ന്യൂസ് അവര്‍ – കഥ

malayalam news channelsതോമാച്ചന്‍ ആള് രസികനാണ്. അറുപതിനു മുകളില്‍ പ്രായം. നേരത്തെ വാട്ടര്‍ അതോറിറ്റിയിലായിരുന്നു. റിട്ടയര്‍ ആയതിന് ശേഷം കൃഷിയില്‍ ചില്ലറ പരീക്ഷണങ്ങളൊക്കെ നടത്തി സ്വസ്ഥമായി കഴിഞ്ഞു കൂടുന്നു.

ഭാര്യ അന്നമ്മയും കോളേജില്‍ പഠിക്കുന്ന മകള്‍ ജാന്‍സിയുമാണ് അദ്ദേഹത്തിന്‍റെ കൂടെ ഭരണങ്ങാനത്തെ വീട്ടിലുള്ളത്. മൂത്ത മകന്‍ ഗ്രിഗറി നേവിയിലാണ്. ഇപ്പോള്‍ കുടുംബ സമേതം പൂനെയില്‍ താമസം.

നേരത്തെ സ്വല്‍പ്പം പൊതുപ്രവര്‍ത്തനമൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് തോമാച്ചന്‍ കളം വിട്ടു. അദ്ദേഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, രാഷ്ട്രീയം പഴയ രാഷ്ട്രീയമല്ലെന്നറിയാം പക്ഷെ പുത്തന്‍ കണ്ടത്തില്‍ തോമസ്‌ ചാക്കോ പഴയ ആള് തന്നെയാ. വെറുതെ അതുമിതും പറയാനറിയില്ല. അതുകൊണ്ട് വീട്ടിലിരിക്കുന്നതാ ഭേദം. അവരാകുമ്പോള്‍ ഈ വയസ്സാം കാലത്ത് ഞാനെന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ പറഞ്ഞാലും ക്ഷമിച്ചോളും. എന്നാല്‍ നാട്ടുകാര് അങ്ങനെയല്ല. കൈ വച്ചു കളയും. ഹോ !

ആന്റണി ദല്‍ഹിക്ക്‌ വിമാനം കയറുന്ന സമയത്ത് സീന്‍ വിട്ടെങ്കിലും തോമാച്ചന്‍ എന്നും കാലത്ത് മനോരമ പത്രത്തില്‍ മുങ്ങിത്തപ്പുന്ന പതിവ് ശീലം തുടര്‍ന്ന് പോന്നു. തിരോന്തരത്തും കൊച്ചിയിലും തുടങ്ങി ഭരണങ്ങാനം പള്ളിക്കടുത്തുള്ള പഴയ കെട്ടിടത്തില്‍ വരെ ചാനലുകള്‍ കൂണു പോലെ മുളച്ചു പൊന്തിയപ്പോള്‍ തോമാച്ചനും പച്ച പരിഷ്ക്കാരിയായി.

