മലയാള സിനിമയിലെ താരസങ്കല്‍പ്പങ്ങള്‍

Malayalam-cinema

നമ്മുടെ സിനിമയില്‍ കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ചില ആചാരങ്ങളും കീഴ്വഴക്കങ്ങളുമുണ്ട്. സത്ഗുണ സമ്പന്നനായ നായകനും അയാളുടെ അത്യാഗ്രഹികളായ കൂടപ്പിറപ്പുകളും സ്ത്രീ ലമ്പടനായ വില്ലനുമൊക്കെ പല സിനിമകളുടെയും അവിഭാജ്യ ഘടകങ്ങളാണ്.

സകല ആയോധന മുറകളും അഭ്യസിച്ച നായകന്‍റെ തല്ല് കൊള്ളാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പോലീസ് ഓഫീസര്‍ എപ്പോഴും വില്ലനെ ചുറ്റിപ്പറ്റി തന്നെയുണ്ടാകും. ഭീമന്‍ രഘുവിനെയോ സ്ഫടികം ജോര്‍ജിനെയോ ബാബുരാജിനെയോ പോലുള്ള ആളുകളായിരിക്കും മിക്കവാറും ആ വേഷങ്ങള്‍ ചെയ്യുക.

മലയാള സിനിമയിലെ രസകരങ്ങളായ അത്തരം ചില ആചാരാനുഷ്ഠാനങ്ങളിലൂടെ ഒരു യാത്ര നടത്താം.

