സംഗീത ചക്രവര്‍ത്തി ഇല്ലാത്ത അഞ്ചു വര്‍ഷങ്ങള്‍

Michael Jackson memoir

പോപ് സംഗീത ചക്രവര്‍ത്തി മൈക്കിള്‍ ജാക്സണ്‍ വിട വാങ്ങിയിട്ട് അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്നു. 2009 ജൂണ്‍ അഞ്ചിനാണ് അമിതമായ മരുന്നുപയോഗം മൂലം അദ്ദേഹം അന്തരിച്ചത്. പക്ഷേ ആ മാസ്മരിക സംഗീതത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. അദ്ദേഹത്തിന് മുമ്പും പിമ്പും അനവധി ഗായകര്‍ പോപ് രംഗത്ത് എത്തിയെങ്കിലും ആര്‍ക്കും മൈക്കലിന് പകരക്കാരനാകാന്‍ കഴിഞ്ഞില്ല.

പാശ്ചാത്യ സംഗീത രംഗത്ത് എത്തിയ ആദ്യ കറുത്ത വര്‍ഗ്ഗക്കാരന്‍, ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആല്‍ബത്തിന്‍റെ ഉടമ എന്നിങ്ങനെ മൈക്കല്‍ ജാക്സണ് വിശേഷണങ്ങള്‍ ഏറെയാണ്. മാനവ സ്നേഹവും പ്രകൃതി സംരക്ഷണവുമൊക്കെ പാട്ടുകളില്‍ കൂടി പ്രചരിപ്പിച്ച ഗായകന്‍ വേറെയുണ്ടാവില്ല. പ്രശസ്തമായ ഏര്‍ത്ത് സോങ്ങില്‍ കൂടി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം പഠിപ്പിച്ച അദ്ദേഹം ദേയ് ഡോണ്ട് ടേയ്ക്ക് കെയര്‍ എബൌട്ട് അസ് എന്ന ഗാനത്തില്‍ കൂടി വര്‍ണ്ണ വിവേചനത്തിനെതിരെയും പ്രതികരിച്ചു.

റിക്കി മാര്‍ട്ടിന്‍, ജെന്നിഫര്‍ ലോപ്പസ്, മഡോണ തുടങ്ങിയവരുടെ ഗാനങ്ങള്‍ പലപ്പോഴും അശ്ലീല ചുവയുള്ളതായിരുന്നുവെങ്കിലും മൈക്കല്‍ ജാക്സന്‍റെ ഗാനങ്ങള്‍ കുട്ടികള്‍ക്ക് പോലും ആസ്വദിക്കാവുന്നവയാണ്. മിക്കപ്പോഴും അവര്‍ അദ്ദേഹത്തിനൊപ്പം കഥാപാത്രങ്ങളായും അവതരിച്ചു. കറുത്ത വര്‍ഗ്ഗക്കാരനായത് കൊണ്ട് ആദ്യ കാലങ്ങളില്‍ തികഞ്ഞ അവഗണനയാണ് മൈക്കലിന് സംഗീത രംഗത്ത് നിന്ന്‍ നേരിടേണ്ടി വന്നത്. 1971ല്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങിയെങ്കിലും അദ്ദേഹത്തിന്‍റെ പാട്ടുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ എംടിവി ആദ്യമൊന്നും തയ്യാറായില്ല. പക്ഷേ 1981ല്‍ ത്രില്ലര്‍ തരംഗമായതോടെ അവര്‍ക്ക് വേറെ വഴിയില്ലാതായി. മൈക്കലുമായി ദീര്‍ഘകാല കരാര്‍ ഒപ്പിട്ട എംടിവി തുടര്‍ന്നു അദ്ദേഹത്തിന്‍റെ വിജയത്തില്‍ ഭാഗഭാക്കായി.

ത്രില്ലറിന് പിന്നാലെയിറങ്ങിയ ബാഡ്, ഡെയ്ഞ്ചറസ് തുടങ്ങിയ ആല്‍ബങ്ങള്‍ മൈക്കല്‍ ജാക്സണ് ലോകമെങ്ങും ആരാധകരെ നേടിക്കൊടുത്തു. പക്ഷേ ഇതിനിടയില്‍ ഒന്നിന് പുറകെ ഒന്നായെത്തിയ കേസുകള്‍ അദ്ദേഹത്തിന്‍റെ വളര്‍ച്ചയ്ക്ക് തടസമായി. പിന്നീടാണ് സംഗീത ചക്രവര്‍ത്തി മരുന്നുകളെയും മയക്കുമരുന്നുകളെയും അഭയം പ്രാപിച്ചു തുടങ്ങിയത്. തനിക്കെതിരെയുള്ള അപവാദ പ്രചരണങ്ങള്‍ക്ക് പിന്നില്‍ ഒരു പ്രമുഖ സംഗീത കമ്പനിയാണെന്ന്‍ മരണത്തിന് മുമ്പുള്ള നാളുകളില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

വ്യക്തി ജീവിതം എന്തു തന്നെയായാലും മൈക്കല്‍ ജാക്സന്‍റെ പാട്ടുകള്‍ ഇന്നും ലോകമെങ്ങും ആവേശമാണ്. ഭാഷയറിയാത്തവര്‍ പോലും ആ മാസ്മരിക സംഗീതത്തിലും ചുവടുകളിലും മയങ്ങി പോകുന്നു. അതുകൊണ്ടു തന്നെയാണ് പോപ് സംഗീതത്തിന്‍റെ പര്യായമായി മൈക്കല്‍ ജോസഫ് ജാക്സണ്‍ ഇന്നും തുടരുന്നത്.

Leave a Comment

Your email address will not be published.