ദൃശ്യം- മൂവി റിവ്യൂ

ദൃശ്യം- മൂവി റിവ്യൂ 1

മോഹന്‍ലാലിന്‍റെ ഉജ്ജ്വലമായ തിരിച്ചുവരവ്. ദൃശ്യം എന്ന ജിത്തു ജോസഫ് ചിത്രത്തെ ഒറ്റ വാചകത്തില്‍ അങ്ങനെ വിശേഷിപ്പിക്കാം. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന്‍ ലാലിന് മോചനം നല്‍കിയ സിനിമ നല്ലൊരു ക്രിസ്തുമസ് വിരുന്ന്‍ കൂടിയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.

ഇടുക്കിയിലെ രാജാക്കാട് സ്വദേശിയായ ജോര്‍ജ്ജ്കുട്ടി ഒരു പ്രാദേശിക കേബിള്‍ ഓപ്പറേറ്ററാണ്.നാലാം ക്ലാസ് വരെ മാത്രം പഠിച്ച അയാള്‍ നാട്ടില്‍ അറിയപ്പെടുന്ന ഒരു കര്‍ഷകന്‍ കൂടിയാണ്. ഭാര്യ റാണിയും അഞ്ജു,അനു എന്നീ രണ്ടു പെണ്‍മക്കളും അടങ്ങിയതാണ് ജോര്‍ജ്ജ് കുട്ടിയുടെ ലോകം. ഒരു കടുത്ത സിനിമാ പ്രേമി കൂടിയായ അയാള്‍ സിനിമാ കഥകളുടെ സഹായത്തോടെ ജീവിതത്തിലെ പ്രതിസന്ധികളെ സരസമായി നേരിടുന്നു. സ്നേഹവും കൊച്ചു കൊച്ചു പിണക്കങ്ങളും മാത്രം നിറഞ്ഞ അയാളുടെ ജീവിതം തകിടം മറിയുന്നത് വരുണ്‍ എന്ന ചെറുപ്പക്കാരന്‍റെ വരവോടെയാണ്. ആ പ്രശ്നങ്ങളെ അയാള്‍ എങ്ങനെ നേരിടുന്നു എന്നാണ് ദൃശ്യ ഭംഗി നിറഞ്ഞ ഈ ചിത്രം തുടര്‍ന്നു പറയുന്നത്.

ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ ഗ്രാമീണ വേഷത്തിലെത്തിയ ഈ ചിത്രത്തിലെ അദ്ദേഹത്തിന്‍റെ പ്രകടനം തന്നെയാണ് ഏറ്റവും വലിയ പ്ലസ് പോയിന്‍റ്. അടുത്ത കാലത്ത് വന്ന ചില സിനിമകളിലെ ഏച്ചുകെട്ടലുകളൊന്നും ഈ ചിത്രത്തിലില്ല. ഒരു സാധാരണക്കാരന്‍റെ ജീവിത പ്രശ്നങ്ങള്‍ വരച്ചു കാട്ടുന്ന ചിത്രം ചിലപ്പോഴൊക്കെ എണ്‍പതുകളില്‍ വന്ന സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍- മോഹന്‍ലാല്‍ ടീമിന്‍റെ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നുമുണ്ട്. ചുരുക്കത്തില്‍ പ്രിയദര്‍ശനും സിദ്ധിക്കും പരാജയപ്പെട്ടിടത്ത് താരതമ്യേന പുതുമുഖമായ ജിത്തു ജോസഫ് വിജയിച്ചിരിക്കുന്നു.

ദൃശ്യം- മൂവി റിവ്യൂ 2

കാമ്പുള്ള തിരക്കഥ ഒരു ഘട്ടത്തിലും പ്രേക്ഷകരെ മടുപ്പിക്കുന്നില്ല.ഒരു കുറ്റാന്വേഷണ കഥ പറയുന്ന മൂഡില്‍ കുടുംബ കഥ പറഞ്ഞ സംവിധായകന് തന്നെയാണ് അതിന്‍റെ ക്രെഡിറ്റ്. മമ്മി ആന്‍റ് മീ, മൈ ബോസ്സ്, മെമ്മറീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു വിജയ ചിത്രത്തോട് കൂടിയാണ് അദ്ദേഹം 2013നോട് വിടപറയുന്നത്.

റാണിയുടെ വേഷത്തിലെത്തിയ മീന, കുട്ടികളെ അവതരിപ്പിച്ച അന്‍സീബ, എഷ്തര്‍ എന്നിവര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ആശാ ശരത്, ഇര്‍ഷാദ്, കലാഭവന്‍ ഷാജോണ്‍, സിദ്ദിക്ക് എന്നിവരുടെ വേഷവും എടുത്തു പറയേണ്ടതാണ്.

സുജിത്ത് വാസുദേവന്‍റെ ഛായാഗ്രഹണം ഇടുക്കിയുടെ ദൃശ്യഭംഗി പകര്‍ത്തുന്നതില്‍ പൂര്‍ണമായി വിജയിച്ചു. ജിത്തു ജോസഫിന്‍റെ തിരക്കഥക്ക് അവ നല്‍കുന്ന സഹായം ചില്ലറയല്ല. വിനു തോമസും അനില്‍ ജോണ്‍സനും ചേര്‍ന്നൊരുക്കിയ സംഗീതം മികവുറ്റതാണ്.

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *