വധശിക്ഷ ഒഴിവാക്കണം എന്ന ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ത്യ ഉള്‍പ്പടെയുള്ള ഏതാനും രാജ്യങ്ങളില്‍ വധശിക്ഷ നിലനില്‍ക്കുന്നുണ്ടെങ്കിലും ചൈനയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തു വിടുന്നില്ലെങ്കിലും ഏകദേശം മൂവായിരത്തിലധികം ആളുകളെ കഴിഞ്ഞ വര്‍ഷം അവിടെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി കണക്കാക്കുന്നു. സൌദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍, ഇറാന്‍, ഇറാക്ക് എന്നിവിടങ്ങളിലും വലിയ അളവില്‍ ശിക്ഷ നടപ്പാക്കാറുണ്ട്.
ആധുനിക ലോകത്ത് ഒരാള്‍ക്കും മറ്റൊരാളുടെ ജീവനെടുക്കാന്‍ അവകാശമില്ല എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. അതുകൊണ്ടു തന്നെ കുറ്റവാളിയെ മാനസാന്തരപ്പെടാന്‍ അനുവദിക്കണമെന്നും അതിനു പകരം അയാള്‍ ചെയ്ത അതേ കുറ്റം സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അവര്‍ വാദിക്കുന്നു. കോടതി തൂക്കുമരം വിധിച്ച കൊടും കുറ്റവാളിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പതിറ്റാണ്ട് മുമ്പ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുറവിളികള്‍ ഏറെയുണ്ടായി. അജ്മല്‍ കസബിന് മുമ്പ് രാജ്യം തൂക്കിലേറ്റിയ അവസാന കുറ്റവാളിയായിരുന്നു അത്. പേര് ധനഞ്ജയ് ചാറ്റര്‍ജി.
ബംഗാളിയായ ചാറ്റര്‍ജി ചെയ്തത് ഒരു നിസാര കുറ്റം. പതിനാലുകാരിയായ ഒരു പെണ്‍കുട്ടിയെ അവള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സിലെ ലിഫ്റ്റില്‍ വച്ച് ബലാല്‍സംഗം ചെയ്തു കൊന്നു. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മാതാപിതാക്കള്‍ക്ക് ജനിച്ച കുട്ടിയായിരുന്നു അവള്‍. അവളുടെ മരണത്തോടെ ആ പാവം അച്ഛനമ്മമ്മാര്‍ എല്ലാ അര്‍ഥത്തിലും തളര്‍ന്നു. എന്നാല്‍ കുറ്റവാളിയെ കൊലമരത്തില്‍ നിന്ന്‍ രക്ഷിക്കാനാണ് പേരു കേട്ട മനുഷ്യാവകാശ സംഘടനകളും ചില സ്ത്രീ പക്ഷ നേതാക്കളും ഉത്സാഹിച്ചത്. വധശിക്ഷ ഒന്നിന്നും പരിഹാരമല്ലത്രേ. ശരിയാണ്. പക്ഷേ ആ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാനും കൊലപ്പെടുത്താനും ചാറ്റര്‍ജിക്ക് ആരാണ് ലൈസന്‍സ് കൊടുത്തതെന്ന് മാത്രം ആരും പറഞ്ഞില്ല.
