വന്‍മതിലിന്‍റെ നാട്ടില്‍

വന്‍മതിലിന്‍റെ നാട്ടില്‍ 1

Image credit P: Martial arts

ശത്രു സമചിത്തത വീണ്ടെടുക്കും മുന്‍പേ ജാനറ്റ് അയാളുടെ അടിവയര്‍ ലക്ഷ്യമാക്കി ആഞ്ഞു ചവിട്ടി. ഡേവിഡ് അത്രയും പ്രതിക്ഷിച്ചില്ല. പിന്നിലുണ്ടായിരുന്ന ടെലിഫോണ്‍ സ്റ്റാന്‍റ് മറിച്ച് അയാള്‍ താഴെ വീണു. അവള്‍ കുംഗ്ഫൂ അഭ്യാസിയാണെന്നും വളര്‍ത്തച്ചന്‍ മാസ്റ്ററാണെന്നുമൊക്കെ പണ്ട് പറഞ്ഞത് അയാള്‍ ഓര്‍ത്തു. ഒരു പോരാട്ടം മുന്നില്‍ കണ്ട ഡേവിഡിന്‍റെ ചുണ്ടുകളില്‍ ഒരു ചെറു ചിരി വിടര്‍ന്നു. 

കയ്യില്‍ നിന്ന് വഴുതിപ്പോയ തോക്കിനായി ഡേവിഡ് ചുറ്റും പരതി. അത് മനസിലാക്കിയ ജാനറ്റ് സോഫക്ക് പിന്നിലായി നിലത്ത് കിടന്ന തോക്കിനു നേരെ കുതിച്ചെങ്കിലും അവള്‍ അതെടുക്കും മുന്‍പേ അയാള്‍ കയ്യില്‍ കിട്ടിയ കസേരയെടുത്ത്‌ അവളെ ആഞ്ഞടിച്ചു. ജാനറ്റ് വേദന കൊണ്ട് പുളഞ്ഞു. ശക്തിയേറിയ പ്രഹരത്തില്‍ കസേര പല കഷണങ്ങളായി ഒടിഞ്ഞു പോയി. പക്ഷെ അതിനകം അവള്‍ ആയുധം അടുത്തുള്ള വാതിലിനു നേരെ എറിഞ്ഞിരുന്നു. അടിവശം പൊളിഞ്ഞ അതിന്‍റെ വിടവിലൂടെ നിലവറയിലെക്കെന്ന പോലെ തോക്ക് താഴേക്ക് വീണു. ചാടിയെത്തിയ ഡേവിഡ് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പൂട്ട്‌ തുറക്കാന്‍ കഴിഞ്ഞില്ല. പകയോടെ തിരിഞ്ഞ അയാള്‍ പിടിച്ചെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ജാനറ്റിനെയാണ് കണ്ടത്.

ഡേവിഡ് ദേഷ്യത്തോടെ അവളുടെ കഴുത്തില്‍ പിടിച്ച് ചുവരിലും തുടര്‍ന്ന് പുരാവസ്തുക്കളും പുസ്തകങ്ങളും നിരത്തി വച്ച ഡസ്ക്കിലും ഇടിച്ചു. ഒരു കൂട്ടം വിഗ്രഹങ്ങളും ക്ലോക്കും താഴെ വീണ് ചിതറി. അതിനിടയില്‍ ജാനറ്റ് ഒരു ചില്ല് കഷണം കയ്യിലൊളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഡേവിഡ് അത് കണ്ടുപിടിച്ചു. അയാള്‍ അവളുടെ കൈ പിടിച്ച് പുറകിലേക്ക് തിരിച്ച് ആ കൈക്കുമ്പിള്‍ ഞെരിച്ചു. ചുവപ്പ് നിറത്തില്‍ മുങ്ങി ഗ്ലാസ് തറച്ചു കയറിയപ്പോള്‍ ജാനറ്റ് അലറിക്കരഞ്ഞു. 

നീ സ്മാര്‍ട്ടാണെന്നറിയാം. പക്ഷെ അത് എന്‍റെ അടുത്തെടുക്കണ്ട………………………. : ഡേവിഡ് കനത്ത ശബ്ധത്തില്‍ അവളുടെ കാതില്‍ പറഞ്ഞു. ജാനറ്റ് കുതറിമാറാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പെട്ടെന്നാണ് ഡേവിഡിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ തൊട്ടു പിന്നിലുള്ള പലകയില്‍ ചിത്രപ്പണികള്‍ ചെയ്ത ഒരു കഠാര തറച്ചു കയറിയത്. ഇരുവരും ഒരുപോലെ നടുങ്ങി. പക്ഷെ അതിലെ അടയാളം തിരിച്ചറിഞ്ഞപ്പോള്‍ ജാനറ്റിന്‍റെ മുഖത്ത് ആശ്വാസം നിറഞ്ഞു. ഡേവിഡിനെ തുറിച്ചു നോക്കിക്കൊണ്ട് അകത്തേയ്ക്ക് വരുന്ന വാംഗിനെയെയാണ് വാതില്‍ക്കല്‍ കണ്ടത്. ജാനറ്റിന്‍റെ വളര്‍ത്തച്ചന്‍. 

ബാബാ : അച്ഛനെ കണ്ടതും ഡേവിഡിന്‍റെ കൈ വിടുവിച്ച് ജാനറ്റ് കരഞ്ഞുകൊണ്ട് അടുത്തേയ്ക്ക് ഓടിച്ചെന്നു. ഒരു നിമിഷം ആശ്വസിപ്പിക്കാനെന്ന പോലെ അവളുടെ തലയില്‍ കൈവച്ചതിനു ശേഷം, വാംഗ് അവളെ ബലമായി പിന്നിലേക്ക് തള്ളി മാറ്റി. കത്തുന്ന കണ്ണുകളോടെ അയാള്‍ ഡേവിഡിന് നേരെ ചുവടു വച്ചു. 

കുങ്ങ്ഫു യൂണിഫോമിലാണ് വാംഗിന്‍റെ വരവ്. പതിവ് ക്ലാസ് കഴിഞ്ഞുള്ള വരവാണെന്ന് വ്യക്തം. അറുപതിനടുത്ത് പ്രായമുണ്ടെങ്കിലും ആ മുഖത്ത് നല്ല പ്രസരിപ്പാണ്. അളന്നു കുറിച്ച ചുവടുകള്‍. പ്രദേശത്തെ അറിയപ്പെടുന്ന കുങ്ങ്ഫു മാസ്റ്ററാണ് വാംഗ്. ജാനറ്റാണ് അയാളുടെ പാരമ്പര്യത്തിന്‍റെ ഒരേ ഒരു അവകാശി. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അവളെയും സഹോദരിയെയും, പിതാവിന്‍റെ അടുത്ത സുഹൃത്തായിരുന്ന വാംഗ് ദത്തെടുക്കുകയായിരുന്നു.

അയാള്‍ അടുത്തുവന്നപ്പോള്‍ ഡേവിഡ് രണ്ടു ചുവട് പിന്നോട്ട് വച്ചു. ഭിത്തിയില്‍ തറച്ചു കയറിയ കഠാര ഊരിയെടുത്ത് വാംഗ് അരയിലെ ഉറയില്‍ തിരുകി. അനന്തരം അയാള്‍ ശത്രുവിന് നേരെ തിരിഞ്ഞു. അപ്രതിക്ഷിതമായി ഒരു പുതിയ പ്രതിയോഗി വന്നു പെട്ടതിന്‍റെ അങ്കലാപ്പ് ഡേവിഡിന്‍റെ കണ്ണുകളില്‍ അയാള്‍ വായിച്ചറിഞ്ഞു. 

