വിവരണാതീതം ഈ ദൃശ്യ ചരിതം

വിവരണാതീതം ഈ ദൃശ്യ ചരിതം 1

ദൃശ്യം ഇന്ന്‍ മലയാള സിനിമയുടെ ചരിത്രത്തിന്‍റെ ഭാഗമാണ്. കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇനിയും എ ക്ലാസ് തിയറ്ററുകള്‍ വിട്ടിട്ടില്ല. മോഹന്‍ലാലും ജിത്തു ജോസഫും ആദ്യമായി ഒന്നിച്ച സിനിമ ഇക്കാലയളവിനുള്ളില്‍ ഒട്ടനവധി നാഴികക്കല്ലുകള്‍ പിന്നിട്ടു.

ഒരു കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കൃഷ്ണപ്രിയ എന്ന സ്കൂള്‍ വിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ജിത്തു ജോസഫ് ദൃശ്യത്തിന്‍റെ കഥ തയ്യാറാക്കിയത്. തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെ എഴുതി. അയല്‍പക്കത്തെ ചെറുപ്പക്കാരനാണ് സ്കൂള്‍ കഴിഞ്ഞ് മടങ്ങി വരുന്ന വഴി കൃഷ്ണപ്രിയയെ അടുത്തുള്ള തേയിലത്തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റവാളിക്ക് അര്‍ഹിച്ച ശിക്ഷ കിട്ടി. ഘാതകനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കൊലപ്പെടുത്തുകയും വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കുമായി പോലീസില്‍ കീഴടങ്ങുകയും ചെയ്തു. നന്‍മയുടെ ഉറവ വറ്റാത്ത ഏതൊരാളും ചെയ്യാന്‍ ആഗ്രഹിച്ച കാര്യമായിരുന്നു അത്. നിയമത്തിന്‍റെ സ്വാഭാവികമായ ഒരു നടപടിക്രമം മാത്രമാണ് പിന്നീട് അവിടെ നടന്നതെങ്കിലും നല്ല ഒരു കാര്യത്തിന്‍റെ പേരില്‍ ആ അച്ഛന്‍ അഴിക്കുള്ളിലായത് സമൂഹ മനസാക്ഷിയെ വേദനിപ്പിച്ചു.

കൃഷ്ണപ്രിയയുടെ കഥ പിന്നീട് എം എ നിഷാദ് സിനിമയാക്കി. വൈരം എന്ന ആ ചിത്രത്തില്‍ തമിഴ് നടന്‍ പശുപതിയാണ് അച്ഛന്‍റെ വേഷം ചെയ്തത്. സുരേഷ് ഗോപി അഭിഭാഷകന്‍റെയും മുകേഷ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍റെയും വേഷങ്ങള്‍ കൈകാര്യം ചെയ്തു. തിലകന്‍, ജയസൂര്യ, ധന്യ മേരി വര്‍ഗ്ഗീസ്, സംവൃത സുനില്‍, അശോകന്‍, കെപിഎസി ലളിത എന്നിവരും അഭിനയിച്ച സിനിമ സാമ്പത്തിക ലാഭത്തിനൊപ്പം നിരൂപക പ്രശംസയും നേടി.

ദൃശ്യത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ നായകനായ ജോര്‍ജുകുട്ടിയെ അവതരിപ്പിക്കാനായി ജിത്തു ജോസഫ് ആദ്യം മെഗാസ്റ്റാര്‍ മമ്മൂട്ടിയെയാണ് സമീപിച്ചത്. പക്ഷേ ഒരുപാട് പ്രോജക്ടുകള്‍ കൈവശമുണ്ടായിരുന്ന അദ്ദേഹത്തിന് ദൃശ്യത്തിനായി മാറ്റിവയ്ക്കാന്‍ തല്‍ക്കാലം സമയമില്ലായിരുന്നു. കഥ ഇഷ്ടമായെങ്കിലും മറ്റു ചില കുടുംബസ്ഥ വേഷങ്ങള്‍ ഇതിനകം ഏറ്റത് കൊണ്ട് സിനിമ ചെയ്യാന്‍ കുറച്ചു സമയം വേണമെന്ന്‍ മമ്മൂട്ടി പറഞ്ഞു. അതിനായി ചിലപ്പോള്‍ ഒന്നര വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്നും അത്യാവശ്യമാണെങ്കില്‍ മറ്റാരെയെങ്കിലും വച്ച് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ജിത്തുവും മാറി ചിന്തിച്ചു. അങ്ങനെയാണ് മോഹന്‍ലാല്‍ ദൃശ്യത്തിന്‍റെ ഫ്രെയിമില്‍ വരുന്നത്. ജോര്‍ജ്ജുകുട്ടിയായി ജീവിച്ച പ്രകടനം അദ്ദേഹത്തിന് ഏറെ കയ്യടി നേടിക്കൊടുത്തു. സിനിമ മോഹന്‍ലാലിന്‍റെ മാത്രമല്ല, മലയാള സിനിമയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറി.

മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന സിനിമയില്‍ നാടകത്തിലെ നായകനായ സായ്കുമാറിന് വേണ്ടി താന്‍ നായികയെ കൊണ്ടുവരില്ല എന്ന്‍ മുകേഷിന്‍റെ കഥാപാത്രം പറയുന്ന ഒരു രംഗമുണ്ട്. എന്നാല്‍ ദൃശ്യത്തില്‍ മോഹന്‍ലാലിന് വേണ്ടി മമ്മൂട്ടിയാണ് നായികയെ കൊണ്ടുവന്നത് എന്നു പറഞ്ഞാല്‍ തെറ്റില്ല. അക്കാര്യം അടുത്തിടെ ഒരു ടിവി അഭിമുഖത്തില്‍ മീനയും ജിത്തു ജോസഫും സമ്മതിക്കുകയും ചെയ്തു. സിനിമയില്‍ പ്ലസ് ടൂ വിദ്യാര്‍ഥിനിയുടെ അമ്മയായി അഭിനയിക്കാന്‍ മലയാളത്തിലെ മുന്‍നിര നടിമാരെല്ലാം വിസമ്മതിച്ചപ്പോള്‍ മമ്മൂട്ടിയുടെ പിന്തുണയാണ് സംവിധായകന് തുണയായത്. ബാല്യകാലസഖി എന്ന സിനിമയില്‍ കൂടെ അഭിനയിക്കുകയായിരുന്ന മീനയോട് ദൃശ്യത്തിന്‍റെ കഥ നല്ലതാണെന്നും അത് നഷ്ടപ്പെടുത്തരുതെന്നും പറഞ്ഞത് മമ്മൂട്ടിയാണ്.

മമ്മൂട്ടിജിത്തു കൂട്ടുക്കെട്ടില്‍ പിറക്കാതെ പോയ രണ്ടാമത്തെ സിനിമയാണ് ദൃശ്യം. നേരത്തെ മെമ്മറീസ് എന്ന സിനിമയ്ക്ക് വേണ്ടിയും സംവിധായകന്‍ ആദ്യം മെഗാസ്റ്റാറിനെയാണ് സമീപിച്ചത്. എന്നാല്‍ കഥാപാത്രത്തിന്‍റെ പക്വതക്കുറവ് ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറി. പകരം സാം അലക്സിനെ അവതരിപ്പിച്ച പൃഥ്വിരാജ് ആ വേഷം അവിസ്മരണീയമാക്കി. മെമ്മറീസും ദൃശ്യവും പോയ വര്‍ഷം ഏറ്റവുമധികം സാമ്പത്തിക ലാഭം നേടിയ ചിത്രങ്ങളാണ്.

വിവരണാതീതം ഈ ദൃശ്യ ചരിതം 2

ഒക്ടോബര്‍ ആദ്യവാരമാണ് ദൃശ്യത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. തൊടുപുഴയിലും പരിസരത്തുമായിട്ടാണ് ഷൂട്ടിങ്ങ് നടന്നത്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങളുടെ 52 ദിവസത്തെ കാള്‍ ഷീറ്റ് വാങ്ങിയെങ്കിലും 44 ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയായി. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമയില്‍ ലാലിനെ കൂടാതെ മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, അന്‍സിബ ഹസ്സന്‍, ബേബി എസ്തര്‍, സിദ്ദിക് എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. 4.6 കോടി രൂപയായിരുന്നു സിനിമയുടെ നിര്‍മ്മാണ ചെലവ്.

