കോടികള്‍ ധൂര്‍ത്തടിച്ച മലയാള ചിത്രങ്ങള്‍

 

കോടികള്‍ ധൂര്‍ത്തടിച്ച മലയാള ചിത്രങ്ങള്‍ 1

അഞ്ഞൂറില്‍ താഴെ തിയറ്ററുകള്‍ മാത്രമാണ് ഇന്ന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയെല്ലാം കല്യാണ മണ്ഡപങ്ങളോ ആഡിറ്റോറിയങ്ങളോ ആയി മാറിക്കഴിഞ്ഞു. അടുത്തകാലത്ത് ഉയര്‍ന്നു വന്ന മള്‍ട്ടിപ്ലക്സ് സംസ്കാരം കാര്യങ്ങള്‍ കുറേയൊക്കെ മാറ്റിയിട്ടുണ്ടെങ്കിലും മൂവായിരത്തിലധികം പ്രദര്‍ശന കേന്ദ്രങ്ങളുള്ള തമിഴിനോടും ബോക്സ് ഓഫീസില്‍ നൂറുകോടിയുടെ മാത്രം കണക്ക് തിരയുന്ന ഹിന്ദിയോടുമൊക്കെയാണ് മലയാളത്തിന് മല്‍സരിക്കേണ്ടി വരുന്നത്.

അന്യ ഭാഷകളിലെ മസാല ചിത്രങ്ങള്‍ക്ക് വരെ ഇന്ന്‍ നമ്മുടെ സിനിമകളേക്കാള്‍ സ്വീകാര്യത കിട്ടുന്നുണ്ട്. ഇതിനിടയില്‍ തമിഴിനോടും തെലുങ്കിനോടും മല്‍സരിക്കുന്ന വിധം പണക്കൊഴുപ്പ് നിറഞ്ഞ സിനിമകള്‍ എടുക്കാന്‍ നമ്മുടെ സിനിമാ പ്രവര്‍ത്തകരും ശ്രമിക്കുക സ്വാഭാവികം. എന്നാല്‍ മറ്റു ഭാഷകള്‍ക്ക് അതാത് സംസ്ഥാനങ്ങള്‍ക്കു പുറത്ത് കേരളത്തിലും മുംബെയിലും എന്നല്ല അങ്ങ് വിദേശങ്ങളില്‍ വരെ വിപണിയുണ്ട്. മലേഷ്യയിലും യുഎസിലും യുകെയിലും അവ റിലീസ് ചെയ്യുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ അവസ്ഥ തുലോം പരിതാപകരമാണ്. മുല്ലപ്പെരിയാര്‍ പ്രശ്നം വന്നപ്പോള്‍ തമിഴകത്തിന് തിരിച്ചടിയുണ്ടായെങ്കിലും നമ്മുടെ സിനിമയ്ക്ക് കാര്യമായ പോറലൊന്നുമേല്‍ക്കാതിരുന്നത് ഓര്‍ക്കുക. തമിഴകത്ത് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതും പ്രദര്‍ശിപ്പിക്കാതിരിക്കുന്നതും ഒരുപോലെയാണെന്ന് ചുരുക്കം.

വസ്തുതകള്‍ ഇതാണെങ്കിലും ആരംഭത്തിനോടും ബിസിനസ്മാനോടും മല്‍സരിക്കുന്ന കോടികള്‍ പൊടിക്കുന്ന സിനിമകള്‍ മലയാളത്തിലും യഥേഷ്ടം വരുന്നുണ്ട്. ന്യൂ ജനറേഷന്‍ സിനിമകളുടെ തള്ളിക്കയറ്റത്തില്‍ അടുത്തകാലത്ത് അതിനു കുറവ് വന്നെങ്കിലും കോടികളുടെ ലാഭം മോഹിച്ച് കുത്തുപാളയെടുത്ത നിര്‍മ്മാതാക്കള്‍ നിരവധിയാണ്. പണം വിതച്ച് പണം കൊയ്യുന്ന സിനിമയില്‍ അത് സ്വാഭാവികമാണെങ്കിലും മലയാളത്തിന്‍റെ പരിമിതികള്‍ അറിയാതെ പോയതാണ് അത്തരം കൂപ്പുകുത്തലുകള്‍ക്ക് ഇടയാക്കിയത്. പഴശ്ശിരാജ പോലുള്ള യാഥാര്‍ഥ്യ ബോധമുള്ള ചില സിനിമകള്‍ ഇതിനിടയില്‍ നേട്ടമുണ്ടാക്കിയെങ്കിലും ഭൂരിഭാഗത്തിന്‍റെയും വിധി മറിച്ചായിരുന്നു.

