ഐ വി ശശിയുടെ ജനപ്രിയ സിനിമകള്‍

ഐ വി ശശിയുടെ ജനപ്രിയ സിനിമകള്‍ 1

സംവിധാനം ഐ വി ശശി. സംവിധായകര്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍. അഭിനേതാക്കള്‍ ആരെന്ന് നോക്കാതെ, ടൈറ്റില്‍ കാര്‍ഡിലെ ആ പേര് മാത്രം നോക്കി സിനിമ കാണാന്‍ കയറിയ എത്ര പേരുണ്ടാകും നമുക്കിടയില്‍ ? അത്രയ്ക്കുണ്ട് ആ നാമധേയം പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനം. മണിരത്നത്തിനും ഷങ്കറിനും മുമ്പ് സിനിമ സംവിധായകന്‍റെ കലയാണെന്ന് സ്ഥാപിച്ച പ്രതിഭാധനനായിരുന്നു അദ്ദേഹം.

പ്രേംനസീറിന്‍റെയും മധുവിന്റെയും മാത്രം മുഖം വച്ച് തിയറ്ററുകള്‍ ആളെ കൂട്ടിയിരുന്ന എഴുപതുകളിലാണ് ഐ വി ശശി സംവിധാന രംഗത്തെത്തുന്നത്. വിന്‍സന്റും ശ്രീവിദ്യയും പ്രധാന വേഷങ്ങളിലെത്തിയ ഉത്സവം എന്ന ആദ്യ സിനിമ തന്നെ പുതിയ സംവിധായകന്‍റെ വരവറിയിച്ചു. 1975 ല്‍ പുറത്തുവന്ന ആ ചിത്രം മലയാളികള്‍ക്കിടയില്‍ വ്യത്യസ്ഥമായ ആസ്വാദന ശൈലിയുടെ പാതയാണ് വെട്ടിത്തുറന്നത്.

ചുക്കില്ലാത്ത കഷായമില്ല എന്ന് പറയുന്നത് പോലെ നിത്യഹരിത നായകന്‍ ഇല്ലാത്ത സിനിമകള്‍ അക്കാലത്ത് വളരെ കുറവായിരുന്നു. സിനിമാ രംഗത്ത് കാലെടുത്ത് വയ്ക്കുന്ന ആരും ഒരു വിജയ ചിത്രത്തില്‍ നിന്ന് തുടങ്ങാനാണല്ലോ ആഗ്രഹിക്കുക. അന്ന് പ്രേംനസീറാണ് ഇന്റസ്ട്രിയിലെ ഏറ്റവും വിലപിടിപ്പുള്ള താരം. പുതിയ ആള്‍ക്കാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം ഒരിക്കലും പിശുക്ക് കാട്ടിയിരുന്നില്ല. അതുകൊണ്ട് അറുപതുകളിലും എഴുപതുകളിലും സംവിധാന രംഗത്ത് വന്ന പലരും ആ മുഖത്ത് ക്യാമറ വച്ചാണ് തുടങ്ങിയത്‌. എന്നാല്‍ ജീവിതത്തിലുടനീളം വേറിട്ട പരീക്ഷണങ്ങളിലൂടെ നടക്കാന്‍ താല്പര്യപ്പെട്ട ഐ വി ശശി കന്നി ചിത്രത്തിന്‍റെ കാര്യത്തിലും മിടുക്ക് കാട്ടി.

നസീറിനെ ഒഴിവാക്കിയ അദ്ദേഹം അന്ന് ഏറെക്കുറെ പുതുമുഖമായിരുന്ന വിന്‍സന്റിനെ ഉത്സവത്തില്‍ നായകനാക്കി. അത് തുടക്കക്കാരനെന്ന നിലയില്‍ ശശി നടത്തിയ ശക്തമായ ഒരു ചൂതാട്ടമായിരുന്നു. പ്രതിഭകളെ കണ്ടെത്താനും ആരും കൈവയ്ക്കാത്ത പ്രമേയങ്ങള്‍ പരീക്ഷിക്കാനുമുള്ള മനസ് അദ്ദേഹം ആദ്യാവസാനം നിലനിര്‍ത്തി പോന്നു.