ഡിസംബര്‍ 19നു റിലീസ് ചെയ്ത സിനിമ ബോക്സ് ഓഫീസില്‍ തരംഗമായി. ആദ്യ ആഴ്ചയില്‍ തന്നെ 6.7 കോടി രൂപ കളക്റ്റ് ചെയ്ത ചിത്രം അമ്പത് ദിവസങ്ങള്‍ കൊണ്ട് 35 കോടിയാണ് നേടിയത്. കടല്‍ കടന്ന്‍ യുഎസിലും യുകെയിലും നിന്ന്‍ ഒരു കോടി കളക്ഷന്‍ നേടിയ സിനിമ ടൈറ്റാനിക്കിന് ശേഷം നൂറു ദിവസം തികച്ച യുഎഇയിലെ ആദ്യ ചിത്രവുമായി. ദൃശ്യത്തിന്‍റെ സംപ്രേക്ഷണ അവകാശം പിന്നീട് 6.5 കോടി രൂപയ്ക്ക് ഏഷ്യാനെറ്റ് വാങ്ങി. മറ്റു ഭാഷകളിലെ നിര്‍മ്മാണവകാശം 1.55 കോടി രൂപയ്ക്കാണ് ആശീര്‍വാദ് സിനിമാസ് വിറ്റത്.

ദൃശ്യം ഇതുവരെ കേരളത്തില്‍ നിന്ന്‍ മാത്രം 40 കോടിയിലധികം രൂപ കളക്റ്റ് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന്‍ നേടിയ 10 കോടി ഇതിന് പുറമേയാണ്. തമിഴ്നാട്ടിലും മുംബൈയിലും സിനിമ 100 ദിവസം ഓടി. ഒരു മലയാള സിനിമ മുംബൈയില്‍ 30 ദിവസം തികയ്ക്കുന്നത് ഇതാദ്യമായിട്ടാണ്.

വിവരണാതീതം ഈ ദൃശ്യ ചരിതം 3

സിനിമ അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഏറെ കേട്ടു. കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമ എന്നാണ് എഡിജിപി ടിപി സെന്‍കുമാറിനെ പോലുള്ളവര്‍ ദൃശ്യത്തെ വിശേഷിപ്പിച്ചത്. ഇതുപോലുള്ള സിനിമകളില്‍ അഭിനയിക്കുന്നതിന് മുമ്പ് മോഹന്‍ലാല്‍ രണ്ടു വട്ടം ആലോചിക്കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ വിവാദമായ നിലമ്പൂര്‍ കൊലപാതകത്തിലും സിനിമയുടെ പേര് വലിച്ചിഴക്കപ്പെട്ടു. ദൃശത്തില്‍ നിന്ന്‍ പ്രചോദനം കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് കുറ്റവാളികള്‍ പോലീസിന് മൊഴി നല്‍കിയത്.

വിമര്‍ശനങ്ങള്‍ എന്തായാലും ദൃശ്യം കന്നഡയും തെലുഗുവും സംസാരിക്കാന്‍ ഒരുങ്ങുകയാണ്. തമിഴ്, ഹിന്ദി പതിപ്പുകളുടെ ഷൂട്ടിങ്ങ് ഉടനെ തുടങ്ങും. ഇതിനകം ചിത്രീകരണം പൂര്‍ത്തിയായ തെലുഗുവില്‍ വിക്ടറി സ്റ്റാര്‍ വെങ്കടേഷാണ് നായകന്‍റെ വേഷം അവതരിപ്പിച്ചത്. മീന നായികയായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന്‍ എസ്തറുമുണ്ട്. നദിയ മൊയ്തു മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നു. നടിയും സംവിധായകയുമായ ശ്രീപ്രിയ ഒരുക്കിയ ചിത്രം ഡി സുരേഷ് ബാബുവാണ് നിര്‍മ്മിച്ചത്.

മലയാളിയും ചന്ദ്രമുഖിയുടെ സംവിധായകനുമായ പി വാസുവാണ് ദൃശ്യ എന്ന കന്നഡയിലെ ദൃശ്യം സംവിധാനം ചെയ്തത്. കന്നഡ സിനിമയിലെ സൂപ്പര്‍താരം രവിചന്ദ്രന്‍ നായകനായ ചിത്രം നടി നവ്യ നായരുടെ തിരിച്ചുവരവ് ചിത്രം കൂടിയാണ്. കമല്‍ഹാസനും ഗൌതമിയും മുഖ്യ വേഷങ്ങള്‍ ചെയ്യുന്ന തമിഴിലെ ദൃശ്യത്തിന്‍റെ ഷൂട്ടിങ്ങ് അടുത്ത മാസം ആദ്യം തുടങ്ങും. ജിത്തു ജോസഫ് തന്നെയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.


The End

[My article originally published in British Pathram on 15.06.2014]

 

Leave a Comment

Your email address will not be published. Required fields are marked *