മലയാള സിനിമയിലെ താരസങ്കല്‍പ്പങ്ങള്‍ 1

നായകന്‍

 • പ്രേംനസീറിന്‍റെ കാലത്ത് നായകന്‍ സത്ഗുണ സമ്പന്നന്നായിരുന്നു. ഒരുവിധ ദു:ശീലവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ ഉമ്മറും ബാലന്‍ കെ നായരും ടിജി രവിയുമൊക്കെ നേരെ തിരിച്ചും. ഉമ്മറുടെ കൈ കൊണ്ട് ബ്ലൌസ് കീറാത്ത നായികമാര്‍ അക്കാലത്ത് വളരെ കുറവായിരുന്നു എന്നു തന്നെ പറയാം. മുതല വളര്‍ത്തല്‍ ശീലമാക്കിയ ജോസ് പ്രകാശും ചേര്‍ന്നാല്‍ അക്കാലത്തെ ഒരു ശരാശരി മലയാള സിനിമയായി.
 • ഡല്‍ഹിയില്‍ നിന്നു വരുന്ന ഐപിഎസ് നായകന്‍ ആധുനിക കുറ്റാന്വേഷണ സിനിമകളില്‍ ഒരു സ്ഥിരം കാഴ്ചയാണ്. ആദ്യ ഘട്ടത്തില്‍ ഏതെങ്കിലും കൈക്കൂലി വീരനായിരിക്കും കേസ് അന്വേഷിച്ചിട്ടുണ്ടാകുക. കുറ്റകൃത്യം നടന്ന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടാണ് വരുന്നതെങ്കിലും സംഭവ സ്ഥലത്തു നിന്ന്‍ നമ്മുടെ നായകന് എന്തെങ്കിലും തുമ്പ് കിട്ടും. പലപ്പോഴും പ്രതിയുടെ ഏലസോ അല്ലെങ്കില്‍ മാലയുടെ ലോക്കറ്റോ ആയിരിയ്ക്കും അത്.ബുദ്ധിമാനായ നായകനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന മണ്ടന്മാരായ കീഴ്ജീവനക്കാരാണ് ഇത്തരം സിനിമകളിലെ മറ്റൊരു സ്ഥിരം കാഴ്ച. അത്തരം വേഷങ്ങള്‍ ജഗദീഷിനെ പോലുള്ളവര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു.
 • ഇന്നത്തെ നായകന്‍ സകല കലാ വല്ലഭനാണ്. ഒരു ഇരുപത്തഞ്ച് പേരെ വരെ ഒറ്റയ്ക്ക് നേരിടാന്‍ അയാള്‍ മതിയാകും. എത്ര ഗുണ്ടകള്‍ ഉണ്ടെങ്കിലും അവര്‍ ഓരോരുത്തര്‍ ആയിട്ടാകും അയാളെ ആക്രമിക്കുക. ഗാനരംഗങ്ങളില്‍ അയാള്‍ മൈക്കിള്‍ ജാക്സണെ പോലെ ഡാന്‍സ് ചെയ്യും. സന്തോഷം വരുമ്പോഴും വിഷമം വരുമ്പോഴും യേശുദാസിനെ പോലെ പാടുകയും ചെയ്യും. ശാസ്ത്രീയ സംഗീതം ലവലേശം പഠിക്കാത്തവനാണെങ്കിലും രാഗങ്ങളും അതിന്‍റെ ആരോഹണഅവരോഹണങ്ങളും അയാള്‍ക്ക് ഹൃദിസ്ഥമായിരിക്കും.
 • നായകന്‍റെ അടിയേറ്റ് എതിരാളികള്‍ വീഴുന്നത് കെട്ടിടത്തിന്‍റെ ജനാലകളും മേല്‍ക്കൂരകളും തകര്‍ത്തു കൊണ്ടായിരിക്കും. പരിസരത്തെങ്ങാനും വാഹനങ്ങളുടെങ്കില്‍ അതും തവിടുപൊടിയാകും. അവസാനം നായകന്‍ ഒന്നും സംഭവിക്കാതെ കൈയും വീശി നടന്നു പോകുമ്പോള്‍ ഗുണ്ടകള്‍ കയ്യും കാലുമൊടിഞ്ഞു ചോരയൊലിപ്പിച്ച് കിടക്കുന്ന കാഴ്ച അതിദയനീയമാണ്. (പോക്കിരിരാജ)
 • മദ്ധ്യവയസ്ക്കനായ നായകനാണെങ്കില്‍ അയാള്‍ പ്രാരാബ്ദങ്ങള്‍ കാരണം വിവാഹം കഴിക്കാന്‍ മറന്നു പോയവനാണ്. ആദ്യം എതിര്‍ക്കുമെങ്കിലും ക്ലൈമാക്സ് ആകുന്നതോടെ പതിനെട്ടുകാരി നായികയെ കല്യാണം കഴിച്ച് അയാള്‍ സംതൃപ്തിയടയും. അത്തരം നായികമാര്‍ക്ക് പ്രായം കൂടുതല്‍ തോന്നാനായി കണ്ണട വച്ചു കൊടുക്കുന്നതും ശരീരം തടിപ്പിക്കുന്നതുമൊക്കെ പതിവാണ്. (മാടമ്പി, വെന്നീസിലെ വ്യാപാരി, ചൈന ടൌണ്‍)
 • നായകന്‍റെ സഹായികളായ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും സദ്ഗുണ സമ്പന്നരായിരിക്കും. എന്നാല്‍ വില്ലന്‍റെ സഹായികളായ മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും അഴിമതിക്കാരും അധോലോക ബന്ധമുള്ളവരും ആയിരിയ്ക്കും. അത്തരക്കാരെ സാധാരണയായി ഒളിക്യാമറയിലൂടെയാകും നായകന്‍ കുടുക്കുക.
