അങ്കമാലിയിലെ പ്രധാനമന്ത്രി

malayalam short story

ഫോര്‍ട്ട് കൊച്ചി ഗുജറാത്തി സ്ട്രീറ്റിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീടിന്‍റെ വാതിലില്‍ ആരോ തുടര്‍ച്ചയായി മുട്ടുന്നത് കേട്ടാണ് ജോജി ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്.

വാച്ചെടുത്ത് സമയം നോക്കിയപ്പോള്‍ ഒമ്പതര. തലേന്ന് കഴിച്ചത് കുറച്ച് കൂടിപ്പോയെന്ന് അയാളുടെ മനസ് പറഞ്ഞു.

ഛെ : എന്നത്തേയും പോലെ തെല്ലു കുറ്റബോധത്തോടെ കാലിയായ ബ്രാണ്ടി കുപ്പിയെടുത്ത് വേസ്റ്റ് ബിന്നിലിട്ട് അയാള്‍ വാതില്‍ക്കലേക്ക് നടന്നു.

അപ്പോഴും വാതിലില്‍ മുട്ട് തുടരുകയാണ്.

വെറുതെ പൊളിക്കണ്ട, ദാ വന്നു : വാതില്‍ തകര്‍ന്നു വീഴുമോ എന്ന സംശയത്തില്‍ നടപ്പിന് വേഗം കൂട്ടിക്കൊണ്ട് ജോജി പറഞ്ഞു. സാക്ഷ മാറ്റിയതും അയാളെ തള്ളിമാറ്റി നിശ്ചല്‍ അകത്തേയ്ക്ക് വന്നു. പഴയ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നിശ്ചല്‍ കുമാര്‍ തന്നെ. അയാള്‍ ശരിക്ക് കിതയ്ക്കുന്നുണ്ടായിരുന്നു.

നീയിത് എവിടെപ്പോയി കിടക്കുകയായിരുന്നു ? വാതിലില്‍ മുട്ടി മുട്ടി മനുഷ്യന്‍റെ ഊപ്പാട് ഇളകി…………… : സമചിത്തത വീണ്ടെടുത്ത അയാള്‍ പെട്ടെന്ന് കൂട്ടുകാരന് നേരെ ആക്രോശിച്ചു. കയ്യിലുണ്ടായിരുന്ന ഒരു മാഗസിന്‍ അയാള്‍ മേശപ്പുറത്ത് വച്ചു.

ഞാന്‍ ഉറങ്ങിപ്പോയി. എന്താ നിന്‍റെ അച്ഛന്‍ ചത്തോ ? ഇത്ര അത്യാവശ്യമായി നീ രാവിലെ ഇതെവിടെ പോയതാ ? : പരിഹാസ ഭാവത്തിലുള്ള ജോജിയുടെ ചോദ്യം കേട്ടപ്പോള്‍ നിശ്ചലിന്‍റെ ദേഷ്യം ഇരട്ടിച്ചു.

ചത്തത് നിന്‍റെ…………. അല്ലെങ്കില്‍ വേണ്ട, ഇങ്ങനെ നട്ടുച്ച വരെ കിടന്നുറങ്ങാനാണോ അങ്ങ് ഊട്ടിയില്‍ നിന്ന് നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത് ? അവിടെ നിന്നാല്‍ പഴയ പോലെ മെച്ചമില്ല, കൊച്ചിയാ ഇപ്പോള്‍ സായിപ്പന്‍മാര്‍ക്ക് വേണ്ടത് എന്നൊക്കെ പറഞ്ഞ് എന്‍റെ കയ്യും കാലും പിടിച്ചിട്ടല്ലേ നീ വീണ്ടും ഇത്തിള്‍ക്കണ്ണി പോലെ എന്‍റെ കൂടെ കൂടിയത് ? എന്നിട്ടിപ്പോ……. : കൂട്ടുകാരന്‍റെ രോഷം കണ്ടപ്പോള്‍ ……………അയാളെ പ്രകോപിപ്പിച്ചത് ശരിയായില്ലെന്ന് ജോജിക്ക് തോന്നി.

ഫോര്‍ട്ട് കൊച്ചി ടൂറിസ്റ്റുകളുടെ പൂങ്കാവനമായതോടെയാണ് നിശ്ചല്‍ ഊട്ടിയോട് സലാം പറഞ്ഞ് നാട്ടിലേക്ക് വന്നത്. അവിടെ വര്‍ഷങ്ങളോളം കഴിഞ്ഞെങ്കിലും തമിഴ് ഇനിയും അയാള്‍ക്ക് വഴങ്ങിയിട്ടില്ല. ആംഗലേയത്തിന്‍റെ കാര്യം പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ. വെല്‍ക്കം ടു ഊട്ടി, നൈസ് ടു മീറ്റ് യൂ എന്നീ സ്ഥിരം വാചകങ്ങള്‍ കൊണ്ടാണ് ഹില്‍ സ്റ്റേഷനിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ വരുന്ന മറുനാട്ടുകാരോട് അയാള്‍ ഇത്രയും കാലം പയറ്റിയത്.  കൊച്ചിയില്‍ സ്വന്തം ഭാഷയായത് കൊണ്ട് നാക്ക് ഉപയോഗിച്ച് ഇര പിടിക്കാന്‍ എളുപ്പമാണല്ലോ എന്നാണ് പുതിയ ലാവണം തേടുമ്പോള്‍ അയാള്‍ കണക്ക് കൂട്ടിയത്.

മക്കളില്ലാത്ത രണ്ടു ഗുജറാത്തി ദമ്പതികളുടെ കയ്യും കാലും പിടിച്ച് അവരുടെ വീടിന്‍റെ ഒഴിഞ്ഞു കിടന്ന മുകള്‍ നിലയില്‍ താമസം ഒപ്പിക്കാന്‍ നിശ്ചലിന് പ്രയാസമൊന്നുമുണ്ടായില്ല. കദനകഥകളും മുജ്ജന്മബന്ധവുമൊക്കെ പറഞ്ഞ് ആള്‍ക്കാരെ വീഴ്ത്താന്‍ നമ്മള്‍ മലയാളികള്‍ക്കുള്ള കഴിവ് പണ്ടേ പ്രസിദ്ധമാണല്ലോ. പക്ഷേ ഒരു വയ്യാവേലിയെയാണ് തോളത്തെടുത്ത് വച്ചതെന്ന് വയസ്സന്‍ പട്ടേല്‍ ഏറെ കഴിഞ്ഞാണ് മനസിലാക്കിയതെന്ന് മാത്രം. വാടക കൊടുക്കാതെ അയാള്‍ മുങ്ങി നടക്കുന്നതും വീട്ടുകാരിയെ ഓരോന്ന് പറഞ്ഞ് പറ്റിച്ച് അന്നന്നത്തെ ചെലവിനുള്ള കാശ് ഒപ്പിക്കുന്നതും പട്ടേലിനെ ശുണ്ഠി പിടിപ്പിച്ചെങ്കിലും നിശ്ചല്‍ എല്ലായ്പ്പോഴും ആ കൈകളില്‍ നിന്ന് തെന്നിമാറിക്കൊണ്ടിരുന്നു.

അയാള്‍ അകത്ത് വസ്ത്രങ്ങള്‍ വയ്ക്കുന്ന അലമാരയുടെ ഷെല്ഫ് തുറന്ന് എന്തോ സാധനത്തിനായി പരതി.

അതവിടെയില്ല, ഞാന്‍ തീര്‍ത്തു : എല്ലാം മനസിലായ മട്ടില്‍ അയാളെ നോക്കിയതിന് ശേഷം വേസ്റ്റ് ബിന്നിന് നേരെ ശ്രദ്ധ തിരിച്ചുകൊണ്ട് ജോജി പറഞ്ഞു.

ഓഹോ, അപ്പോ അതും തീര്‍ത്തോ ? അല്ലെങ്കിലും പണ്ടേ അങ്ങനെയാണല്ലോ. വാങ്ങിച്ചു വയ്ക്കാന്‍ ഞാനും തീര്‍ക്കാന്‍ നീയും ലവളും. ങാ, ഡേ ഞാന്‍ അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്. നിനക്ക് നല്ലൊരു പണിയും കൊണ്ടാ ഞാന്‍ വന്നത്…….. : നിശ്ചല്‍ പറഞ്ഞു.

ങേ പണിയോ ? : ജോജി സംശയത്തോടെ നോക്കുന്നത് കണ്ടപ്പോള്‍ അയാള്‍ തിരുത്തി.

അല്ലല്ല കോള്, പക്ഷേ അടിക്കാനുള്ള വെപ്രാളത്തില്‍ ഞാനതങ്ങ്  മറന്നു : പോക്കറ്റില്‍ പരതിയെങ്കിലും നിശ്ചലിന് ഉദ്ദേശിച്ച സാധനം കിട്ടിയില്ല. പെട്ടെന്ന് എന്തോ ഓര്‍മ വന്നത് പോലെ അയാള്‍ ഡ്രോയിങ് റൂമിലേക്ക് തിരിഞ്ഞു. അവിടെ മേശപ്പുറത്തുണ്ടായിരുന്ന മാഗസിനെടുത്ത് അതിനകത്ത് വച്ചിരുന്ന കടലാസില്‍ കണ്ണോടിച്ചു. തുടര്‍ന്നു അയാളത് ജോജിക്ക് നേരെ നീട്ടി.

കൈ നീട്ടി വാങ്ങുന്നതിനിടയില്‍ ചോദ്യ ഭാവത്തില്‍ ജോജി നിശ്ചലിനെ നോക്കി.

ഇത് നിനക്ക് തരാന്‍ വേണ്ടി ആ സിദ്ദിക്ക് തന്നതാ : നിശ്ചല്‍ പറഞ്ഞു.

ഏത് സിദ്ദിക്ക് ?

എടേ ആ സിനിമാ നടനില്ലേ ? അയാള്‍ ഇപ്പോള്‍ ആ എയര്‍പോര്‍ട്ടിനടുത്ത് ഹോട്ടല്‍ നടത്തുകയല്ലേ ? എന്‍റെ ഒരു സ്ഥിരം ക്ലയന്‍റാണ്.

അതുകൊണ്ട് ?

അതുകൊണ്ടൊന്നും ഇല്ല, ഞാന്‍ നിന്നെക്കുറിച്ച് അയാളോട് കുറെ പൊക്കി പറഞ്ഞിരുന്നു. എന്‍റെ ചങ്ങാതിയാണ്, ഒരു പരഗതിയും ഇല്ലാതെ തേരാപ്പാരാ നടക്കുകയാണ്, ആഹാരത്തിന് പോലും വകയില്ല എന്നൊക്കെ : നിശ്ചല്‍ നിസ്സാര ഭാവത്തില്‍ പറഞ്ഞു. അത് കേട്ടപ്പാടെ ജോജിക്ക് ദേഷ്യം വന്നു.

ങേ ? ഞാന്‍ പറഞ്ഞോ നിന്നോട് ഇങ്ങനെ എനിക്കു വേണ്ടി തെണ്ടാന്‍ ?

നീ പറയണോ ? നീ ഇനിയും വേലയും കൂലിയുമില്ലാതെ ഇവിടെ നിന്നാലേ ഞാന്‍ ഒറിജിനലായി തെണ്ടേണ്ടി വരും. അതുകൊണ്ടാ ഞാന്‍ ഇങ്ങനെയൊരു കടും കൈ ചെയ്തത്. ഇപ്പോള്‍ തന്നെ ആ പട്ടേലിനെ പറ്റിക്കാന്‍ പെടുന്ന പാട് എനിക്കും ആ മുരുകനും മാത്രമറിയാം. ആണ്ടവാ…….. : പ്രാര്‍ഥനാ ഭാവത്തില്‍ മുകളിലേക്ക് നോക്കിക്കൊണ്ട് നിശ്ചല്‍ പറഞ്ഞു.

അറിഞ്ഞിടത്തോളം അളിയാ, ഇത് നല്ലൊരു കോളാ വന്നിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് വരുന്ന ഒരു പാര്‍ട്ടിയെ നീ ശബരിമല വരെ കൊണ്ടു പോണം. ഓരോരോ സ്ഥലങ്ങള്‍ കാണിച്ചു കൊടുക്കണം, അവര്‍ക്ക് വേണ്ട സൌകര്യങ്ങളും ഒരുക്കണം. അത്രയേയുള്ളൂ. നീ ഇത് തന്നെയല്ലേ അവിടെയും ചെയ്തു കൊണ്ടിരുന്നത് : കടലാസ് ചൂണ്ടിക്കാണിച്ച് അയാള്‍ തുടര്‍ന്നു.

ശബരിമലയോ ? : ജോജി സംശയത്തോടെ നോക്കി.

ങാ, നീ നോക്ക്. ഇത് അവരുടെ ഡിമാന്‍റ്സാ. ഇത് ചെയ്തു കൊടുത്താല്‍ അളിയാ പിന്നെ നമ്മള്‍ രക്ഷപ്പെട്ടു. പറയുന്ന കാശ് കിട്ടും. അത്രയ്ക്ക് വലിയ പുള്ളികളാ, പെണ്ണുങ്ങളായത് കൊണ്ട് നല്ല ജോളിയായി നിനക്ക് പോകുകയും ചെയ്യാം. ഏതോ ഒരു മാധവി. അവളാ ഇവരുടെ ലീഡര്‍, തലൈവി. അവളെഴുതിയ കത്ത് മലയാളത്തിലേക്ക് മാറ്റിയെഴുതിയതാ………….: നിശ്ചല്‍ സന്തോഷത്തോടെ പറഞ്ഞു. മറുത്തൊന്നും പറയാതെ ജോജി കടലാസിലേക്ക് ശ്രദ്ധ തിരിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്ന് ശബരിമല വരെയും തിരിച്ചും എസി വാഹനത്തില്‍ യാത്ര,

ശബരിമലയില്‍ ദേവസ്വം ഗസ്റ്റ് ഹൌസിലോ ഹോട്ടലിലോ എസി മുറിയില്‍ താമസ സൌകര്യം,

പുലര്‍ച്ചെ അലാറം വച്ച് എഴുന്നേല്‍പ്പിക്കണം. തുടര്‍ന്നു അയ്യപ്പ ദര്‍ശനം. ശബരിമലയിലെ മറ്റ് ക്ഷേത്രങ്ങളും സന്ദര്‍ശിച്ചതിന് ശേഷം ഹോട്ടല്‍ മുറിയിലേക്ക് മടക്കം. അയ്യപ്പനെ കാണാതെ തിരിച്ച് പോകില്ല. അതുകൊണ്ട് മടങ്ങാനുള്ള വിമാന ടിക്കറ്റും എടുത്തിട്ടില്ല. യാത്രയ്ക്കും ഭക്ഷണത്തിനും വേണ്ടി വരുന്ന സര്‍വ്വ ചിലവുകളും സര്‍ക്കാര്‍ വഹിക്കണം. മുംബെയില്‍ നിന്ന് കേരളം വരെയുള്ള യാത്രയ്ക്കും ഭക്ഷണത്തിനും ചെലവായ തുകയുടെ ബില്ല് കൈവശമുണ്ട്. അതും സര്‍ക്കാര്‍ കൊടുക്കണം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലുടനീളം സംരക്ഷണവുമായി കൂടെ ഉണ്ടാകുകയും വേണം.

ഡേ ഇത്……….. : കത്ത് വായിച്ചതിന് ശേഷം ജോജി എന്തോ സംശയം തോന്നിയ മട്ടില്‍ നിശ്ചലിനെ നോക്കി.

ലവളല്ല ഇവള്‍………… : അയാളുടെ മനസ് വായിച്ചെന്ന മട്ടില്‍ നിശ്ചല്‍ പറഞ്ഞു.

അത് നന്ദിനി തമ്പുരാട്ടി ഫ്രം റോയല്‍ പാലസ് തൃപ്പൂണിത്തുറ. ഇത് വേറെയേതോ തമ്പുരാട്ടി ഫ്രം പൂനെ പാലസ് : അയാള്‍ മുഴുമിപ്പിച്ചു.

ഇതില്‍ ഞാനെന്ത് വേണമെന്നാ നീ ഈ പറയുന്നത് ? : ജോജി ചോദിച്ചു.

നീ അവരുടെ കൂടെ പോകണം. വേണ്ടതൊക്കെ ചെയ്ത് കൊടുക്കണം. ദര്‍ശനത്തിന് ശേഷം അവരെ അത് പോലെ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു കൊണ്ടു വിടുകയും വേണം. അങ്ങനെ ചെയ്താല്‍ നല്ല ഇന്ത്യന്‍ മണിയില്‍ പറയുന്ന കാശ് നമുക്ക് കിട്ടും : കസേരയില്‍ ഇരുന്ന ജോജിയുടെ അടുത്ത് വന്ന് നിശ്ചല്‍ പറഞ്ഞു.

നീയെന്നെ കൊലയ്ക്ക് കൊടുക്കാന്‍ നോക്കുകയാണോ ? ഞാനൊന്നും പോകില്ല. വേറെയാളെ നോക്ക്. ഒന്നാമത് ഇപ്പോള്‍ ശബരിമലയില്‍ ആകപ്പാടെ പ്രശ്നമാണ്. പോരാത്തതിന് ഇതില്‍ എഴുതിയിരിക്കുന്നത് കണ്ടില്ലേ ? ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കണമെന്ന്. ഇത് കണ്ടപ്പോള്‍ നിനക്കെന്ത് മനസിലായി ? : കൂട്ടുകാരനെ നോക്കി ജോജി ചോദിച്ചു.

നിന്‍റെ നന്ദിനി തമ്പുരാട്ടി ഇവളുടെ മുന്നില്‍ ഒന്നുമല്ലെന്ന് മനസിലായി : അയാള്‍ സ്വതസിദ്ധമായ ശൈലിയില്‍ മറുപടി പറഞ്ഞു.

എന്നിട്ടാണോ നീ എന്നെ അവരുടെ മുന്നില്‍ എറിഞ്ഞു കൊടുക്കാന്‍ നോക്കുന്നത് ? : ജോജി വീണ്ടും ചോദിച്ചു.

ഹും. നീ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങള്‍, ഒരു മുഴു ഭ്രാന്തിയെ പോലെ ഊട്ടി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ലവളെ എത്ര തന്‍മയത്വത്തോടെയാ നീ കൈകാര്യം ചെയ്തത്. ഇന്ന് ആ സിദ്ധിക്കും അത് തന്നെയാ പറഞ്ഞത്. ഞാന്‍ നിന്‍റെ എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞിരുന്നു. ഇത് പിന്നെ ഒരാള്‍ക്ക് പകരം അവളുടെ കുറച്ചു കൂട്ടുകാരികളും ഉണ്ട്. അത്രയേയുള്ളൂ. അതും പട്ടാപ്പകല്‍. നമ്മുടെ നാട്. എന്തെങ്കിലും ഉണ്ടെങ്കില്‍ പുറത്തിറങ്ങി സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചാല്‍ മതി. പോലീസും സേവാ സമിതിക്കാരും ഓടി വന്നോളും, : നിശ്ചല്‍ അങ്ങനെ പറഞ്ഞെങ്കിലും ഒന്നും കേള്‍ക്കാത്ത മട്ടില്‍ ജോജി പുറം തിരിഞ്ഞിരുന്നു.

നീ എന്ത് പറഞ്ഞാലും പോകില്ല, : അയാള്‍ കട്ടായം പോലെ പറഞ്ഞു. പറയുന്നതൊന്നും അയാളുടെ തലയില്‍ കേറുന്നില്ലല്ലോ എന്ന മട്ടില്‍ നിശ്ചല്‍ അടുത്തുണ്ടായിരുന്ന വുഡന്‍ സ്റ്റാന്‍റിന്‍റെ ഡ്രോ തുറന്ന് ഒരു ബോട്ടിലെടുത്ത് ഗ്ലാസിലൊഴിച്ച് വെള്ളവും ചേര്‍ത്തു ചങ്ങാതിക്ക് നേരെ നീട്ടി.

നീ ഇത് പിടിപ്പിക്ക്,   : ജോജി അത്ഭുതത്തോടെ കൂട്ടുകാരനെയും ബോട്ടിലിലേക്കും നോക്കി.

ഇതെവിടെ നിന്ന് വന്നു ? : അയാള്‍ ചോദിച്ചു.

ഞാന്‍ ഒരത്യാവശ്യത്തിന് ഇവിടെ ഒരെണ്ണം വച്ചിരുന്നു : നിശ്ചല്‍ ഒരു ചെറിയ ചമ്മലോടെ പറഞ്ഞു. ജോജി മനസ്സില്ലാ മനസ്സോടെ ഗ്ലാസ് വാങ്ങി, കുറച്ചു കുടിച്ചു. എന്നിട്ട് ഗ്ലാസ് മേശപ്പുറത്ത് വച്ചു.

ജോജി, നീ വിചാരിക്കുന്നത് പോലല്ല. ഏറെ കാലത്തിന് ശേഷമാണ് അവന് ഇത്ര വലിയ ഓര്‍ഡര്‍ കിട്ടുന്നത്. ഇന്‍റര്‍നെറ്റ് വഴിയുള്ള ബുക്കിങ്ങായത് കൊണ്ട് വേറൊന്നും ആലോചിക്കാന്‍ പറ്റിയില്ല. ഞാനിന്ന് കുറച്ചു കാശിന് വേണ്ടി ചെന്ന സമയത്താ ഇതൊക്കെ അറിഞ്ഞത്. പിന്നെയൊന്നും ആലോചിച്ചില്ല, അഡ്വാന്‍സ്  വാങ്ങി അതങ്ങ് ഉറപ്പിച്ചു. : നിശ്ചല്‍ പറഞ്ഞത് കേട്ടപ്പോള്‍ കഴിച്ച മദ്യത്തിന്‍റെ കെട്ടിറങ്ങി പോകുന്നത് പോലെ ജോജിക്ക് തോന്നി.

അഡ്വാന്‍സ് വാങ്ങിച്ചോ ? ആരോട് ചോദിച്ചിട്ട്? : അയാള്‍ ചോദിച്ചു.

അതിനുള്ള സാവകാശമൊന്നും കിട്ടിയില്ല. അല്ലെങ്കിലും നമ്മള്‍ ഇരു മെയ്യാണെങ്കിലും ഒരു………. : നിശ്ചല്‍ പറഞ്ഞു മുഴുമിക്കുന്നതിന് മുമ്പേ ജോജി അയാളെ തടഞ്ഞു.

നീ കൂടുതലൊന്നും ഉണ്ടാക്കണ്ട. ഏതായാലും ഞാനില്ല. നീ വേണമെങ്കില്‍ അവരെ ശബരിമലയ്ക്കോ ഗോകര്‍ണ്ണത്തോ എങ്ങോട്ടാണെന്ന് വച്ചാല്‍ കൊണ്ടു പൊയ്ക്കൊ. ഞാന്‍ ഇന്ന് തന്നെ ഇവിടെ നിന്ന് കാലിയാക്കുകയാണ്. ഇനി നിന്‍റെ ഒരു സഹായവും എനിക്ക് വേണ്ട. : ജോജി എഴുന്നേറ്റ് സാധനങ്ങള്‍ പാക്ക് ചെയ്യാനായി അകത്തേയ്ക്ക് നടന്നു.

എന്ന് പറഞ്ഞാലെങ്ങനെയാ ? എനിക്ക് അവന്മാരെ ഒറ്റയ്ക്ക് നേരിടാനുള്ള പാങ്ങുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ചെയ്തെനെ. പക്ഷേ ഇത്…… : അയാളുടെ പുറകെ നടന്ന് നിശ്ചല്‍ പറഞ്ഞു.

അവന്മാരോ ആരാ അത്? : ജോജി പെട്ടെന്ന് തിരിഞ്ഞു നിന്നു ചോദിച്ചു.

നിശ്ചല്‍ ഒന്നു പരുങ്ങി.

അളിയാ, അത് നീ പേടിക്കണ്ട എന്ന് വച്ച് ഞാന്‍ പറഞ്ഞില്ലെന്നെയുള്ളൂ. ഇവളുമാരെ തടയാനായിട്ട് മറ്റവന്‍മാര് മംഗലാപുരത്ത് നിന്ന് ആളെ ഇറക്കിയിട്ടുണ്ടെന്നാ കേട്ടത്. ഒരു കൃഷ്ണപ്പ. അവിടത്തെ പേര് കേട്ട റൌഡിയാ. ഏകദേശം നമ്മുടെ പഴയ സമര്‍ഖാനെ പോലെയുണ്ടാകും. അവന്‍റെ കയ്യില്‍ പെട്ടാല്‍ എന്‍റെ പൊന്നു ജോജി, നിനക്ക് അറിയാമല്ലോ. തമിഴാണെങ്കില്‍ പിന്നേയും പിടിച്ചു നില്‍ക്കാം. പക്ഷേ കന്നഡ…… അയാള് എന്നെ പീസ് പീസാക്കും.

അപ്പോ ഞാനോ ? : ജോജി ചോദിച്ചു. അത് കേട്ടപ്പോള്‍ നിശ്ചല്‍ ചിരിച്ചു.

നിനക്കാവുമ്പോള്‍ ഒരു പൂ എടുത്ത് വയ്ക്കുന്നത് പോലെ ഈ പ്രശ്നം കൈകാര്യം ചെയ്യാം. നന്ദിനി തമ്പുരാട്ടിയെ പോലെ മറ്റൊരു തമ്പുരാട്ടി. സമര്‍ ഖാനെ പോലെ മറ്റൊരു ഖാനല്ലാത്ത ഖാന്‍. അത്രയേയുള്ളൂ : അയാള്‍ പറഞ്ഞു. പക്ഷേ ആ വാക്കുകള്‍ക്കൊന്നും ജോജിയുടെ മനസ് മാറ്റാനായില്ല.

എനിക്ക് വയ്യ. ഇതെല്ലാം ആ നാമജപക്കാര്‍ അറിഞ്ഞാല്‍ എന്‍റെ മേല്‍ പൊങ്കാല ഇടും. നീ ആ വാങ്ങിച്ച കാശ് തിരിച്ചു കൊടുക്ക്. പ്രശ്നം കഴിഞ്ഞില്ലെ?: ജോജി പറഞ്ഞു.

ഇല്ല. കഴിഞ്ഞില്ല. ആ പൈസ ഇപ്പോള്‍ എന്‍റെ കയ്യിലില്ല. : നിശ്ചല്‍ അയാളുടെ വഴി തടഞ്ഞു മുന്നില്‍ കയറി നിന്ന് കൊണ്ട് പറഞ്ഞു.

ങേ, അതിനു മുമ്പേ നീ അതങ്ങ് അടിച്ചു തീര്‍ത്തോ ?

അടിച്ചു തീര്‍ത്തേനെ. ഞാന്‍ പൈസ കൊടുക്കാന്‍ കുറച്ചു കൂടി വൈകിയിരുന്നെങ്കില്‍. അവര്, എന്നെ. ഇന്നാ ആന്‍റണിക്കു കാശ് കൊടുക്കാനുള്ള അവസാന ദിവസമായിരുന്നു. അതുകൊണ്ടാ ഒന്നും ആലോചിക്കാതെ ഞാനിത് ഏറ്റെടുത്തത്. ഇനി എന്നെ രക്ഷിക്കാന്‍ നിനക്ക് മാത്രമേ കഴിയൂ. ഞാന്‍ വേണമെങ്കില്‍ നിന്‍റെ കാല് പിടിക്കാം : നിശ്ചല്‍ കാല് പിടിക്കാന്‍ തുടങ്ങിയപ്പോള്‍ ജോജി അയാളെ തടഞ്ഞു.

എന്തൊന്നാഡേ ഇത്?

നീ സമയത്ത് എയര്‍പോര്‍ട്ടില്‍ അവരെ പിക്ക് ചെയ്യാന്‍ പോയില്ല എന്നറിഞ്ഞാല്‍ ആ സില്‍മാ നടന്‍റെ ആളുകളായിരിക്കും എന്‍റെ കാല് തല്ലിയൊടിക്കാന്‍ വരുന്നത്. നീ കണ്ടിട്ടില്ലേ, സിനിമയില്‍ എന്തൊക്കെ ദുഷ്ടത്തരങ്ങളാ അയാള്‍ ചെയ്യുന്നത്? (പെട്ടെന്നു നിശ്ചലിന്‍റെ മുഖത്ത് വിഷമം നിറഞ്ഞു. സുഹൃത്തിന്‍റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക അയാളില്‍ പ്രകടമായി)   അല്ലെങ്കില്‍ വേണ്ട, നമുക്കിവിടെ നിന്ന് പോകാം. പഴയ പോലെ ഊട്ടിക്കോ കൊടൈക്കനാലിനോ പോകാം. അതാ നല്ലത്. നീ എല്ലാം എടുത്ത് വയ്ക്ക്………… : സമചിത്തത നഷ്ടപ്പെട്ടത് പോലെ അയാള്‍ പുലമ്പുന്നത് കേട്ടപ്പോള്‍ ജോജിക്ക് വിഷമം തോന്നി.

അതൊന്നും വേണ്ട, അവരെ ശബരിമലയില്‍ എത്തിക്കണം. അത്രയല്ലേയുള്ളൂ ? ഞാന്‍ നോക്കട്ടെ. നീ സമാധാനപ്പെട് : ജോജി പറഞ്ഞു.

വേണ്ടളിയാ, അത് ശരിയാകില്ല. ചിലപ്പോള്‍ അവിടെ പ്രശ്നമാകും. നിനക്കൊരു ദോഷവും വരാന്‍ ഞാന്‍ സമ്മതിക്കില്ല. പെട്ടെന്നെന്തോ ഒരു ബുദ്ധിമോശത്തില്‍ ചെയ്തതാ ഞാന്‍ . നീ ക്ഷമിക്ക്. : നിശ്ചല്‍ അയാളെ നിരുല്‍സാഹപ്പെടുത്തി.

അതൊന്നും സാരമില്ല. ശബരിമലയില്‍ പോകണമെന്ന് ഞാനും ഒരുപാട് നാളായി വിചാരിക്കുന്നു. ഞാന്‍ ഏതായാലും അവിടത്തെ സിറ്റ്വേഷനൊക്കെ ഒന്നു നോക്കിയിട്ട് വരാം, : അയാള്‍ ചോദിച്ചു.

എന്നാ പിന്നെ ഞാനും കൂടെ വരാം. നീയെതായാലും ഒറ്റയ്ക്ക് പോകണ്ട : നിശ്ചല്‍ കൂടെ പുറപ്പെടാന്‍ ഭാവിച്ചപ്പോള്‍ നിഷേധാര്‍ഥത്തില്‍ ജോജി തലവെട്ടിച്ചു.

അത് വേണ്ട മോനേ ദിനേശാ, ഞാനവരോട് ഹിന്ദിയിലും ഇംഗ്ലീഷിലും ചറപറ സംസാരിക്കുമ്പോള്‍ നീ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ വെറുതെ ഇരിക്കേണ്ടി വരും. അതുകൊണ്ട് നീയൊരു ഫുള്ളും പിടിപ്പിച്ച് ഇവിടെയിരിക്ക്. അപ്പോഴേക്കും ഞാന്‍ ദേ പോയി, ദാ വന്നു പെട്ടെന്ന് വരാം……………….. : അങ്ങനെ പറഞ്ഞ് പറക്കുന്ന ആംഗ്യം കാണിച്ച് അയാള്‍ പുറത്തേയ്ക്ക് നടന്നു.

Kilukkam

സിദ്ദിക്കിന്‍റെ ഹോട്ടലില്‍ നിന്ന് ഏര്‍പ്പാട് ചെയ്ത ടാക്സിയില്‍ ജോജി എയര്‍പോര്‍ട്ടിന് മുന്നില്‍ ഇറങ്ങുമ്പോള്‍ അവിടെ സൂചി കുത്താന്‍ പോലും സ്ഥലമില്ലായിരുന്നു. സര്‍വ്വം നാമജപമയം. ഇത്ര ആത്മാര്‍ഥമായി നാമം ജപിക്കുന്നവര്‍ ശബരിമലയില്‍ പോലും ഉണ്ടാകില്ലല്ലോയെന്ന് ജോജി മനസില്‍ പറഞ്ഞു.

പ്രവേശന കവാടം കടന്ന് മുന്നോട്ട് പോകുമ്പോഴാണ് മഫ്തിയിലുള്ള ഒരു പോലീസുകാരന്‍ അയാളുടെ അടുത്തേയ്ക്ക് വന്നത്.

മിസ്റ്റര്‍ ജോജിയല്ലേ ?

അതേ.

വരൂ അദ്ദേഹം നിങ്ങളെ കാത്തിരിക്കുകയാണ് : അത്രയും പറഞ്ഞ് പോലീസുകാരന്‍ വഴി കാണിച്ചുകൊണ്ട് മുന്നോട്ട് നടന്നു.

ആര് ? : ജോജിക്ക് ഒന്നും മനസിലായില്ല.

മിനിസ്റ്റര്‍ രാഘവന്‍ സാര്‍. അദ്ദേഹം രാവിലത്തെ ഫ്ലൈറ്റിനാ ചെന്നെയില്‍ നിന്ന് വന്നത്. അപ്പോഴാ നിങ്ങള്‍ ശബരിമലയില്‍ പോകുന്ന കാര്യമറിഞ്ഞത്. നിങ്ങളെ നേരില്‍ കാണാനായി കാത്തിരിക്കുകയാ അദ്ദേഹം. : ഓഫീസര്‍ പറഞ്ഞു.

കണ്ണൂര്‍ രാഷ്ട്രീയത്തിലെ സിംഹമാണ് രാഘവന്‍. അവിടെ പാര്‍ട്ടിയിലെ ഏത് കാര്യത്തിനും അദ്ദേഹമാണ് അവസാന വാക്ക്. എതിരാളികള്‍ പോലും ഭയപ്പെടുന്ന അദ്ദേഹം അടുത്തിടെ നടന്ന മന്ത്രിസഭ പുനസംഘടനയില്‍ കൂടിയാണ് മന്ത്രിയായത്. എല്ലാ കടമ്പകളും കടന്ന് വിഐപി ലോഞ്ചിലെത്തുമ്പോള്‍ മന്ത്രി അക്ഷമയോടെ തന്നേ കാത്തിരിക്കുന്ന കാഴ്ചയാണ് ജോജിയെ വരവേറ്റത്. അയാളെ കണ്ടതോടെ മന്ത്രിയുടെ മുഖം തെളിഞ്ഞു. അദ്ദേഹം സോഫയില്‍ നിന്നെഴുന്നേറ്റ് അയാളെ സ്വീകരിച്ചു.