വാര്‍ത്തകളും അവലോകനങ്ങളുമായി ചാനലുകള്‍ മലയാളികളുടെ സായാഹ്നങ്ങളെ കൊഴുപ്പിച്ചപ്പോള്‍ അയാളും അതിന്‍റെ ഭാഗഭാക്കായി. ന്യൂസ് അവര്‍ കാഴ്ചകള്‍ അയാളെ ആവേശ തിരയിലാഴ്ത്തുകയും പുറം ലോകത്തെ കാഴ്ചകള്‍ ആ വീടിന്‍റെ വിരുന്നു മുറിയില്‍ എത്തിക്കുകയും ചെയ്തതിനൊപ്പം മറ്റൊരു കുടുംബ കലഹത്തിന് കോപ്പ് കൂട്ടുകയും ചെയ്തു. കാരണം മറ്റൊന്നുമല്ല, അന്നാമ്മ ചേട്ടത്തിയുടെ സീരിയല്‍ പ്രേമം തന്നെ. വാര്‍ത്തയും സീരിയലും തമ്മില്‍ ഏറ്റുമുട്ടുന്നത് മിക്ക മലയാളി വീടുകളിലെയും പതിവ് കാഴ്ച്ചയാണല്ലോ. സംസ്ഥാനത്തെ പനി മരണങ്ങളെ കുറിച്ചും ഇന്തോ-ചൈന സംഘര്‍ഷത്തെ കുറിച്ചുമൊക്കെ അറിയാന്‍ തോമാച്ചന്‍ ഉത്സാഹം കാട്ടിയപ്പോള്‍ ചേട്ടത്തി ദീപ്തി ഐപിഎസിനെ കുറിച്ചും അമൃതയുടെ കുടുംബ കാര്യങ്ങളെ കുറിച്ചുമൊക്കെയാണ് വ്യാകുലപ്പെട്ടത്. സ്വന്തം കുടുംബ കാര്യത്തിലില്ലാത്ത ശ്രദ്ധയാണ് അമ്മച്ചിക്ക് വല്ലവരുടെയും കാര്യത്തിലെന്ന് പറഞ്ഞ് ജാന്‍സി നേരിട്ടും ഗ്രിഗറി ഫോണിലൂടെയും അപ്പച്ചന്‍റെ കൂടിയെങ്കിലും അതൊന്നും ചേട്ടത്തിയുടെ മനസ്സ് മാറ്റിയില്ല.

മറ്റൊരു ന്യൂസ് അവര്‍ ദിനം.

കറുത്ത മുത്ത് കഴിഞ്ഞുള്ള ഇടവേളയില്‍ അന്നാമ്മ ചേട്ടത്തി എന്തോ കാര്യത്തിന് അടുക്കളയിലേക്ക് പോയ സമയത്താണ് തോമാച്ചന്‍ ടിവിയുടെ റിമോട്ട് കൈവശപ്പെടുത്തിയത്. അവര്‍ തിരിച്ചെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ന്യൂസ് അവര്‍ തുടങ്ങി.

രാഷ്ട്രീയമെന്നും വാര്‍ത്തയെന്നുമൊക്കെ കേള്‍ക്കുന്നത് തന്നെ ചേട്ടത്തിക്ക് പണ്ടേ ചതുര്‍ഥിയാണ്. ഭര്‍ത്താവ് പത്ര വാര്‍ത്തകള്‍ അരച്ച് കലക്കി കുടിക്കുന്ന ആളാണെങ്കിലും അവര്‍ ഒരു ഒരു മേമ്പൊടിക്ക് പോലും അത് രുചിച്ചു നോക്കാറില്ല. വല്ല ഹര്‍ത്താലിന്റെയോ കൊലപാതകത്തിന്‍റെയോ വാര്‍ത്ത കണ്ടാല്‍ ഒന്നു നോക്കും. അത്ര തന്നെ. ഇതൊക്കെ തന്നെയാണല്ലോ പല വീടുകളിലും നടക്കുന്നത്. ഏത് ?

രാഷ്ട്രീയം എന്നത് ഒരു രാഷ്ട്രത്തിന്‍റെ ജീവ നാഡിയാണെന്നും അതുകൊണ്ട് നമ്മള്‍ ലോക കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കണമെന്നും തോമാച്ചന്‍ ഇടയ്ക്കിടെ പറയുമെങ്കിലും ആര് കേള്‍ക്കാന്‍ ? എന്നാല്‍ അടുത്ത കാലത്തായി വാര്‍ത്താ ചാനലുകളുടെ നിലവാരം ഇടിഞ്ഞിട്ടുണ്ടെന്നു അങ്ങേരും രഹസ്യമായി സമ്മതിക്കും. അറിയേണ്ട കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പകരം തങ്ങള്‍ക്ക് താല്പര്യമുള്ള കാര്യങ്ങള്‍ മാത്രം അവരിലെത്തിക്കാനാണ് ഇന്നുള്ള പല മാധ്യമങ്ങളും ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.

