കുമുദവല്ലി കണ്ട കനവ് 2

malayalam humour

malayalam humour

രാവിലെ ഏഴു മണിക്ക് തന്നെ എഴുന്നേറ്റു.

പല്ല് തേച്ച് വന്നപ്പോഴേക്കും സഹായികളിലാരോ മുറിയില്‍ ചായയും ഉണ്ടന്‍ പൊരിയും എത്തിച്ചിരുന്നു. അത് കഴിച്ചതിന് ശേഷം പിയേഴ്സ് സോപ്പ് വച്ച് വിശദമായൊന്നു കുളിച്ചു, എന്നിട്ട് പുതിയ പട്ടു ചുരിദാറുമിട്ട് വരാന്തയില്‍ ഉലാത്താന്‍ തുടങ്ങി.

ജയിലാണത്രേ ജയില്‍.

ഓര്‍ത്തപ്പോള്‍ തന്നെ കുമുദവല്ലിയുടെ മനസ്സില്‍ ചിരി പൊട്ടി. ബംഗളൂരുവിലെ ഏതോ ഒരു റിസോര്‍ട്ടില്‍ വന്നത് പോലുണ്ട്.

വേലക്കാരി ആയിരുന്നാലും നീയെന്‍ മോഹവല്ലി.

മഹാകവി ജയകൃഷ്ണന്‍ പണ്ട് പാടിയത് അവര്‍ പെട്ടെന്നോര്‍ത്തു. അതൊരു കാലം. മേലെപ്പറമ്പില്‍ ആണ്‍ വീട്ടിലും വേദനിലയത്തിലുമൊക്കെ വേലക്കാരിയായിരുന്നത് ഇന്നലെ പോലെ ഓര്‍ക്കുന്നു. അവിടെ നിന്ന് എത്ര പെട്ടെന്നാണ് താന്‍ താന്‍ തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രി പദത്തിന്റെ അടുത്ത് വരെയെത്തിയത്. ഹോ. പക്ഷെ അവസാനം കപ്പിനും ചുണ്ടിനുമിടയില്‍ എല്ലാം നഷ്ടപ്പെട്ടു.

മാഡം, ഒരാള്‍ കാണാന്‍ വന്നിട്ടുണ്ട് : അകത്തേയ്ക്ക് വന്ന ഒരു പോലീസുകാരന്‍ താണ് വണങ്ങി ഭവ്യതയോടെ പറഞ്ഞു. ഒടിഞ്ഞു മടങ്ങിയുള്ള ആ നില്‍പ്പ് കണ്ടപ്പോള്‍ അതില്‍ കൂടുതല്‍ കുനിയാന്‍ അയാള്‍ക്ക് പറ്റില്ലെന്ന് തോന്നി.

ആരാണ് ? ഏതെങ്കിലും മന്ത്രിയായിരിക്കും. ആരായാലും കാണാന്‍ സൌകര്യമില്ലെന്ന് പറഞ്ഞേക്കൂ. നന്ദിയില്ലാത്ത പരിഷകള്‍. ഞാന്‍ അകത്താകാന്‍ കാത്തിരിക്കുകയായിരുന്നു പുകച്ച് പുറത്തു ചാടിക്കാന്‍ : ഗൌരവം വിടാതെ കുമുദവല്ലി പിറുപിറുത്തു.

അല്ല മാഡം, ആ മയില്‍വാഹനമാണ്. വെളുപ്പിനെ മുതല്‍ വന്നു നില്‍ക്കുകയാണ് : പോലീസുകാരന്‍ കൈ വായ്ക്ക് നേരെ പിടിച്ചു കൊണ്ട് പറഞ്ഞു.