കോടികള്‍ ധൂര്‍ത്തടിച്ച മലയാള ചിത്രങ്ങള്‍ 2

സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ദി പ്രിന്‍സാണ് കോടികളുടെ നഷ്ടക്കണക്ക് പറഞ്ഞ ആദ്യ മലയാള സിനിമ. രജനീകാന്തിന്‍റെ ബാഷ ശൈലിയില്‍ മോഹന്‍ലാലിനെ നായകനാക്കി അധോലോകത്തിന്‍റെ കഥ പറഞ്ഞ സിനിമ വന്നതും പോയതും ഒരുമിച്ചായിരുന്നു. കടുത്ത ലാല്‍ ആരാധകര്‍ പോലും ചിത്രം കണ്ടില്ല.

വിബികെ മേനോന്‍ നിര്‍മ്മിച്ച് ജോഷി സംവിധാനം ചെയ്ത ദുബായാണ് പിന്നീട് ബിഗ് ബജറ്റില്‍ കഥ പറഞ്ഞ് പ്രേക്ഷകരെ വീഴ്ത്താന്‍ നോക്കിയത്. പക്ഷേ വീണത് നിര്‍മാതാവാണെന്ന് മാത്രം. ആറു കോടിയില്‍ പരം മുടക്കിയെടുത്ത സിനിമ പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുത്തു. ദുബായ് നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ രവി മാമ്മന്‍ എന്ന ബിസിനസ് രാജാവിന്‍റെ കഥ പറഞ്ഞ ചിത്രം ഇന്നും മലയാളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്.

സിനിമയ്ക്ക് വേണ്ടി വാടകക്കെടുത്ത ഹെലികോപ്റ്ററിന് ഒന്നര കോടിയും മരുഭൂമിയിലെ ചേസിങ് രംഗം ചിത്രീകരിക്കാന്‍ ലക്ഷങ്ങളും മുടക്കേണ്ടി വന്നു എന്നാണ് അക്കാലത്ത് പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത. ഏതായാലും ദേവാസുരം, ഒരു യാത്രാമൊഴി എന്നിങ്ങനെ ജീവിത ഗന്ധിയായ ചിത്രങ്ങള്‍ നിര്‍മ്മിച്ച അനുഗ്രഹ കമ്പയിന്‍സ് സിനിമയുടെ പരാജയത്തോടെ മലയാള ചലച്ചിത്രരംഗത്തു നിന്ന്‍ അപ്രത്യക്ഷമായി. ഒടുവില്‍ അലക്സാണ്ടര്‍ ദ ഗ്രേറ്റ് എന്ന സിനിമയിലൂടെ നിര്‍മ്മാതാവ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അതും ബോക്സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു.

കോടികള്‍ ധൂര്‍ത്തടിച്ച മലയാള ചിത്രങ്ങള്‍ 3

കോടികള്‍ ധൂര്‍ത്തടിച്ച രണ്ടു ഡസനോളം ചിത്രങ്ങളാണ് ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ വന്നത്. നരസിംഹം എന്ന സിനിമ വന്‍ വിജയമായതോടെ സിനിമ എന്തെന്നറിയാത്ത പലരും കോടികള്‍ മാത്രം മോഹിച്ച് കളത്തിലിറങ്ങി. അഭിനയ ജീവിതത്തിന്‍റെ ആദ്യ രണ്ടു പതിറ്റാണ്ടുകളില്‍ കാര്യമായ പരാജയ ചിത്രങ്ങളൊന്നുമില്ലാതിരുന്ന മോഹന്‍ലാല്‍ അതോടെ അനവധി പരാജയ ചിത്രങ്ങളില്‍ നായകനുമായി. പ്രജ, താണ്ഡവം,ഒന്നാമന്‍, ചതുരംഗം, അലിഭായ്, റെഡ് ചില്ലീസ്, കാണ്ഡഹാര്‍, കാസനോവ തുടങ്ങി കര്‍മ്മയോദ്ധാ വരെ ആ പട്ടിക നീളുന്നു. മോഹന്‍ലാല്‍ മീശ പിരിച്ചത് കൊണ്ടാണ് നരസിംഹം വിജയിച്ചതെന്നും ഇനിയും അങ്ങനെ ചെയ്താല്‍ പണം കുമിഞ്ഞുകൂടുമെന്നും ചിലര്‍ ധരിച്ചെങ്കിലും കാമ്പുള്ള കഥ പറഞ്ഞ രാവണപ്രഭുവും ക്രിസ്ത്യന്‍ ബ്രദേഴ്സും പോലുള്ള അപൂര്‍വം സിനിമകള്‍ മാത്രമാണ് അക്കൂട്ടത്തില്‍ വിജയിച്ചത്.