Read  കടല്‍ –

പരസ്പരം  കാണാനുള്ള ഭാര്യയുടെ അഭിവാഞ്ജ വൃഥാവിലാക്കി തോമാച്ചന്‍ വിജയശ്രീ ലാളിതനെ പോലെ ചാനല്‍ വചനങ്ങള്‍ക്കായി കാതോര്‍ത്തു.

നമസ്ക്കാരം, ന്യൂസ് അവറിലേക്ക് സ്വാഗതം. ഇന്നത്തെ പ്രധാന വാര്‍ത്തകള്‍.

ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ്‌ പരിക്ഷണം നടത്തി. റിക്ചര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂമി കുലുക്കത്തില്‍ ജപ്പാനും കൊറിയയും വിറച്ചു. ലോകം മറ്റൊരു മഹാ യുദ്ധത്തിലേക്കോ ?

ലണ്ടനില്‍ വീണ്ടും തീവ്രവാദി ആക്രമണം. ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ബോംബ്‌ സ്ഫോടനത്തില്‍ 30 പേര്‍ മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു. അടുത്ത ഇരുപത്തിനാല് മണിക്കൂറിനകം കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.

മ്യാന്മാറില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കവേ ബോട്ട് മുങ്ങി 130 രോഹിന്ഗ്യ അഭയാര്‍ഥികള്‍ മരിച്ചു. മരിച്ചവരില്‍ 45 കുട്ടികളും.

പ്രശസ്ത മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കേഷ് വെടിയേറ്റ്‌ മരിച്ചു. ബാംഗ്ലൂരിലെ സ്വന്തം വസതിക്ക് മുന്നില്‍ വച്ചാണ് അവര്‍ അക്രമികളുടെ വെടിയേറ്റ്‌ മരിച്ചത്.

(വാര്‍ത്ത അവതാരകന്റെ മുഖം സ്ക്രീനില്‍ തെളിയുന്നു)

ഇത്രയുമാണ് ഇന്നത്തെ പ്രധാന സംഭവ വികാസങ്ങള്‍. ഇനി മറ്റൊരു പ്രധാന വിഷയത്തിലേക്ക് നമുക്ക് വേഗം പോയി വരാം.

ഏതാണ്ട് രണ്ടര മാസത്തിന് ശേഷം നടന്‍ ദിലീപ് ഇന്നാണ് പുറംലോകം കണ്ടത്. പിതാവിന്‍റെ ശ്രാദ്ധ കര്‍മ്മങ്ങള്‍ അനുഷ്ടിക്കാനാണ് കോടതി അദ്ദേഹത്തിന് മൂന്നു മണിക്കൂര്‍ നേരത്തേക്ക് ജാമ്യം അനുവദിച്ചത്. നമ്മുടെ വിഷയം ഇതാണ്, ദിലീപ് കൈ കൊട്ടിയിട്ടും കാക്കകള്‍ വരാതിരുന്നത് എന്തുകൊണ്ട് ?

ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കുന്നതിനായി (എടുത്ത എട്ടു പടങ്ങളും എട്ടു നിലയില്‍ പൊട്ടിയ) സംവിധായകന്‍ ഉല്‍പലന്‍, പ്രമുഖ രാഷ്ട്രീയ നേതാവ് ബെന്നി ചെമ്പാടന്‍, പ്രശസ്ത എഴുത്തുകാരി ശീതള കുമാരി എന്നിവര്‍ ഇവിടെയെത്തിയിട്ടുണ്ട്. ആദ്യം ഉല്‍പലനിലേക്ക് വരാം.

(കാലിക പ്രസക്തമായ വിഷയമാണെന്ന് തോന്നിയത് കൊണ്ടാകണം അന്നാമ്മ ചേട്ടത്തിയും അടുത്ത കസേരയില്‍ ഇരുന്നത്)

പറയൂ, ഉല്‍പലന്‍. കാക്കകളെ വരുത്താന്‍ ദിലീപ് പരമാവധി ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നിട്ടും അവ വരാതിരുന്നത് എന്ത് കൊണ്ടാകും ?

(അവതാരകന്‍ ചോദിച്ചു കഴിഞ്ഞപ്പോള്‍ ക്യാമറ സംവിധായകനെ ഫോക്കസ് ചെയ്തു )

അത്, മിസ്റ്റര്‍ നിലേഷ്, എനിക്ക് പെട്ടെന്ന് ഓര്‍മ വരുന്നത് പഴയ ഒരു സംഭവമാണ്. ഇദ്ദേഹം അഭിനയിച്ച പഴയ ഒരു സിനിമയാണ് കാക്കയ്ക്കും പൂച്ചക്കും കല്യാണം. ഞാന്‍ അതില്‍ അസിസ്റ്റന്റ്റ് ഡയറക്റ്ററായിരുന്നു. ആ സിനിമയില്‍ ടൈറ്റില്‍ വേഷം ചെയ്യാന്‍ വന്ന ഒരു കാക്കയെ ദിലീപ് കല്ലെറിഞ്ഞ്…………

(അത്രയുമായപ്പോള്‍ തോമാച്ചന്‍ ചാനല്‍ മാറ്റി സീരിയല്‍ വച്ചു)

ഇതിലും ഭേദം നിന്‍റെ സീരിയല്‍ തന്നെയാ അന്നാമ്മേ. ഒന്നുമല്ലെങ്കിലും കാണുന്നത് നിലവാരമില്ലാത്തതാണെന്ന് ചുറ്റുമുള്ളവര്‍ക്കെങ്കിലും ബോധമുണ്ടല്ലോ : അയാള്‍ റിമോട്ട് ഭാര്യയെ ഏല്‍പ്പിച്ച് അകത്തേയ്ക്ക് തിരിഞ്ഞു. ചേട്ടത്തി ലോട്ടറി അടിച്ച സന്തോഷത്തോടെ അമ്മായിയമ്മ പോരുകളിലും അവിഹിത കഥ കളിലുമൊക്കെ അഭിരമിക്കാന്‍ തുടങ്ങി.

മോളെ, ജാന്‍സി. നമ്മുടെ ആ പഴയ ട്രാന്‍സിസ്റ്റര്‍ അവിടെയെങ്ങാനുമുണ്ടോടീ ? : തോമാച്ചന്‍ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.

അതാ തട്ടിന്‍പുറത്തുണ്ട്. അതിനി വേണ്ട എന്ന് പറഞ്ഞ് അപ്പച്ചന്‍ തന്നെയല്ലേ അവിടെ കൊണ്ടിട്ടത് ? : ജാന്‍സി പറഞ്ഞു.

ങാ, ഇനി അതേയുള്ളൂ ഒരാശ്രയം. നാളെ കാലത്താകട്ടെ, അതെടുക്കണം. ആകപ്പാടെ പൊടി പിടിച്ചു കാണും. എന്നാലും സാരമില്ല. വാര്‍ത്ത കേള്‍ക്കാമല്ലോ……….. : ചേട്ടത്തി ടിവിയുടെ ശബ്ദം കൂട്ടിയത് കണ്ട്, സ്ക്രീനിലെക്കൊന്നു നോക്കി, പിന്നെ അയാള്‍ തന്‍റെ മുറിയിലേക്ക് നടന്നു.

കച്ചവട താല്പര്യം മുന്‍നിര്‍ത്തിയുള്ള കഥകളും വാര്‍ത്തകളും ടിവി ചാനലുകള്‍ അലങ്കാരമായി സ്വീകരിച്ചപ്പോള്‍ തോമാച്ചന്‍ വീണ്ടും പഴയ കാലത്തിലേക്ക് പോയി.

നമസ്ക്കാരം ആകാശവാണി തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍. വാര്‍ത്തകള്‍ വായിക്കുന്നത്……………….

The End

Leave a Comment

Your email address will not be published. Required fields are marked *