ഇ കെ നായനാരുടെ ഓര്‍മകള്‍ക്ക് പത്തു വയസ്

ഇ കെ നായനാരുടെ ഓര്‍മകള്‍ക്ക് പത്തു വയസ് 1

 

ഇകെ നായനാര്‍ ഇല്ലാത്ത പത്തു വര്‍ഷങ്ങള്‍. ഏത് പ്രശ്നത്തെയും വളരെ തന്‍മയത്വത്തോടെ കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ അഭാവം ഇക്കാലയളവില്‍ ഒരുപാട് തവണയാണ് കേരളം അനുഭവിച്ചറിഞ്ഞത്. സോളാര്‍ വിവാദവും വിഎസ്പിണറായി വടംവലിയും കൈകാര്യം ചെയ്യാനാവാതെ പാര്‍ട്ടി വിഷമിക്കുന്നത് കണ്ട് അദ്ദേഹത്തിന്‍റെ മനസ് വേദനിച്ചിട്ടുണ്ടാകും. നായനാര്‍ പോയതിന് ശേഷമാണ് ബംഗാളിലും കേരളത്തിലും സിപിഎം അപചയത്തെ നേരിട്ടു തുടങ്ങിയത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തും പുറത്തും വന്‍ സുഹൃദ് വലയത്തെയും ആരാധക വൃന്ദത്തെയും സൃഷ്ടിച്ച ഇകെ നായനാര്‍ 2004 മെയ് 19നാണ് നമ്മെ വിട്ടു പിരിഞ്ഞത്. 1980 മുതല്‍ 2001 വരെയുള്ള വര്‍ഷങ്ങളില്‍ മൂന്നു പ്രാവശ്യം മുഖ്യമന്ത്രിയായ അദ്ദേഹം അവസാനവട്ടം മാത്രമാണ് അഞ്ചു വര്‍ഷ കാലാവധി തികച്ചത്. എങ്കിലും 3999 ദിവസം ഭരിച്ച അദ്ദേഹമാണ് സംസ്ഥാനം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഖ്യമന്ത്രി.

കുറിക്കു കൊള്ളുന്ന നര്‍മ്മത്തിനൊപ്പം മൂര്‍ച്ചയുള്ള വാക്കുകളും അദ്ദേഹത്തിന്‍റെ പ്രത്യേകതയായിരുന്നു. ആ വാക്കുകള്‍ ലക്ഷ്യം ഭേദിച്ചെങ്കിലും ആര്‍ക്കും മുറിവേറ്റില്ല, അതുകൊണ്ടു തന്നെ ആരും നായനാരോടു പരിഭവിച്ചതുമില്ല. അത്തരം തുറന്നു പറച്ചിലുകള്‍ പലപ്പോഴും ചില വലിയ സത്യങ്ങള്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. അത് അദ്ദേഹത്തിന്‍റെ മാത്രം ശൈലിയുടെ പ്രത്യേകതയായിരുന്നു. അത് മറ്റു നേതാക്കള്‍ക്ക് അന്യമായപ്പോള്‍ വിവാദങ്ങള്‍ അവരെ വിടാതെ പിടികൂടി. തല്‍ഫലമായി എകെ ആന്‍റണിയും പിണറായി വിജയനും വിഎസ് അച്യുതാനന്ദനുമെല്ലാം വിവിധ കോണുകളില്‍ നിന്ന്‍ പഴി കേട്ടു. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയുടെ പേരിലാണ് ആന്‍റണി വിയര്‍ത്തതെങ്കില്‍ നികൃഷ്ട ജീവി പ്രയോഗത്തിലൂടെയാണ് പിണറായി പ്രതിക്കൂട്ടിലായത്. മലപ്പുറത്തെ കുട്ടികളെ കുറിച്ച് നടത്തിയ പ്രസ്താവനയുടെയും കറിവേപ്പില പ്രയോഗത്തിന്‍റെയും പേരിലാണ് ചിലര്‍ വിഎസിനെതിരെ തിരിഞ്ഞത്.

നര്‍മ്മം കലര്‍ത്തി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന നടന്‍ ഇന്നസെന്‍റ് ഇക്കാര്യത്തില്‍ നായനാര്‍ ശൈലിയാണ് കടമെടുത്തതെന്ന് പറയേണ്ടി വരും. വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് രണ്ടു സീറ്റ് കിട്ടും, അത് പാക്കിസ്ഥാനിലാണ് എന്ന്‍ ഒരുകാലത്ത് നായനാര്‍ പറഞ്ഞപ്പോള്‍ ആരും അദ്ദേഹത്തിന്‍റെ കോലം കത്തിച്ചില്ല. അമേരിക്കയില്‍ ചായ കുടിക്കുന്നത് പോലെയാണ് പെണ്ണുങ്ങളെ കയറി പിടിക്കുന്നത് എന്നു പറഞ്ഞപ്പോള്‍ ഒരു വനിതാ സംഘടനയും സെക്രട്ടേറിയറ്റ് വളഞ്ഞതുമില്ല. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ മദനിയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഓനെ ഞമ്മളാണ് പിടിച്ചു കൊടുത്തത് എന്നു പറഞ്ഞപ്പോള്‍ ആരും ഹര്‍ത്താല്‍ നടത്തിയില്ലെങ്കിലും പിന്നീട് തടിയന്‍റവിട നസീറും സംഘവും അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചത് മാത്രമാണ് ഇക്കാര്യത്തിലെ വൈരുദ്ധ്യം.

