ചില തുണ്ട് കഥകള്‍ – ഭാഗം നാല്

ചില തുണ്ട് കഥകള്‍ - ഭാഗം നാല് 1

ആരാധകന്‍

സ്പെയിന്‍ ആയിരുന്നു അയാളുടെ ഇഷ്ട ടീം. കഴിഞ്ഞ പ്രാവശ്യത്തേത് പോലെ ഇക്കുറിയും ഞങ്ങള്‍ കപ്പടിക്കുമെന്ന് അയാള്‍ പലരോടും പന്തയം വച്ചു. എല്ലാം വെറുതെയായി.

പിന്നെ ഇംഗ്ലണ്ടിന്‍റെ കൂടെ കൂടി. താരങ്ങളുടെ ഫ്ലക്സ് വയ്ക്കാന്‍ പലരോടും കടം വാങ്ങി അയാളും ഇറങ്ങിത്തിരിച്ചു. അങ്ങനെ പാലക്കുഴി ജംക്ഷന്‍റെ ഒരു മൂലയില്‍ റൂണിയും കൂട്ടരും നെഞ്ചു വിരിച്ചു നിന്നു.

പക്ഷേ ഇംഗ്ലണ്ടിന്‍റെ മാനം കപ്പല്‍ കയറിയപ്പോള്‍ അയാള്‍ ആകെ തകര്‍ന്നു. ഇനി ആര്‍ക്കു വേണ്ടി കയ്യടിക്കും എന്നായി അപ്പോള്‍ ശങ്ക.

അര്‍ജന്‍റീനയും ബ്രസീലും ഇനിയും പ്രതീക്ഷയ്ക്കൊത്തുയര്‍ന്നിട്ടില്ല. അരുതാത്തത് വല്ലതും സംഭവിച്ചാല്‍……………….

ഒടുവില്‍ അയാള്‍ ഒരു വഴി കണ്ടെത്തി.

ഇന്ത്യക്കു ജയ് വിളിക്കുക. അതാകുമ്പോള്‍ പുറത്താകുമെന്ന പേടി വേണ്ടല്ലോ !

The End


പ്രണയം

മെല്‍ബണ്‍ കാന്‍സര്‍ ആശുപത്രിയിലെ 118ആം നമ്പര്‍ മുറിയില്‍ കിടക്കുമ്പോഴും മൈക്കലിന്‍റെ മനസ് നിറയെ ഫുട്ബോളായിരുന്നു.

1962ലെ ലോകകപ്പില്‍ ചെക്കസ്ലോവാക്യക്കു വേണ്ടി നടത്തിയ പടയോട്ടം ഇന്നലത്തെ പോലെ അയാളുടെ കണ്ണുകളില്‍ തെളിഞ്ഞു. ഫൈനലില്‍ ബ്രസീലിനോടു തോറ്റെങ്കിലും മൈക്കല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് രാജ്യത്ത് വീരപരിവേഷമാണ് ലഭിച്ചത്. സെമിയിലടക്കം നാലു ഗോളുകള്‍ നേടിയ അയാള്‍ അതോടെ രാജ്യത്തെ ഫുട്ബോള്‍ ദൈവവുമായി.

ദിവസങ്ങള്‍ക്കകം തപാലില്‍ ലഭിച്ച ഒരു കത്ത് അയാളെ ഞെട്ടിച്ചുകളഞ്ഞു. പ്രേഗില്‍ നിന്ന്‍ നൂറുകിലോമീറ്റര്‍ അകലെയുള്ള ഒരു നഗരപ്രാന്തത്തില്‍ നിന്ന്‍ ഒരു ആരാധിക ചോരയില്‍ മുക്കി അയച്ച പ്രണയലേഖനമായിരുന്നു അത്. അതിലെ സ്നേഹം തുളുമ്പുന്ന വരികള്‍ ഊണിലും ഉറക്കത്തിലും വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ മൈക്കല്‍ ജാനിയെ സ്വന്തം ജീവിതത്തിലേക്ക് കൂട്ടി.

തൊട്ടടുത്തുള്ള മെല്‍ബണ്‍ തീരത്തുനിന്ന് ആഞ്ഞടിച്ച കാറ്റ് മൈക്കലിനെ ഓര്‍മകളില്‍ നിന്നുണര്‍ത്തി. അപ്പോള്‍ ഒരു ആക്രോശം അയാളുടെ കാതുകളില്‍ മുഴങ്ങി.

യൂ ആര്‍ എ ബിഗ് ലോസര്‍, മൈക്കല്‍. ഐ ഡോണ്ട് വാണ്ട് ടു ലിവ് യു അനിമോര്‍. ഗുഡ് ബൈ………………

ജാനിയുടെ ശബ്ദം. 1966ലെ ലോകകപ്പില്‍ പോര്‍ച്ചുഗലിനെതിരായ മല്‍സരത്തില്‍ നിര്‍ണ്ണായകമായ പെനാല്‍റ്റി പാഴാക്കിയ മൈക്കല്‍ അപ്പോഴേക്കും അവഗണനയുടെ പടുകുഴിയിലേക്ക് വീണു കഴിഞ്ഞിരുന്നു. ദൈവമായി കരുതപ്പെട്ടിരുന്ന ആള്‍ ഒറ്റ ദിവസം കൊണ്ട് ചെകുത്താനായ അവസ്ഥ.

ജാനിയും കൈവിട്ടതോടെ മൈക്കല്‍ ഒരു കാര്യം മനസിലാക്കി. അവര്‍ തന്നെയല്ല, ഫുട്ബോളിനെയാണ് പ്രണയിച്ചത്.

അതേ, ഫുട്ബോള്‍ ഒരു കളി മാത്രമല്ല. മറിച്ച് ഒരു പ്രണയം കൂടിയാണ്.

The End

അടുത്ത പേജിലേക്ക് പോകാം