എന്താ സാര്‍ ? : ജോജി ചോദിച്ചു. മറുപടി പറയുന്നതിന് മുമ്പായി മന്ത്രി ചുറ്റുമുണ്ടായിരുന്നവരെ ഒന്നു നോക്കി. അതോടെ അവരെല്ലാം പുറത്തേക്കിറങ്ങി. രാഘവന്‍ ജോജിയുടെ കൈ പിടിച്ച് തന്‍റെയടുത്ത് സോഫയില്‍ ഇരുത്തി.

ജോജീ, നിങ്ങള്‍ക്ക് കാര്യങ്ങളൊക്കെ അറിയാമല്ലോ. ഇനി നിനക്കേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ : മന്ത്രി പറഞ്ഞപ്പോള്‍ അയാള്‍ ഒന്നും മനസിലാകാത്ത മട്ടില്‍ നോക്കി.

എനിക്കോ ? ഞാനെന്താ സര്‍ ചെയ്യേണ്ടത് ? : ജോജി ഇരിപ്പുറയ്ക്കാതെ ചോദിച്ചു.

നീ ശബരിമലയ്ക്ക് കൊണ്ടു പോകാമെന്നേറ്റ ആള്‍ക്കാര് അപ്പുറത്തുണ്ട്. ഒരു വിധത്തിലാ ഞാന്‍ അവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. എങ്ങനെയെങ്കിലും നീ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം. അടുത്ത ഫ്ലൈറ്റിന് തന്നെ തിരിച്ചു വിടുകയും വേണം : രാഘവന്‍ അയാള്‍ക്ക് മാത്രം കേള്‍ക്കാന്‍ പാകത്തില്‍ പതുക്കെ പറഞ്ഞു.

തിരിച്ചു വിടാനോ ? സ്ത്രീകളേ മല കയറ്റണമെന്നല്ലേ നിങ്ങള്‍ ഇത്രയും കാലം പറഞ്ഞു കൊണ്ടിരുന്നത് ? : ജോജി ഞെട്ടലോടെ ചോദിച്ചു.

എന്‍റെ പൊന്നു ജോജീ, നീ എന്തറിഞ്ഞിട്ടാ ഈ പറയുന്നത് ? മറ്റുള്ളവര്‍ കേറുന്നത് പോലെയാണോ ഇത് ? എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് കാണിച്ച് ഇവര്‍ മുഖ്യമന്ത്രിക്കു കൊടുത്ത മെമ്മോറാണ്ടത്തെ കുറിച്ച് നീയും വായിച്ചു കാണുമല്ലോ. ഇതിനും മാത്രം എവിടുന്നാ നമ്മുടെ കയ്യില്‍ പണം? അതൊക്കെ ചെയ്യാന്‍ തുടങ്ങിയാലേ പ്രളയത്തിന് വേണ്ടി പിരിച്ച ഫണ്ടൊക്കെ പോയി കിട്ടും. ഇനി മലയിറങ്ങിയതിന് ശേഷം ചെലവായ പൈസ കിട്ടണമെന്ന് പറഞ്ഞ് ഇവര് ക്ലിഫ് ഹൌസിന് മുന്നില്‍ കുത്തിയിരുന്നാല്‍ എന്ത് ചെയ്യും ? തല്ലിയോടിക്കാന്‍ പറ്റുമോ ? : മന്ത്രി ഓരോന്നായി ചോദിച്ചാല്‍ അത് ശരിയാണെന്ന് ജോജിക്കും തോന്നി.

മുഖ്യമന്ത്രിയാണെങ്കില്‍ ആകെ ബേജാറിലാ. പ്രളയം, ശബരിമല എന്നിങ്ങനെ ആകപ്പാടെ പ്രശ്നമാ. ഉള്ളതാണെങ്കില്‍ ചെലവിന് പോലും തികയുന്നുമില്ല. അതിനിടയില്‍ എന്തെങ്കിലും ഫണ്ട് തരണമെന്ന് പറഞ്ഞ് ഡല്‍ഹിയില്‍ ചെന്നപ്പോള്‍ അവിടെ അതിലും വലിയ പുകില്. രണ്ട് പ്രതിമയുണ്ടാക്കി, ഇനി അടുത്തതിന് വേണ്ടി എവിടെ നിന്ന് പൈസ ഉണ്ടാക്കും എന്നാ അങ്ങേരുടെ ടെന്‍ഷന്‍. അതുകൊണ്ട് ഇപ്പോള്‍ വന്നിരിക്കുന്നവരുടെ കാര്യം നീ എങ്ങനെയെങ്കിലും ഹാന്‍റില്‍ ചെയ്യണം. പുറത്തിറങ്ങിയാല്‍ പ്രശ്നമുണ്ടാക്കാനായി അവന്മാര് നോക്കിയിരിക്കുകയാ. നീ ഞങ്ങളെ ധര്‍മസങ്കടത്തിലാക്കരുത് : രാഘവന്‍ പറഞ്ഞ് നിര്‍ത്തി. അദ്ദേഹം ഗ്ലാസ് ഡോറിന് നേരെ നോക്കിയപ്പോള്‍ ഉദ്യോഗസ്ഥര്‍ അകത്തേയ്ക്ക് വന്നു. അതോടെ മന്ത്രി എഴുന്നേറ്റു. പിന്നാലെ ജോജിയും.

ഞാന്‍ വേണ്ടത് ചെയ്യാം സര്‍………….. : ജോജി തൊഴുകൈയോടെ അങ്ങനെ പറഞ്ഞ് വാതില്‍ക്കലേയ്ക്ക് തിരിഞ്ഞു.

ശരി ജോജി, : പ്രത്യാഭിവാദ്യം ചെയ്ത് മന്ത്രി അയാളെ യാത്രയാക്കി.

വെയിറ്റിങ് ലോഞ്ചിനടുത്തുള്ള തുറസ്സായ സ്ഥലത്ത് തന്നേയും പ്രതീക്ഷിച്ചിരിക്കുന്ന ക്ലയന്‍റ്സിനെ ജോജി ദൂരെ നിന്നേ കണ്ടു. അഞ്ചു സ്ത്രീകളാണ് സംഘത്തിലുള്ളത്. പക്ഷേ പ്രധാന കഥാപാത്രമായ മാധവിയെ ആ കൂട്ടത്തില്‍ കണ്ടില്ല. അവരുടെ കൂടെയുണ്ടായിരുന്ന ടൂര്‍ ഓപ്പറേറ്ററുടെ സഹായി ജോജിയെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തി. തിരിച്ച് അവരുടെ പേരുകള്‍ പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അയാള്‍. അപ്പോഴാണ് മുകളില്‍ നിന്ന് എസ്ക്കലേറ്ററില്‍ മുകളിലേക്ക് പോകുന്ന നായികയെ ജോജി കണ്ടത്. ഒരുപക്ഷേ അവര്‍ പതിനെട്ടാം പടി കയറാനുള്ള പ്രാക്ടീസ് ചെയ്യുകയായിരിക്കുമെന്ന് അയാള്‍ മനസില്‍ പറഞ്ഞു.

കൂടെയുണ്ടായിരുന്ന ഒരു സ്ത്രീ എന്തോ ചോദിച്ചപ്പോള്‍ ജോജി മനസ് കൊണ്ട് എസ്ക്കലേറ്ററിലൂടെ സഞ്ചരിക്കുകയായിരുന്നു.

എന്താ ? : അയാള്‍ പെട്ടെന്നു ശ്രദ്ധ തിരിച്ച് സഹായിയോടായി ചോദിച്ചു.

ഇനി സമയം കളയണ്ട, പോകാം എന്നാ അവര് പറയുന്നത് : സഹായി പറഞ്ഞു, : തിരിക്കുന്നതിന് മുമ്പായി പോലീസിന്‍റെ അനുവാദം വാങ്ങിക്കണം. റൂട്ട് ക്ലിയര്‍ ചെയ്യണമല്ലോ.

വാങ്ങിക്കാം. ഞാനിപ്പോ വരാം. : ജോജി അത്രയും പറഞ്ഞ് എസ്ക്കലേറ്ററിലൂടെ ധൃതിയില്‍ മുകളിലേക്ക് നടന്നു. അയാള്‍ അത്രയ്ക്ക് അക്ഷമനാണെന്ന് ആ പ്രവര്‍ത്തി തെളിയിച്ചു.

മുകളിലെ ഷോപ്പിങ് എരിയയിലെ ഒരു ഒഴിഞ്ഞ കോറിഡോറില്‍ വച്ചാണ് അയാള്‍ മാധവിയെ വീണ്ടും കണ്ടത്.

