മിഷന്‍ ജോർജ്ജുകുട്ടി: മുഖ്യമന്ത്രി(മാർ) രാജി വയ്ക്കുക!

Drishyam

കാഴ്ചയിൽ സാധു. റാണി എന്ന നാട്ടിൻപുറത്തുകാരിയുടെ പ്രിയ ഭർത്താവ്. രണ്ടു പെൺകുട്ടികളുടെ വാത്സല്യ നിധിയായ അച്ഛൻ. ഇടുക്കിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ കേബിൾ ഓപ്പറേറ്ററാണ്. സ്വൽപ്പം സിനിമാ ഭ്രാന്തുണ്ട് എന്നതൊഴിച്ചാൽ എല്ലാവർക്കും അയാളെ കുറിച്ച് നല്ലതേ പറയാനുള്ളൂ. പക്ഷെ ജോർജ്ജുകുട്ടി എന്ന ആ വ്യക്തി മാറി മാറി വരുന്ന സർക്കാരുകൾക്ക് തലവേദനയുണ്ടാക്കുന്ന ക്രിമിനൽ ബുദ്ധിയുടെ ഉടമയാണെന്ന് വന്നാലോ?

രാജാക്കാട് സ്വദേശിയായ ജോർജ്ജുകുട്ടി എന്ന് പറഞ്ഞാൽ ഇന്ന് കേരളത്തിലെ മിക്കവാറും പേർ അറിയും. അവിടത്തെ പോലീസ് സ്റ്റേഷന് മുന്നിൽ കൂടി യാത്ര ചെയ്യുന്ന ആളുകൾ അറിയാതെയാണെങ്കിലും ഒരു നിമിഷം നിൽക്കാറുണ്ട്. തലസ്ഥാനത്തെ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിന് പോലും ഇല്ലാത്ത പ്രശസ്തി അതിന് കിട്ടാൻ കാരണക്കാരൻ ജോർജ്ജുകുട്ടിയാണെന്ന് കടുത്ത മമ്മൂട്ടി ആരാധകർ പോലും സമ്മതിക്കും. ആരും അറിയാതെ കിടന്ന ചെറിയ പോലീസ് സ്റ്റേഷനും അതിന് മുന്നിലുള്ള ഹോട്ടൽ ഫാത്തിമ എന്ന സി-ക്ലാസ് ഹോട്ടലും റാണി കേബിൾ വിഷനുമൊക്കെ എത്ര പെട്ടെന്നാണ് ലോക പ്രശസ്തിയിലേക്കുയർന്നത്.

വരുൺ പ്രഭാകർ എന്ന ചെറുപ്പക്കാരൻ്റെ  തിരോധാനം കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന് ഏറ്റവുമധികം തലവേദനയുണ്ടാക്കിയ കേസുകളിൽ ഒന്നായിരുന്നു. അയാൾ ഐജി ഗീത പ്രഭാകറുടെ മകനായിരുന്നു എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടി. ഒരു ഉയർന്ന പോലീസ് ഓഫിസറുടെ കുടുംബത്തിൻറെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചോദിച്ച് പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും ബഹളമുണ്ടാക്കി. ഐജി നേരിട്ട് അന്വേഷിച്ചെങ്കിലും കേസിന് ഒരു തുമ്പും ഉണ്ടായില്ല.

ജോർജ്ജുകുട്ടിയുടെ വീടിൻ്റെ പരിസരത്ത് വരുൺ എത്തിയത് കണ്ടവരുണ്ട്. അയാളുടെ മൊബൈലിൻ്റെ ടവർ ലൊക്കേഷനും അത് തെളിയിച്ചു. പിന്നീട് എങ്ങോട്ട് പോയി എന്നാണ് ആർക്കും അറിയാത്തത്. ഇടയ്ക്ക് സ്വിച്ച് ഓഫായ സിം പുതിയ മൊബൈലിൽ കയറി മധുര, ബംഗളൂരു വഴി മുംബൈയ്ക്ക് തിരിച്ചു. പോലീസ് പിന്നാലെ പോയെങ്കിലും മണിച്ചിത്രത്താഴിലെ സണ്ണി ജോസഫ് പറഞ്ഞത് പോലെ ആരും സഞ്ചരിക്കാത്ത വഴികളായിരുന്നു അത്. അങ്ങനെ അന്വേഷണം വഴി മുട്ടി.

