പട്ടാളത്തിന്റെ പേര് പറഞ്ഞാണ് രാജു തന്റെ കലാപരിപാടികള്‍ക്ക് തുടക്കമിട്ടത്.
കണ്ണൂരിലെ ആര്‍മി സെലക്ഷന് ക്യാമ്പിന് പുറത്തു കണ്ട മെലിഞ്ഞ, പൊക്കം കുറഞ്ഞ ചെറുപ്പക്കാരനെ നോക്കി അയാള്‍ ആശ്വാസ രൂപേണ പറഞ്ഞു,
ഇതിലൊന്നും കാര്യമില്ലന്നേ, ചെന്നെയിലുള്ള മേജര്‍ സന്ദീപ് ചൌധരിക്കാണ് ഇവിടത്തെ റിക്രൂട്ട്മെന്റിന്റെ ചുമതല. അയാള്‍ എന്റെ സുഹൃത്താണ്, കണ്ടോ ? : അത്രയും പറഞ്ഞ് രാജു പോക്കറ്റില്‍ നിന്ന് സ്മാര്‍ട്ട് ഫോണെടുത്ത് അതിലെ വാള് പേപ്പര്‍ ഉദ്യോഗാര്‍ഥിയെ കാണിച്ചു. ഒരു പട്ടാള വേഷധാരിക്കൊപ്പം നില്ക്കുന്ന രാജുവിന്റെ സെല്‍ഫിയായിരുന്നു അത്. ആ ഫോട്ടോഷോപ്പ് ചിത്രം കണ്ടപ്പോള്‍ ഗണപതി എന്ന ചെറുപ്പക്കാരന്റെ മുഖത്തെ വിഷണ്ണഭാവം മാറി, എന്തിനെന്നില്ലാതെ കണ്ണുകള്‍ നിറഞ്ഞു.
ഇയാളെ കണ്ടിട്ടില്ലല്ലോ ? : രാജുവിന്റെ ചോദ്യത്തിന് കണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ നിഷേധാര്ഥത്തില് തലയാട്ടി. പ്രതിക്ഷയോടെ അവന് ചോദ്യകര്‍ത്താവിനെ നോക്കി.
ഇതുവരെ വന്നിട്ടില്ല. ഇപ്പോള്‍ കോയമ്പത്തൂരുണ്ട്. ഉച്ച കഴിഞ്ഞ് ഇവിടെയെത്തും. അയാള്‍ വിളിച്ചു പറഞ്ഞിട്ടാ ഞാന്‍ വന്നത്. ടെസ്റ്റ് ഞാന്‍ പാസാക്കി തരാം, ജോലിയും കിട്ടും. പക്ഷെ കുറച്ചു ചിലവുണ്ട്. : അത്രയും പറഞ്ഞിട്ട് രാജു ചോദ്യരൂപേണ ചെറുപ്പക്കാരന് നേരെ തിരിഞ്ഞു.
എത്രയാ സാര്‍ ? : അങ്ങനെ ചോദിച്ചെങ്കിലും ജോലിക്ക് വേണ്ടി എത്ര വേണമെങ്കിലും മുടക്കാന്‍ തയ്യാറാണെന്ന ഭാവം ഗണപതിയുടെ മുഖത്ത് തെളിഞ്ഞു നിന്നു.
അഞ്ച്. അഞ്ചു ലക്ഷം വരെ പോകും.
അത് കുഴപ്പമില്ല സാര്‍. അച്ഛന്റെ പേരില്‍ കുറച്ചു കൃഷി സ്ഥലമുണ്ട്. അത് വിറ്റിട്ടാണെങ്കിലും പൈസ ഞാന്‍ കൊണ്ടു വരാം. പക്ഷെ ജോലി കിട്ടുമല്ലോ അല്ലേ ? : നിറഞ്ഞ സന്തോഷത്തോടെ നിഷ്ക്കളങ്കന്‍ ചോദിച്ചു.