മേം ജോജി. ആപ്കാ ടൂര്‍ ഗൈഡ് ടു ശബരിമല : അടുത്ത് മുഖാമുഖം കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു. അവരുടെ മുഖം തെളിഞ്ഞെങ്കിലും അയാള്‍ വൈകിയതില്‍ ഒരു ചെറിയ നീരസമുണ്ടെന്ന് ആ ഭാവം വിളിച്ചു പറഞ്ഞു.

എന്നാല്‍ ശരി, നമുക്ക് പോകാം. ഞാന്‍ പറഞ്ഞത് പോലെ എല്ലാ സൌകര്യവും ഒരുക്കിയിട്ടുണ്ടല്ലോ : യുവതി ഹിന്ദിയില്‍ അങ്ങനെ ചോദിച്ച് മുന്നോട്ട് നടക്കാന്‍ ഭാവിച്ചു. എല്ലാം ശരിയാക്കിയിട്ടുണ്ടെന്ന മട്ടില്‍ ആദ്യം തലയാട്ടിയെങ്കിലും അവര്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ ജോജി മുട്ടു കുത്തി നിലത്തിരുന്നു.

എന്‍റെ പൊന്നു പെങ്ങളേ, രക്ഷിക്കണം : അയാള്‍ കൈക്കൂപ്പി കൊണ്ട് യാചനാ സ്വരത്തില്‍ പറഞ്ഞപ്പോള്‍ യുവതി എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ പകച്ച് പുറകോട്ട് മാറി.

നീ എന്താ ഈ കാണിക്കുന്നത് ? : അവര്‍ പിന്നോട്ട് മാറിക്കൊണ്ട് ചോദിച്ചു.

ഇനി എന്നെ രക്ഷിക്കാന്‍ നിങ്ങള്‍ക്കേ കഴിയൂ. നിങ്ങള്‍ പൂനെയിലെ ഒരു വലിയ തമ്പുരാട്ടിയാണെന്നെനിക്കറിയാം. മറ്റുള്ളവരുടെ കഷ്ടപ്പാട് കേട്ടാല്‍ മനസിലാകുന്നവരാണല്ലോ നിങ്ങള്‍ കൊട്ടാരത്തിലുള്ളവര്‍. അതുകൊണ്ട് ഞാന്‍ കാല് പിടിക്കുകയാ, എന്നെ കൊലയ്ക്ക് കൊടുക്കരുത്. ഞാന്‍ ഒരുപാട് പ്രശ്നക്കാരെ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ ഇതങ്ങനെയല്ല. അതുകൊണ്ട് നിങ്ങള്‍ തിരിച്ചു പോകണം…………… : ജോജി പതുക്കെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

നീയെന്താ ഈ പറയുന്നത് ? എനിക്കൊന്നും മനസിലാകുന്നില്ല. ഹിന്ദിയില്‍ പറ………….. : മാധവി പറഞ്ഞു.

ടെന്‍ഷനിടയില്‍ ഹിന്ദിയും ഇംഗ്ലീഷുമെല്ലാം എന്‍റെ കയ്യില്‍ നിന്ന് പോയി. ഒണ്‍ലി മലയാളം. വോ തോ ബഹുത്ത് ഡെയ്ഞ്ചറസ് ആദ്മി ഹേ. ആപ് വാപ്പസ് ജാനാ ഹോഗാ,…………….  : അയാള്‍ പറഞ്ഞു.

ക്യാ ?

ഹോ, പുറത്തിറങ്ങിയാല്‍ നാമാജപക്കാര്, മുകളില്‍ ശ്രീകൃഷ്ണ പരുന്ത്. ഇവരെ വെട്ടിച്ച് അയ്യപ്പന് പോലും മല കയറാന്‍ പറ്റില്ലെന്ന് ഇവരെ എങ്ങനെയാ പറഞ്ഞ് മനസിലാക്കുന്നത്  ? : ജോജി സ്വയം ചോദിക്കുന്നത് കേട്ടപ്പോള്‍ മാധവി ദേഷ്യത്തോടെ അയാളുടെ ഷര്‍ട്ടില്‍ പിടിച്ച് പുറകോട്ടു വലിച്ചു.

സത്യം പറ, നീ ഞങ്ങളെ കൊണ്ട് പോകാനാണോ അതോ യാത്ര മുടക്കാനാണോ വന്നത് ? പുറത്തിരിക്കുന്ന സ്ത്രീ വിദ്വേഷികളില്‍ ഒരുത്തനല്ലേ നീയും ? : അവര്‍ ചോദിച്ചപ്പോള്‍ ജോജി വീണ്ടും വിഷമവൃത്തത്തിലായി.

എന്ത് വിദ്വേഷം ? അതൊക്കെ കല്യാണം കഴിഞ്ഞിട്ടുള്ളവര്‍ക്കല്ലേ ? അയാം സ്റ്റില്‍ എ ബാച്ചലര്‍……… : അയാള്‍ പറഞ്ഞു.

അതൊക്കെ പോട്ടെ നിങ്ങളെന്തിനാ ഇപ്പോള്‍ ശബരിമലയ്ക്ക് പോകുന്നത് ? : ജോജി അടവ് മാറ്റിക്കൊണ്ട് പെട്ടെന്നു ചോദിച്ചു.

അത് സ്ത്രീ സമത്വത്തിന് വേണ്ടി………… : എല്ലാം നിനക്കറിയാമല്ലോ എന്ന മട്ടില്‍ മാധവി മറുപടി കൊടുത്തു, : ഞങ്ങള്‍ കേറാന്‍ പാടില്ല എന്ന് പറയുന്ന അമ്പലങ്ങളിലും പള്ളികളിലും കോടതി വഴി അനുവാദം വാങ്ങിച്ച് കേറുന്നതാണ് ഈ ബ്രിഗേഡിന്‍റെ ഒരു രീതി. പുരുഷന്‍മാര്‍ക്ക് ഒരു നീതിയും സ്ത്രീകള്‍ക്ക് മറ്റൊരു നീതിയും എന്നത് ശരിയല്ലല്ലോ.

ശരിയാണ്………….. : ജോജി കൂടെ നടക്കുന്നതിനിടയില്‍ പറഞ്ഞു.

ങേ ? : യുവതി പെട്ടെന്ന് തിരിഞ്ഞു നിന്നു.

അല്ല, നിങ്ങള്‍ പറഞ്ഞത് ശരിയാണെന്നാ ഞാന്‍ പറഞ്ഞത്……….. : അയാള്‍ മുഴുമിപ്പിച്ചതോടെ അവര്‍ ശാന്തയായി.

നാട്ടില്‍ മുഴുവന്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും സ്ത്രീധന പീഡനങ്ങളും വര്‍ദ്ധിച്ചു വരുകയാണ്. അതിനെതിരെ നിങ്ങള്‍ എന്താണ് ചെയ്യുന്നത് ? : ജോജിയുടെ ആ ചോദ്യം ഇഷ്ടപ്പെടാത്ത മട്ടില്‍ മാധവി അയാളെ നോക്കി.

അത് ഞങ്ങളുടെ ജോലിയല്ല, : അവര്‍ അറുത്തു മുറിക്കുന്ന പോലെ പറഞ്ഞു.

ഓ ശരിയാണ്. നിങ്ങള്‍ ഭക്തിയിലാണല്ലോ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് : അയാള്‍ സ്വയം പറഞ്ഞത് മുഴുവനായി മനസിലായില്ലെങ്കിലും ഇനി ആ സംസാരം തുടര്‍ന്നിട്ടു കാര്യമില്ലെന്ന ഭാവത്തില്‍ മാധവി കയ്യും കെട്ടി മാറി നിന്നു. അതോടെ ജോജി വീണ്ടും റൂട്ട് മാറ്റി.

പെങ്ങളേ, നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറയുകയാ. അവിടെ ഇപ്പോള്‍ ജ്യോതിയുമില്ല ഒരു മണ്ണാങ്കട്ടയുമില്ല. പണ്ട് ഇതേപോലൊരു മണ്ഡല കാലത്ത് ഞാന്‍ ഒരു തമ്പുരാട്ടിക്കുട്ടിയെയും കൊണ്ട് മല കയറിയതാ. പക്ഷേ തിരിച്ചിറങ്ങുമ്പോള്‍ അവളുടെ മുന്നില്‍ വലിയൊരാന. ഭാഗ്യം കൊണ്ടാ അവള്‍ രക്ഷപ്പെട്ടത്. അങ്ങനെ സംഭവിച്ചാല്‍ അറിയാമല്ലോ ശബരിമല ഒരു കാനന ക്ഷേത്രമാണ്. മൃഗങ്ങളെ ഒന്നും ചെയ്യാന്‍ പാടില്ലെന്ന് കോടതി ഉത്തരവുണ്ട്. പോരാത്തതിന് എല്ലാം കണ്ടും കെട്ടും മേനകാ ഗാന്ധി മുകളില്‍ ഇരിക്കുന്നുമുണ്ട്. അതുകൊണ്ട് പെങ്ങള്‍ പോയിട്ട് മകര വിളക്ക് സമയത്ത് വാ. അപ്പോ നമുക്ക് ജ്യോതിയും കാണാം. അയ്യപ്പനെയും കാണാം : ജോജി പറഞ്ഞു.

