
യുദ്ധ ചിത്രങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ പലരും. ത്രസിപ്പിക്കുന്ന യുദ്ധ തന്ത്രങ്ങളും പോരാട്ടവീര്യവും നിറഞ്ഞു നിൽക്കുന്ന ഒട്ടനവധി സിനിമകളാണ് ഹോളിവുഡിൽ നിന്ന് മാത്രം വന്നിട്ടുള്ളത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ദി പിയാനിസ്റ്റ്, പ്ലാറ്റൂൺ, ഫുൾ മെറ്റൽ ജാക്കറ്റ്, സേവിങ് പ്രൈവറ്റ് റയാൻ, എന്നിങ്ങനെയുള്ള വിഖ്യാത സിനിമകൾ നിരൂപകരുടെയും ആസ്വാദകരുടെയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റിയവയാണ്. വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ആ സിനിമകൾ യുദ്ധത്തിൻറെ കെടുതികളും സൈനികരുടെ ആത്മസമർപ്പണവും ജീവത്യാഗവുമെല്ലാം ജനമനസുകളെ ആഴത്തിൽ സ്പർശിക്കുന്ന വിധത്തിലാണ് അവതരിപ്പിച്ചത്.
മറ്റ് ഭാഷാ സിനിമകൾക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ബഡ്ജറ്റിലാണ് ഓരോ ഹോളിവുഡ് സിനിമയും പുറത്തിറങ്ങുന്നത്. അതുകൊണ്ടുതന്നെ കോടികൾ വാരിയെറിഞ്ഞ് യുദ്ധരംഗങ്ങൾ പുനഃ:സൃഷ്ടിക്കാനും സാങ്കേതികത്തികവോടെ സിനിമകൾ പുറത്തിറക്കാനും അവർക്ക് നിസാരമായി സാധിക്കും. എന്നാൽ ഹോളിവുഡിനെ അപേക്ഷിച്ച് മാർക്കറ്റ് ഷെയർ തുലോം കുറഞ്ഞ മറ്റ് ഭാഷ സിനിമകളുടെ കാര്യം അങ്ങനെയല്ല. വമ്പൻ മുതൽമുടക്ക് ആഗോള വിപണി സാധ്യതയെ ആശ്രയിച്ചിരുന്നത് കൊണ്ട് ഓരോ ഭാഷയിലും പുറത്തിറങ്ങുന്ന സിനിമകളുടെ കാൻവാസ് വ്യത്യാസപ്പെട്ടിരിക്കും.
ഹോളിവുഡ് കഴിഞ്ഞാൽ ലോകമെമ്പാടും ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഹിന്ദി സിനിമയ്ക്കാണ്. അവിടെ ഉറി, ബോർഡർ എന്നിങ്ങനെയുള്ള വിരലിൽ എണ്ണാവുന്ന യുദ്ധചിത്രങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് പ്രാദേശിക ഭാഷകളിൽ നിന്ന് സമാന ചിത്രങ്ങൾ പ്രതീക്ഷിക്കാനുമാവില്ല. അപ്പോൾ നാമ മാത്രമായ സാന്നിധ്യം മാത്രമുള്ള മലയാള ഭാഷയുടെ കാര്യമോ?
യുദ്ധ ചിത്രങ്ങൾ എന്ന് പറയാൻ പറ്റില്ലെങ്കിലും പട്ടാളക്കാരുടെ ജീവിതം പറയുന്ന ചില നല്ല സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. കീർത്തിചക്ര

മോഹൻലാലിനെ നായകനാക്കി മേജർ രവി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കീർത്തിചക്ര. കാശ്മീരിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തീവ്രവാദത്തിൻ്റെ ക്രൂരമുഖവും പട്ടാളക്കാരുടെ മാനുഷികതയും സാഹസികതയുമെല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ചു. അക്കാലത്ത് അപ്രാപ്യമായ ബഡ്ജറ്റിൽ നിർമിച്ച സിനിമ ഒരേ സമയം മലയാളം, തമിഴ് ഭാഷകളിലാണ് പുറത്തിറങ്ങിയത്. കീർത്തിചക്ര ആ വർഷം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. മോഹൻലാലിനെ കൂടാതെ തമിഴ് നടൻ ജീവ, ഷമ്മി തിലകൻ, ബിജു മേനോൻ, സന്തോഷ് ജോഗി, ഗോപിക, ലക്ഷ്മി ഗോപാലസ്വാമി, കൊച്ചിൻ ഹനീഫ എന്നിവർ അഭിനയിച്ച സിനിമ നിർമിച്ചത് സൂപ്പർഗുഡ് ഫിലിംസാണ്.