ആദ്യം എസ്.ഐ സുരേഷ്ബാബുവിൻ്റെയും പിന്നീട് ഐജിയുടെ നേതൃത്വത്തിലും ജോർജ്ജുകുട്ടിയെയും കുടുംബത്തെയും പോലീസ് പലവട്ടം ചോദ്യം ചെയ്‌തെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ധ്യാനത്തിന് പോയ ഒരു സാധു ക്രിസ്തീയ കുടുംബത്തെ പോലീസ് അകാരണമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് വിശ്വാസികൾ തെരുവിലിറങ്ങിയത് അക്കാലത്ത് വാർത്തയായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് സഭയും വിവിധ സംഘടനകളും ഭീഷണി മുഴക്കിയതോടെ യു.ഡി.എഫ് പ്രതിരോധത്തിലായി. ജോർജ്ജുകുട്ടി നൽകിയ ഹർജിയിൽ കോടതി പോലീസിൻ്റെ അന്വേഷണ രീതികളെ നിശിതമായി വിമർശിച്ചു. പ്രതിയെ മുൻകൂട്ടി നിശ്ചയിച്ച ശേഷം തെളിവുകൾ ഉണ്ടാക്കുന്ന രീതിയാണ് പോലീസ് സ്വീകരിക്കുന്നതെന്ന് വാദിഭാഗത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള വിധിന്യായത്തിൽ കോടതി പറഞ്ഞു.

മിഷന്‍ ജോർജ്ജുകുട്ടി: മുഖ്യമന്ത്രി(മാർ) രാജി വയ്ക്കുക! 1
ജോർജ്ജുകുട്ടിയും കുടുംബവും (ഇടത്തു നിന്ന് ഇളയ മകൾ അനു, ഭാര്യ റാണി, മൂത്ത മകൾ അഞ്ജു). Courtesy: The Quint

അന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ പാർട്ടിക്കകത്തും പുറത്തുമുള്ള എതിരാളികൾ കേസ് ആയുധമാക്കി. ലോക്കൽ പോലീസിൻ്റെ അന്വേഷണം എങ്ങുമെത്താതായതോടെ കേസ് സിബിഐക്ക്  കൈമാറാൻ അദ്ദേഹം ആലോചിച്ചിരുന്നു. എന്നാൽ സേതുരാമയ്യർക്ക് ഒഴിവില്ല എന്ന കാരണം പറഞ്ഞ് അവർ അത് ഒഴിവാക്കി.

ഗീത പ്രഭാകർ ഒരു ഉന്നത കോൺഗ്രസ്സ് നേതാവിൻ്റെ അടുത്ത ബന്ധുവാണെന്നും അതുകൊണ്ടാണ് വകുപ്പിനെ അവർ സ്വന്തം സാമ്രാജ്യം പോലെ കൊണ്ട് നടക്കുന്നതെന്നും പ്രതിപക്ഷം അന്ന് നിയമസഭയിൽ ആരോപിച്ചിരുന്നു. എന്നാൽ കോൺസ്റ്റബിൾ സഹദേവനാണ് അന്വേഷണം വഴി തിരിച്ചു വിട്ടതെന്നും അയാൾ പോലീസ് സേനയിലെ സിപിഎം അനുകൂല സംഘടനയുടെ ഭാരവാഹിയാണെന്നും ചൂണ്ടിക്കാട്ടി  ഭരണപക്ഷം തിരിച്ചടിച്ചു. ഏതായാലും തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജാക്കാട് ഉൾപ്പെടുന്ന ഉടുമ്പൻചോലയിലും സമീപ പ്രദേശങ്ങളിലുമെല്ലാം യു.ഡി.എഫിന് വോട്ടിൽ ഇടിവുണ്ടായി.

എൽ.ഡി.എഫ് അധികാരത്തിൽ വന്നെങ്കിലും  വരുൺ കേസിൻ്റെ അന്വേഷണം എങ്ങുമെത്തിയില്ല. പൊലീസിന് ജോലിഭാരം കൂടുതലാണെന്ന് പണ്ട് മുതലേ പറയാറുണ്ട്. അതുകൊണ്ടാകണം അവർക്ക് വിനോദാപാധികൾക്കുള്ള സമയമില്ലാത്തത്. 2013 ൽ പുറത്തിറങ്ങിയ ദൃശ്യം ഏറ്റവും കൂടുതൽ മലയാളികൾ കണ്ട സിനിമകളിൽ ഒന്നാണ്. രാജാക്കാട് സ്റ്റേഷനിലാണ് ജോർജ്ജുകുട്ടി മൃതദേഹം ഒളിപ്പിച്ചതെന്ന് അതിൽ വ്യക്തമായി കാണിക്കുന്നുണ്ട്. എന്നിട്ടും പോലീസിൻ്റെ  ഭാഗത്ത് നിന്ന് ആ വഴിക്കുള്ള അന്വേഷണമുണ്ടായില്ല. ദൃശ്യം കണ്ട പ്രേക്ഷകരിൽ ചിലർ പോലീസിനെ വിളിച്ച് അറിയിച്ചെങ്കിലും അതൊന്നും ആരും ഗൗരവമായി കണ്ടില്ല. അതിനു പിന്നിൽ ഏതെങ്കിലും വിധത്തിലുള്ള ഉന്നതതല സ്വാധീനമുണ്ടോ എന്ന് വ്യക്തമല്ല.