ഉം. ശരി വരാന്‍ പറയൂ : അവര്‍ കല്‍പ്പിച്ചതും അയാള്‍ തിരികെ പുറത്തേയ്ക്ക് നടന്നു. മയില്‍വാഹനം ആരാണെന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. സംശയിക്കണ്ട, ആന്‍റി കിഡ്നാപ്പിംഗ് ഫോഴ്സിന്‍റെ തലവനായിരുന്ന അസിസ്റ്റന്റ് കമ്മിഷണര്‍ ദൊരൈസിങ്കം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്ധ്രയില്‍ വച്ച് കൊലപ്പെടുത്തിയ അതേ മയില്‍വാഹനം തന്നെ. അയാള്‍ അങ്ങനെ രക്ഷപ്പെട്ടു എന്നോര്‍ത്തൊന്നും ആരും തല പുകയ്ക്കണ്ട. തമിഴ് സിനിമയില്‍ ഇതൊന്നും പുത്തരിയല്ലല്ലോ. എംജിആറും രജനികാന്തുമൊക്കെ നൂറു കണക്കിന് വെടിയുണ്ടകള്‍ അതിജീവിച്ചവരാണ്. അത്രയും ബുള്ളറ്റുകള്‍ ദേഹത്ത് കയറിയിട്ടും ജീവനോടെയിരിക്കുന്ന വേറെയാരും ലോകത്തുണ്ടാകില്ല. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോന്‍ ഉന്‍ പോലും അസൂയയോടെ നോക്കിക്കാണുന്ന രണ്ടു വ്യക്തിത്വങ്ങള്‍. വെടിയുണ്ടകളും മിസൈലുകളും എന്തുകൊണ്ടാണ് അവര്‍ രണ്ടു പേരെയും ബാധിക്കാത്തത്‌ എന്ന് ശാസ്ത്രീയമായി പഠിക്കാന്‍ കിം ഗവേഷകരോട് ആവശ്യപ്പെട്ടെന്നും കേള്‍ക്കുന്നു. ചുരുക്കത്തില്‍ സിങ്കത്തിന്റെ വെടിയുണ്ടയില്‍ നിന്ന് മയില്‍വാഹനം അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് മാത്രം പറഞ്ഞാല്‍ മതിയല്ലോ. അദ്ദേഹം നേരെ ചെന്ന് കയറിയത് സിംഹത്തിന്‍റെ മടയിലാണ്. അഥവാ ആ സമയത്ത് കോടനാട്ടുണ്ടായിരുന്ന കുമുദവല്ലിയുടെ അടുത്താണ്. രണ്ടു പേരുടെയും റൂട്ട് ഒന്നായിരുന്നത് കൊണ്ട് പിന്നെയൊന്നും ആലോചിച്ചില്ല, എസ്റ്റേറ്റിന്‍റെ താക്കോല്‍ കയ്യില്‍ വച്ച് കൊടുത്തു. അന്ന് മുതല്‍ മയില്‍വാഹനം അവിടെ കുടികിടപ്പ് തുടങ്ങി. മുഖ്യമന്ത്രി ആയതിന് ശേഷം അയാളെ പോലിസ് ആസ്ഥാനത്തെ ഉപദേശകനാക്കണമെന്നും നഗരം മുഴുവന്‍ മഹിഷ്മതി പോലെ സ്വന്തം സാമ്രാജ്യമാക്കണമെന്നുമൊക്കെയായിരുന്നു കുമുദവല്ലിയുടെ മനസിലിരുപ്പ്. പക്ഷെ എല്ലാം വെറുതെയായി.

ഗ്രില്‍ വാതില്‍ തുറന്ന് ഒരു കൊമ്പന്‍ മീശയും പുറകെ ഒരാളും വരുന്നത് കണ്ടു. മയില്‍വാഹനമാണ്. അയാള്‍ ആകെ മാറിയിരിക്കുന്നു. മെലിഞ്ഞിട്ടുണ്ട്. ചില തമിഴ് നാട്ടു പ്രമാണിമാരെ പോലെയാണ് നടപ്പ്. മുണ്ടും ഷര്‍ട്ടുമാണ് വേഷം. കഴുത്തില്‍ ഷാള്‍ ധരിച്ചിരിക്കുന്നു. നെറ്റിയില്‍ വലിയ ഭസ്മക്കുറി. മിക്ക വിരലിലും മോതിരമുണ്ട്.

വണക്കം, അമ്മ……………. : അയാള്‍ കൈകൂപ്പി കൊണ്ട് ഓടി അടുത്ത് വന്ന് ആ കാല്‍ക്കല്‍ തൊട്ടു വന്ദിച്ചു. നേതാവ് അയാളെ അനുഗ്രഹിച്ചു. ആ സാമി ചെയ്യേണ്ടതാണ് ഈ മയില്‍ ചെയ്യുന്നത്. അവര്‍ മനസ്സില്‍ പറഞ്ഞു.

അമ്മ, എല്ലാം അറിഞ്ഞില്ലേ ? നമ്മുടെ വീടും അവര്‍ ഏറ്റെടുക്കാന്‍ പോകുകയാണെന്ന്. എങ്ങനെ സഹിക്കും അമ്മാ ഇത് ? : അയാള്‍ തമിഴില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് കരഞ്ഞു.

