ഗൂഗിളിന്‍റെ ബലൂണ്‍ വിസ്മയം

ഗൂഗിളിന്‍റെ ബലൂണ്‍ വിസ്മയം 1

 

ഗൂഗിളിന്‍റെ ഏറ്റവും പുതിയ വിസ്മയമായ പ്രൊജക്റ്റ് ലൂണ്‍ താമസിയാതെ ഇന്ത്യയിലും എത്തും. ഗൂഗിളിന്‍റെ ബലൂണ്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് സേവനമാണ് പ്രൊജെക്റ്റ് ലൂണ്‍ എന്നറിയപ്പെടുന്നത്. ആകാശത്ത് കൂടി സഞ്ചരിക്കുന്ന ഹീലിയം നിറച്ച ബലൂണുകളാണ് ഈ സംവിധാനത്തിന്‍റെ കേന്ദ്രബിന്ദു. അവയുടെ 1200 സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് കംപ്യൂട്ടറുകളിലും ഐപോഡിലുമൊക്കെ നെറ്റ് ബ്രൌസ് ചെയ്യാം.

പ്രോജക്റ്റിന്‍റെ ട്രയല്‍ റണ്‍ ജൂണ്‍ 15 നു ന്യൂസിലന്‍റില്‍ തുടങ്ങി. തെക്കന്‍ ന്യൂസിലന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട അമ്പത് പേരാണ് പരിസരത്ത് സഞ്ചരിക്കുന്ന 30 ബലൂണുകളില്‍ നിന്ന്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത്.

വിമാനത്തെക്കാള്‍ രണ്ടിരട്ടി ഉയരത്തില്‍ മേഘങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ബലൂണുകളെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ല. കാറ്റിന്‍റെ ഗതിയനുസരിച്ച് ഇവ നീങ്ങുമെങ്കിലും പ്രത്യേകം സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന്‍ ബലൂണുകളുടെ സഞ്ചാരപഥത്തെ നിയന്ത്രിക്കും. വീടുകളിലും ഓഫീസുകളിലും ഉറപ്പിക്കുന്ന ഇന്‍റര്‍നെറ്റ് ആന്‍റിനകള്‍ വഴി ബലൂണുകളില്‍ നിന്നുള്ള സിഗ്നല്‍ ഉപഭോക്താവിന്‍റെ കമ്പ്യൂട്ടറില്‍ ലഭിക്കും. ബലൂണുകള്‍ തമ്മില്‍ സിഗ്നലുകള്‍ കൈമാറാനും സംവിധാനമുണ്ട്. ആഗോള ഇന്‍റര്‍നെറ്റ് സര്‍വീസ് ദാതാക്കളുമായി കണക്ട് ചെയ്യപ്പെട്ട സബ് സ്റ്റേഷനുകളില്‍ നിന്നാണ് ഗൂഗിള്‍ ബലൂണുകള്‍ക്ക് ഇന്‍റര്‍നെറ്റ് സിഗ്നലുകള്‍ ലഭിക്കുന്നത്.

സോളാര്‍ പാനലുകള്‍ ഉപയോഗിച്ചാണ് ബലൂണുകള്‍ ചാര്‍ജ് ചെയ്യുക. അവയുടെ ഒരു ദിവസത്തെ സഞ്ചാരത്തിന് 4 മണിക്കൂര്‍ നേരത്തെ ചാര്‍ജിങ് മതിയാവും.

പദ്ധതി പ്രാരംഭ ദശയിലാണെങ്കിലും ഇന്ത്യ, ചൈന ഉള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ഇതിനകം സംരംഭത്തില്‍ സഹകരിക്കാനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ട്. വിദൂര പ്രദേശങ്ങളിലും വന മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംവിധാനം ഏറെ പ്രയോജനപ്പെടും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഗൂഗിളിന്‍റെ നവീനമായ ആശയം ഏറെ സഹായിക്കും. ഇന്‍റര്‍നെറ്റ് ചെലവില്‍ ഗണ്യമായ കുറവുണ്ടാവുകയും അതോടൊപ്പം വിദൂര-ഗ്രാമ പ്രദേശങ്ങളിലെ ഇന്‍റര്‍നെറ്റ് ഉപഭോഗം വര്‍ധിക്കുകയും ചെയ്യും.

Leave a Comment

Your email address will not be published.