കാലത്തെ അതിജീവിച്ച ചില സിനിമകള്‍

Manichitrathazhu-Movie
 

ന്യൂ ജനറേഷന്‍ സിനിമകളുടെ ഈ കാലഘട്ടത്തില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ നിന്ന്‍ മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്.അവര്‍ ചെയ്യുന്ന സിനിമയുടെ ജയ-പരാജയങ്ങള്‍ അനുസരിച്ച് വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂടിയും കുറഞ്ഞുമിരിക്കുന്നു.പക്ഷേ കാലത്തെ അതിജീവിച്ച പല ചിത്രങ്ങളും മമ്മൂട്ടിയും മോഹന്‍ലാലും എതിരാളികളില്ലാതെ വിലസിയ എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ് രൂപം കൊണ്ടത്.

ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമകളുടെ കൂട്ടത്തില്‍ പ്രമുഖ സ്ഥാനമാണ് മധു മുട്ടം തിരക്കഥയെഴുതി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിനുള്ളത്.1993ലെ ക്രിസ്തുമസ് അവധിക്കാലത്ത് പുറത്തിറങ്ങിയ ചിത്രം  അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു.മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയും മല്‍സരിച്ചഭിനയിച്ച ചിത്രം, ശോഭനക്ക് ലഭിച്ച ദേശിയ പുരസ്കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടി.സിനിമ പിന്നീട് കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് വരെ മൊഴിമാറ്റം ചെയ്യപ്പെട്ടു.ഒരര്‍ഥത്തില്‍ റീമേക്ക് സിനിമകള്‍ക്ക് തന്നെ തുടക്കമിട്ടത് മണിച്ചിത്രത്താഴാണെന്ന് പറയാം.

20 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്.അതുകൊണ്ടു തന്നെയാണ് അതിനു ശേഷം വന്ന പല സിനിമകളെയും, എന്തിന് ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ ചിത്രങ്ങളെ പോലും, പിന്നിലാക്കി കൊണ്ട്  ഇപ്പൊഴും പ്രൈം ടൈമില്‍ തന്നെ ഈ സിനിമ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും. അക്കാലത്തെ ഉയര്‍ന്ന തുകക്ക് ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് എടുത്ത ഏഷ്യാനെറ്റ് പരസ്യങ്ങളില്‍ കൂടി വന്‍ ലാഭമാണ് ഉണ്ടാക്കിയത്.മണിച്ചിത്രത്താഴിന്‍റെയും അതിലെ ഡോക്ടര്‍ സണ്ണിയുടെയും വന്‍ പ്രശസ്തിയാണ് ഇപ്പോള്‍ കഥാപാത്രത്തിന്‍റെ തുടര്‍ച്ചയൊരുക്കാന്‍ പ്രിയദര്‍ശനെ പ്രേരിപ്പിച്ചതും.പണ്ട് ഒരു വന്‍ തകര്‍ച്ചയില്‍ നിന്ന്, മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്കായ ചന്ദ്രമുഖി രജനികാന്തിനെ രക്ഷിച്ചത് പോലെ പ്രിയദര്‍ശന്‍റെ ഒരു തിരിച്ചു വരവിന് ചിത്രം സഹായിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.


കിലുക്കത്തിലും നാടോടിക്കാറ്റിലും തേന്മാവിന്‍ കൊമ്പത്തിലും കണ്ടത് പോലുള്ള കോമഡി പിന്നീട് മലയാള സിനിമ കണ്ടിട്ടില്ല. ചിരിക്കാതെ ബലം പിടിച്ചിരുന്ന് ഈ സിനിമകള്‍ കാണാന്‍ ഇന്നും ഒരാള്‍ക്കും കഴിയില്ല. അതിനു ശേഷം വന്ന പല സിനിമകളിലെയും ഹാസ്യ രംഗങ്ങള്‍ നമ്മള്‍ മറന്നു തുടങ്ങിയെങ്കിലും  നാടോടിക്കാറ്റിലെ ദാസന്‍റെയും വിജയന്‍റെയും മണ്ടത്തരങ്ങളും, അഭിനേതാക്കള്‍ മല്‍സരിച്ചഭിനയിച്ച കിലുക്കത്തിലെ രംഗങ്ങളും, മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണിയുടെ അന്വേഷണവും നാഗവല്ലിയുടെ വേഷ പകര്‍ച്ചകളും, തേന്മാവിന്‍ കൊമ്പത്തിലെ ഗ്രാമീണ ഭംഗിയും ഹാസ്യവും ഇന്നും ജനങ്ങളുടെ മനസ്സില്‍ തിളക്കത്തോടെ തന്നെ നില്‍ക്കുന്നു.അതിന് അവയുടെ സംവിധാന മികവും തിരക്കഥാ വൈദഗ്ദ്ധ്യവും അഭിനേതാക്കളുടെ കഴിവും എല്ലാം കാരണമായിട്ടുണ്ട്.എന്നാല്‍ ഇത് മാത്രമല്ല, ഭാഗ്യവും സിനിമയില്‍ ഒരു നിര്‍ണായക ഘടകമാണ്.അതേ സംവിധായകരുടെ മറ്റ് ചിത്രങ്ങള്‍ക്ക് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞെങ്കിലും കാലത്തെ അതിജീവിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്.

ബോക്സ് ഓഫീസില്‍ ലാഭമുണ്ടാക്കുന്നുണ്ടെങ്കിലും പല സിനിമകള്‍ക്കും കുറെ കാലത്തിനു ശേഷം ആ തിളക്കം നില നിര്‍ത്താന്‍ കഴിയാറില്ല.അതിനാരും മെനക്കെടാരുമില്ല. പക്ഷേ അങ്ങനെ തിളങ്ങാന്‍ കഴിഞ്ഞാല്‍ ആ സിനിമകളുടെ സൃഷ്ടാക്കളും  അഭിനേതാക്കളുമൊക്കെ, കഥാ സന്ദര്‍ഭങ്ങള്‍ക്കൊപ്പം,കാലത്തെ അതി ജീവിച്ചു കൊണ്ട് ജന മനസ്സുകളില്‍ എന്നും ജീവിക്കും. മേല്‍പറഞ്ഞ സിനിമകള്‍ക്കൊപ്പം എം.ടി.യുടെയും പത്മരാജന്‍റെയും ജീവിത ഗന്ധിയായ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കിയത് കൊണ്ടാണ് നമ്മുടെ സൂപ്പര്‍ താരങ്ങളെ ഇന്നും ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നത്. എത്ര പടങ്ങള്‍ പൊളിഞ്ഞാലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും പേര് കേട്ടാല്‍ ബോക്സ് ഓഫീസ് ഇപ്പൊഴും കിലുങ്ങുന്നതും അതുകൊണ്ടു തന്നെയാണ്.

1 thought on “കാലത്തെ അതിജീവിച്ച ചില സിനിമകള്‍”

Leave a Comment

Your email address will not be published. Required fields are marked *