അവര്‍ തിരുമാനിക്കട്ടെ, മയില്‍ വാഹനം. തിരുമാനമേ ഉണ്ടാകൂ. നടപ്പാക്കാന്‍ അവരാരും സെന്റ്‌ ജോര്‍ജ് ഫോര്‍ട്ടിലുണ്ടാകില്ല. അതിന് മുമ്പ് നമ്മുടെ ആള്‍ക്കാര്‍ അവിടെ കേറിയിരിക്കും : ആത്മ വിശ്വാസം സ്ഫുരിക്കുന്ന ചിരിയോടെ ചിന്നമ്മ പറഞ്ഞപ്പോള്‍ മയില്‍വാഹനത്തിന്‍റെ മനസ് നിറഞ്ഞു.

അതു മതിയമ്മാ, എനിക്കത് കേട്ടാല്‍ മതി : അയാളുടെ കണ്ണും നിറഞ്ഞു.

എസ്റ്റേറ്റ് കാര്യങ്ങളൊക്കെ നന്നായി നടക്കുന്നില്ലേ, മയില്‍ വാഹനം ? : ഒരു പോലീസുകാരി കൊണ്ടു വന്ന കസേരയില്‍ ഇരിക്കുന്നതിനിടയില്‍ അവര്‍ പെട്ടെന്ന് ചോദിച്ചു.

Also Read കുമുദവല്ലി കണ്ട കനവ്- Part 1

ഉവ്വ്, അമ്മാ. അങ്ങയുടെ കാരുണ്യം കൊണ്ട് എല്ലാം ഭംഗിയായി നടക്കുന്നുണ്ട്. ചിന്നമ്മ എപ്പോഴാണ് ഇനി നാട്ടിലേക്ക് ? : ഷാള്‍ കൊണ്ട് മുഖത്തെ വിയര്‍പ്പ് തുടച്ചുകൊണ്ട് നിറഞ്ഞ ചിരിയോടെ മയില്‍വാഹനം തിരക്കി. അയാളുടെ പുതിയ വേഷവും ഭാവ പ്രകടനങ്ങളും, യജമാനഭക്തിയുമൊക്കെ കണ്ടാല്‍ ആരും സംശയിച്ചു പോകും ഇയാള്‍ തന്നെയാണോ പണ്ട് ചെന്നൈ നഗരത്തെയും ദൊരൈ സിങ്കത്തെയുമൊക്കെ വിറപ്പിച്ച ആ മാഫിയ തലവനെന്ന്. അയാള്‍ അത്രമാത്രം മാറിയിരിക്കുന്നു. പഴയ ധാര്‍ഷ്ട്യമോ എല്ലാം തന്‍റെ കൈപ്പിടിയിലാണെന്ന അഹംഭാവമോ ആ മുഖത്ത് കാണാനില്ല. പക്ഷെ ആപത് ഘട്ടത്തില്‍ രക്ഷിച്ച നേതാവിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് അയാളുടെ ഓരോ ചലനങ്ങളും വിളിച്ചു പറയുന്നു.

അധികം താമസിയാതെ ഉണ്ടാകും, മയില്‍വാഹനം. എല്ലാം പഴയ മട്ടിലാകും : കുമുദവല്ലി ദൃഡ നിശ്ചയം പോലെ പറഞ്ഞപ്പോള്‍ മയിലിന്‍റെ സന്തോഷം ഇരട്ടിച്ചു.

അത് മതിയമ്മാ, എന്നിട്ട് വേണം എനിക്കും അവിടെയൊന്ന് വരാന്‍. എനിക്ക് കുറച്ചു നാളായി വലിയൊരാഗ്രഹം, പഴയ സ്ഥലവും ആള്‍ക്കാരെയുമൊക്കെ അതായത് അമ്പത്തൂര്‍, താംബരം, പാരിസ് അവിടെയൊക്കെ ഒന്നു ചുറ്റി നടന്ന് കാണണമെന്ന്. കോയമ്പത്തൂര് സ്ഥലം നല്ലതാണെങ്കിലും എന്‍റെ വേര് മുഴുവന്‍ അവിടെയല്ലേ ?

അതിനെന്താ ? നിനക്ക് വേണമെങ്കില്‍ ഇപ്പോള്‍ തന്നെ അവിടെയൊക്കെ പോകാമല്ലോ ? നമ്മുടെ ആള്‍ക്കാര് അവിടെയില്ലേ ?

