വില്ലന്‍
- അബുസലിമാണ് കേരളത്തിലെ ഗുണ്ടകളുടെ നേതാവ്. മമ്മൂട്ടി മുതല്‍ പൃഥ്വിരാജ് വരെയുള്ളവരുടെ അടി പലകുറി കൊണ്ടെങ്കിലും അദ്ദേഹം ഇതുവരെ നന്നായിട്ടില്ല. നേരത്തെ ബാബുരാജ് കൂട്ടിനുണ്ടായിരുന്നെങ്കിലും അദ്ദേഹം അടുത്തിടെ മാര്‍ഗ്ഗം കൂടി നല്ല സമരിയാക്കാരനായി. മോഹന്‍രാജിനെ പോലുള്ളവരും രംഗത്ത് സജീവമാണ്. ബലാല്‍സംഗം മുതല്‍ തട്ടിക്കൊണ്ടുപോകലും കൊലപാതകവും വരെ നടത്തുമെങ്കിലും വീടും കടയും ഒഴിപ്പിക്കുന്നതിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
- ഷമ്മി തിലകനും റിയാസ് ഖാനുമൊക്കെ നായികയെ ബലാല്‍സംഗം ചെയ്യാന്‍ പലകുറി ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. അവസാന നിമിഷം വാതില്‍ പൊളിച്ച് അകത്തു വരുന്ന നായകന്‍ അവരെ അടിച്ചിട്ട് നായികയെയും കൊണ്ട് രക്ഷപ്പെടുന്നതാണ് പതിവ്. എന്നിട്ടും പാഠം പഠിക്കാത്ത അവര്‍ തങ്ങളുടെ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
- പണക്കാരുടെ വീടുകളില്‍ നില്‍ക്കുന്ന സഹായികള്‍ പൊതുവേ മണ്ടന്‍മാരായിരിക്കും. അതുപോലെ തന്നെ വില്ലന്‍റെ പ്രധാന സഹായി പലപ്പോഴും നന്‍മയുള്ളവനായിരിക്കും. സിനിമയുടെ അവസാനമായിരിക്കും അയാള്‍ നായകന്‍റെയോ പോലീസിന്‍റെയോ അടുത്തു ചെന്ന്‍ എല്ലാം തുറന്നു പറയുന്നത്. യജമാന്‍റെ കള്ളപ്പണ വിവരങ്ങള്‍ മുതല്‍ പണ്ട് ചെയ്ത കൊലപാതക കാര്യങ്ങള്‍ വരെ വള്ളിപുള്ളി വിടാതെ അയാള്‍ വിളമ്പും. (സൌണ്ട് തോമ, ക്രേസി ഗോപാലന്‍, നരന്‍)
- വില്ലന്‍റെ കൈവശം കോടികളുടെ കള്ളപ്പണമുണ്ടാകും. സ്വന്തം വീട്ടിലെ രഹസ്യ നിലവറയിലാണ് അധികം പേരും പണം സൂക്ഷിക്കുന്നത്. ഇന്‍കം ടാക്സ് വന്നാല്‍ പോലും അത് കണ്ടെത്താന്‍ സാധിക്കില്ല. എന്നാല്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥനായ നായകന്‍ ഒറ്റനോട്ടത്തില്‍ തന്നെ നിലവറയുടെ സാന്നിധ്യം മനസിലാക്കും.
- കൊല്ലം തുളസിയാണ് സംസ്ഥാന ഖജനാവ് ഏറ്റവുമധികം കട്ടുമുടിച്ച മന്ത്രി. ദേവന്‍, ടിപി മാധവന്‍, ശിവജി ഗുരുവായൂര്‍,രാജന്‍ പി ദേവ് എന്നിവരും ഒട്ടും മോശക്കാരല്ല.
- വില്ലന്‍മാരുടെ ജോലികള്‍ : രാഷ്ട്രീയം, പോലീസ്, ബ്ലെയ്ഡ് ബാങ്ക്, വ്യവസായി, പണക്കാരുടെ മാനേജര്‍, നാട്ടിലെ പ്രമാണി.
