
പലിശയ്ക്ക് കടം വാങ്ങിക്കാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല. വിവിധതരം വായ്പകൾക്ക് വേണ്ടി ദേശസാൽകൃത, സഹകരണ ബാങ്കുകൾക്ക് പുറകെ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും. മന്ത്രിമാരുടെ പ്രഖ്യാപനങ്ങളും പത്ര പരസ്യങ്ങളും വിശ്വസിച്ച് വീട് നിർമാണത്തിനോ കൃഷി ആവശ്യത്തിനോ ഉള്ള വായ്പകൾക്കുള്ള അപേക്ഷയുമായി ബാങ്കിൽ ചെല്ലുന്നവർ വട്ടം ചുറ്റി പോകും.
വിജയ് മല്ല്യയെ പോലുള്ള വമ്പൻമാർക്ക് വാരിക്കോരി വായ്പകൾ കൊടുക്കുന്ന സർക്കാർ ബാങ്കുകൾ പലപ്പോഴും സാധാരണക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുകയാണ് പതിവ്. പാവപ്പെട്ടവരുടെ വായ്പ അപേക്ഷകൾ ഓരോരോ തടസ്സവാദങ്ങൾ പറഞ്ഞ് ഒഴിവാക്കാൻ ഉത്സാഹം കാണിക്കുന്ന ബാങ്കുകൾ പക്ഷെ തിരിച്ചടവിൻറെ കാര്യത്തിൽ യാതൊരു ദയാദാക്ഷിണ്യവും കാണിക്കാറില്ല . ഓർമപ്പെടുത്തൽ എന്ന മട്ടിലുള്ള മയത്തിലുള്ള ഫോൺ വിളികളായിരിക്കും ആദ്യം. പിന്നീട് അത് ഭീഷണികൾക്കും റിക്കവറിങ് നടപടികൾക്കും വഴിമാറും.
ആയിരക്കണക്കിന് കോടികളുടെ കുടിശ്ശികയുള്ള നീരവ് മോദിമാർക്ക് രാജ്യം വിടാനുള്ള മൗനാനുവാദം കൊടുക്കുന്ന ഉന്നതർ തന്നെയാണ് വായ്പയെടുത്ത് തുടങ്ങിയ കൃഷി നശിച്ചതിൻ്റെ പേരിൽ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്നത് എന്നതാണ് വിചിത്രം. ഇക്കാരണങ്ങൾ കൊണ്ട് ആരെങ്കിലും എളുപ്പത്തിൽ പണം കടം കൊടുക്കുന്ന സ്വകാര്യ ബാങ്കുകൾക്കും വ്യക്തികൾക്കും പിന്നാലെ പോയാൽ അത്ഭുതപ്പെടാനില്ല. പക്ഷെ അവിടെ സ്ഥിതി അതിലും മോശമാണെങ്കിലോ?
പണമിടപാട് സ്ഥാപനങ്ങൾ അഥവാ ബ്ലേഡ് പലിശക്കാർ ഇന്ന് എല്ലാ നാട്ടിലും ഉണ്ട്. ബാങ്കിങ് സംവിധാനത്തെ നോക്കുകുത്തിയാക്കി തഴച്ചു വളരുന്ന അവർ ഇടപാടുകാരുടെ സ്വൈര്യ ജീവിതത്തിന് ഉയർത്തുന്ന ഭീഷണി ചെറുതല്ല. ഒരിക്കൽ പെട്ടു പോയാൽ പിന്നെ മോചനമില്ല എന്ന മട്ടിലാണ് പണമിടപാടുകാർ പാവപ്പെട്ടവരെ പിഴിയുന്നത്.
നമ്മുടെ ഏത് നാട്ടിമ്പുറത്തുമുള്ള ബ്ലേഡ് പലിശക്കാരുടെ പ്രവർത്തനവും ജീവിതവും ചില സിനിമകൾക്കും ഇതിവൃത്തമായിട്ടുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.
1. മാടമ്പിയിലെ ഗോപാലകൃഷ്ണ പിള്ള

ഇലവട്ടം ഗ്രാമത്തിലെ പ്രമാണിയാണ് ഗോപാലകൃഷ്ണ പിള്ള. സ്വന്തമായി പണമിടപാട് സ്ഥാപനം നടത്തുന്ന അയാൾ അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവനും പലിശയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്തയാളുമാണ്. അമ്മയെയും സഹോദരനെയും ജീവനേക്കാളേറെ സ്നേഹിക്കുന്ന പിള്ള പക്ഷെ അതൊന്നും പുറമെ കാണിക്കുന്നില്ല എന്നതാണ് സത്യം.
ഏത് കാര്യത്തിലും കാർക്കശ്യം പുലർത്തുന്ന അയാൾ ലാഭ നഷ്ടങ്ങൾ മാത്രം നോക്കിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. അത് പലപ്പോഴും മറ്റുള്ളവരിൽ വെറുപ്പും വിദ്വേഷവും തെറ്റിദ്ധാ രണയും ഉണ്ടാക്കുന്നു. കുടുംബത്തിലുണ്ടാകുന്ന ചെറിയ അന്ത:ഛിദ്രങ്ങൾ മുതലെടുക്കാനായി ശത്രുക്കൾ ഇറങ്ങിത്തിരിക്കുമ്പോൾ സത്യം തെളിയിക്കാനായി പിള്ളയ്ക്ക് കോടതിയെ ആശ്രയിക്കേണ്ടി വരുന്നു.
മോഹൻലാൽ നായക വേഷത്തിലെത്തിയ മാടമ്പി കുടുംബ ബന്ധങ്ങളിലെ പവിത്രതയും നാട്ടിൻപുറത്തെ നന്മയും ഒരിക്കൽ കൂടി തെളിയിക്കുന്ന സിനിമയാണ്. ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അജ്മൽ അമീർ, സിദ്ദിക്ക്, കാവ്യ മാധവൻ, ജഗതി ശ്രീകുമാർ, ഇന്നസെൻറ്, കെ.പി.എ.സി ലളിത, മല്ലിക കപൂർ, സായ് കുമാർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. 2008 ജൂലൈ എട്ടിന് റിലീസ് ചെയ്ത മാടമ്പി മോഹൻലാലിൻ്റെ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമ കൂടിയാണ്.
2. പരുന്തിലെ ബ്ലേഡ് പുരുഷോത്തമൻ

ബ്ലേഡ് പുരുഷു എന്ന അപാര നാമധേയത്തിൽ അറിയപ്പെടുന്ന പുരുഷോത്തമൻ കണ്ണിൽ ചോരയില്ലാത്തവനും ദു:ഷ്ടനുമാണ്. കടം കൊടുത്ത പണം തിരിച്ചു വാങ്ങിക്കാൻ അയാൾ എന്ത് മാർഗവും സ്വീകരിക്കും. കല്ലായി അസീസ് എന്ന മറ്റൊരു കൊള്ള പലിശക്കാരനാണ് പുരുഷുവിൻ്റെ ബദ്ധ ശത്രു. ശത്രുവിൻ്റെ ശത്രു മിത്രം എന്നാണല്ലോ. അയാളെ നേരിടുന്നതിന് വേണ്ടി വിനയൻ എന്ന ചെറുപ്പക്കാരൻ പുരുഷോത്തമൻ്റെ കൂടെ കൂടുന്നു.
ഹേമന്ത് ഭായ് എന്ന ഗുജറാത്തി വ്യാപാരി വാങ്ങിച്ച ഭീമമായ തുക തിരിച്ചു പിടിക്കുന്നതിനിടയിൽ യാദൃശ്ചികമായി പുരുഷു അയാളുടെ മകളുടെ വിവാഹം മുടക്കുന്നു. പിന്നീട് ഒരു പ്രത്യേക സാഹചര്യത്തിൽ പുരുഷോത്തമന് മാനസിക പരിവർത്തനമുണ്ടാകുകയും അയാൾ നന്മയുടെ വഴിയിലേക്ക് വരുകയും ചെയ്യുന്നു.
മമ്മൂട്ടി നായകനായെത്തിയ സിനിമയിൽ ജഗതി ശ്രീകുമാർ, ജയസൂര്യ, ലക്ഷ്മി റായ്, ചേർത്തല ജയൻ എന്നിവരാണ് മറ്റ് വേഷങ്ങൾ ചെയ്തത്. എം പത്മകുമാർ സംവിധാനം ചെയ്ത സിനിമയുടെ രചന നിർവഹിച്ചത് ടി എ റസാഖ് ആണ്. 2008ൽ മാടമ്പിക്കൊപ്പം റിലീസ് ചെയ്ത ചിത്രം പക്ഷെ അമ്പേ പരാജയമായി.
3. ഷൈലോക്കിലെ ബോസ്

ഷൈലോക്കിലെ ബോസ് അഥവാ വാലാണ് മലയാള സിനിമയിലെ മറ്റൊരു പലിശ പ്രമാണി. സിനിമ നടനാകാൻ മോഹിച്ച അയാൾ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം പണമിടപാടുകാരനാകുന്നു. സിനിമ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും പലിശയ്ക്ക് കടം കൊടുക്കുന്ന അയാൾ അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഇപ്പോഴും വച്ചു പുലർത്തുന്നുണ്ട് .
തിരിച്ചടവിൽ വീഴ്‍ച വരുത്തുന്ന സിനിമാക്കാരെ വൺ മാൻ ഷോയിലൂടെ വരുതിക്ക് കൊണ്ടു വരുന്ന ബോസ് എല്ലാ അർത്ഥത്തിലും അവരുടെ മേലാളിയാകുന്നു. ഒരിക്കൽ വാങ്ങിച്ച പണം തിരിച്ചു കൊടുക്കാൻ കഴിയാതിരുന്നതോടെ ബോസിൻ്റെ മാനേജരാകേണ്ടി വന്ന ബാലകൃഷ്ണ പണിക്കരും ഗണപതിയുമാണ് അയാളുടെ സന്തത സഹചാരികൾ. സിനിമയുടെ ആദ്യ പകുതിയിൽ നായകൻ്റെ പ്രവർത്തന രീതികളും പഞ്ച് ഡയലോഗുകളും നിറഞ്ഞു നിൽക്കുമ്പോൾ അയാൾ എങ്ങനെ ഈ മേഖലയിൽ എത്തി എന്നാണ് രണ്ടാം പകുതി വരച്ചു കാട്ടുന്നത്.
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഷൈലോക്ക് സംവിധാനം ചെയ്തത് അജയ് വാസുദേവാണ്. അനീസ് ഹമീദും ബിബിൻ മോഹനും തിരക്കഥ ഒരുക്കിയ ചിത്രത്തിൽ രാജ്കിരൺ, മീന, സിദ്ദിക്ക്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, ഹരീഷ് കണാരൻ എന്നിവരാണ് മറ്റ് വേഷങ്ങൾ ചെയ്തത്. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ ഷൈലോക്ക് മെഗാ മെഗാസ്റ്റാറിൻ്റെ 2020 ലെ ആദ്യ സൂപ്പർഹിറ്റ് സിനിമ കൂടിയാണ്.
Copyright