അയ്യോ, അമ്മാ, ആ ദൊരൈസിങ്കം ഇപ്പോഴും അവിടെയൊക്കെ തന്നെയുണ്ട്. ചെന്നെയില്‍ മാത്രമല്ല, തമിഴ് നാടിന്‍റെ മറ്റ് ഭാഗങ്ങളിലും കേരളത്തിലും ആന്ധ്രയിലുമൊക്കെ അയാള്‍ ഇടയ്ക്കിടെ വന്നു പോകുന്നുണ്ട്. സകലരും അയാളുടെ ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാ. അന്നയാള്‍ എനിക്കെതിരെ പട നയിച്ചപ്പോള്‍ സന്തോഷിച്ചതല്ലേ എല്ലാവരും ? അനുഭവിക്കട്ടെ. : മയില്‍വാഹനം രോഷം കൊണ്ടു. ഞൊടിയിടയില്‍ അന്യന്‍ സിനിമയിലെ നായകനെ പോലെ അയാളുടെ ഭാവം വീണ്ടും മാറി.

അമ്മാ, ഞാന്‍ വേറൊന്നും ചോദിക്കുന്നില്ല. പട്ടിയെ പോലെ ഞാന്‍ പണിയെടുത്തോളാം. തിരിച്ച് എനിക്കൊന്നും തരണ്ട. പക്ഷെ ആ ദൊരൈസിങ്കം. കഴിഞ്ഞയാഴ്ച്ച മലയിറങ്ങുമ്പോള്‍ പതിനാലിടത്താ അയാള്‍ ആ കപ്പടാ മീശയും പിരിച്ചു നില്‍ക്കുന്ന ഫ്ലക്സ് കണ്ടത്. ദൂരെ നിന്ന് കണ്ടപ്പോള്‍ പോലിസ് ചെക്കിങ്ങാണെന്ന് വിചാരിച്ച് വണ്ടി കത്തിച്ചു വിടാന്‍ ഡ്രൈവറോട് പറഞ്ഞു. പിന്നീടാ കാര്യമറിഞ്ഞത്. ആകെ നാണക്കേടായി. അതുകൊണ്ടാ പറയുന്നത്, അയാളെ ദൂരെ ഏതെങ്കിലും സൊമാലിയയിലേക്കോ ഇറാക്കിലേക്കോ സ്ഥലം മാറ്റ്. അതോടെ ഒന്നുകില്‍ തീവ്രവാദികള്‍ പാഠം പഠിക്കും, അല്ലെങ്കില്‍ അവനെ തട്ടും. എന്തായാലും നമുക്ക് മനസമാധാനമുണ്ടാകുമല്ലോ.

മയില്‍വാഹനം വീണ്ടും കൈകൂപ്പിയപ്പോള്‍ തള്ളിക്കളയാന്‍ കുമുദവല്ലിക്ക് തോന്നിയില്ല.

ആലോചിക്കാം, മയില്‍വാഹനം. ഏതായാലും ആദ്യം ഞാനൊന്ന് പുറത്തിറങ്ങട്ടെ : ചിന്നമ്മ കൈ ഉയര്‍ത്തിക്കൊണ്ട് അരുളപ്പാട് നടത്തിയപ്പോള്‍ അയാള്‍ക്ക് കുറച്ചാശ്വാസമായി.

നീ ഇപ്പൊ വന്നത് നന്നായി. അത്യാവശ്യമായി നീ കുറച്ചു പണം എത്തിക്കണം. ഇവിടെ റോയല്‍ പ്ലാസയില്‍ പ്രഭാകരനുണ്ട്. അവനെ കണ്ടാല്‍ മതി. എത്രയാണെന്നും എങ്ങനെ എത്തിക്കണമെന്നുമൊക്കെ അവന്‍ പറയും : അത്രയും പറഞ്ഞ് അവര്‍ കസേരയില്‍ നിന്നെഴുന്നേറ്റു.

അപ്പോള്‍ ശരി,

അവര്‍ അകത്തേയ്ക്ക് തിരിയാന്‍ ഭാവിച്ചപ്പോഴേക്കും മയില്‍ വാഹനം പിന്നില്‍ നിന്ന് വിളിച്ചു.

അമ്മാ, അമ്മ ഒരുപാട് ക്ഷീണിച്ചിരിക്കുന്നു. ഇവിടത്തെ ഭക്ഷണമൊന്നും പിടിക്കുന്നുണ്ടാകില്ല. ഞാന്‍ വേണമെങ്കില്‍ പുറത്തു നിന്ന് നല്ല ചോറും മീന്‍ കറിയും കൊണ്ടു വരട്ടെ ?