കിട്ടിയെന്നു തന്നെ വച്ചോളൂ. പൈസ കൊടുത്തു കഴിഞ്ഞാല്‍ പരമാവധി ഒന്നോ രണ്ടോ ആഴ്ച. അതിനുള്ളില്‍ ഓര്‍ഡര്‍ നിന്റെ കയ്യില്‍ കിട്ടിയിരിക്കും. ഇതാണ് എന്റെ കാര്‍ഡ്. നമ്പറും മറ്റ് വിവരങ്ങളും ഇതിലുണ്ട്. എന്ത് സംശയമുണ്ടെങ്കിലും ഏത് സമയത്തും എന്നെ വിളിക്കാം.
: രാജു പേഴ്സില്‍ നിന്ന് ഒരു വിസിറ്റിംഗ് കാര്‍ഡെടുത്ത് അയാള്‍ക്ക് കൈമാറി. ചെറുപ്പക്കാരന് അതിലെ അക്ഷരങ്ങളിലൂടെ കണ്ണോടിക്കുന്നതിനിടയില്‍ രാജു പതുക്കെ അവന്റെ തോളില്‍ കയ്യിട്ട് എന്തോ രഹസ്യം പറയാനെന്ന മട്ടില്‍ മാറ്റി നിര്‍ത്തി.
അനിയാ, നിന്നോടുള്ള ഇഷ്ടം കൊണ്ടു പറയുകയാ.നിന്റെ പരിചയത്തില്‍ ആര്‍മിയില്‍ ചേരാന്‍ താല്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെയും കൂട്ടിക്കോളൂ. നിന്നെ പോലെ സാമാന്യം ആരോഗ്യമുള്ള, വിശ്വസ്തരായവര്‍ മാത്രം മതി കേട്ടോ. അങ്ങനെയാണെങ്കില്‍ നിന്റെ പണത്തില്‍ ഞാന്‍ കുറച്ചു വിട്ടുവീഴ്ച ചെയ്യാം.
: രാജു പറഞ്ഞപ്പോള്‍ അവന് പരിചിത മുഖങ്ങളിലൂടെ കണ്ണുകള്‍ കൊണ്ട് ഒരോട്ട പ്രദക്ഷിണം നടത്തി.
ഞാന്‍ നോക്കട്ടെ ചേട്ടാ, എന്റെ ഒരു കൂട്ടുകാരനുണ്ട്. സുമേഷ്. പട്ടാളത്തില്‍ ചേരണമെന്ന് അവന് വലിയ ആഗ്രഹമായിരുന്നു. പക്ഷെ കഴിഞ്ഞ പ്രാവശ്യവും അവന് ഫെയിലായി. ഞാന്‍ സംസാരിച്ചിട്ട് ഈ നമ്പറില്‍ വിളിക്കാം. : ഗണപതി കയ്യിലെ കാര്‍ഡിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
അധികം വൈകണ്ട, കേട്ടോ. വരുന്ന പതിനാറിന് മുമ്പ് ലിസ്റ്റിടാനുള്ളതാണ്. അത് കഴിഞ്ഞാല്‍ പിന്നെ ഒരു ആറു മാസമെങ്കിലും എടുക്കും അടുത്ത റിക്രൂട്ട്മെന്റ് വരാന്‍. നമ്മളെന്തിനാ വെറുതെ സമയം കളയുന്നത് ? :
ഗണപതിയുടെ കണ്ണിലെ സത് സ്വഭാവിയും പരോപകാരിയുമായ ദൈവദൂതന് ഓര്‍മിപ്പിച്ചു.
പല നിറങ്ങളിലും മൂല്യങ്ങളിലുമുള്ള ഗാന്ധിത്തലകള് ഉരുണ്ടതോടെ രാജു കേരളം വിട്ടു. പിന്നെ പൊങ്ങിയത് സബര്‍മതി തീരത്തെ ആശ്രമത്തിലാണ്. അവിടത്തെ നിറം പിടിപ്പിക്കാത്ത ജീവിതക്കാഴ്ചകള്‍ അയാളില്‍ പുതിയ ഉന്മേഷവും ദിശാബോധവും സൃഷ്ടിച്ചു. രാജ്യസേവനത്തിനു വിലയിട്ടത് തെറ്റായെന്ന് തിരിച്ചറിഞ്ഞതോടെ അയാള്‍ പട്ടാളത്തില്‍ ആളെ കൂട്ടുന്ന അഥവാ പട്ടാളത്തിന്റെ പേരില്‍ നാട്ടുകാരെ പറ്റിക്കുന്ന പണി നിര്‍ത്തി. ദശാവതാരം സിനിമയില്‍ കമലാഹാസന് വിവിധ വേഷങ്ങളില്‍ ഭാവ പകര്‍ച്ച നടത്തിയതിനെ അനുസ്മരിപ്പിച്ച് ബാങ്കിംഗ് സര്‍വീസ് റിക്രൂട്ട്മെന്റ് ഉദ്യോഗസ്ഥന്റെ വേഷത്തിലേക്ക് കൂടുമാറ്റം നടത്തിയ രാജു കൊല്ലം ചാത്തന്നൂരിനടുത്തുള്ള ചാത്തുണ്ണി മാസ്റ്ററുടെ സവിധത്തിലാണ് ആദ്യം അവതരിച്ചത്.
Read ചില തുണ്ട് കഥകള്‍ – ഭാഗം ഒമ്പത്
പേരിന്റെ കൂടെ മാസ്റ്റര്‍ ചേര്‍ത്താണ് എല്ലാവരും വിളിക്കുന്നതെങ്കിലും ചാത്തുണ്ണി മാസ്റ്റര്‍ സ്കൂള്‍ അധ്യാപകനൊന്നുമായിരുന്നില്ല. തോറ്റ വിദ്യാര്‍ഥികള്‍ പഠിക്കുന്ന നാട്ടിലെ അറിയപ്പെടുന്ന പാരലല്‍ കോളെജായ സരള ട്യൂട്ടോറിയല്‍ കോളെജിന്റെ സാരഥിയും പ്രധാനാധ്യാപകനുമൊക്കെയാണ് ചാത്തുണ്ണി മാസ്റ്റര്‍. അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു സരള. ഏതാണ്ട് ആറു വര്‍ഷം മുമ്പ് അവര്‍ മരിച്ചു പോയി. പരമനാണ് ഏക മകന്.
പേര് പരമനെന്നാണെങ്കിലും അയാള്‍ പഠിത്തത്തില്‍ കേമനൊന്നുമായിരുന്നില്ല. പക്ഷെ മകനെ ഒരു ബാങ്ക് ഉദ്യോഗസ്ഥനാക്കണം എന്നതായിരുന്നു ചാത്തുണ്ണി മാസ്റ്ററുടെ അന്ത്യാഭിലാക്ഷം, അല്ലല്ല ജീവിതാഭിലാഷം. ആദ്യം പറഞ്ഞതിലും തെറ്റൊന്നുമില്ല കേട്ടോ. കാരണം ഒരു സര്‍ക്കാര്‍ ഉദ്യോഗത്തിന് വേണ്ടി പരമന് ഇക്കാലയളവിനുള്ളില്‍ ഏതൊക്കെ ദേശങ്ങളാണ് താണ്ടിയത് ? കൊല്ലം വിട്ട് പത്തനംതിട്ടയിലെയും ആലപ്പുഴയിലെയും തുടങ്ങി ഇടുക്കിയിലെയും കാസര്ക്കോഡെയും വരെ സ്കൂളുകളും കോളേജുകളും കയറിയിറങ്ങിയത് മാത്രം മിച്ചം. എങ്കിലും മകന്റെ ബാങ്ക് ഉദ്യോഗം എന്ന ദീര്‍ഘ നാളത്തെ ആഗ്രഹം ചാത്തുണ്ണി മാസ്റ്റര്‍ കൈവിട്ടില്ല. ദുരാഗ്രഹമെന്നല്ലാതെ എന്ത് പറയാന്‍ ? എല്ലാം വൃഥാവിലാകുമോ എന്നോര്‍ത്ത് മുറ്റത്തെ പറങ്കി മാവിന് ചോട്ടില് വലിച്ചിട്ട ചാരുകസേരയില്‍ ആശങ്കപ്പെട്ടിരുന്ന മാസ്റ്ററുടെ മുന്നിലാണ് സകലകലാ വല്ലഭനെ ഞെട്ടിച്ച വേഷ പകര്ച്ചയില് രാജു അവതരിച്ചത്.
മാഷ്, ഒന്നു കൊണ്ടും വിഷമിക്കണ്ട. എല്ലാം എനിക്കറിയാം. ആലപ്പുഴയിലുള്ള ജോണച്ചായന് മാഷിന്റെ സുഹൃത്തല്ലേ ? ഞങ്ങള്‍ തമ്മില്‍ വളരെ കാലത്തെ അടുപ്പമാണ്. അങ്ങേരാണ് എന്നോടെല്ലാം പറഞ്ഞത്.
: രാജു കയ്യിലുണ്ടായിരുന്ന എക്സിക്യൂട്ടിവ് ബാഗ് താഴെ വച്ചുകൊണ്ട് എതിര്‍വശത്തെ പ്ലാസ്റ്റിക് കസേരയില്‍ ഇരുന്നു.
ജോണും ഞാനും യൂണിവേഴ്സിറ്റി കോളേജിലെ ബാച്ച് മേറ്റ്സായിരുന്നു. നയന്റിന് സിക്സ്റ്റി നയന്‍ ടു സെവന്റി വണ്‍. പിന്നീട് ഞാന്‍ എറണാകുളത്തും ആലപ്പുഴയിലുമൊക്കെ ജോലി ചെയ്തപ്പോഴും കൂടെക്കൂടെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ഒരു ദീര്‍ഘ നാളത്തെ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍…….. : മാഷ് പറഞ്ഞു.
അറിയാം. എല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഞാന്‍ ബാങ്കിംഗ് റിക്രൂട്ട്മെന്റ് ബോര്‍ഡിലെ ഉദ്യോഗസ്ഥനാണ്. പരമന് അടുത്തിടെ നടന്ന ടെസ്റ്റ് എഴുതിയിരുന്നു അല്ലെ ? പേപ്പേഴ്സ് ഞാന്‍ കണ്ടു. മാര്‍ക്ക് തീരെ കുറവാണ്. ഞാന്‍ പാസാക്കി തരാം. വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി ഞങ്ങള്‍ ഇടയ്ക്കിടെ അങ്ങനെ ചെയ്യാറുമുണ്ട്. പക്ഷെ മാഷിനു കുറച്ചു പണചിലവുണ്ടാകും. : സൌമ്യനായി രാജു പറഞ്ഞപ്പോള്‍ ചാത്തുണ്ണി മാസ്റ്റര്‍ക്ക് അറിയാതെ ഒരു ചഞ്ചലിപ്പുണ്ടായി.
ഉവ്വോ ? പക്ഷെ……. : അദ്ദേഹം ചാരു കസേരയില്‍ മുന്നോട്ടാഞ്ഞിരുന്നു.
മാഷിന് നല്ല വിശ്വാസമുണ്ടെങ്കില്‍ മാത്രം മതി. വേണമെങ്കില്‍ ജോണച്ചായനെയും വിളിച്ച് ചോദിച്ചോളൂ. അദ്ദേഹത്തിന് ഞാന്‍ മകനെ പോലെയാണ്. ഇപ്പോള്‍ തന്നെ ഞാന്‍ ഭരണപക്ഷത്തെ ഒരു എം.എല്‍.എയെ കണ്ടിട്ട് മടങ്ങുന്ന വഴിയാണ്. അദ്ദേഹത്തിന്റെ മരുമകളുടെ ജോലിക്ക് വേണ്ടി പത്തു ലക്ഷമാണ് തന്നത്. അപ്പോയിന്റ്മെന്റ് കിട്ടി അവര്‍ കഴിഞ്ഞ മാസം ജോലിക്ക് കയറുകയും ചെയ്തു. ഇതു കണ്ടോ ? : രാജു അത്രയും പറഞ്ഞ് താഴെയുണ്ടായിരുന്ന ബാഗെടുത്ത് മടിയില്‍ വയ്ക്കുകയും അതില്‍ നിന്ന് റോളക്സിന്റെ ഒരു ബോക്സ് പുറത്തെടുക്കുകയും ചെയ്തു.
റോളക്സിന്റെ വാച്ചാണ്. ഇരുപത്തിനായിരമാണ് ഇതിന്റെ വില. ജോലി ശരിയാക്കിയതിന് പാരിതോഷികമായി അദ്ദേഹം സമ്മാനിച്ചതാണ്. : അയാള്‍ പറഞ്ഞു.
ടൈറ്റനും എച്ച്.എം.ടിയും മാത്രം കണ്ടു ശീലിച്ച മാഷുടെ വയസ്സന് കണ്ണുകള്‍ ആഡംബരത്തിന്റെ പകിട്ട് കണ്ടപ്പോള്‍ മഞ്ഞളിച്ചു. അദ്ദേഹം ആ ബോക്സ് വാങ്ങി തിരിച്ചും മറിച്ചും നോക്കി. താമസം വിനാ കിഴക്കിന്റെ വെന്നിസിലെ സതീര്‍ഥ്യനെ വിളിച്ച് കാര്യങ്ങള്‍ ഉറപ്പിച്ച അദ്ദേഹം തട്ടിപ്പുകാരന് പറഞ്ഞ തുകയ്ക്കുള്ള ചെക്ക് കൈമാറുകയും ചെയ്തു. പരമന് ബാങ്ക് ഓഫിസറുടെ കസേരയില്‍ ഞെളിഞ്ഞിരിക്കുന്ന കാഴ്ച ആ മനസ് കുളിര്പ്പിച്ചെന്നു പ്രത്യേകം പറയേണ്ടല്ലോ.
പിന്നീടും രാജു പല പല വേഷങ്ങളില്‍ തെക്കും വടക്കും അവതരിച്ചു. സത്യത്തിന്റെ ആള്‍രൂപമായിരുന്ന രാഷ്ട്രപിതാവ് എല്ലാത്തിനും സാക്ഷിയായി വിവിധ കരങ്ങള്‍ കൈമറിഞ്ഞു പോയി. ആ മുഖത്തെ വച്ച് രാജു ആഡംബരത്തിനും സൌഹൃദങ്ങള്‍ക്കും എന്തിന് പെണ്ണിന് വരെ വില പറഞ്ഞു.
എന്തിനും ഒരവസാനമുണ്ടല്ലോ. ഒരു ശനി പിടിച്ച സമയത്ത് രാജുവിന്റെ തട്ടിപ്പ് പിടിക്കപ്പെട്ടു. പിന്നെയങ്ങോട്ട് മത്സരമായിരുന്നു. പോലീസും മാധ്യമങ്ങളും അയാളുടെ ഭൂതകാലം ചികയാന്‍ ഒരുപോലെ മത്സരിച്ചു. കേസും വിചാരണകള്‍ക്കും ശേഷം വിയ്യൂരിലെ വാതിലുകള്‍ അയാള്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നു. വന്‍കിട ഹോട്ടലുകളിലും ഫ്ലാറ്റുകളിലും അന്തിയുറങ്ങി ശീലിച്ച രാജുവിന്റെ ജീവിതം അതോടെ രണ്ടാം നമ്പര്‍ സെല്ലിലെ ഇടുങ്ങിയ ചുറ്റുപാടില്‍ തളയ്ക്കപ്പെട്ടു.
ഇത്തവണയും ജാമ്യം കിട്ടിയില്ല അല്ലെ ? : ഒരു സായാഹ്നത്തില്‍ വിഷണ്ണനായി സെല്ലിന്റെ ഇരുണ്ട മൂലയില്‍ ഇരിക്കുകയായിരുന്ന സിനിമാ നടനെ നോക്കി രാജു ചോദിച്ചു. കൊട്ടേഷന്‍ കേസില്‍ അകത്തായ നടന് ജാമ്യത്തിന് വേണ്ടി നെട്ടോട്ടമോടുകയാണെന്ന കാര്യം എല്ലാവര്ക്കും അറിവുള്ളതാണല്ലോ. സെല്ലിന്റെ അഴികളിലൂടെ വിദൂരതയിലേക്ക് നോക്കി കൊണ്ടിരുന്ന നടന് പക്ഷെ കേട്ട ഭാവം പോലും കാണിച്ചില്ല.
വിഷമിക്കണ്ട, എല്ലാം ശരിയാക്കാം. പക്ഷെ കുറച്ചു പണച്ചിലവുണ്ട്. ആദ്യം ജഡ്ജി ആരാണെന്നറിയണം.
: ആരുമില്ലാതെ തക്കം നോക്കി അയാള്‍ പതുക്കെ നടന്റെ അടുത്തേയ്ക്ക് നിരങ്ങി നീങ്ങി.
ചേട്ടനെ ജാമ്യത്തിലെടുക്കാന്‍ ആരെങ്കിലും വന്നോ ? : പെട്ടെന്ന് മുഖം തിരിച്ച് നടന് ചോദിച്ചു. ഒരു ലക്ഷം രൂപ വീതം കെട്ടി വച്ച് രണ്ടു തുല്യ ആള് ജാമ്യത്തില്‍ രാജുവിനെ വിടാമെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. പക്ഷെ ജാമ്യക്കാരെ കിട്ടാത്തത് കൊണ്ട് അയാളുടെ കാരാഗ്രഹ വാസം നീണ്ടു പോകുകയാണ്. അതാണ് താരം ഉദ്ദേശിച്ചത്.
ഇല്ല : വൈക്ലബ്യത്തോടെ രാജു ചിരിച്ചു.
എങ്കില്‍ ആദ്യം അത് ശരിയാക്ക്. എന്നിട്ട് മതി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത് : നടന് അറുത്ത് മുറിച്ചത് പോലെ പറഞ്ഞപ്പോള്‍ രാജു വീണ്ടും പഴയ സ്ഥാനത്തേക്ക് മടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ പുറത്ത് ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ടു. ഒരു ഓഫിസര്‍ വാതില്ക്കലെത്തി. ചെറുപ്പക്കാരനാണ്. എവിടെയോ കണ്ടു മറന്ന മുഖമാണെന്ന് രാജുവിന് തോന്നി. പക്ഷെ ഇവിടെ ജയിലിലല്ല.
രാജുവിനെ നോക്കിക്കൊണ്ട് അയാള്‍ കയ്യിലുള്ള ലാത്തി കൊണ്ട് വാതിലില്‍ ഒന്നു രണ്ടു വട്ടം തട്ടി.
ശശാങ്കാ, ഇതൊന്ന് തുറക്ക് : തെല്ല് ഉച്ചത്തില്‍ വന്നപ്പോള്‍ ഒരു പോലീസുകാരന് വന്ന് സെല്‍ തുറന്നു. ചെറുപ്പക്കാരന് അകത്തേയ്ക്ക് വന്നു. തന്നേ കാണാനാണ് അയാള്‍ വരുന്നതെന്ന് മനസിലായപ്പോള്‍ രാജു പതുക്കെ എഴുന്നേറ്റു.
എന്താ സാറിന്റെ പുതിയ റോള്‍ ? ജാമ്യം കൊടുക്കാമെന്നാണോ ? അതോ ഓസ്ക്കാര്‍ വാങ്ങിച്ചു കൊടുക്കാമെന്നോ ? : താരത്തെ ഒന്നു പാളിനോക്കി കൊണ്ട് ഓഫിസര്‍ ചോദിച്ചു. ആളെ പിടി കിട്ടാത്തത് കൊണ്ട് ഒന്നും പറയാനാവാതെ രാജു ചിരിച്ചെന്ന് വരുത്തി.
എനിക്ക് മനസിലായില്ല…… : അയാള്‍ ശബ്ദം താഴ്ത്തിക്കൊണ്ട് മടിച്ച് മടിച്ച് പറഞ്ഞു.
എന്ത് ? ചോദ്യം മനസിലായില്ലെന്നോ അതോ എന്നെ മനസിലായില്ലെന്നോ ? : ലാത്തി കൂടെയുള്ള പോലീസുകാരനെ ഏല്‍പ്പിച്ച് ഓഫിസര്‍ രണ്ടു കയ്യും ശരിക്ക് നിവര്‍ത്തുകയും മടക്കുകയും ചെയ്തു. ആ പ്രകടനം അയാള്‍ എന്തിനും തയ്യാറാണെന്ന് സൂചിപ്പിച്ചു.
രണ്ടും……. : സ്വല്പ്പം ഭയത്തോടെ രാജു പറഞ്ഞു.
എങ്കില്‍ പറയാം, ഞാന്‍ ഗണപതി. കണ്ണൂരാണ് സ്വദേശം. പട്ടാളത്തില്‍ ചേരാന്‍ വന്ന എന്റെ വഴി തിരിച്ചു വിട്ട മഹാത്മാവാണല്ലോ താങ്കള്‍. അതുകൊണ്ട് ഒന്ന് കണ്ടിട്ട് പോകാമെന്ന് വച്ചു. ഒരര്‍ത്ഥത്തില്‍ പട്ടാളത്തെക്കാള്‍ നല്ലത് പോലീസാ അല്ലെ ശശാങ്കാ ? ഇതുപോലുള്ള ആളുകളെ കൈ വയ്ക്കാമല്ലോ. നീ ഒരു കാര്യം ചെയ്യ്. ഇദ്ദേഹത്തെ കൊണ്ടു പോയി നമ്മുടെ അടുക്കളയും കൃഷി സ്ഥലങ്ങളുമൊക്കെയൊന്നു കാണിച്ചു കൊടുക്ക് : നടനെ നോക്കിക്കൊണ്ട് ഗണപതി ശശാങ്കനോട് പറഞ്ഞു –
അടുത്ത പടത്തിന്റെ ലൊക്കേഷന്‍ അത് മതിയോയെന്ന് അങ്ങേര് പഠിക്കട്ടെ. ഇവിടെ ഞാന്‍ കണക്ക് പഠിപ്പിക്കുന്നതിന് ഒരു സാക്ഷിയും വേണ്ട.
ശശാങ്കന് അടുത്ത് ചെല്ലുന്നതിന് മുമ്പേ മറുത്തൊന്നും പറയാതെ നടന് എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു. യൂണിഫോമിട്ട ഗണപതി കൂട്ടലും കിഴിക്കലും തുടങ്ങാന്‍ പിന്നെ താമസിച്ചില്ല. രാജുവിന്റെ നിലവിളി ശബ്ദം ജഗതിയുടെ ആംബുലന്‍സ് കോമഡി രംഗത്തിലേയെന്ന പോലെ സെല്ലിന്റെ ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചു. ഗണപതി അങ്ങനെ മുരുകനും ശിവനുമൊക്കെയായി. ശിവന്റെ താണ്ഡവ നൃത്തം രാജുവിനെ ഈരേഴ് പതിനാല് ലോകത്തിലെയും കാഴ്ചകള്‍ സമ്മാനിച്ചു.
The End