കുടുംബത്തിൽ നിന്നകന്ന്, അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ ജീവത്യാഗത്തെ കുറിച്ച് പലരും വാചാലരാകാറുണ്ട്. മേജർ മഹാദേവൻ്റെയും സഹപ്രവർത്തകരുടെയും ജീവിതക്കാഴ്ചകളിലൂടെ പ്രേക്ഷകർ അതെല്ലാം നേരിട്ടറിഞ്ഞു. പക്വവും ചടുലവുമായ അഭിനയത്തിലൂടെ മോഹൻലാൽ ഒരിക്കൽ കൂടി തെന്നിന്ത്യൻ പ്രേക്ഷകരെ മുഴുവൻ വിസ്മയിപ്പിച്ചു.
സിനിമയുടെ വാണിജ്യ വിജയം മഹാദേവനെ തുടർന്നുള്ള ചിത്രങ്ങളിലേക്കും പറിച്ചു നടാൻ സംവിധായകനെ പ്രേരിപ്പിച്ചെങ്കിലും അവയൊന്നും വിജയം കണ്ടില്ല. കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ദി ബോർഡേഴ്സ് എന്നിങ്ങനെയുള്ള പ്രസ്തുത ചിത്രങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ പട്ടാള വേഷങ്ങളിലെ മികച്ച പ്രകടനം കാരണം ലെഫ്റ്റനൻ്റ് കേണൽ പദവി ലാലിനെ തേടിയെത്തി. സച്ചിൻ ടെണ്ടുൽക്കർ, കപിൽ ദേവ്, മഹേന്ദ്ര സിംഗ് ധോണി തുടങ്ങിയ കായിക താരങ്ങൾക്കും ലെഫ്റ്റനൻ്റ് കേണൽ പദവി കിട്ടിയിട്ടുണ്ടെങ്കിലും സിനിമാമേഖലയിൽ നിന്ന് മോഹൻലാലിനു മാത്രമാണ് ആ അംഗീകാരം കിട്ടിയത്.
2. നായർസാബ്

മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം. ഡെന്നിസ് ജോസഫും ഷിബു ചക്രവർത്തിയും ചേർന്ന് തിരക്കഥ ഒരുക്കിയ നായർസാബ് 1989ലാണ് പുറത്തിറങ്ങിയത്. കാശ്മീരിലെ ആർമി ട്രെയിനിങ് സെൻറ്ററിൻ്റെ പശ്ചാത്തലത്തിലെടുത്ത സിനിമയിൽ ട്രെയിനർ മേജർ രവീന്ദ്രൻ നായരായി മമ്മൂട്ടി എത്തിയപ്പോൾ സുരേഷ്‌ഗോപി, മുകേഷ്, വിജയരാഘവൻ, സിദ്ദിക്ക്, ലാലു അലക്സ്, ദേവൻ, ഗീത, സുമലത, ലിസി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നിയമം കടുകിട തെറ്റിക്കാത്ത, കർക്കശക്കാരനായ പട്ടാള ഓഫിസറുടെ വേഷം മമ്മൂട്ടിയുടെ കയ്യിൽ ഭദ്രമായിരുന്നു. മഞ്ഞുമലകളിൽ സേവനമനുഷ്ഠിക്കുന്ന സൈനികരുടെ കഷ്ടപ്പാടുകളും ആയുധക്കടത്തിൻ്റെ അറിയപ്പെടാത്ത വഴികളും ചർച്ചയാക്കിയ നായർസാബ് മികച്ച സാമ്പത്തിക വിജയമാണ് നേടിയത്. ലിബർട്ടി പ്രൊഡക്ഷൻസാണ് സിനിമ നിർമിച്ചത്.