mohanlal-pinarayi-vijayan
ജോർജ്ജുകുട്ടി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം (Credit: Manorama)

ജോർജ്ജുകുട്ടി പുറമെ കാണുന്നത് പോലെ ഒരു ചില്ലറക്കാരനല്ലെന്ന് വ്യക്തമാണ്. ഉമ്മൻ ചാണ്ടിയുടെയും പിണറായി വിജയൻ്റെയും കൂടെ അദ്ദേഹം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി വ്യാപകമായി പ്രതികരിച്ചിരുന്നു. പിണറായി മുഖ്യമന്ത്രിയായപ്പോൾ അഭിനന്ദനവുമായി ആദ്യം എത്തിയവരിൽ ഒരാൾ ജോർജ്ജുകുട്ടിയാണ്. വരുണിനെ കാണാതായ സംഭവം മുതൽ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത് ഈ രണ്ടു നേതാക്കളുമാണ്. അതുകൊണ്ട് അവരുമായി ജോർജ്ജുകുട്ടിക്കുള്ള അടുപ്പം സംശയത്തോടെയാണ് ഒരു വിഭാഗം കാണുന്നത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഈ വിഷയം പ്രചാരണായുധമാക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭൂരിപക്ഷ വിഭാഗങ്ങളോട് ഇരു മുന്നണികളും കാണിക്കുന്ന വഞ്ചനാത്മകമായ നിലപാടിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ജോർജ്ജുകുട്ടിക്ക് സംസ്ഥാന നേതാക്കളുമായി മാത്രമല്ല അങ്ങ് ഡൽഹിയിൽ വരെ പിടിപാടുണ്ടെന്നും പ്രധാനമന്ത്രിയുടെ വരെ അടുപ്പക്കാരനാണ് അയാളെന്നും ചായക്കടക്കാരൻ സുലൈമാനെ ഉദ്ധരിച്ച് പേരു വെളിപ്പെടുത്താത്ത ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജോർജ്ജുകുട്ടിയെ പോലുള്ളവർ നിയമസംവിധാനത്തെ കബളിപ്പിച്ച് കഴിയുന്നത് പോലീസിൻ്റെ പിടിപ്പുകേട് കൊണ്ടാണെന്ന് പറയാതെ വയ്യ. കേരളം കടന്ന് തമിഴ്‌നാട്ടിലും ആന്ധ്രയിലും ഗോവയിലുമെല്ലാം ഇതേ കുറ്റകൃത്യം ചെയ്യാൻ അയാൾ ധൈര്യപ്പെട്ടത് അതുകൊണ്ടാണല്ലോ. പക്ഷെ ആ പ്രദേശങ്ങളിൽ വെവ്വേറെ പേരുകളിലാണ് അയാൾ അറിയപ്പെട്ടത് എന്ന് മാത്രം. സ്വയംഭൂവെന്നും രാംബാബുവെന്നും വിജയെന്നും രാജേന്ദ്രയെന്നുമൊക്കെയുള്ള പേരുകളിൽ തരാതരം പോലെ അവതരിച്ച അയാൾ എല്ലായിടത്തും നിയമ സംവിധാനത്തെ വെല്ലുവിളിച്ചു, സമർത്ഥമായി രക്ഷപ്പെട്ടു. എന്നാൽ തായ്‌ലൻഡിൽ മാത്രം അയാളുടെ കരുനീക്കങ്ങൾ വിജയിച്ചില്ല. പോലീസ് കുറ്റവാളിയെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തു.

ഇന്ത്യയിലെയും വിദേശത്തെയും പോലീസ് സേനകൾ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഇതിൽ നിന്ന് ഏറെക്കുറെ ഊഹിക്കാം. നമ്മുടെ പോലീസ്  സേനയെ ലോക നിലവാരത്തിലേക്ക് ഉയർത്തണമെന്ന് വിമർശകർ നിരന്തരം ആവശ്യപ്പെടുന്നതിൻ്റെ കാരണവും മറ്റൊന്നല്ല. അല്ലാത്തപക്ഷം കൂടുതൽ ജോർജ്ജുകുട്ടിമാർ ഉണ്ടാകും, സുകുമാരക്കുറുപ്പിനെ പോലെ എക്കാലവും അവർ പൊലീസിന് തലവേദനയുണ്ടാക്കുകയും ചെയ്യും.

വരുൺ കേസിലെ പുതിയ സംഭവ വികാസങ്ങൾ പിണറായി സർക്കാരിനെ ഏത് വിധത്തിലാകും ബാധിക്കുക എന്ന് വരും ദിവസങ്ങളിലേ അറിയാൻ സാധിക്കൂ. ജസ്‌ന കേസിൽ കഴിഞ്ഞ മൂന്നു വർഷമായി കേരള പോലീസ് തുമ്പൊന്നും കിട്ടാതെ നട്ടം തിരിയുകയാണ്. അതോടൊപ്പം വരുൺ കേസ് ഒന്നു കൂടി സജീവമാകുമ്പോൾ മറുപടി പറയാൻ സർക്കാർ പാടുപെടും. പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന രാജാക്കാട് സ്റ്റേഷൻ പുതുക്കി പണിയാൻ ഉമ്മൻചാണ്ടി സർക്കാർ എടുത്ത തീരുമാനം കാരണമാണ് എല്ലാം സംഭവിച്ചത് എന്നാകും സിപിഎം പറയുക. പക്ഷെ ആ വാദഗതികൾ സ്വന്തം  അണികൾ പോലും വിശ്വാസത്തിലെടുക്കണമെന്നില്ല.

കേരളം ഈ വിഷയം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നറിയാൻ മറ്റ് സംസ്ഥാനങ്ങൾ ഉറ്റു നോക്കുകയാണ്. ജോർജ്ജുകുട്ടിയുടെ അടുത്ത മിഷൻ തെലങ്കാനയിലാണെന്ന് അദ്ദേഹത്തിൻ്റെ സന്തത സഹചാരിയും പോലീസ് സേനയിലെ ചാരനുമായ ആൻറണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാർത്ത പുറത്ത് വന്നത് മുതൽ തെലങ്കാന പോലീസ് തയ്യാറെടുപ്പിലാണ്. ദിശ കേസ് മാതൃകയിൽ ഒരു എൻകൗണ്ടർ നടത്താൻ അവർ ഇടയ്ക്ക്  ആലോചിച്ചെങ്കിലും പൊതുജനാഭിപ്രായം എതിരാകും എന്ന വിലയിരുത്തലിൽ പിന്നീട് അത് വേണ്ടെന്ന് വച്ചു.

Note: ജോർജ്ജുകുട്ടിയെ കേരളം മുഖ്യമന്ത്രിയുടെ ക്രിമിനൽ ഉപദേഷ്ടാവാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം  വന്നിട്ടുണ്ട്. എന്തിനും ഏതിനും ഉപദേഷ്ടാക്കളെ നിയമിക്കുന്ന മുഖ്യൻ, അറിവും വിവരമുള്ള ഒരാളുടെയെങ്കിലും ഉപദേശം സ്വീകരിക്കുന്നത് നല്ലതാണെന്നാണ് അവരുടെ പക്ഷം. അതുവഴി കോടികൾ ചിലവഴിച്ച് ഡൽഹിയിൽ നിന്ന് അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാമെന്നും ക്രിമിനൽ കേസുകളിൽ പ്രതികളായ പാർട്ടി പ്രവർത്തകരെ ചുളുവിൽ രക്ഷിച്ചെടുക്കാമെന്നും അവർ  ചൂണ്ടിക്കാട്ടുന്നു. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ ഇക്കാര്യത്തിൽ ഒരു തിരുമാനമുണ്ടായേക്കും.

Read കേരളം ഏറെ പ്രിയപ്പെട്ടത്, മോഹന്‍ലാല്‍ ഇഷ്ട നടന്‍ : ഡോണാള്‍ഡ് ട്രംപ്


Image credit : https://www.aajtak.in/

Leave a Comment

Your email address will not be published. Required fields are marked *