അതിനെന്താ അപ്പോ ഞാന്‍ വീണ്ടും വരാം : യുവതി :കൂസലില്ലാതെ പറഞ്ഞു.

അയ്യോ, ഞാന്‍ ഈ കൊച്ചിനെ എന്തു പറഞ്ഞാ മനസിലാക്കുക ? നടയുടെ താക്കോല്‍ ആ തന്ത്രി മുണ്ടിന്‍റെ കൊന്തലയില്‍ കെട്ടി നടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. അതാണെങ്കില്‍ അയാളൊട്ടു താഴോട്ട് വയ്ക്കുന്നുമില്ല, ദേവസ്വം ബോര്‍ഡിന്‍റെ കയ്യിലാണെങ്കില്‍ അതിന്‍റെ ഡ്യൂപ്ലിക്കേറ്റുമില്ല. നിങ്ങള്‍ കയറിയാല്‍ ആ നിമിഷം നടയടയ്ക്കുമെന്നാ അയാള്‍ പറഞ്ഞത്.

ഞങ്ങളാ ഡ്യൂപ്ലിക്കേറ്റ് എങ്ങനെയെങ്കിലും ഉണ്ടാക്കട്ടെ. എന്നിട്ട് ഞങ്ങള്‍ കൊച്ചിനെ അവിടെ മുന്നില്‍ കൊണ്ട് പോയി നിര്‍ത്താം. മതിവരുവോളം കണ്ടിട്ട് ഇറങ്ങിയാല്‍ മതി. എന്തേ? അതു വരെ, അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്. ഇന്ന് കാലത്ത് തമിഴ്നാട്ടില്‍ നിന്ന് എന്‍റെ ഒരു ഫ്രണ്ട് വിളിച്ചിരുന്നു. ഒരു മുനിയാണ്ടി. ശബരിമലയുടെ കാര്യം പറഞ്ഞപ്പോള്‍ അവന്‍ എന്നോടു പറയുകയാ, ഇവിടെ ഇങ്ങനെയൊക്കെ നടക്കും. പക്ഷേ അവരുടെ നാട്ടില്‍ ഒരു ഉല്‍സവമുണ്ടത്രേ. അതില്‍ സ്ത്രീകളെ ഏഴയലത്ത് പോലും അടുപ്പിക്കില്ലെന്ന് വെല്ലുവിളിക്കുന്നത് പോലെയാ അവന്‍ എന്നോടു പറഞ്ഞത്. കേട്ടപ്പോള്‍ എന്‍റെ ചോര തിളച്ചു. പക്ഷേ എന്ത് ചെയ്യാന്‍ ? : തെല്ല് നിരാശയോടെ ജോജി പറഞ്ഞപ്പോള്‍ മാധവി ഇടയ്ക്ക് കയറി ചോദിച്ചു.

അതേതാ അങ്ങനെയൊരു ഉല്‍സവം ?

ജോജി തിരിഞ്ഞു അവളെ നോക്കി എന്തോ പറയാന്‍ ഭാവിച്ചു.

അത്………… അല്ലെങ്കില്‍ വേണ്ട, സുപ്രീം കോടതി 2006ല്‍ വിധിച്ചിട്ടു നടക്കാത്ത കാര്യമാ. അത് വെറുതെ നമ്മള്‍ പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് ജ്യോതിയെ കുറിച്ച് സംസാരിക്കാം : അയാള്‍ ആ ചോദ്യം അവഗണിച്ച് മുന്നോട്ട് നടക്കാന്‍ തുടങ്ങി.

ജ്യോതിയൊക്കെ അവിടെ നില്‍ക്കട്ടെ, നിങ്ങള്‍ ഞാന്‍ ചോദിച്ചതിന് മറുപടി പറ. ഞങ്ങള്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ആ ഉല്‍സവം ഏതാണ് ? : മാധവി വീണ്ടും ചോദിച്ചപ്പോള്‍ ജോജി ആ മുഖത്തേയ്ക്ക് നോക്കി.

ജെല്ലിക്കെട്ട്………… : ഒരു നിമിഷത്തെ മൌനത്തിന് ശേഷം അയാള്‍ പതുക്കെ പറഞ്ഞു.

ഡൂ യൂ മീന്‍ കാളപ്പോര്? : യുവതിയുടെ മറുചോദ്യം പെട്ടെന്നായിരുന്നു.

യെസ്. പക്ഷേ അത് പറയുന്നത്ര വലിയ സംഭവമൊന്നുമല്ല. ഒരിക്കല്‍ ഇത് പോലൊരു കാളപ്പോരില്‍ എന്‍റെ നന്ദിനിക്കുട്ടിയും പങ്കെടുത്തിട്ടുണ്ട്.  ഊട്ടിയില്‍ വച്ച്. പുഷ്പം പോലെയല്ലേ അവള്‍ അതിനെ കീഴ്പ്പെടുത്തിയത്. (കാളയുടെ കുത്തേറ്റു നന്ദിനിക്കുട്ടി കിടക്കുന്ന രംഗം അയാളുടെ മനസില്‍ തെളിഞ്ഞു) പക്ഷേ……………… നിങ്ങളെ കൊണ്ടൊന്നും……………… : അവളെ അടിമുടി നോക്കിയതിന് ശേഷം അത് നടക്കാത്ത കാര്യമാണെന്ന മട്ടില്‍ ജോജി നിഷേധാര്‍ഥത്തില്‍ മുഖം വെട്ടിച്ചു, :

ഇതൊന്നും നിങ്ങള്‍ നോര്‍ത്ത് ഇന്ത്യന്‍സിന് പറഞ്ഞിട്ടുള്ളതല്ല, : അയാളുടെ വാക്കുകള്‍ മാധവിയെ വീണ്ടും പ്രകോപിപ്പിച്ചു.

ഞങ്ങള്‍ നോര്‍ത്ത് ഇന്ത്യന്‍സ് നിങ്ങള്‍ മല്ലൂസിനെക്കാള്‍ എന്തുകൊണ്ടും ഭേദമാണ്. ഏതായാലും അടുത്ത പ്രാവശ്യത്തെ ജെല്ലിക്കെട്ടില്‍ ഞാനും പങ്കെടുക്കുന്നുണ്ട്. എന്നെക്കൊണ്ട് എന്തൊക്കെ സാധിക്കുമെന്ന് നീ അവിടെ വന്ന് നോക്ക്……………….. : അവര്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.

എയ്, അതൊന്നും ഇനി നടക്കില്ല.

?

ഇന്ന് വൈകുന്നേരമാണ് ഇക്കൊല്ലത്തെ ജെല്ലിക്കെട്ട് തുടങ്ങുന്നത്. അത് കഴിഞ്ഞാല്‍ പിന്നെ രണ്ടു വര്‍ഷം കഴിയണം : ജോജി പറഞ്ഞു.

ഓ മൈ ഗോഡ്. അപ്പോ ഇനി എന്ത് ചെയ്യും? : യുവതി ഒന്നു ഞെട്ടി.

ശബരിമല ഇവിടെ തന്നെയുണ്ടാകും, എല്ലാ ഒന്നാം തീയതിയും ഇവിടെ വരാം. പക്ഷേ ഇതങ്ങനെയല്ലല്ലോ : അയാള്‍ പറഞ്ഞു.

യെസ്, : എന്ത് ചെയ്യണമെന്നറിയാതെ മാധവി അങ്ങോട്ടും ഇങ്ങോട്ടും നോക്കി.

തമിഴ്നാട്ടിലേക്കുള്ള അടുത്ത ഫ്ലൈറ്റ് എപ്പോഴാണ് ? : ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം അവര്‍ ചോദിച്ചു.

മധുരയ്ക്കു ഇപ്പോള്‍ ഒരു ഫ്ലൈറ്റുണ്ട്. അവിടെ നിന്ന് ജെല്ലിക്കെട്ട് നടക്കുന്ന സ്ഥലത്തേയ്ക്ക് കുറച്ചു ദൂരമേയുള്ളൂ. : വാച്ചിലേക്ക് നോക്കിക്കൊണ്ട് ജോജി പറഞ്ഞു, :

നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ അവിടെ എന്‍റെയൊരു ഫ്രണ്ടുണ്ട്. ഒരു ബെല്ലാരി രാജ. മൂപ്പര് ഈ കാളപ്പോരിന്‍റെയൊക്കെ ആളാണ്. ഞാന്‍ വേണമെങ്കില്‍ വിളിച്ചു പറയാം.

മാധവിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.

താങ്ക് യൂ, ഇറ്റ് വില്‍ ബീ എ വാല്യുവബിള്‍ ഹെല്‍പ്. ഞാന്‍ വേഗം ചെന്ന് മറ്റുള്ളവരോട് കാര്യം പറയട്ടെ, : അയാളുടെ അനുവാദത്തിന് കാത്തു നില്‍ക്കാതെ അവര്‍ ധൃതിയില്‍ പടവുകള്‍ക്ക് നേരെ നടന്നു.

ഹിയ്യാ, :

അവള്‍ താഴേയ്ക്ക് പോയതും ജോജി കൈകള്‍ മടക്കി വിജയ സൂചകമായി അട്ടഹസിച്ചു. ആള്‍ക്കാര്‍ നോക്കുന്നത് കണ്ടപ്പോഴാണ് അയാള്‍ക്ക് സ്ഥലകാല ബോധം വന്നത്. അതോടെ എല്ലാവരെയും നോക്കി ഒന്നും സംഭവിക്കാത്ത മട്ടില്‍ ജോജി താഴേയ്ക്കിറങ്ങി. ദൂരെ മാധവി സുഹൃത്തുക്കളോട് സംസാരിക്കുന്നതും തുടര്‍ന്നു അവരെയും കൊണ്ട് ടിക്കറ്റ് എടുക്കാനായി ഓടുന്നതും അയാള്‍ കണ്ടു. പെട്ടെന്നാണ് അയാളുടെ മൊബൈല്‍ ശബ്ദിച്ചത്. നോക്കിയപ്പോള്‍ നിശ്ചലിന്‍റെ നമ്പറാണ്. അറ്റന്‍റ് ബട്ടണ്‍ പ്രസ്സ് ചെയ്തതും  അയാളുടെ ശബ്ദം ജോജിയുടെ കാതുകളിലേക്ക് ഒഴുകിയെത്തി.

അളിയാ, നീ പോയി കഴിഞ്ഞപ്പോഴാ അവിടെ ആകപ്പാടെ കുഴപ്പമാണെന്ന് ഞാനറിഞ്ഞത്. അതുകൊണ്ട് നീ ഒറ്റയ്ക്ക് പോകണ്ട. ഞാന്‍ ഇപ്പോള്‍ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാ. എന്ത് വന്നാലും നമുക്ക് ഒരുമിച്ച് നേരിടാമെടാ.

നീ ഇപ്പോള്‍ എവിടെയെത്തി ? : ജോജി ചോദിച്ചു.

ഞാന്‍ ഇപ്പോള്‍ സിഗ്നലിലാ, ആ എലഗന്‍റ് ബാറിന്‍റെയടുത്ത്.

മതി. ഇനി വേണ്ട. നീ തിരിച്ചു പോ……………

എന്താ അളിയാ? : നിശ്ചല്‍ ചോദിച്ചു.

മിഷന്‍ അബോര്‍ട്ടട്.

എന്നു വച്ചാല്‍ ?

എടാ, ഞാനവരെ പാക്ക് ചെയ്തുവെന്ന്.

ങേ, എങ്ങോട്ട് ? : നിശ്ചല്‍ ആകാംക്ഷയോടെ ചോദിച്ചു.

ഇതിലും കുഴപ്പം പിടിച്ച ഒരു സ്ഥലത്തേക്ക്………….. : മച്ചില്‍ ഒളിച്ചിരുന്ന നന്ദിനിക്കുട്ടിയെ താഴേയ്ക്ക് ചാടിച്ച് ഒഴിഞ്ഞു മാറിയ അതേ വൈഭവത്തോടെ ജോജി പറഞ്ഞു. എല്ലാം മനസില്‍ കണ്ട് പൊട്ടിച്ചിരിക്കാന്‍ തുടങ്ങിയെങ്കിലും പരിസരം കണ്ടപ്പോള്‍ അയാള്‍ ആത്മസംയമനം പാലിച്ചു.

സത്യമാണോ ? എങ്കില്‍ ഞാനൊരു ഫുള്‍ മേടിക്കാം. നമുക്കിന്ന് അടിച്ചു പൊളിക്കാം. ഫുള്‍ ചെലവ് എന്‍റെ വക…………. : നിശ്ചല്‍ സന്തോഷത്തോടെ പറഞ്ഞു.

വേണ്ട, നമ്മള്‍ ഇന്ന് മുതല്‍ കഴിക്കുന്നില്ല. നോ ആല്‍ക്കഹോള്‍. ഒണ്‍ലി വെജിറ്റേറിയന്‍…………. : ജോജി പറഞ്ഞപ്പോള്‍ നിശ്ചലിന് മനസിലായില്ല.

ങേ അതെന്ത് ?

എടാ, ഞാന്‍ ഇന്ന് മുതല്‍ വൃതം എടുക്കുകയാണ്. ഞാന്‍ മാത്രമല്ല നീയും. അടുത്ത ഒന്നാം തീയതി നമുക്ക് ശബരിമലയ്ക്ക് പോകാം. ആള്‍ക്കാരെ പറ്റിച്ചും പിടിച്ചു പറിച്ചും നീ കുറെ പാപങ്ങള്‍ ചെയ്തിട്ടില്ലേ? അതൊക്കെ നിനക്ക് ഇങ്ങനെ കഴുകി കളയാം.

ഞാന്‍ ചെയ്ത പാപങ്ങളൊക്കെ നിന്നെ പോലൊരു കുരിശിനെ ചുമക്കുന്നത് കൊണ്ട് പോയെന്നെനിക്കറിയാം. എന്നാലും നീ പറഞ്ഞത് നല്ലൊരു കാര്യമായത് കൊണ്ട് സമ്മതിച്ചിരിക്കുന്നു. അതുകൊണ്ട് തിരിച്ചു വരുന്നത് വരെ വീട്ടിലെ പാചകത്തിന്‍റെ മുഴുവന്‍ ചുമതലയും നിനക്ക് തന്നിരിക്കുന്നു. വീട്ടില്‍ ചൊറിയും കുത്തി ചുമ്മാതിരിക്കുകയല്ലേ  ? അങ്ങനെയെങ്കിലും ആ ദേഹമൊന്നനങ്ങട്ടെ, : നിശ്ചല്‍ പരിഹാസ രൂപേണ പറഞ്ഞു.

ചൊറിയും കുത്തി ചുമ്മാതിരിക്കുന്നത്……………… അല്ലെങ്കില്‍ വേണ്ട, വൃതമാണല്ലോ. സ്വാമിയേ ശരണമയ്യപ്പ………………. ഞാന്‍ വന്നിട്ട് നിനക്കുള്ള ഡോസ് നേരിട്ട് തരാം, : ഫോണ്‍ കട്ട് ചെയ്തുകൊണ്ട് ജോജി പറഞ്ഞു. ഇടതു വശത്തെ ഗ്ലാസ് ചുവരുകളിലൂടെ നോക്കിയപ്പോള്‍ കൊച്ചിയില്‍ നിന്ന് മധുരയ്ക്കുള്ള ഇന്‍ഡിഗോയുടെ ഫ്ലൈറ്റ് പറന്നുയരുന്നത് അയാള്‍ കണ്ടു.

മാധവിയും സംഘവും കളം വിട്ടതോടെ പിരിമുറുക്കം മാറി തെളിഞ്ഞ മനസോടെ നില്‍ക്കുന്ന പോലീസുകാരെയും യാത്രികരെയും മറികടന്ന് അയാള്‍ പുറത്തേയ്ക്ക് നടന്നു. അപ്പോഴും പുറത്ത് ശരണം വിളി തുടരുകയായിരുന്നു. തടിച്ചു കൂടി നിന്ന മാധ്യമ പ്രവര്‍ത്തകരുടെയും ഭക്ത ശിരോമണികളുടെയും ഇടയിലൂടെ ഒരപരിചിതനെ പോലെ തിരക്കിലേക്ക് ഊളിയിട്ട അയാള്‍ സ്റ്റോപ്പില്‍ നിന്ന് മുന്നോട്ടെടുത്ത കൊച്ചിയിലേക്കുള്ള ഒരു ലോ ഫ്ലോര്‍ ബസിന്‍റെ ബാക്ക് ഡോര്‍ വഴി അകത്തേയ്ക്ക് ചാടിക്കയറി.

The End

Read 1962 അല്ല 2017 (കഥ)

Leave a Comment

Your email address will not be published. Required fields are marked *