കിലുക്കത്തിന് 32 വയസ്

കിലുക്കത്തിന് 32 വയസ് 1

കിലുക്കത്തിന് ഇപ്പോള്‍ 32 വയസ്. മലയാളി പ്രേക്ഷകരെ ഇത്രമാത്രം ചിരിപ്പിച്ച ഒരു സിനിമ ചരിത്രത്തില്‍ വേറെയുണ്ടാവില്ല. മോഹന്‍ലാലും ജഗതി ശ്രീകുമാറും തിലകനും ഇന്നസെന്‍റും രേവതിയും മല്‍സരിച്ചഭിനയിച്ച സിനിമ 1991 ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തിലാണ് റിലീസ് ചെയ്തത്.

കിലുക്കം അതുവരെ മലയാള സിനിമയില്‍ നിലനിന്നിരുന്ന ഹാസ്യ സങ്കല്‍പ്പത്തെ പൊളിച്ചടുക്കി. ജഗതിയുടെ മുറി ഹിന്ദിയും ഇന്നസെന്‍റിന്‍റെ ലോട്ടറിയും രേവതിയുടെ ഭ്രാന്തും തിലകന്‍റെ ഗൌരവം നിറഞ്ഞ തമാശകളുമൊക്കെ ആര്‍ക്കാണ് മറക്കാന്‍ പറ്റുക ? അങ്കമാലിയിലെ പ്രധാനമന്ത്രി ഇന്നും ഏതൊരു മലയാളിയെയും രസിപ്പിക്കുന്ന സൂപ്പര്‍ഹിറ്റ് തമാശയാണ്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള നടീ നടന്മാരുടെ കോമഡിയിലുള്ള മികവ് പരമാവധി പ്രയോജനപ്പെടുത്തിയ സിനിമ മുന്നൂറ് ദിവസമാണ് തിയറ്ററുകളില്‍ നിറഞ്ഞോടിയത്.

ഗുഡ്നൈറ്റ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ മോഹന്‍ നിര്‍മിച്ച സിനിമയ്ക്കു തിരക്കഥ ഒരുക്കിയത് വേണു നാഗവള്ളിയാണ്. പ്രിയദര്‍ശന്‍ കഥയും സംവിധാനവും നിര്‍വഹിച്ചു. ഛായാഗ്രാഹകന്‍ എസ് കുമാര്‍, എംജി ശ്രീകുമാര്‍(മികച്ച ഗായകന്‍), മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍ (മികച്ച രണ്ടാമത്തെ നടന്‍) എന്നിവര്‍ക്ക് അക്കൊല്ലത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. പക്ഷേ മികച്ച പ്രകടനം നടത്തിയ രേവതിക്ക് അംഗീകാരമൊന്നും ലഭിക്കാത്തത് വിമര്‍ശന വിധേയമായി.

ജഗതി ശ്രീകുമാര്‍ പല പ്രാവശ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതും ഇന്നസെന്‍റിന് ലോട്ടറി അടിക്കുന്നതും രേവതിയുടെ പൊറോട്ട തീറ്റയും നക്ഷത്ര ഹോട്ടലിലെ രംഗവുമെല്ലാം ഇന്നും ചാനലുകളിലെ ഹാസ്യ പരിപാടികളിലെ പ്രധാന മെനുവാണ്. ഒരു വിധത്തില്‍ മറ്റ് താരങ്ങള്‍ മോഹന്‍ലാലിനെ നിഷ്പ്രഭരാക്കി എന്നു പറയാം. ലാല്‍ തന്നെ ഒരിക്കല്‍ കിലുക്കത്തെ വിശേഷിപ്പിച്ചത് ജഗതിയുടെ സിനിമ എന്നാണ്.

മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും വലിയ നാലു ഹിറ്റുകളിലൊന്നാണ് കിലുക്കം. ചിത്രം, താളവട്ടം, ചന്ദ്രലേഖ എന്നിവയാണ് മറ്റ് മൂന്നു സിനിമകള്‍. പിന്നീട് സിനിമ തെലുഗു, ഹിന്ദി ഭാഷകളില്‍ പുന: സൃഷ്ടിക്കപ്പെട്ടുവെങ്കിലും വിജയിച്ചില്ല. ഹിന്ദി പതിപ്പായ മുസ്കുരാഹത്ത് പ്രിയന്‍ തന്നെയാണ് ഒരുക്കിയത്. പക്ഷേ കിലുക്കം മലയാളത്തില്‍ ആദ്യമായി പത്തു തിയറ്ററുകളില്‍ 100 ദിവസം തികച്ച സിനിമയാണ്. റിലീസിങ് സെന്‍ററുകളില്‍ നിന്ന്‍ മാത്രം 2 കോടി നേടിയ സിനിമ 5 കോടിയില്‍പരം രൂപയാണ് അക്കാലത്ത് ഗ്രോസ് കളക്ഷനായി നേടിയത്. അതുകൊണ്ട് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി കിലുക്കത്തെ വിശേഷിപ്പിക്കാം.

കിലുക്കത്തിന് മുമ്പും ശേഷവും ഊട്ടിസിനിമകളില്‍ മറ്റൊരു ക്ലാസിക് പിറന്നിട്ടില്ലെന്ന് നമുക്ക് നിസ്സംശയം പറയാന്‍ സാധിയ്ക്കും.

The End

[ My article published in British Pathram on 13/08/2014]

Leave a Comment

Your email address will not be published. Required fields are marked *