പണം വാരിചെലവാക്കുന്ന ചൂതാട്ടത്തില്‍ മമ്മൂട്ടി പക്ഷേ സ്വല്‍പ്പം മിതത്വം പാലിച്ചു. എന്നാല്‍ ഏറെ പിന്നിലായതുമില്ല. ജോമോന്‍ സംവിധാനം ചെയ്ത സിദ്ധാര്‍ഥ മുരളി ഫിലിംസിനെയും വിനയന്‍റെ രാക്ഷസരാജാവ് സര്‍ഗ്ഗം കബീറിനെയും സിനിമാരംഗത്തു നിന്ന്‍ അകറ്റിയെങ്കിലും പുതുമുഖ സംവിധായകരെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്‍റെ ഗ്രാഫ് മെച്ചപ്പെട്ടു. പ്രജാപതി, ബ്ലാക്ക്, ദ്രോണ, കിങ്ങ് ആന്‍റ് കമ്മിഷണര്‍, ലവ് ഇന്‍ സിംഗപ്പൂര്‍, ആഗസ്റ്റ് 15, വന്ദേ മാതരം,  എന്നിവയാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളില്‍ ഏറ്റവുമധികം നഷ്ടമുണ്ടാക്കിയ പ്രധാന മമ്മൂട്ടി ചിത്രങ്ങള്‍.

കോടികള്‍ ധൂര്‍ത്തടിച്ച മലയാള ചിത്രങ്ങള്‍ 4

സൂപ്പര്‍താരങ്ങളുടെ മാത്രമല്ല ചെറുതും വലുതുമായ ഏതാണ്ടെല്ലാ താരങ്ങളുടെയും ചിത്രങ്ങള്‍ പലപ്പോഴായി നഷ്ടക്കണക്കുകള്‍ നിരത്തിയിട്ടുണ്ട്. ദിലീപ് നായകനായ ഡോണ്‍,സ്പാനിഷ് മസാല പൃഥ്വി രാജിന്‍റെ തേജാഭായ് ആന്‍റ് ഫാമിലി, സിംഹാസനം ആസിഫ് അലി നായകനായ ബാച്ചിലര്‍ പാര്‍ട്ടി, റഹ്മാന്‍ നായകനായ മുസാഫിര്‍ എന്നിവ അതില്‍ ചിലതു മാത്രം. താരപ്പൊലിമയുള്ള ചിത്രങ്ങള്‍ക്ക് മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നത് താരതമ്യേന എളുപ്പമാണെങ്കിലും മറ്റുള്ളവയുടെ കാര്യം അങ്ങനെയല്ല.

പക്ഷേ അതൊന്നും നോക്കാതെ വിദേശത്തെ വില കൂടിയ ലൊക്കേഷനുകളില്‍ അതുമല്ലെങ്കില്‍ വമ്പന്‍ ബജറ്റില്‍ എടുത്ത് നിലം തൊടാതെ പോയ ചിത്രങ്ങള്‍ ഇവിടെ അനവധിയാണ്. എന്നിട്ടും ഇന്ത്യന്‍ റുപ്പി, മുംബൈ പോലീസ്, രാജമാണിക്യം, മാടമ്പി പോലുള്ള നിലവാരമുള്ള ചിത്രങ്ങളെ മറന്നുകൊണ്ട് കാസനോവമാരുടെയും അലക്സാണ്ടറുടെ മക്കളുടെയും പുറകെയാണ് നാം പോകുന്നത്. രാജാവിന്‍റെ മകന്‍ വീണ്ടും വരുന്നു എന്നാണ് പുതിയ വാര്‍ത്ത. അപ്പോള്‍ ന്യൂഡല്‍ഹിയും ചാണക്യനുമൊക്കെ താമസിയാതെ പ്രതീക്ഷിക്കാം. മുടക്കുമുതലിന്‍റെ കാര്യത്തില്‍ നമുക്ക് ജില്ലയോടോ മങ്കാത്തയോടോ മല്‍സരിക്കാമെങ്കിലും ലാഭകണക്കുകള്‍ പരതുമ്പോള്‍ മറ്റൊരു ഹെലന്‍ ചുഴലിക്കാറ്റായിരിക്കും നിര്‍മാതാവിനെ കാത്തിരിക്കുക. ശ്രദ്ധിച്ചില്ലെങ്കില്‍ അതില്‍ എല്ലാം തകര്‍ന്നടിയും.

Leave a Comment

Your email address will not be published. Required fields are marked *