മോഹന്‍ലാലിന്‍റെ മികച്ച 25 സിനിമകള്‍

16. തേന്മാവിന്‍ കൊമ്പത്ത്

ഒരു സാങ്കല്‍പ്പിക ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രിയദര്‍ശന്‍ ഒരുക്കിയ മനോഹര പ്രണയകാവ്യം. ഗാനങ്ങള്‍, ഛായാഗ്രഹണം, നൃത്തങ്ങള്‍ എന്നിവയും മികവ് പുലര്‍ത്തി. നെടുമുടി വേണു, ശോഭന, ശ്രീനിവാസന്‍, ശങ്കരാടി, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

17. സ്ഫടികം

ആടുതോമ എന്ന മോഹന്‍ലാലിന്‍റെ അനശ്വര കഥാപാത്രം ഇപ്പൊഴും പ്രേക്ഷകരുടെ മനസിലുണ്ട്. അച്ഛന്‍റെ പിടിവാശിക്ക് മുന്നില്‍ ജീവിതം ഹോമിച്ച മകന്‍റെ കഥ പറഞ്ഞ ചിത്രം ലാലിന്‍റെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നാണ്. ഭദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ തിലകന്‍, ഉര്‍വശി, കെപിഎസി ലളിത, ചിപ്പി, സ്മിത, നെടുമുടി വേണു, രാജന്‍പിദേവ് എന്നിവരും അഭിനയിച്ചു.

18. മണിച്ചിത്രത്താഴ്

നിരവധി അംഗീകാരങ്ങളും ജനപ്രീതിയും ഏറ്റുവാങ്ങിയ ചിത്രം. മോഹന്‍ലാല്‍ ഡോ. സണ്ണി ജോസഫ് എന്ന മനശാസ്ത്ര വിദഗ്ദ്ധനെ അവതരിപ്പിച്ച സിനിമയില്‍ സുരേഷ്ഗോപി, തിലകന്‍, നെടുമുടി വേണു, ശോഭന, ഇന്നസെന്‍റ്, കുതിരവട്ടം പപ്പു തുടങ്ങിയ വന്‍ താരനിരയും അണിനിരന്നു. മധു മുട്ടം രചന നിര്‍വഹിച്ച സിനിമ സംവിധാനം ചെയ്തത് ഫാസിലാണ്.

19. കമ്പനി

മോഹന്‍ലാലിന്‍റെ മികച്ച 25 സിനിമകള്‍ 1

ഒരു സംഘട്ടന രംഗം പോലും ചെയ്യേണ്ടി വന്നില്ലെങ്കിലും ലാല്‍ ചെയ്ത ഏറ്റവും നല്ല ആക്ഷന്‍ ചിത്രങ്ങളിലൊന്ന് എന്ന്‍ കമ്പനിയെ വിശേഷിപ്പിക്കാം. ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും തമ്മിലുള്ള കിടമല്‍സരത്തിന്‍റെയും അവരെ കുടുക്കാനുള്ള മുംബൈ അസിസ്റ്റന്‍റ് പോലീസ് കമ്മിഷണര്‍ ശ്രീനിവാസന്‍റേയും കഥ പറഞ്ഞ ചിത്രം ഒരുക്കിയത് ബോളിവുഡിലെ ഹിറ്റ് മേക്കറായ രാം ഗോപാല്‍ വര്‍മ്മയാണ്. അജയ് ദേവ്ഗണ്‍, വിവേക് ഒബ്രോയ്, മനീഷ കൊയ്രാള, സീമ ബിശ്വാസ് തുടങ്ങിയവരും ലാലിന്‍റെ ഈ ആദ്യ ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു.

20. രാജാവിന്‍റെ മകന്‍

മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്കുയർത്തിയ ചിത്രം. വിൻസൻറ് ഗോമസ് എന്ന അധോലോക നായകനായി അദ്ദേഹം നിറഞ്ഞു നിന്ന ഈ ചിത്രം സംവിധാനം ചെയ്തത് തമ്പി കണ്ണന്താനമാണ്.

ലാലിൻ്റെ എക്കാലത്തെയും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്ന രാജാവിൻ്റെ  മകനിലെ ത്രസിപ്പിക്കുന്ന രംഗങ്ങളും ഡയലോഗുകളും ഇന്നും ആരാധകർക്കിടയിൽ തരംഗമാണ്. സുരേഷ്‌ഗോപി, രതീഷ്, അംബിക എന്നിവരും അഭിനയിച്ച ചിത്രത്തിൻ്റെ രചന നിർവഹിച്ചത് ഡെന്നിസ് ജോസഫാണ്.

