11. സദയം
ഇന്ത്യന്‍ സിനിമയില്‍ മോഹന്‍ലാലിന് മാത്രം ചെയ്യാന്‍ പറ്റുന്ന വേഷമാണ് ഈ ചിത്രത്തില്‍ എം.ടി അദ്ദേഹത്തിന് നല്‍കിയത്. സത്യനാഥന്‍ എന്ന വധശിക്ഷ കാത്തുകഴിയുന്ന കുറ്റവാളിയുടെ മനോവ്യാപാരങ്ങള്‍ അത്യുജ്ജ്വലമായി അവതരിപ്പിച്ച ലാല്‍ ഏവരെയും ഒരിക്കല്‍ കൂടി വിസ്മയിപ്പിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തിലകന്‍, നെടുമുടി വേണു, ശ്രീനിവാസന്‍, ടിജി രവി, മാതു, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്തത്.
12. ഇരുപതാം നൂറ്റാണ്ട്
മോഹന്‍ലാല്‍- കെ.മധു- എസ്.എന്‍ സ്വാമി ടീമിന്‍റെ ഈ ചിത്രം ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും തിരക്കഥയിലെയും സംവിധാനത്തിലെയും വ്യത്യസ്തത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. സാഗര്‍ ഏലിയാസ് ജാക്കി എന്ന തന്‍റെ എക്കാലത്തെയും മികച്ച ആക്ഷന്‍ കഥാപാത്രത്തിലൂടെ താരതമ്യങ്ങളില്ലാത്ത പ്രകടനം പുറത്തെടുത്ത ലാലിനൊപ്പം സുരേഷ് ഗോപി, ശ്രീനാഥ്, ജഗതി, അംബിക, ഉര്‍വശി എന്നിവരും തങ്ങളുടെ വേഷം മികവുറ്റതാക്കി.
Read അങ്കമാലിയിലെ പ്രധാനമന്ത്രി
13. പാദമുദ്ര
ഒരു തെയ്യം കലാകാരന്‍റെയും അവിഹിത ബന്ധത്തിലുണ്ടായ അയാളുടെ മകന്‍റെയും മനോവ്യാപാരങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ആര്‍.സുകുമാരനാണ്. ലാല്‍ ഇരട്ട വേഷത്തിലെത്തിയ സിനിമയില്‍ നെടുമുടി വേണു, സീമ എന്നിവരാണ് മറ്റ് വേഷങ്ങള്‍ ചെയ്തത്.
14. കാലാപാനി
സ്വാതന്ത്ര്യ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം. ടി ദാമോദരന്‍ തിരക്കഥ എഴുതിയ സിനിമ നിര്‍മ്മിച്ചതും മോഹന്‍ലാലാണ്. പ്രഭു, അമരീഷ് പുരി, തബു, ശ്രീനിവാസന്‍ തുടങ്ങി ആയിരത്തോളം നടീ നടന്മാരും ലോകോത്തര സാങ്കേതിക വിദഗ്ദ്ധരും സിനിമയ്ക്ക് വേണ്ടി അണിനിരന്നു.
15. വരവേല്‍പ്പ്
നാട്ടില്‍ ഒരു സംരംഭം തുടങ്ങാനുള്ള ബുദ്ധിമുട്ടുകളും അതിനായി ശ്രമിച്ച ഒരു പ്രവാസിക്ക് നേരിട്ട തിരിച്ചടികളുടെയും കഥ പറഞ്ഞ ചിത്രം. സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ ടീം ഒരുക്കിയ ഈ ചിത്രത്തില്‍ രേവതി, തിലകന്‍, മുരളി, ജനാര്‍ദ്ദനന്‍, കെപിഎസി ലളിത, ജഗദീഷ്, ഇന്നസെന്‍റ് എന്നിവരും അഭിനയിച്ചു.