3. സൈന്യം

എയർഫോഴ്‌സിൻ്റെ പശ്ചാത്തലത്തിൽ ജോഷി- എസ് എൻ സ്വാമി ഒരുക്കിയ സൈന്യത്തിലും മമ്മൂട്ടിയാണ് നായകനായത്. 1994ൽ പുറത്തിറങ്ങിയ സിനിമയിൽ മുകേഷ്, സുകുമാരൻ, വിക്രം, പ്രിയ രാമൻ, മോഹിനി, ദിലീപ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.
ക്യാപ്റ്റൻ ഈശ്വർ എന്ന നായകനെയും അയാൾ രൂപം കൊടുത്ത റെഡ് അലർട്ട് എന്ന സവിശേഷമായ പ്രൊജക്റ്റിനെയും ചുറ്റിപ്പറ്റിയുള്ള കഥയിൽ തീവ്രവാദവും ചാരവൃത്തിയുമെല്ലാം വിഷയമായി. 1993 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനിരുന്ന സൈന്യം മമ്മൂട്ടിക്ക് ചിക്കൻ പോക്സ് പിടിപെട്ടത് കൊണ്ട് നീണ്ടു പോയി. അതോടെ നായികയായി നിശ്ചയിച്ചിരുന്ന കനകക്ക് പിൻഗാമി എന്ന സിനിമയുമായി ഡെയ്റ്റ് ക്ലാഷ് ഉണ്ടായതോടെ സൈന്യത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. അങ്ങനെ അനവധി തടസങ്ങൾ അതിജീവിച്ച് പുറത്തിറങ്ങിയ ചിത്രം അക്കാലത്തെ ഏറ്റവും വലിയ സൂപ്പർഹിറ്റായി മാറി.
4. പിക്കറ്റ് 43

മേജർ രവി രചനയും സംവിധാനവും നിർവഹിച്ച പിക്കറ്റ് 43യിൽ പ്രിഥ്വിരാജാണ് നായകനായത്. കശ്മീർ അതിർത്തിയിലെ ഒരു ഏകാംഗ പിക്കറ്റ് പോയിൻറിലെ ഗാർഡായ ഹരീന്ദ്രൻ നായർക്ക് ബക്കാർഡി എന്ന പരിശീലനം സിദ്ധിച്ച നായയും പണ്ടെപ്പോഴോ ‘അമ്മ അയച്ച കത്തുകളും മാത്രമാണ് കൂട്ടുള്ളത്. അതിനിടയിലെപ്പോഴോ അതിർത്തിക്കപ്പുറത്തുള്ള പാക്കിസ്ഥാൻ പിക്കറ്റ് പോയിൻറിലെ ഗാർഡായ മുഷറഫുമായി അയാൾ സൗഹൃദത്തിലാകുന്നു.
പ്രിഥ്വിരാജിനെ കൂടാതെ ജാവേദ് ജഫ്രി, രഞ്ജി പണിക്കർ, സുധീർ കരമന, ശോഭ മോഹൻ എന്നിവരാണ് സിനിമയിൽ അഭിനയിച്ചത്. ആദ്യം മോഹൻലാലിനെയാണ് പിക്കറ്റ് 43യിൽ നായകനായി നിശ്ചയിച്ചതെങ്കിലും ആ വേഷം തൻ്റെ പ്രായത്തിന് ചേരില്ലെന്ന കാരണത്താൽ അദ്ദേഹം വിമുഖത കാട്ടുകയായിരുന്നു. പിന്നീട് ലാൽ തന്നെയാണ് പ്രിഥ്വിരാജിനെ ഹവിൽദാറുടെ വേഷത്തിലേക്ക് നിർദേശിച്ചത്. തിയറ്റർ വിഹിതവും സാറ്റലൈറ്റ് റൈറ്റ്‌സും വഴി സിനിമ താരതമ്യേന മികച്ച സാമ്പത്തിക വിജയം നേടി.
Read നാല് പോലീസുകാര്‍