മുഖത്തിന്‌ നേരെയുള്ള വാംഗിന്‍റെ പെട്ടെന്നുള്ള പഞ്ച് ഡേവിഡിനെ ഞെട്ടിച്ചു കളഞ്ഞു. അതോടെ ഇടിയേറ്റ ഭാഗത്തെ നിറം മാറി, ചുണ്ട് മുറിയുകയും ചെയ്തു. എതിരാളിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും മിന്നല്‍ പോലെയുള്ള മാസ്റ്ററുടെ രണ്ടാമത്തെ ഇടി ഡേവിഡിന്‍റെ നെഞ്ചിലാണ് കൊണ്ടത്. വേദനയോടെ അയാള്‍ താഴേക്ക് കുനിഞ്ഞു. ശത്രുവിനെ വട്ടം പിടിച്ച വാംഗ് അയാളെ ഒരു ഭാഗത്തേയ്ക്ക് ചുഴറ്റിയെറിഞ്ഞു. വാംഗ് പിന്നാലെ എത്തുമ്പോഴേക്ക് സമചിത്തത വീണ്ടെടുത്ത ഡേവിഡ് പുറംതിരിഞ്ഞ് കാലുയര്‍ത്തി അയാളെ ചവിട്ടി. വാംഗ് കസേരയിലേക്കാണ് വീണത്. അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന ഉത്കണ്ഠയില്‍ ജാനറ്റ് ഓടി വന്നെങ്കിലും ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ച് വാംഗ് എഴുന്നേറ്റു. ശത്രു നിസ്സാരക്കാരനല്ലെന്ന് അയാള്‍ക്ക് മനസിലായി. 

ഓവര്‍ക്കോട്ട് വലിച്ചൂരിക്കളഞ്ഞ് വാംഗ് രണ്ടു ചുവട് മുന്നോട്ടു വച്ചു.

ക്യാന്‍ വീ ഗോ ടു ദി ഫ്ലോര്‍ ? : അയാളുടെ ചോദ്യത്തിന് മറുപടിയായി വെറുതെ നോക്കിയതല്ലാതെ ഡേവിഡ് ഒന്നും പറഞ്ഞില്ല. പക്ഷെ അത് സമ്മതമായെടുത്ത വാംഗ് അടുത്ത ഹാളിലേക്ക് നടന്നു. 

അത്യാവശ്യ ഘട്ടങ്ങളില്‍ വാംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന ഹാളായിരുന്നു അത്. ഒരു ചെറിയ സംഘത്തിന് കുങ്ങ്ഫു പരിശീലിക്കാനുള്ള സജ്ജീകരണങ്ങളെല്ലാം അവിടെയുണ്ട്. ചൈനിസ് ചിത്രകലയുടെ മാഹാത്മ്യം വിളിച്ചോതുന്ന പോരാട്ട വീര്യങ്ങള്‍ ചുവരുകളെ അലങ്കരിച്ചിരിക്കുന്നു. വാംഗിനും ജാനറ്റിനും ശേഷം കുറച്ചു പിന്നിലായി ഡേവിഡും ഹാളിലേക്ക് വന്നു. 

ചൈനിസ് ആയോധനകലയുടെ സമ്പന്നതയും പകിട്ടും ഡേവിഡിനെ ഒരുവേള മായാലോകത്തോ അല്ലെങ്കില്‍ ആശങ്കയുടെ ഗിരിശൃംഗങ്ങളിലോ എത്തിച്ചു. വാംഗിന്‍റെ ചലനങ്ങളിലെ ചടുലതയും ആത്മവിശ്വാസവും കൂടി കണ്ടപ്പോള്‍ സിംഹത്തിന്‍റെ മടയിലാണ് താന്‍ എത്തിയിരിക്കുന്നതെന്ന് അയാള്‍ക്ക് തോന്നി. 

വാംഗിന്‍റെ നീക്കങ്ങളില്‍ ഡേവിഡിന് പലപ്പോഴും പിഴച്ചു. പക്ഷെ തോല്‍ക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. വര്‍ദ്ധിച്ച കൌര്യത്തോടെ അയാള്‍ തിരിച്ചടിച്ചപ്പോള്‍ വാംഗും ഇടയ്ക്കിടെ അടിയുടെ ചൂടറിഞ്ഞു. ജാനറ്റിനെ കാഴ്ച്ചക്കാരിയാക്കി ഇരുവരും അങ്കക്കോഴികളെ പോലെ വായുവില്‍ പോരടിച്ചു. അങ്ങനെ മുഖാമുഖം വന്ന ഒരു നിമിഷത്തിലാണ് ഡേവിഡ് എതിരാളിയുടെ അരയില്‍ നിന്ന് കഠാര കൈക്കലാക്കിയത്. അയാളുടെ ആ നീക്കം വാംഗിനെ ഞെട്ടിച്ചു കളഞ്ഞു. വാംഗിന് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ ഒരിക്കല്‍ കൂടി പറന്നെത്തിയ ഡേവിഡ് കഠാര അയാളുടെ കഴുത്തില്‍ കുത്തിയിറക്കി. ആയുധത്തിന്‍റെ പിടിയില്‍ പിടിച്ചുകൊണ്ട് ഒരു ഞരക്കത്തോടെ വാംഗ് പിന്നിലേക്ക് മറിഞ്ഞു. ഒരു നിലവിളിയോടെ ഓടിയെത്തിയ ജാനറ്റ് പിതാവിനെ മടിയില്‍ കിടത്തി. 

ഓ വോ ബാബ. ദകൈ നി ദേ യന്ജിംഗ്. സഹെ ഷി നി ദേ നൌര്‍ ( കണ്ണു തുറക്കൂ അച്ഛാ. ഇത് താങ്കളുടെ മകളാണ്. )

നി ദേ ഉഖിന്‍ മെഇയൌ ഫഷേങ്ങ് ശെന്മേ ഷി. വോ ഐ നി ( നിന്‍റെ അച്ഛന് ഒന്നുമില്ല. ഐ ലവ് യു ) : വേദന കൊണ്ട് പുളയുന്നതിനിടയില്‍ അയാള്‍ അവ്യക്തമായി പറഞ്ഞു. 

എല്ലാം കണ്ട് അകത്തെത്തിയ വാംഗിന്‍റെ ശിഷ്യന്മാര്‍ ഡേവിഡിന് നേരെ ഇരച്ചു ചെന്നു. അവര്‍ നാലുപേരെയും ഏകാംഗ സൈന്യത്തെ പോലെയാണ് അയാള്‍ നേരിട്ടത്. വാംഗ് അപ്പോഴേക്കും കണ്ണടച്ചിരുന്നു. ജാനറ്റിന്‍റെ അടക്കിപ്പിടിച്ച കരച്ചില്‍ ശബ്ദം അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്ന യോദ്ധാക്കളുടെ സീല്‍ക്കാര ശബ്ദങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു. പൂമുഖം കടന്ന് അകത്തെത്തിയ ഒരു അപരിചിതനില്‍ അവളുടെ കണ്ണുകള്‍ ഉടക്കിയത് പെട്ടെന്നാണ്. 

അമ്പതിന് മുകളില്‍ പ്രായം. മുടി അങ്ങിങ്ങായി നരച്ചിട്ടുണ്ട്. ഷര്‍ട്ടിനു മുകളില്‍ ജാക്കറ്റും ജീന്‍സുമാണ് വേഷം. സണ്ണി. പോലിസ് സൂപ്രണ്ട്. 

അടുത്ത നീക്കത്തിനായി വാംഗിന്‍റെ പടയാളികള്‍ തയ്യാറെടുക്കുമ്പോള്‍ സണ്ണി ഡേവിഡിന് മുന്നിലെത്തി. 

ക്യാന്‍ വീ ? : ഒരു ചെറു ചിരിയോടെ സണ്ണി ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല ഡേവിഡിന്. സണ്ണിയുടെ കൃത്യതയാര്‍ന്ന ചുവടുകളില്‍ എതിരാളിയുടെ കാലിടറി. പിടിച്ചു നില്‍ക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ഡേവിഡ് കയ്പ്പ് നീര് കുടിച്ചു കൊണ്ടിരുന്നു. അവസാനം അടിവയര്‍ ലക്ഷ്യമാക്കിക്കൊണ്ടുള്ള സണ്ണിയുടെ ഊക്കനിടിയില്‍ പന്ത് പോലെ തെറിച്ച അയാള്‍ വീണിടത്ത് കിടന്ന് ചോര തുപ്പുകയും ചെയ്തു.  