21. ചിത്രം

മോഹൻലാലിൻ്റെ  എക്കാലത്തെയും വലിയ വിജയ ചിത്രം തുടർച്ചയായി 365 ദിവസമാണ് എറണാകുളത്തെ റിലീസിംഗ് സെൻററിൽ പ്രദർശിപ്പിച്ചത്. ആദ്യ പകുതിയിൽ ലാലും നെടുമുടി വേണുവും ശ്രീനിവാസനും  മത്സരിച്ചഭിനയിച്ച ഹാസ്യ രംഗങ്ങളും പാട്ടുകളും കയ്യടി നേടിക്കൊടുത്തുവെങ്കിൽ രണ്ടാം പകുതിയിലെ വികാര നിർമപരമായ രംഗങ്ങൾ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി.

ഏകദേശം 40  ലക്ഷം മുടക്കുമുതലിൽ പൂർത്തിയാക്കിയ സിനിമ ആറു കോടിയിൽ പരം കളക്ഷനാണ് അക്കാലത്ത് നേടിയത്. രഞ്ജിനി , സുകുമാരി, പൂർണം വിശ്വനാഥൻ, മണിയൻപിള്ള രാജു എന്നിവരും അഭിനയിച്ച സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത് പ്രിയദർശനാണ്.

22. ദൃശ്യം

drishyam

നീണ്ട ഇടവേളയ്ക്കു ശേഷം  ലാൽ ഒരു നാട്ടിമ്പുറത്തുകാരൻ്റെ വേഷത്തിലെത്തി പ്രേക്ഷകരുടെ കയ്യടി വാങ്ങിച്ചത് ദൃശ്യം സിനിമയിലൂടെയാണ്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം  കളക്ഷൻ റിക്കോർഡുകൾ തിരുത്തിക്കുറിച്ച് മലയാളത്തിൽ നിന്ന് അമ്പത് കോടി ക്ലബ്ബിൽ ആദ്യമായി ഇടം പിടിക്കുകയും ചെയ്തു.

പിന്നീട് തമിഴ്, കന്നഡ, തെലുഗു, ഹിന്ദി, ചൈനീസ് എന്നിങ്ങനെ വിവിധ ഭാഷകളിൽ പുനഃസൃഷ്ടിച്ച ദൃശ്യം എല്ലായിടത്തും വൻ വിജയം നേടി. മീന, സിദ്ദിക്ക്, ആശ ശരത്, കലാഭവൻ ഷാജോൺ എന്നിവരും അഭിനയിച്ച സിനിമ നിർമിച്ചത് ആശിർവാദ് സിനിമാസാണ്.

23. പുലി മുരുകൻ

pulimurugan

അന്യഭാഷാ പ്രേക്ഷകർക്ക്  നൂറുകോടി ക്ലബ്ബ്  പരിചിതമായിട്ട് കാലം കുറച്ചായെങ്കിലും മലയാളികൾക്ക് പക്ഷെ അതിന് പുലിമുരുകൻ വരെ കാത്തിരിക്കേണ്ടി വന്നു. നൂറും കടന്ന് നൂറ്റമ്പത് കോടി വരുമാനമുണ്ടാക്കിയ ഈ മുളകുപാടം ചിത്രത്തിൽ പുലി വേട്ടക്കാരൻ മുരുകനെയാണ് ലാൽ അവതരിപ്പിച്ചത്.

മോഹൻലാലിൻ്റെ  ചടുലമായ ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗ്രാഫിക്സ് വിസ്മയങ്ങൾ കൊണ്ടും സമ്പന്നമായ ഈ സിനിമ സംവിധാനം ചെയ്തത് വൈശാഖാണ്. കമാലിനി മുഖർജി, ലാൽ, ജഗപതി ബാബു, സുരാജ് വെഞ്ഞാറമൂട്, കിഷോർ, സിദ്ദിക്ക് എന്നിങ്ങനെ വമ്പൻ താരനിര അണിനിരന്ന പുലിമുരുകൻ നിർമിച്ചത് ടോമിച്ചൻ മുളകുപാടമാണ്.

24. രസതന്ത്രം

rasathanthram

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ട് ഏതാണെന്ന് ചോദിച്ചാൽ മോഹൻലാൽ- സത്യൻ അന്തിക്കാട് എന്നായിരിക്കും മിക്കവരും പറയുക. ഇടത്തരക്കാരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചയായ അനവധി ചിത്രങ്ങളാണ് ആ കൂട്ടുകെട്ടിൽ പിറന്നത്.

വരവേൽപ്പ് എന്ന സൂപ്പർഹിറ്റ് സിനിമ പുറത്തിറങ്ങി ഒരു വ്യാഴവട്ടകാലത്തേക്ക് അകന്നു നിന്ന ഇരുവരും രസതന്ത്രത്തിനു വേണ്ടിയാണ് വീണ്ടും ഒന്നിച്ചത്. വ്യത്യസ്ഥമായ അവതരണ രീതി കൊണ്ടും തീവ്രമായ കുടുംബ ബന്ധങ്ങളുടെ ആവിഷ്കാരം കൊണ്ടും ശ്രദ്ധേയമായ ചിത്രത്തിൽ ലാൽ അത്യുജ്വലമായ പ്രകടനമാണ് കാഴ്ച വച്ചത്. മീര ജാസ്മിൻ, ഭരത്ഗോപി, ഇന്നസെൻറ്, മാമുക്കോയ, ജഗതി ശ്രീകുമാർ എന്നിവർ അഭിനയിച്ച രസതന്ത്രത്തിന് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയത്.