ചാറ്റര്‍ജിയുടെ ദയാഹര്‍ജി തള്ളിയതിന്‍റെ പേരില്‍ അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിനെ വിമര്‍ശിക്കാനും ആളുകളുണ്ടായി. ഭര്‍ത്താവിനെ തൂക്കിലേറ്റുന്ന നിമിഷം ആത്മഹത്യ ചെയ്യുമെന്ന് ചാറ്റര്‍ജിയുടെ ഭാര്യ ഭീഷണി മുഴക്കി. വികാരവിക്ഷോഭം കൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞതെങ്കിലും തന്‍റെ ഭര്‍ത്താവിന് മറ്റ് പെണ്‍കുട്ടികളെ പീഡിപ്പിക്കാനും കൊലപ്പെടുത്താനും അവകാശമുണ്ടെന്ന് ആ വരികളില്‍ കൂടി വായിച്ചെടുക്കാം. ഒടുവില്‍ 2004ലെ സ്വന്തം ജന്മദിനത്തിന് തന്നെ ആഗസ്റ്റ് 14നു ചാറ്റര്‍ജിയെ തൂക്കിലേറ്റി. ആ സമയം സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള നൂറുകണക്കിനു വിദ്യാര്‍ഥികളെക്കൊണ്ട് മെഴുകുതിരി കത്തിച്ച മനുഷ്യാവകാശ പ്രേമികള്‍ അതുവഴി അയാളുടെ ആത്മശാന്തിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. ആരാന്‍റെ അമ്മയ്ക്ക് പ്രാന്ത് പിടിക്കുമ്പോള്‍ കാണാന്‍ നല്ല ചേല് എന്ന മലയാളത്തിലെ പഴഞ്ചൊല്ല് അവിടെ അന്വര്‍ഥമായി.
സ്വന്തം പെണ്‍മക്കളെ ആരെങ്കിലും കമന്‍റടിച്ചാലോ അല്ലെങ്കില്‍ പ്രേമലേഖനം കൊടുത്താലോ അത് ചെയ്തവരെ നേരിട്ടോ ആളെവച്ചോ കൈകാര്യം ചെയ്യുന്ന മാതാപിതാക്കള്‍ നമ്മുടെ ഇടയിലുണ്ട്. യഥാര്‍ത്ഥ പ്രണയമാണെങ്കില്‍ പോലും അവിടെ അവര്‍ ജാതിയുടെയും മതത്തിന്‍റെയും സമ്പത്തിന്‍റെയും പേരില്‍ വേലിക്കെട്ടുകള്‍ തീര്‍ക്കും. അത്തരക്കാര്‍ പോലും മനുഷ്യാവകാശ സ്നേഹികളുടെ മുഖംമൂടിയണിഞ്ഞു വന്നപ്പോള്‍ പെണ്ണായി പിറന്നതിന്‍റെ പേരില്‍ മാത്രം കൊല ചെയ്യപ്പെട്ട കൌമാരക്കാരിയും അവളുടെ ജീവച്ഛവങ്ങളായ മാതാപിതാക്കളും എല്ലാവരുടെയും മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി മാറി.
1973 നവംബര്‍ 27നു രാത്രി മുംബെയിലെ ഒരു ഹോസ്പിറ്റലില്‍ വച്ച് ക്രൂരമായ മാനഭംഗത്തിനിരയായി ഇന്നും ചലനശേഷിയില്ലാതെ കിടക്കുന്ന അരുണ ഷാന്‍ബാഗ് എന്ന പഴയ നഴ്സിനെ മറക്കാറായിട്ടില്ല. കൂടെ ജോലി ചെയ്യുന്ന ഒരു ഡോക്ടറുമായി വിവാഹം ഉറപ്പിച്ചിരുന്ന അവരെ അതേ ആശുപത്രിയില്‍ താല്‍ക്കാലികമായി ജോലിചെയ്യുന്ന സോഹന്‍ലാല്‍ ഭരത വാത്മീകി എന്ന അറ്റന്‍ററാണ് ബലാല്‍സംഗം ചെയ്തത്. അയാള്‍ കണക്കില്‍ നടത്തിയ തിരിമറികള്‍ അവര്‍ ചോദ്യം ചെയ്തതാണ് അയാളെ ചൊടിപ്പിച്ചത്. നായയെ കെട്ടുന്ന ചങ്ങല കഴുത്തില്‍ ചുറ്റി അയാള്‍ നടത്തിയ ആക്രമണത്തില്‍ അരുണയുടെ ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചു. തല്‍ഫലമായി അവരുടെ ചലനശേഷി നഷ്ടപ്പെട്ടു. ഇന്നും മുംബൈ കിങ് റിച്ചാര്‍ഡ് ആശുപത്രിയിലെ ഒരു പ്രത്യേക മുറിയില്‍ കാലത്തിന്‍റെ മാറ്റങ്ങളൊന്നുമറിയാതെ അവര്‍ കിടക്കുന്നുണ്ട്. നല്ലവരായ ആശുപത്രി മാനേജ്മെന്‍റ് അവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഒരു പ്രത്യേക നഴ്സിനെയും നിയമിച്ചിട്ടുണ്ട്.