സണ്ണി ആരെന്ന് മനസിലായില്ലെങ്കിലും അയാളുടെ മികവിലും നേടിയ ജയത്തിലും ജാനറ്റിന് അതിയായ സന്തോഷം തോന്നി. പോരാളികള്‍ ആരാധനയോടെ അയാളെ നോക്കി. ഡേവിഡ് എഴുന്നേല്‍ക്കും മുമ്പ് അടുത്തെത്തിയ സണ്ണി അയാളുടെ കൈകള്‍ പുറകിലേക്കാക്കി പോക്കറ്റില്‍ നിന്ന് വിലങ്ങെടുത്ത് അണിയിച്ചു. 

ഐ ആം സണ്ണി. പോലിസ് സൂപ്രണ്ട് : ഡേവിഡ് പകച്ചു കൊണ്ടു നോക്കിയപ്പോള്‍ ആ മുഖത്തേക്ക് നോക്കി അയാള്‍ പറഞ്ഞു. 

ഇന്നലെ രാത്രി ദിയു മാര്‍ക്കറ്റില്‍ എത്തിയത് മുതല്‍ ഞാന്‍ നിന്‍റെ പിന്നാലെയുണ്ട്. അവിടത്തെ ക്രിമിനല്‍സിന്‍റെ കേന്ദ്രത്തില്‍ നിന്നെ പോലൊരു വിദേശി വന്നത് കൊണ്ടാണ് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചത്. പിന്നീട് ട്രെയിനില്‍ വച്ച് നടന്ന സംഭവം എന്‍റെ സംശയം വര്‍ദ്ധിപ്പിച്ചു. നിന്‍റെ കൂട്ടുകാരന്‍ മാര്‍ട്ടിന്‍ നേരത്തെ തന്നെ എഫ്ബിഐയുടെ പിടിയിലായിരുന്നു. ഇന്നലെ അയാളെ വച്ച് അവര്‍ നിനക്ക് വല വിരിച്ചത് കാര്യങ്ങള്‍ ഒന്നു കൂടി ഉറപ്പിക്കാനാണ്. നീ എല്ലാം തുറന്ന് പറഞ്ഞത് അന്വേഷണം എളുപ്പമാക്കി. 

 ഒരു കള്ള പാസ്പ്പോര്‍ട്ടില്‍ ഇവിടെ വന്ന്, തെളിവുകളെല്ലാം ഇല്ലാതാക്കി, ഒന്നുമറിയാത്തവനെ പോലെ തിരിച്ചുപോകാന്‍ ഞങ്ങളെന്താ മണ്ടന്മാരാണെന്ന് വിചാരിച്ചോ മിസ്റ്റര്‍ ഡേവിഡ് ജോണ്‍ ? : സണ്ണി പറഞ്ഞു തീരുമ്പോഴേക്കും പോലീസുകാര്‍ അങ്ങോട്ട്‌ വന്നു. കണക്കുക്കൂട്ടലുകള്‍ തെറ്റിയ നിരാശയില്‍ ചലനമറ്റ് നിന്ന ഡേവിഡിനെ അവര്‍ക്ക് കൈമാറി സണ്ണി ജാനറ്റിന് നേരെ തിരിഞ്ഞു. 

സണ്ണിയുടെ അനുതാപത്തോടെയുള്ള നോട്ടം അവള്‍ക്ക് താങ്ങാനായില്ല. ജാനറ്റ് കരഞ്ഞുകൊണ്ട് അയാളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു. 

വാംഗിന്‍റെ കോട്ടയെ വലയം ചെയ്തു നിന്ന ചീച്ചെങ്ങ് കാടുകള്‍ക്ക് മുകളില്‍ നിന്ന ചുവന്ന സൂര്യന്‍ പതുക്കെ താഴെയിറങ്ങി മരക്കൂട്ടത്തിലൊളിച്ചു. അതിനിടയില്‍ വളഞ്ഞു പുളഞ്ഞു കിടന്ന വിജനമായ ടാര്‍ റോഡിലൂടെ ഡേവിഡിനെയും വഹിച്ചുകൊണ്ടുള്ള പോലിസ് വാഹനം ഓട്ടം തുടങ്ങി. 

The End

About The Author

Leave a Comment

Your email address will not be published. Required fields are marked *