വിന്‍സന്റിനും എം ജി സോമനും സുകുമാരനും ജയനും കമലാഹാസനുമൊക്കെ മലയാള സിനിമയില്‍ സ്വന്തമായ ഇരിപ്പിടം നല്‍കിയത് ശശിയുടെ സിനിമകളാണെന്ന് പറയാം. ചെറിയ ചെറിയ വേഷങ്ങളുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന കൃഷ്ണന്‍ നായര്‍ എന്ന ജയനെ എക്കാലത്തെയും ഹിറ്റ് സിനിമയായ അങ്ങാടിയിലൂടെ മുന്‍നിര നായകന്മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത് മറ്റാരുമല്ല. പിന്നീട് കാന്തവലയം, കരിമ്പന, മീന്‍ തുടങ്ങിയ സിനിമകളിലും ആ കൂട്ടുകെട്ട് വിജയം കണ്ടു.

ഇന്നത്തെ ന്യൂജനറേഷന്‍ സിനിമാക്കാര്‍ പോലും കൈവയ്ക്കാന്‍ മടിക്കുന്ന ശക്തമായ പ്രമേയമാണ് സീമ കേന്ദ്ര കഥാപാത്രമായ അവളുടെ രാവുകളിലൂടെ ഐ വി ശശി അവതരിപ്പിച്ചത്. 1978ലാണ് ആ സിനിമ പുറത്തിറങ്ങുന്നതെന്നോര്‍ക്കണം.

സിനിമ പണ്ഡിതരും സുഹൃത്തുക്കളില്‍ ചിലരും നിരുത്സാഹപ്പെടുത്തിയെങ്കിലും ശശി വഴങ്ങിയില്ല. ചിത്രത്തിന്‍റെ ഭാവിയെ കുറിച്ച് അദ്ദേഹത്തിന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ഒരു മലയാള സിനിമയ്ക്ക് ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് അവളുടെ രാവുകളില്‍ കൂടിയാണെന്ന് പറയുമ്പോള്‍ ആ മുഖ്യധാരാ സംവിധായകന്‍റെ ചങ്കൂറ്റം എത്രത്തോളമുണ്ടെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം.

ഏതായാലും അദ്ദേഹം പ്രതിക്ഷിച്ചത് പോലെ ചിത്രം ബോക്സ് ഓഫിസില്‍ വന്‍ തരംഗം സൃഷ്ടിച്ചു. രാജി എന്ന കഥാപാത്രം ഒരു അഭിനേത്രി എന്ന നിലയില്‍ സീമയ്ക്കും ഏറെ ഗുണം ചെയ്തു. പിന്നീട് അവര്‍ സംവിധായകന്‍റെ ജീവിതത്തിന്‍റെയും ഭാഗമായി.

ഐ വി ശശിയുടെ ജനപ്രിയ സിനിമകള്‍ 2

എണ്‍പതുകളില്‍ രംഗത്തെത്തിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജനമനസുകളില്‍ എത്തിച്ചതും ഐ വി ശശി സിനിമകളാണ്. തൃഷ്ണയിലൂടെ മമ്മൂട്ടിയെ ആദ്യമായി നായകനാക്കിയ അദ്ദേഹം പിന്നീട് ആ നടനെ താര പദവിയില്‍ എത്തിക്കുന്നതിലും നിര്‍ണ്ണായകമായ പങ്ക് വഹിച്ചു.