നായിക
- നായികയുടെ മുറചെറുക്കന്‍മാര്‍ മന്ദബുദ്ധികളോ സ്ത്രീലമ്പടന്‍മാരോ ആയിരിയ്ക്കും. അതുപോലെ തന്നെ തീവ്രവാദ–അധോലോക ബന്ധമുള്ള ചെറുപ്പക്കാരുമായാണ് നായികയുടെ വിവാഹം മിക്കപ്പോഴും ഉറപ്പിക്കുന്നത്. എന്തു തന്നെയായാലും ഇവരെയെല്ലാം തോല്‍പ്പിച്ച് നായകന്‍ നായികയെ സ്വന്തമാക്കും.(കാഞ്ചീപുരത്തെ കല്യാണം, തേജാഭായ്, മയിലാട്ടം, കല്യാണസൌഗന്ധികം)
- നായികയുടെ അഹങ്കാരം കുറയ്ക്കാന്‍ സംവിധായകന്‍റെ മുന്നില്‍ രണ്ടു വഴികളാണ് ഉള്ളത് : 1) അവളെ നഗ്നയായി നായകന്‍റെ മുന്നില്‍ നിര്‍ത്തുക. മിക്കപ്പോഴും അവളുടെ കിടപ്പറയോ കുളിമുറിയോ ആയിരിയ്ക്കും അതിനു വേദിയാകുന്നത്. അതോടെ അവള്‍ അയാള്‍ക്ക് മുന്നില്‍ നമ്ര ശിരസ്ക്കയാകും., വലതുകാല്‍ വിരല്‍ കൊണ്ട് ചിത്രങ്ങള്‍ വരക്കും. (ഉസ്താദ്, ടോക്കിയോ നഗറിലെ വിശേഷങ്ങള്‍,സര്‍ക്കാര്‍ ദാദ) 2) അവള്‍ പണക്കാരനായ അച്ഛന്‍റെ ദത്തു പുത്രി മാത്രമായിരുന്നുവെന്ന് സ്ഥാപിക്കുക. അതോടെ പണത്തെ ചൊല്ലിയുള്ള അവളുടെ ഹുങ്ക് അവസാനിക്കും.(ഞങ്ങള്‍ സന്തുഷ്ടരാണ്, മിസ്റ്റര്‍ മരുമകന്‍)
- പണക്കാരിയായ നായികയുടെ അച്ഛന്‍ മിക്കപ്പോഴും രണ്ടാം കെട്ടുകാരനാണ്. കമ്പനി മാനേജര്‍ മാത്രമായിരുന്ന അയാള്‍ ഭീമമായ സ്വത്ത് മോഹിച്ചാണ് നായികയുടെ അമ്മയെ വിവാഹം കഴിച്ചത്.അധികം വൈകാതെ ഭാര്യയെ കൊലപ്പെടുത്തുന്ന അയാള്‍ അവസാനം നായികയുടെ വിവാഹം തനിക്ക് താല്‍പര്യമുള്ള ഒരു ഗുണ്ടയുമായി ഉറപ്പിക്കുകയും ചെയ്യും.
- നാട്ടിന്‍പുറത്തെ പെണ്‍കുട്ടികള്‍ ഫുള്‍ പാവാടയോ സാരിയോ ധരിക്കുന്നു. നഗരത്തിലെ പെണ്‍കുട്ടികളുടെ വേഷം മിഡി, ചുരിദാര്‍, ജീന്‍സും ഷര്‍ട്ടും ഇവയില്‍ ഏതെങ്കിലുമായിരിക്കും. എന്നാല്‍ വിദേശത്ത് പഠിച്ചു വളര്‍ന്നതാണെങ്കില്‍ മിനി സ്കേര്‍ട്ട് മതിയാകും.
- നായിക പതിവായി പോകുന്ന സ്ഥലങ്ങള്‍ : കോളേജ്, ഐസ്ക്രീം പാര്‍ലര്‍, റസ്റ്റോറന്‍റ്, ഷോപ്പിങ് മാള്‍, സിനിമ തിയറ്റര്‍.
- നായകന് സംഘട്ടനത്തില്‍ പരുക്കേല്‍ക്കുമ്പോഴോ കള്ളക്കേസില്‍ കുടുങ്ങുമ്പോഴോ ആണ് നായികയ്ക്ക് അയാളോട് പ്രണയം തോന്നുന്നത്. ഏറെ നാള്‍ പ്രണയിക്കുമെങ്കിലും വിവാഹ തലേന്ന്‍ മാത്രമായിരിക്കും അവള്‍ ഒളിച്ചോടാന്‍ തയാറാകുന്നത്.
- സത്യന്‍ മുതല്‍ പൃഥ്വിരാജ് വരെയുള്ള വിവിധ പ്രായക്കാരായ മക്കളാണ് കവിയൂര്‍ പൊന്നമ്മയ്ക്കുള്ളത്. ഇരട്ടി പ്രായമുള്ള സത്യനാണ് അവരുടെ മൂത്ത പുത്രന്‍.
The End
[My article originally published on Kvartha on 24.04.2014]
Pages: 1 2