ഇ കെ നായനാരുടെ ഓര്‍മകള്‍ക്ക് പത്തു വയസ് 2

വടക്കന്‍ കേരളത്തിലെ ഒരു പ്രദേശത്ത് സംഘര്‍ഷമുണ്ടായപ്പോള്‍ കലാപകാരികളെയും അവരെ സംരക്ഷിക്കുന്നവരെയും അറസ്റ്റ് ചെയ്യണമെന്ന് സ്ഥലം എംഎല്‍എ കൂടിയായ ഇടതുപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോള്‍ ഗുണ്ടകളെ സംരക്ഷിക്കുന്നത് നമ്മള്‍ രാഷ്ട്രീയക്കാരല്ലാതെ വേറെയാരാണ് എന്ന മറുചോദ്യം കൊണ്ടാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നായനാര്‍ നേരിട്ടത്. അങ്ങനെയുള്ള നേതാക്കളെ അകത്തിടാന്‍ തുടങ്ങിയാല്‍ പിന്നെ കേരളത്തില്‍ വിരലിലെണ്ണാവുന്ന നേതാക്കളെ ബാക്കിയുണ്ടാകൂ എന്നു കൂടി അദ്ദേഹം പറഞ്ഞപ്പോള്‍ നേതാവിന് ഉത്തരം മുട്ടി.

ഇന്നും ഏറെ അന്ധവിശ്വാസം നിലനില്‍ക്കുന്ന ശബരിമല മകരവിളക്കിനെ കുറിച്ച് നായനാര്‍ എണ്‍പതുകളില്‍ തന്നെ തുറന്നുപറച്ചില്‍ നടത്തിയിരുന്നു. അത് എല്ലാവരും ചേര്‍ന്നു നടത്തുന്ന ഒത്തുകളിയാണ് എന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മകരവിളക്ക് മനുഷ്യ നിര്‍മ്മിതമാണ് എന്ന്‍ അടുത്തകാലത്ത് ദേവസ്വം ബോര്‍ഡ് കോടതിയില്‍ പറഞ്ഞപ്പോള്‍ പലരും നായനാരെ ഓര്‍ത്തിട്ടുണ്ടാകും. അദ്ദേഹത്തിന് മുമ്പും ശേഷവും അധികാരത്തിലെത്തിയ വിപ്ലവ നേതാക്കള്‍ പോലും വിഷയത്തില്‍ മൌനം പാലിക്കുകയാണ് ചെയ്തത്.

സ്വയം നിരീശ്വരവാദിയായപ്പോഴും മറ്റുള്ളവരുടെ വിശ്വാസപ്രമാണങ്ങളെ മാനിക്കാന്‍ ഇകെ നായനാര്‍ തയ്യാറായി. ശാരദടീച്ചര്‍ കേറാത്ത അമ്പലങ്ങളൊന്നും കേരളത്തിലില്ല എന്ന്‍ തമാശരൂപത്തിലാണെങ്കിലും പരസ്യമായി അദ്ദേഹം പറഞ്ഞു. താനും കുടുംബാംഗങ്ങളും അവിശ്വാസികളാണ് എന്നു സ്ഥാപിക്കാന്‍ മെനക്കെടുന്ന നവയുഗ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അദ്ദേഹത്തിന്‍റെ ശൈലി അപ്രാപ്യമോ അത്ഭുതമോ ആയി തോന്നാം. പക്ഷേ അതാണ് നായനാര്‍. സമകാലീന നേതാക്കളില്‍ അദ്ദേഹം വ്യത്യസ്ഥനാകുന്നതും ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നതും വെറുതെയല്ല.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ന്‍ വോട്ട് ചെയ്യുന്നവരില്‍ കുറെ പേരെങ്കിലും നായനാരെ പോലുള്ള സമാരാധ്യരായ നേതാക്കളെ മനസില്‍ കണ്ടാണ് കൂടെ നില്‍ക്കുന്നത് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. സാധാരണക്കാരുടെ ആവശ്യങ്ങളും വിഷമങ്ങളും മനസിലാക്കുന്നതിനൊപ്പം രാഷ്ട്രീയ എതിരാളികളെയും അദ്ദേഹം ചേര്‍ത്തു പിടിച്ചു. എതിരാളിയായ കെ കരുണാകരന്‍ തന്‍റെ പ്രിയസുഹൃത്താണെന്ന് നായനാര്‍ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. വിദ്വേഷവും പ്രതികാര രാഷ്ട്രീയവും അരങ്ങു തകര്‍ക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് അത്തരം നല്ല സൌഹൃദങ്ങള്‍ കൂടിയാണ്.

 

The End

[My article originally published in British pathram on 18.05.2014]

Leave a Comment

Your email address will not be published. Required fields are marked *