എം ടി വാസുദേവന്‍ നായര്‍, ടി ദാമോദരന്‍, ലോഹിതദാസ് എന്നിവരുടെ രചനയില്‍ ശശി ഒരുക്കിയ സിനിമകള്‍ ഇന്നും ആര്‍ക്കും മറക്കാനാവില്ല. നാണയം, ഉയരങ്ങളില്‍, അതിരാത്രം, അഭയം തേടി, ആവനാഴി, മൃഗയ, കാണാമറയത്ത്, ആള്‍ക്കൂട്ടത്തില്‍ തനിയെ, വാര്‍ത്ത, നാല്‍ക്കവല, 1921, മുക്തി, മിഥ്യ, ഇന്‍സ്പെക്ടര്‍ ബല്‍റാം എന്നിവ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റ്‌ സിനിമകളാണ്. അവയില്‍ പലതും അന്നത്തെ പരമ്പരാഗത ചട്ടക്കൂടുകളെ വെല്ലുവിളിച്ചവയും കപട സദാചാര സങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കിയവയുമായിരുന്നു.

എം ടി എഴുതിയ ഉയരങ്ങളില്‍ എന്ന സിനിമയില്‍ അതുവരെ അധികം കണ്ടിട്ടില്ലാത്ത ശക്തനായ ഒരു പ്രതിനായകനെയാണ് പ്രേക്ഷകര്‍ കണ്ടത്. തോല്‍ക്കാന്‍ മനസില്ലാത്ത, അസന്മാര്‍ഗ്ഗിയും, ക്രിമിനലുമായ അയാള്‍ സിനിമയുടെ ക്ലൈമാക്സില്‍ പോലും ആര്‍ക്കും പിടികൊടുക്കാതെ സ്വയം മരണത്തിലേക്ക് കൂപ്പു കുത്തുന്നത് അവര്‍ക്ക് വ്യത്യസ്ഥമായ ഒരനുഭവമായി. ഉയരങ്ങളില്‍ പോലെ ആക്ഷന്‍ മൂഡിലുള്ള ഒരു സിനിമ അതിന് മുമ്പോ ശേഷമോ എം ടി എഴുതിയിട്ടില്ല എന്നു കൂടി ഓര്‍ക്കുക.

പി പത്മരാജന്റെ തിരക്കഥയില്‍ വന്ന കാണാമറയത്ത് മദ്ധ്യവയസ്ക്കനെ പ്രണയിച്ച കോളേജ് കുമാരിയുടെ കഥ പറഞ്ഞപ്പോള്‍ കാത് പൊട്ടുന്ന ചീത്ത പറയുന്ന മുന്‍കോപിയായ പോലിസ് ഓഫിസറെയാണ് ആവനാഴിയില്‍ നാം കണ്ടത്.

രാഷ്ട്രീയം പ്രമേയമാക്കിയ ഇന്നത്തെ സിനിമകളുടെ വഴിമരുന്നിട്ടത് ഐ വി ശശി- ടി ദാമോദരന്‍ കൂട്ടുകെട്ടാണ്. നേതാക്കളും മാഫിയയുമായുള്ള അവിശുദ്ധ ബന്ധവും തൊഴിലാളി പ്രശ്നങ്ങളും സമരങ്ങളും ഇതിവൃത്തമാക്കിയ അനവധി സിനിമകളാണ് അവരുടേതായി പുറത്തിറങ്ങിയത്. അതില്‍ ഏറ്റവും ശ്രദ്ധേയമായ സിനിമയായി പറയാവുന്നത് വാര്‍ത്തയാണ്. മമ്മൂട്ടിയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ആ സിനിമയുടെ അവസാന രംഗങ്ങള്‍ പുനരവതരിപ്പിക്കാന്‍ ഇന്നും ഏത് സംവിധായകനും മടിക്കും.

