ചില തുണ്ട് കഥകള്‍ – ഭാഗം നാല്

ചില തുണ്ട് കഥകള്‍ - ഭാഗം നാല് 1

തീര്‍ഥാടനം

ലോകമെങ്ങുമുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലൂടെയുള്ള ഒരു യാത്ര കുഞ്ഞാപ്പുവിന്‍റെ സ്വപ്നമായിരുന്നു.

കടല്‍ കടന്ന്‍ സാന്‍റോസിലെത്തിയ അയാള്‍ ഗരൂജയിലെ അമ്പതാം നമ്പര്‍ കെട്ടിടത്തിന് മുന്നില്‍ ഏറെ നേരം പ്രാര്‍ഥനാപൂര്‍വം നിന്നു. വികാരപരവശനായി അയാളുടെ കണ്ണുകള്‍ പലപ്പോഴും നിറഞ്ഞൊഴുകി.

ഇവിടെയാണ് പെലെ എന്ന ഫുട്ബോള്‍ ദൈവം ജീവിക്കുന്നത്. അദ്ദേഹം ലോകപര്യടനത്തിലായത് കൊണ്ട് അകത്തുകയറാന്‍ കുഞ്ഞാപ്പു മെനക്കെട്ടില്ല.

ഇനി മറഡോണയാണ് അടുത്ത ലക്ഷ്യം. അര്‍ജന്‍റീനയില്‍ എവിടെയോ ആണ് എന്നുമാത്രമറിയാം.

സാവോ പോളോയില്‍ ബിസിനസ് കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ക്കാരന്‍ വറീതിന്‍റെ സഹായം തേടാന്‍ അയാള്‍ ഉറച്ചു. കക്ഷി കടുത്ത ഫുട്ബോള്‍ രസികന്‍ കൂടിയാണ്. ഇവിടെ ആകപ്പാടെ പരിചയമുള്ള ഒരു മലയാളി അയാള്‍ മാത്രമാണല്ലോ എന്ന്‍ കുഞ്ഞാപ്പു ഓര്‍ത്തു. ബ്രസീലിലേക്ക് വിമാനം കയറുമ്പോള്‍ നാട്ടിലെ പരിചയമുള്ള ഒരു ചാനല്‍കാരന്‍ തന്നതാണ് വറീതിന്‍റെ നമ്പര്‍. പരിചയമില്ലാത്ത സ്ഥലത്ത് ഒരു സഹായമാകുമല്ലോ എന്നും വിചാരിച്ചു.

അതിന് ആള്‍ ഇപ്പോ ദുബായില്‍ അല്ലേ ഇഷ്ടാ ? : വറീത് സംശയം പറഞ്ഞു.

ആണോ ? : കുഞ്ഞാപ്പുവിന് അത് ഒരു പുതിയ അറിവായിരുന്നു.

എന്തോ ചില പരിപാടികളുമായി അവിടെയാണെന്നാ കേട്ടത്. പക്ഷേ അടുത്ത ദിവസം ഇവിടെയെത്തും. : വറീത് ഉറപ്പ് പറഞ്ഞു.

അല്ല, നിങ്ങള് നമ്മുടെ വിജയന്‍റെ നാട്ടുകാരനല്ലേ ? ഗഡിക്കെന്താ ഇപ്പോ പരിപാടി ? : വറീതിന്‍റെ ചോദ്യം കുഞ്ഞാപ്പുവിനെ കുഴപ്പിച്ചു.

ഏത് വിജയന്‍ ? : അയാള്‍ ചോദിച്ചു.

നമ്മുടെ ഐ എം വിജയനേ………… ആളെക്കുറിച്ച് ഇപ്പോ കേള്‍ക്കാറേയില്ല ? : റൊമാരിയോയുടെ പേരില്‍ അറിയപ്പെടുന്ന ഇടുങ്ങിയ തെരുവില്‍ കുട്ടികള്‍ പന്ത് തട്ടുന്നത് നോക്കിക്കൊണ്ട് വറീത് ചോദ്യം ആവര്‍ത്തിച്ചു.

ഓ അയാളൊരു പഴയ സിനിമാ നടനല്ലേ ? ഇപ്പോ ചാന്‍സൊന്നും ഇല്ല എന്നു തോന്നുന്നു…………… : യാതൊരു ഭാവവ്യത്യാസവുമില്ലാതെ കുഞ്ഞാപ്പു മറുപടി നല്‍കി.

പിന്നെ വറീതൊന്നും ചോദിച്ചില്ല. കടലിനിക്കരെയുള്ള താനാണ് അയല്‍വാസിയെക്കാള്‍ ഭേദമെന്ന് അയാള്‍ക്ക് തോന്നി.

The End


മെസ്സിയും നെയ്മറും

അച്ഛന്‍ ബ്രസീലിന്‍റെ കടുത്ത ആരാധകനായിരുന്നു.

ഒരു ദിവസം അദ്ദേഹം ഒരു ഫോട്ടോ കൊണ്ടുവന്ന് വീടിന്‍റെ പൂമുഖത്ത് പ്രതിഷ്ഠിച്ചു, എന്നിട്ട് പറഞ്ഞു : ഇന്ന് മുതല്‍ നെയ്മറാണ് ഈ വീടിന്‍റെ ഐശ്വര്യം.

അതുകണ്ട് അമ്മക്ക് സഹിച്ചില്ല.

മെസ്സി എനിക്ക് മകനെ പോലെയാണ്…………… : എന്നു പറഞ്ഞ് ആ അര്‍ജന്‍റേനിയന്‍ ആരാധിക മെസ്സിയേ അകത്തളത്തില്‍ കുടിയിരുത്തി.

വളര്‍ത്തുപട്ടിക്ക് മെസ്സിയുടെ പേരിട്ടാണ് അച്ഛന്‍ പ്രതികരിച്ചത്. അതോടെ ഇരുവരും തമ്മില്‍ വഴക്കായി. വീട്ടു സാധനങ്ങള്‍ പലതും ഫുട്ബോളായി മാറി. അച്ഛനും അമ്മയും തരാതരം പോലെ ഫോര്‍വേഡും ഗോളിയും കളിച്ചു.

നാട്ടുകാരും ബന്ധുക്കളും ഇടപെട്ടു. വന്നുകൂടിയവരോട് ദമ്പതികളുടെ എട്ടുവയസുകാരന്‍ മകന്‍ പറഞ്ഞു. :

എനിക്ക് നെയ്മറും വേണ്ട, മെസ്സിയും വേണ്ട. ഫുട്ബോള്‍ അറിയാത്ത അച്ഛനമ്മമാരെ മാത്രം മതി.

ആ വാക്കുകള്‍ കളിഭ്രാന്തന്‍മാരായ മാതാപിതാക്കളുടെ കണ്ണ്‍ തുറപ്പിച്ചു.

അന്നു മുതല്‍ അവര്‍ മെസ്സിയേയും നെയ്മറെയും ഒരേ ടീമില്‍ പ്രതിഷ്ഠിച്ചു. ഇരു ടീമുകള്‍ക്ക് വേണ്ടിയും ആര്‍പ്പ് വിളിച്ചു. അങ്ങനെ അത് ഒരു സന്തുഷ്ട കുടുംബമായി.

The End

ആദ്യ പേജിലേക്ക് പോകാം

Leave a Comment

Your email address will not be published. Required fields are marked *