മുപ്പതു വര്‍ഷത്തിലേറെയായി പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെയാണ് അരുണ ജീവന്‍ നിലനിര്‍ത്തുന്നത്. ആഹാരം ട്യൂബ് വഴി നല്‍കുന്നു. കൊടുംപാതകം ചെയ്ത സോഹന്‍ലാല്‍ ഏഴു വര്‍ഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് ഇപ്പോള്‍ ഡല്‍ഹിയില്‍ സമാധാന ജീവിതം നയിക്കുന്നു.
അടുത്തിടെ ഡല്‍ഹിയില്‍ കൂട്ടമാനഭംഗം നടത്തിയ ആറു പേരുടെയും സൌമ്യയെ കൊലപ്പെടുത്തിയ മൃഗത്തിന്‍റെയും മറ്റ് അനവധി പീഡനക്കേസുകളിലെ പ്രതികളുടെയും സ്ഥിതി വ്യത്യസ്ഥമല്ല. സ്ത്രീ എന്നാല്‍ ലൈംഗിക തൃഷ്ണ തീര്‍ക്കാനുള്ള ഉപകരണങ്ങള്‍ മാത്രമെന്നാണ് അവര്‍ കരുതിയത്. അത്തരക്കാര്‍ക്ക് തൂക്കുമരത്തെക്കാള്‍ കൂടിയ ശിക്ഷയാണ് നല്‍കേണ്ടത്. കുറ്റവാളിയുടെ പ്രായമല്ല, ചെയ്ത കുറ്റത്തിന്‍റെ കാഠിന്യമാണ് ശിക്ഷാ വിധിക്ക് മാനദണ്ഡമാകേണ്ടത്. കയ്യോ കാലോ വെട്ടി ഇനിയൊരിക്കലും ഇത്തരം പാതകങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത പരുവത്തിലാക്കുന്നതാണ് ശരിയായ ശിക്ഷ, ശരിയായ നീതി. അങ്ങനെ അവര്‍ മറ്റുള്ളവര്‍ക്കെല്ലാം ജീവിക്കുന്ന ഒരു പാഠമാകട്ടെ.
സൌമ്യ വധക്കേസിലെ പ്രതി ജയിലില്‍ ബീഫിനും മട്ടനും വേണ്ടി സമരം നടത്തിയ വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നിരുന്നു. തമിഴ്നാട്ടിലെ ജയിലിലേക്ക് മാറാനും അയാള്‍ ശ്രമം നടത്തി. തടവറകള്‍ ഒരിയ്ക്കലും സുഖവാസകേന്ദ്രങ്ങളാകരുത്. അര്‍ഹിക്കുന്നവര്‍ക്ക് നീതി നല്‍കുന്നതിനൊപ്പം അര്‍ഹതയില്ലാത്തവരെ നിലയ്ക്ക് നിര്‍ത്താനും നമുക്ക് കഴിയണം. ഇതില്‍ ഏറ്റവും ലജ്ജാകരമായ വസ്തുത ഇത്തരക്കാര്‍ക്ക് വേണ്ടി വാദിക്കാനും നമ്മുടെ ഇടയില്‍ നിന്ന്‍ വക്കീലന്മാരുണ്ടായി എന്നതാണ്. പണവും പ്രശസ്തിയും മാത്രം കാംക്ഷിക്കുന്ന നിയമത്തിന്‍റെ അത്തരം കപട വക്താക്കളും മനുഷ്യാവകാശ മുഖംമൂടികളുമാണ് നീതി നിര്‍വഹണത്തിലെ ഏറ്റവും വലിയ തടസം.
The End
[ My article published in Kvartha on 26.05.2014]