പരിണത ഫലങ്ങളെ കുറിച്ചോര്‍ത്ത് ഭയപ്പെടാതിരുന്ന ശശിയുടെ ചങ്കൂറ്റമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ചിത്രമായി വാര്‍ത്തയെ മാറ്റിയത്. പ്രേംനസീര്‍, മധു, രാജേഷ് ഖന്ന, രജനികാന്ത്, കമല്‍, സ്മിത പാട്ടില്‍ എന്നിങ്ങനെയുള്ള അന്നത്തെ വിലപിടിപ്പുള്ള താരങ്ങളില്‍ പലരും അദ്ദേഹത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യം കാട്ടിയതും അതുകൊണ്ടാകണം.

തമ്പുരാന്‍ വേഷങ്ങളാണ് തൊണ്ണൂറുകളുടെ അവസാനം മോഹന്‍ലാലിനെ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമാക്കി മാറ്റിയത്. ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു തുടങ്ങിയ സിനിമകള്‍ അമാനുഷിക വേഷങ്ങള്‍ ചെയ്യുന്ന തലത്തിലേക്ക് ലാലിനെ ഉയര്‍ത്തി. ഐ വി ശശി സംവിധാനം ചെയ്ത ദേവാസുരമാണ് നടന്‍റെ പുതിയ വേഷ പകര്‍ച്ചക്ക് തുടക്കമിട്ടത്.

മമ്മൂട്ടിക്കായി ഒരുക്കിയ സിനിമ യാദൃശ്ചികമായി ലാലില്‍ എത്തിപ്പെടുകയായിരുന്നു. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന നെഗറ്റിവ് ഷേഡുള്ള വേഷം മോഹന്‍ലാലിന്റെ ആര്‍ക്കും മറക്കാനാവാത്ത കഥാപാത്രങ്ങളില്‍ ഒന്നാണ്. മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടും ഒതുക്കമുള്ള തിരക്കഥ കൊണ്ടും ശ്രദ്ധേയമായ ദേവാസുരത്തില്‍ കാലത്തിനൊപ്പം മാറാന്‍ കഴിവുള്ള ഐ വി ശശിയുടെ കയ്യൊപ്പും തെളിഞ്ഞു കാണാം.

മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളാണ് പുതിയ സിനിമയുടെ മുഖമായി പലരും വിലയിരുത്തുന്നത്. ജനപ്രിയ താരങ്ങളില്‍ പലരും ഒരേ സിനിമയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു, താന്താങ്ങളുടെ മാര്‍ക്കറ്റ് വാല്യു കച്ചവടം ചെയ്ത് സിനിമ വിജയിപ്പിക്കുന്നു. ട്വെന്റി ട്വെന്റി, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ബാംഗ്ലൂര്‍ ഡെയ്സ്, ടേക്ക് ഓഫ് എന്നിവയാണ് അവയില്‍ ചിലത്.

ഒരര്‍ത്ഥത്തില്‍ ഐ വി ശശിയെ മള്‍ട്ടി സ്റ്റാര്‍ സിനിമകളുടെ തലതൊട്ടപ്പനായി വിശേഷിപ്പിക്കാം. നാല്‍ക്കവല, 1921, അലാവുദിനും അത്ഭുത വിളക്കും തുടങ്ങി എത്രയെത്ര സിനിമകളിലാണ് അദ്ദേഹം അക്കാലത്തെ വിലയേറിയ താരങ്ങളെ ഒരേ കുടക്കീഴില്‍ നിര്‍ത്തിയത്. തിരക്കഥയില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് ആരെയും വലിയവരെന്നോ ചെറിയവരെന്നോ വേര്‍തിരിക്കാതെ അദ്ദേഹം എടുത്ത ചിത്രങ്ങള്‍ മലയാള സിനിമയുടെ ഒരു കാലഘട്ടത്തിലേക്കുള്ള ചൂണ്ടു പലകയാണ്. അവ കാണുമ്പോള്‍ ഇന്നത്തെ തലമുറക്ക് അത്ഭുതമായി തോന്നാം. അത് തന്നെയാണ് ഐ വി ശശി എന്ന ആ സംവിധായക മികവിനുള്ള അംഗികാരവും.

The End


Image Credit

Sify