Read സത്യന്‍ അന്തിക്കാട് സിനിമകളിലെ ഗ്രാമീണ ജീവിതങ്ങള്‍

25. ഇരുവർ

iruvar

എംജിആറും  കരുണാനിധിയും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയപ്പോര്  അഭ്രപാളികളിലേക്ക് പകർത്താൻ മണിരത്നം തീരുമാനിച്ചപ്പോൾ നായകനായി തിരഞ്ഞെടുത്തത് മലയാളത്തിൻ്റെ പ്രിയ നടനെയാണ്. ആനന്ദൻ എന്ന നായകനായി ക്യാമറയ്ക്ക് മുന്നിൽ ജീവിച്ച ലാൽ ലോകമെമ്പാടുമുള്ള തമിഴ് പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് വീണ്ടും ദേശിയ അവാർഡ് ലഭിക്കുമെന്ന് ഏവരും കരുതിയെങ്കിലും തമിഴ്‌നാട് കേന്ദ്രികരിച്ച് നടന്ന ചില രാഷ്ട്രീയ കളികളുടെ ഭാഗമായി അത് നഷ്ടപ്പെട്ടു. തൊട്ടു മുമ്പത്തെ വർഷം വീരുമാണ്ടിയിലെ അഭിനയത്തിന് കമലാഹാസന്‌ ദേശിയ അവാർഡ് ലഭിച്ചിരുന്നു. തുടർച്ചയായി തമിഴ് സിനിമയിലെ നായകന്മാർക്ക് മികച്ച നടനുള്ള അവാർഡ് നൽകുന്നത് ശരിയല്ലെന്ന ന്യായികരണവുമായി അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയാണ് ലാലിൻ്റെ പുരസ്‌കാരലബ്ധിക്ക് തടയിട്ടതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിൻ്റെ എതിരാളിയായിരുന്ന എംജിആറിനോട് സാമ്യമുള്ള കഥാപാത്രത്തെയാണല്ലോ ലാൽ സിനിമയിൽ അവതരിപ്പിച്ചത്. പകരം കരുണാനിധിയെ അവതരിപ്പിച്ച പ്രകാശ്‌രാജിന് മികച്ച രണ്ടാമത്തെ നടനുള്ള ദേശിയ അവാർഡ് ലഭിക്കുകയും ചെയ്തു.

തമിഴ് വശമില്ലാത്ത മോഹൻലാൽ സാധാരണ തമിഴ് പ്രേക്ഷകർക്ക് പോലും മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ശ്രീലങ്കൻ തമിഴിൽ ശബ്ദം  കൊടുക്കുകയും  ചെയ്തു. സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും ഇരുവർ ഇന്നും തമിഴകത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി വാഴ്ത്തപ്പെടുന്നു.

മോഹൻലാല്‍ വെള്ളിത്തിരയില്‍ തീര്‍ത്ത വിസ്മയങ്ങളുടെ പട്ടിക ഇവിടം കൊണ്ടവസാനിക്കുന്നില്ല. ഇനിയും ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഏറെ വരാനിരിക്കുന്നു. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, അമൃതം ഗമയ, ഒപ്പം, ദൌത്യം, ഭ്രമരം, ഉല്‍സവപിറ്റേന്ന്, വെള്ളാനകളുടെ നാട്, സന്മനസുള്ളവര്‍ക്ക് സമാധാനം, ദേവാസുരം, ഇവിടം സ്വര്‍ഗ്ഗമാണ്, ലാല്‍ സലാം, യുവജനോത്സവം, ഉയരങ്ങളില്‍, ധനം, സ്പിരിറ്റ്, എയ് ഓട്ടോ, നമ്പര്‍ 20 മദ്രാസ് മെയില്‍, ടി.പി ബാലഗോപാലന്‍ എം.എ, താളവട്ടം, വടക്കുംനാഥന്‍, ദേവാസുരം, ഹലോ, രാവണപ്രഭു, പ്രണയം, ദശരഥം, ആര്യന്‍……….  ആ പട്ടിക നീളുകയാണ്. മറക്കാനാവാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ ഇനിയും സമ്മാനിക്കുവാന്‍ തയ്യാറായി ആ താരം നമുക്കിടയില്‍ തന്നെ നില്‍ക്കുന്നു. ഇത് മലയാളത്തിന്, നമ്മള്‍ മലയാളികള്‍ക്ക് മാത്രം ലഭിച്ച മഹാഭാഗ്യമാണ്.

Read മലയാള സിനിമയിലെ താരസങ്കല്‍പ്പങ്ങള്‍


[This article is originally published in 25th August 2013 and modified later]