മറുപടിയായി കുമുദവല്ലി പൊട്ടിച്ചിരിച്ചു.

ചോറോ ? ഇവിടെ നല്ല ചിക്കന്‍ ബിരിയാണിയുണ്ടടോ. വേണമെങ്കില്‍ താനും കഴിച്ചിട്ട് പോ : അവര്‍ പറഞ്ഞു. മയില്‍വാഹനം ഒന്നും പിടി കിട്ടാതെ മിഴിച്ചു നില്‍ക്കുമ്പോഴേക്കും കുമുദവല്ലി അകത്തേക്കുള്ള ഗ്രില്‍ വാതിലിനടുത്തെത്തി കഴിഞ്ഞിരുന്നു. പെട്ടെന്നാണ് അവിടെ പാറാവ്‌ നില്‍ക്കുന്ന പോലീസുകാരി അവരുടെ കണ്ണിലുടക്കിയത്.

സെല്ലിലെ എസി ശരിയാക്കാന്‍ ഇതുവരെ ആള് വന്നില്ലേ ? : സ്വല്‍പ്പം ശബ്ദം ഉയര്‍ത്തിയുള്ള ചോദ്യം കേട്ടപ്പോള്‍ ആ ചെറുപ്പക്കാരി ഭയന്നു പോയി.

ഇല്ല മാഡം, വിളിച്ചു പറഞ്ഞിട്ടുണ്ട്. ഉടനെ വരും : വിനയാന്വിതയായി അവര്‍ പറഞ്ഞു. സര്‍വീസില്‍ തുടക്കക്കാരിയാണ് അവരെന്ന് ആ പെരുമാറ്റം സൂചിപ്പിച്ചു.

റബ്ബിഷ്! എന്ന് പറഞ്ഞാലെങ്ങനെയാ ? ലഞ്ച് കഴിഞ്ഞാല്‍ ഒരു ഉറക്കം എനിക്ക് പതിവുള്ളതാണെന്ന് നിങ്ങള്‍ക്കറിയില്ലേ ? ഗോ. ആക്റ്റ് ഫാസ്റ്റ് : കുമുദവല്ലി അലറിയപ്പോള്‍ പോലീസുകാരി വിറച്ചുകൊണ്ട് ഓടിപ്പോയി. ചിന്നമ്മ അകത്ത് പോയി പറഞ്ഞെങ്കിലും ഒന്നും പിടി കിട്ടാതെ സ്തബ്ധനായി നില്‍ക്കുകയായിരുന്നു മയില്‍വാഹനം. തലേന്ന് വൈകി വന്നത് കൊണ്ട് അയാള്‍ പരിസരത്തുള്ള ഒരു നക്ഷത്ര ഹോട്ടലിലാണ് തങ്ങിയത്. രാവിലെ റൂം സര്‍വിസില്‍ വിളിച്ച് ബ്രേക്ക്ഫാസ്റ്റ് ഓര്‍ഡര്‍ ചെയ്തെങ്കിലും ഇങ്ങോട്ട് വരുന്നത് വരെ കിട്ടിയതുമില്ല. സര്‍ക്കാര്‍ ചെലവില്‍ പഞ്ച നക്ഷത്ര സൌകര്യമുള്ളപ്പോള്‍ പുറത്ത് താമസിച്ച് ഇനി പണം കളയില്ലെന്ന് അയാള്‍ മനസ്സില്‍ ഉറപ്പിച്ചു. ഒരു സിനിമയില്‍ പറഞ്ഞത് പോലെ കാവല്‍ നില്‍ക്കാന്‍ പോലീസുകാരും സര്‍ക്കാര്‍ ചെലവിലുള്ള താമസവും ഭക്ഷണവുമൊക്കെ അയാളുടെയും ഒരു കാലത്തെ സ്വപ്നമായിരുന്നു.

കാറില്‍ മടങ്ങുമ്പോള്‍ അഗ്രഹാരയുടെ കവാടം പിന്നില്‍ അയാളെ വിട്ട് അകന്നകന്ന് പോകുമ്പോഴും അകത്തെ സുഖ ശീതളമായ അന്തരിക്ഷം അയാളെ കൊതിപ്പിച്ചു കൊണ്ടിരുന്നു. 

The End

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *