ശ്രേഷ്ഠം മലയാളം, പക്ഷേ സിനിമാ പേര് ‘മെമ്മറീസ്’

memories_ver5_xlg

മലയാള ഭാഷ ഇപ്പോള്‍ ശ്രേഷ്ടമാണ്. നൂറ്റാണ്ടുകളായി മലയാളത്തിന്‍റെ മഹാരഥന്‍മാരും സാധാരണക്കാരും നെഞ്ചോട് ചേര്‍ത്തു പിടിച്ച ഭാഷ ശ്രേഷ്ഠമാണെന്ന് കഴിഞ്ഞ മേയ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി വിധിയെഴുതിയത്. നമ്മുടെ ഭാഷയെ ആ മഹനീയ പദവിയിലെത്തിക്കാന്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാന സര്‍ക്കാരും സാംസ്കാരിക പ്രവര്‍ത്തകരും നടത്തിവന്ന ശ്രമങ്ങള്‍ അതോടെ ഫലപ്രാപ്തിയിലെത്തി. മലയാളത്തിന്‍റെ 1500 വര്‍ഷത്തെ പഴക്കവും പാരമ്പര്യവും കണക്കിലെടുത്ത് ശ്രേഷ്ഠഭാഷ പദവി നല്‍കണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

പുതിയ പദവി ലഭിക്കുന്നതോടെ ഭാഷാപോഷണത്തിനായി 100 കോടി രൂപയുടെ കേന്ദ്രസഹായം സംസ്ഥാനത്തിന് ലഭിക്കും. കാസര്‍ഗോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍ മലയാളത്തിനായി പുതിയ ചെയര്‍ രൂപീകരിക്കാനും സെന്‍റര്‍ ഫോര്‍ ക്ലാസിക്കല്‍ മലയാളം എന്ന പേരില്‍ സംസ്ഥാനത്ത് പഠന ഗവേഷണ കേന്ദ്രം തുടങ്ങാനും സാധിയ്ക്കും. നിലവില്‍ തമിഴ്,തെലുഗു,കന്നഡ,സംസ്കൃതം തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് ശ്രേഷ്ഠ ഭാഷാ പദവിയുണ്ട്.

മലയാളത്തിന് ലഭിച്ച പുതിയ അംഗീകാരം നമ്മുടെ രാഷ്ട്രീയ സാംസ്കാരിക നേതൃത്വങ്ങള്‍ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചതെങ്കിലും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടില്‍ നില്‍ക്കുന്ന ഒരു കൂട്ടരും നമുക്കിടയിലുണ്ട്. നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍. മലയാളത്തിലെ സിനിമാ പേരുകള്‍ക്ക് മലയാളിത്തം നഷ്ടപ്പെട്ടു തുടങ്ങിയിട്ട് കുറച്ചു നാളായെങ്കിലും ഇപ്പോള്‍ അത് മൂര്‍ദ്ധന്യാവസ്ഥയിലാണ്. നേരത്തെ അപൂര്‍വമായി മാത്രം വന്നിരുന്ന ഇംഗ്ലീഷ് പേരുള്ള ചിത്രങ്ങള്‍ ഇന്ന്‍ സര്‍വ്വസാധാരണമായിരിക്കുന്നു. അടുത്ത കാലത്ത് പുറത്തുവന്നതും ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്നതുമായ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. ഹണീ ബി, മെമ്മറീസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, അപ് ആന്‍റ് ഡൌണ്‍, ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍, റെഡ് വൈന്‍, ബ്യൂട്ടിഫുള്‍, ബഡി, കോബ്ര, ക്രിസ്ത്യന്‍ ബ്രദേഴ്സ്, മൈ ബോസ്, മമ്മി ആന്‍റ് മീ, ബ്രേക്കിങ് ന്യൂസ്, ഡയമണ്ട് നെക്ക്ലസ്, 22 ഫീമെയില്‍ കോട്ടയം, എബിസിഡി, റണ്‍ ബേബി റണ്‍, കിങ്ങ് ആന്‍റ് കമ്മീഷണര്‍, ഡബിള്‍സ്,മാസ്റ്റേഴ്സ്, സെല്ലുലോയ്ഡ്,72 മോഡല്‍, ഇഡിയറ്റ്സ്, നോട്ടി പ്രൊഫസര്‍, ഹൌസ്ഫുള്‍,ലക്കി സ്റ്റാര്‍,ഗോഡ് ഫോര്‍ സെയില്‍,മണി ബാക്ക് പോളിസി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അനവധി മംഗ്ലീഷ് പേരുകളിലുള്ള ചിത്രങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പുറത്തുവന്നത്. ആംഗ്രി ബേബീസ്, സണ്‍ ഓഫ് അലക്സാണ്ടര്‍, ഗുഡ് ബാഡ് ആന്‍റ് അഗ്ലി,ലോ പോയിന്‍റ്, ബ്ലാക്ക് ടിക്കറ്റ്,റെഡ്,ലൌവ് ലാന്‍റ്,ബിവെയര്‍ ഓഫ് ഡോഗ്സ്  തുടങ്ങിയ ഒരു ഡസനിലേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്.

മലയാളമെന്നോ ഇംഗ്ലീഷെന്നോ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ഇത്തരം പേരുകള്‍ സിനിമയ്ക്ക് നല്‍കാന്‍ അതിന്‍റെ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്തെന്ന്‍ വ്യക്തമല്ല. അഭിനേതാക്കളുടെ ചിത്രം കൂടി നോക്കിയാലേ പലപ്പോഴും അത് മലയാള സിനിമ തന്നെയാണോ എന്നുറപ്പിക്കാനാവൂ. അന്യ സംസ്ഥാന വിപണിയില്‍ കൂടി കണ്ണും നട്ടാവാം ഒരുപക്ഷേ നമ്മുടെ നിര്‍മാതാക്കള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്. പക്ഷേ തമിഴില്‍ ആ പണി നടക്കില്ല. മാതൃഭാഷയില്ലാതെ വേറെ ഏതെങ്കിലും ഭാഷയില്‍ സിനിമയ്ക്ക് പേരിട്ടാല്‍ അവിടെ ടാക്സ് കൂടുതല്‍ കൊടുക്കണം. ജെന്‍റില്‍മാനെന്നും സിറ്റിസണ്‍ എന്നുമൊക്കെ സിനിമയ്ക്ക് പേരിട്ടിരുന്ന തമിഴകത്തെ സംവിധായകര്‍ മര്യാദക്കാരായത് അതോടെയാണ്. ഇപ്പോള്‍ തുപ്പാക്കി, ഉത്തമ പുത്രന്‍, ആരംഭം, തലൈവ എന്നിങ്ങനെ തനി തമിഴ് പേരുകളല്ലാതെ ആംഗലേയ ചുവയുള്ള പേരുകള്‍ കോടമ്പാക്കത്തെ സിനിമ പ്രവര്‍ത്തകരുടെ സ്വപ്നത്തില്‍ പോലും കടന്നു വരാറില്ല.

പറഞ്ഞാല്‍ കേള്‍ക്കില്ലെങ്കില്‍ തല്ലി വളര്‍ത്തണമെന്ന് നമ്മുടെ പഴമക്കാര്‍ പറയാറുണ്ട്. അതുതന്നെയാണ് ഇവിടെയും വേണ്ടത്. ക്യാമല്‍ സഫാരിയെന്നും ത്രീ ഡോട്ട്സ് എന്നുമൊക്കെ പേരിട്ടാല്‍ നികുതി കൂടുതല്‍ അടയ്ക്കണമെന്ന സ്ഥിതി വന്നാല്‍ തമിഴകത്തെ പോലെ നമ്മുടെ സംവിധായകരും നല്ല വഴിയ്ക്ക് വരും. അത് സാധാരണക്കാര്‍ക്കിടയില്‍ ഭാഷാ വികാരമോ ക്രമേണ ഭാഷാ ഭ്രാന്തോ ഉണര്‍ത്തുന്നതിന് വേണ്ടിയല്ല. ഇല്ലെങ്കില്‍ ഒരുപക്ഷേ മലയാളിത്തം എന്നത് വരും തലമുറയ്ക്ക് സമൂഹത്തില്‍ മാത്രമല്ല സിനിമാപേരുകളില്‍ പോലും കിട്ടാക്കനിയായി മാറും.

Leave a Comment

Your email address will not be published. Required fields are marked *