 • സംസ്ഥാന ആഭ്യന്തര മന്ത്രിക്കും ഡിജിപിയ്ക്കും മക്കളുണ്ട്. ആണ്‍മക്കളാണെങ്കില്‍ അവര്‍ ഗുണ്ടായിസം കാണിക്കുന്നവരും സ്ത്രീ പീഡകരും ആയിരിയ്ക്കും. എന്നാല്‍ പെണ്‍കുട്ടിയാണെങ്കില്‍ അവളായിരിക്കും നമ്മുടെ നായികജോലിയും കൂലിയുമില്ലാതെ നടക്കുന്ന നമ്മുടെ നായകന്‍ അവളെ പ്രണയിച്ച് വിവാഹം കഴിക്കും.(പോക്കിരിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്സ്)
 • സ്ത്രീകളുടെ മുഖത്ത് പോലും നോക്കാത്തവരാണ് ഇന്നത്തെ ചില നായകന്‍മാര്‍. പക്ഷേ നായികയെ കണ്ടാലുടനെ അവരുടെ ഹൃദയം തുടിക്കുകയും പരിസരം മറന്ന്‍ നില്‍ക്കുകയും ചെയ്യും. അതിനെയാണ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നു പറയുന്നത്. (സലാല മൊബൈല്‍സ്, അനിയത്തി പ്രാവ്, താപ്പാന)
 • നായകന്‍ അധോലോകമാണെങ്കില്‍ അത് സാഹചര്യം കൊണ്ട് അങ്ങനെയായതാണ്. കുട്ടിക്കാലത്ത് നടന്ന ഒരു ദുരന്തവുംതുടര്‍ന്നു നാടു വിട്ടതുമൊക്കെയാകും അയാള്‍ക്ക് പറയാനുണ്ടാകുക. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുമ്പോഴും അയാള്‍ പഴയ ആള്‍ക്കാരെയെല്ലാം ഒറ്റ നിമിഷം കൊണ്ട് തിരിച്ചറിയും. കൊലയാളിയാണെങ്കിലും അയാള്‍ നന്‍മയുള്ളവനാണെന്ന് കാട്ടുന്ന കഥാ സന്ദര്‍ഭങ്ങളാണ് ഇത്തരം സിനിമകളുടെ മറ്റൊരു പ്രത്യേകത.(ബിഗ് ബി, സാമ്രാജ്യം, പ്രജ,ഒന്നാമന്‍, അതിരാത്രം)
 • തികഞ്ഞ അഭ്യാസിയായ നായകന്‍ ഇടയ്ക്ക് എല്ലാവരുടെയും പ്രേരണ മൂലം സമാധാനകാംക്ഷിയായി മാറും.അവസാനം കൂടെയുള്ള ആരെയെങ്കിലുംഅപകടത്തില്‍ പെടുമ്പോഴായിരിക്കും അയാള്‍ വീണ്ടും ആയുധം കയ്യിലെടുക്കുക. നന്നാകാന്‍ ആദ്യം ഉപദേശിച്ചവര്‍ തന്നെ പ്രതികാരം ചെയ്യാന്‍ അയാളെ പ്രേരിപ്പിക്കുകയും ചെയ്യും.(നരന്‍, പ്രജ, ദേവാസുരം, ഉസ്താദ്)
 • സൂപ്പര്‍ താരങ്ങള്‍ക്ക് മന്ത്രിമാരെ ഭീഷണിപ്പെടുത്തുവാനോ തല്ലുവാനോ അധികാരമുണ്ട്. എന്നാല്‍ ഓടുന്ന സ്റ്റേറ്റ് കാറിന് കരിങ്കൊടി കാണിച്ചാല്‍ പോലും സാധാരണക്കാര്‍ അടി കൊള്ളും. (ദി കിങ്, ഭരത് ചന്ദ്രന്‍ ഐപിഎസ്)
 • ദു:ഖങ്ങള്‍ മറക്കാനും നേരമ്പോക്കിനുമായാണ് നായകനും കൂട്ടുകാരും മദ്യപിക്കുന്നത്. എന്നാല്‍ വില്ലന്‍മാര്‍ മദ്യപിക്കുന്നത് ഗൂഢാലോചന നടത്താനായിരിക്കും. (ഛോട്ടാ മുംബൈ, ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍, നാട്ടുരാജാവ്, ഭ്രമരം, നസ്രാണി, പ്രജാപതി)
 • ആക്ഷന്‍ സിനിമകളില്‍പോലീസുകാര്‍ക്ക് നായകനില്‍ നിന്ന്‍ തല്ല് ഉറപ്പാണ്. നായകന്‍റെ താരപ്രഭ കൂട്ടാനായി ഇടക്കിടെ തമിഴ്നാട്ടില്‍ നിന്നുള്ള വില്ലന്‍ പോലീസ് ഓഫീസര്‍മാരെയും ഹിന്ദിക്കാരായ ഗുണ്ടകളെയും നമ്മള്‍ ഇറക്കുമതി ചെയ്യാറുണ്ട്. (സിഐഡി മൂസ, ചെസ്, തുറുപ്പുഗുലാന്‍, കിലുക്കം)
 • നായകന്‍റെ ജോലികള്‍ : തൊഴില്‍ രഹിതന്‍, പോലീസ്, ഗുണ്ട, കര്‍ഷകന്‍, ഡോക്ടര്‍, വക്കീല്‍, രാഷ്ട്രീയം, നാടകക്കാരന്‍, അച്ചായന്‍. സിനിമയുടെ തുടക്കത്തില്‍ സാധാരണ പൊതുപ്രവര്‍ത്തകന്‍ ആണെങ്കില്‍ പിന്നീട് അയാള്‍ ആഭ്യന്തര മന്ത്രി വരെയാകും.

തുടര്‍ന്നു വായിക്കുക

Leave a Comment

Your email address will not be published. Required fields are marked *